
പ്രതീകാത്മകചിത്രം (AI Generated)
ഓഹരി നിക്ഷേപം ദീര്‍ഘകാലത്തേക്ക് വളരെ മികച്ച നേട്ടം തരുമെന്നൊക്കെ അറിയാവുന്ന സ്ത്രീകള്‍ ഇപ്പോള്‍ വലിയ തോതില്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. ഓഹരികള്‍ വാങ്ങി ഏതാനും ദിവസം കൈവശം വെച്ച് വില കയറുമ്പോള്‍ വിറ്റ് ലാഭമെടുക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പക്ഷേ എങ്ങനെ നല്ല, വില കൂടാന്‍ സാധ്യതയുള്ള ഓഹരികള്‍ കണ്ടെത്താം എന്നത് ഓരു സങ്കീര്‍ണ സമസ്യയായി പലര്‍ക്കു മുന്നിലും ഇപ്പോഴും തുടരുന്നു. സ്വര്‍ണം, ബാങ്ക് നിക്ഷേപം തുടങ്ങിയവയുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ വളരെ എളുപ്പമാണ്. കാരണം അവിടെ തിരഞ്ഞെടുക്കാന്‍ അധികം അവസരങ്ങളോ മാര്‍ഗങ്ങളോ ഉണ്ടാകില്ല. എന്നാല്‍ ഓഹരി വിപണിയുടെ കാര്യത്തില്‍ അങ്ങനെയല്ല സ്ഥിതി. ആയിരക്കണക്കിന് കമ്പനികളുടെ ഓഹരികളാണ് വിപണിയിലുള്ളത്. നമ്മുടെ രാജ്യത്ത് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 2000 ലേറെ കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാകട്ടെ 5000-ലേറെ കമ്പനികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. കടലുപോലെയുള്ള ഒഹരികളുടെ പ്രപഞ്ചത്തില്‍ നിന്ന് ശരിയായ ലാഭസാധ്യതയുള്ള ഇന്‍ഫോസിസിനെയും വിപ്രോയേയും പോലുള്ള കമ്പനികളെ യഥാസമയം കണ്ടെത്തി നിക്ഷേപിക്കുക എന്നത് വളരെ ആവേശോജ്വലമായ ഒരു പ്രവര്‍ത്തിതന്നെയാണ്.
എല്ലാ കമ്പനികളുടെയും ഓഹരികള്‍ നിക്ഷേപയോഗ്യമല്ല എന്നതാണ് വാസ്തവം. ചില കമ്പനികള്‍ക്ക് റിലയന്‍സിനെയും അദാനിയെയും വിപ്രോയേയും എച്ച്ഡിഎഫ്‌സിയേയും പോലെ ഭീമന്‍ കമ്പനികളായി വളര്‍ന്നേക്കാം. അവരുടെ ഓഹരി ഉടമകള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ര തരത്തിലുള്ള വലിയ സമ്പത്ത് പ്രദാനം ചെയ്യാന്‍ കഴിഞ്ഞേക്കും. ചില കമ്പനികള്‍ കിംഗ്ഫിഷര്‍, സത്യം എന്നിവപോലെ നിക്ഷേപകരുടെ സമ്പത്തെല്ലാം ഊറ്റിക്കുടിച്ച് ഇല്ലാതാക്കിയേക്കാം. ഓഹരി നിക്ഷേപത്തിലെ യഥാര്‍ത്ഥ വെല്ലുവിളി എന്താണെന്നാല്‍ പതിനായിരക്കണക്കിന് ഓഹരികളില്‍ നിന്ന് ഏത് കമ്പനികള്‍ക്കാണ് വലിയ വളര്‍ച്ചാ സാധ്യത എന്നും ആ വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള ശേഷിയുള്ളതെന്നും ഏതൊക്കെ കമ്പനികളെയാണ് ഒഴിവാക്കേണ്ടതെന്നും കണ്ടെത്തുക എന്നതു തന്നെയാണ്.
മികച്ച ഓഹരികളെ കണ്ടെത്താനുള്ള പ്രയോഗികവും ശരിയെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതുമായ നിരവധി വഴികളുണ്ട്. അതില്‍ ഫിനാന്‍ഷ്യല്‍ അനാലിസിസ്, പ്രൊഫഷണല്‍ അറിവ്, സാമാന്യ ബുദ്ധി തുടങ്ങിയവയ്ക്കാണ് പ്രാധാന്യം.
മികച്ച ഓഹരി എന്നത് എന്തെന്ന് ആദ്യം മനസിലാക്കാം
മികച്ച ഓഹരി എന്ന് പറഞ്ഞാലെന്ത് എന്ന് ആദ്യം മനസിലാക്കുക എന്നതാണ് അത്തരത്തിലുള്ളതിനെ കണ്ടെത്താന്‍ ആദ്യം വേണ്ടത്. വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന ഓഹരികളെല്ലാം നല്ല ഓഹരി ആകണമെന്നില്ല. പ്രത്യേകിച്ചും വളരെ കുറഞ്ഞ കാലയളവില്‍ മാത്രം ഇത്തരം കുതിപ്പ് പ്രകടിപ്പിക്കുന്ന ഓഹരികള്‍. ചിലപ്പോള്‍ ഊഹക്കച്ചവടത്തിലൂടെ ചില തല്‍പ്പരകക്ഷികള്‍ വില കൃത്രിമമായി ഉയര്‍ത്തുന്നതായിരിക്കാം.
മികച്ച ഓഹരികളുടെ അടിസ്ഥാന സാമ്പത്തിക ഗുണങ്ങള്‍ വളരെ ശക്തമായിരിക്കും. ദീര്‍ഘകാലമായി ലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിന്റെയും വളര്‍ച്ചയുടെയും ഒരു ചരിത്രം അത്തരം കമ്പനികള്‍ക്കുണ്ടായിരിക്കും. മികച്ച ഭാവി സാധ്യതയുള്ള ഒരു വ്യവസായ, സേവന മേഖലയിലായിരിക്കും അവ പ്രവര്‍ത്തിക്കുന്നത്. അത്തരം കമ്പനികളുടെ ഓഹരി വില ന്യായമായതോ യഥാര്‍ത്ഥ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ താഴ്ന്ന നിലയിലുള്ളതോ ആയിരിക്കും. വളരെ ആത്മവിശ്വാസത്തോടെ ദീര്‍ഘകാലം അത്തരം ഓഹരികള്‍ കൈവശം വെയ്കാന്‍ പറ്റിയതായിരിക്കും. ചുരുക്കി പറഞ്ഞാല്‍ ഇത്തരം ഓഹരികള്‍ ഒരിക്കല്‍ വാങ്ങിയാല്‍ പിന്നെ അതിലേക്ക് നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കേണ്ടിവരില്ല. അതില്‍ നിന്ന് നേട്ടങ്ങളും വരുമാനവും ഉണ്ടായിക്കൊണ്ടേയിരിക്കും.
ഫണ്ടമെന്റല്‍ അനാലിസിസ്
കമ്പനിയുടെ യഥാര്‍ത്ഥ ആരോഗ്യം വെളിപ്പെടുത്തുന്നതാണ് ഫണ്ടമെന്റല്‍ അനാലിസ്സ്. ഇതാകട്ടെ കമ്പനികളുടെ യഥാര്‍ത്ഥ സാമ്പത്തിക ശക്തി, മാനേജ്‌മെന്റിന്റെ മേന്മ, വ്യവസായ മേഖലയിലെ അതിന്റെ സ്ഥാനം തുടങ്ങിയവ മനസിലാക്കാന്‍ ഏറ്റവും വിശ്വസനീയമായ രീതികളിലൊന്നാണ്. ഇത്തരം ഫണ്ടമെന്റല്‍ അനാലിസിസില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
1.വരുമാനത്തിലെ വളര്‍ച്ച
കമ്പനിയുടെ വരുമാനം സ്ഥിരമായി വളര്‍ച്ചയുടെ പാതയിലാണോ എന്നതാണ് ആദ്യം ഫണ്ടമെന്റല്‍ അനാലിസിസില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുക. വിറ്റുവരവും ലാഭവും വര്‍ഷങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരുന്ന കമ്പനി എല്ലാ വര്‍ഷവും സ്ഥിരമായി വാര്‍ഷിക പരീക്ഷകളില്‍ 90 ശതമാനത്തിനു മേല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിയെപ്പോലെയാണ്. വിശ്വസിക്കാവുന്നതും നല്ല അച്ചടക്കമുള്ളതുമായ കമ്പനികള്‍ക്കേ അതിന് സാധിക്കൂ. ഇന്‍ഫോസിസിന്റെ കാര്യമെടുത്താല്‍ ദശാബ്ദങ്ങളോളം അത് വിറ്റുവരവിലും വരുമാനത്തിലും ലാഭത്തിലും വളര്‍ച്ച നേടിക്കൊണ്ടേയിരുന്നു. അതോടെ കമ്പനി നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട ഓഹരികളിലൊന്നായി മാറി.
2.കടബാധ്യത
അമിതമായ കടബാധ്യത ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം അപകടകരമാണ്. മിതമായ രീതിയിലോ കുറഞ്ഞ രീതിയിലോ മാത്രം കടബാധ്യതയുള്ള കമ്പനികളാണ് നിക്ഷേപിക്കാന്‍ സുരക്ഷിതം. രണ്ട് കുടംബങ്ങളുടെ കാര്യമെടുക്കുക. ഒരു കുടുംബം കടം വാങ്ങിയാണ് എല്ലാ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നത്. മറ്റേ കുടുംബമാകട്ടെ കാര്യങ്ങളെല്ലാം ഭംഗിയായി നിറവേറ്റിയശേഷം സമ്പാദിക്കുകയും ചെയ്യുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അതിനെ സ്ഥിരതയോടെ നേരിടാന്‍ രണ്ടാമത്തെ കുടംബത്തിനേ കഴിയൂ. കമ്പനികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. കടബാധ്യതയെ ഭംഗിയായി കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ദീര്‍ഘകാല നിക്ഷേപകരുടെ ഇഷ്ട സ്റ്റോക്ക് ആയി മാറുക.
3.റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി
ഓഹരി ഉടമകളുടെ പണം എങ്ങനെ ഫലപ്രദമായി കമ്പനി ഉപയോഗിക്കുന്നു എന്നതിന്റെ അളവ് കോലാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി അഥവ ആര്‍.ഓ.ഇ. ഉയര്‍ന്ന നിലയിലുള്ള റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി നല്ല മാനേജ്‌മെന്റിന്റെ ലക്ഷണമാണ്.
4.കാഷ് ഫ്‌ളോ
കടലാസിലെ ലാഭനിരക്ക് കൊണ്ട് കാര്യമില്ല. അതായത് കമ്പനിയുടെ കണക്ക് പുസ്തകത്തില്‍ ലാഭമുണ്ട്. പക്ഷേ കമ്പനിയുടെ കയ്യില്‍ പണമൊന്നുമില്ല. അതുകൊണ്ട് ഒരു കാര്യവുമില്ല എന്ന് നമുക്കൊക്കെ അറിയാമല്ലോ. അതുകൊണ്ട് യാഥാര്‍ത്ഥ ലാഭമുണ്ടാക്കുന്ന കമ്പനികളെയാണ് നമുക്ക് ആവശ്യം. പോസിറ്റീവായ കാഷ് ഫ്‌ളോ ഉള്ള കമ്പനികള്‍ക്കേ ഓഹരിയുടമകള്‍ക്ക് ലാഭവീതം നല്‍കാനും പുനര്‍ നിക്ഷേപം നടത്താനും വളരാനും കഴിയൂ.
5. മാനേജ്‌മെന്റ് ക്വാളിറ്റി
നമുക്കൊക്കെ അറിയാം കമ്പനികള്‍ നടത്തുന്നത് മനുഷ്യര്‍ തന്നെയാണ്. നല്ല നേതൃത്വഗുണമുള്ളയാള്‍ക്ക് ഒരു കമ്പനിയെ വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയും. അതുപോലെ നേതൃത്വ പാടവമില്ലാത്ത ആള്‍ക്ക് അതിനെ അഗാധ ഗര്‍ത്തത്തിലേക്ക് പതിപ്പിക്കാനും കഴിയും. തികഞ്ഞ അച്ചടക്കവും നേതൃത്വഗുണവുമുള്ള ലീഡര്‍ഷിപ്പ് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ വലിയ വളര്‍ച്ചയിലേക്ക് നയിച്ചതും നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തും മികച്ച പ്രൊഫഷണല്‍ മാനേജ് മെന്റിന് അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ്.
ഏതു വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതും പ്രധാനം
നല്ല കമ്പനിയാണ്. പക്ഷേ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം കമ്പനികളുടെ ഓഹരികളൊരിക്കലും മികച്ച സ്റ്റോക്ക് ആയിരിക്കില്ല. ടൈപ്പ് റൈറ്റര്‍ നിര്‍മാതാക്കളുടെയും ഫിലിം റോള്‍ നിര്‍മാതാക്കളുടെയും കാര്യമെടുക്കൂ. എത്ര നല്ല പ്രൊഫഷണല്‍ മാനേജ്‌മെന്റായാലും സാങ്കേതിക വിദ്യയുടെ വളര്‍ച്ച അവരുടെ ഉല്‍പ്പന്നങ്ങളെ കാലഹരണപ്പെടുത്തിക്കളഞ്ഞു. ഇത് തിരിച്ചറിഞ്ഞ് കമ്പനി ഉചിതമായ സമയത്ത് വൈവിധ്യവല്‍ക്കരണത്തിനൊരുങ്ങിയാല്‍, അതിന്റെ സൂചനകള്‍ പുറത്തേക്ക് വരുന്നുണ്ടെങ്കില്‍ നിക്ഷേപത്തിന് പരിഗണിക്കാം. സിഗരറ്റ് ഉല്‍പ്പാദകരായ ഐടിസിയുടെ കാര്യം ഉദാഹരണം. എത്ര തന്മയത്വത്തോടെയാണ് അവര്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളായ സോപ്പ്, ആട്ട, ബിസ്‌കറ്റ് തുടങ്ങിയവയുടെ നിര്‍മ്മാണത്തിലേക്ക് വൈവിധ്യവല്‍ക്കരിച്ചത്. ഓഹരികളെ തിരഞ്ഞെടുക്കുമ്പോള്‍ ഭാവിയില്‍ വലിയ സാധ്യതയുള്ള മേഖലകളിലാണ് അവ പ്രവര്‍ത്തിക്കുന്നതെന്നുകൂടി ഉറപ്പാക്കണം. ഉദാഹരണത്തിന്
ഐടി, ടെക്‌നോളജി മേഖല-ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ കമ്പനികള്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതിയിലെ നായക സ്ഥാനത്തുള്ള കമ്പനികളാണ്.
ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്-എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസി ബാങ്ക് തുടങ്ങിയവ ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ്.
ഫാര്‍മസ്യൂട്ടിക്കല്‍സ്-സണ്‍ ഫാര്‍മ, ഡോ. റെഡ്ഡി തുടങ്ങിയവ രാജ്യത്തിന്റെ വര്‍ധിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയുടെ ആവശ്യങ്ങളെ നിറവേറ്റാന്‍ പ്രാപ്തിയുള്ള കമ്പനികളാണ്.
കണ്‍സ്യൂമര്‍ ഗുഡ്‌സ്-ഐറ്റിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവ സാമ്പത്തിക മാന്ദ്യമുള്ളപ്പോള്‍ പോലും സ്ഥിരമായ ഡിമാന്‍ഡ് നേടി വളര്‍ച്ച പ്രകടിപ്പിക്കുന്ന കമ്പനികളാണ്.
റിന്യൂവബിള്‍ എനര്‍ജി-അദാനി ഗ്രീന്‍, ടാറ്റ പവ്വര്‍ തുടങ്ങിയവ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് മാറി ഗ്രീന്‍ എനര്‍ജിയിലേക്ക് മാറുന്ന കാലഘട്ടത്തിന്റെ ആവശ്യകതകള്‍ നിറവേറ്റാന്‍ പ്രാപ്തരായ കമ്പനികളാണ് ഇവയൊക്കെ. ചുരുക്കി പറഞ്ഞാല്‍ നിക്ഷേപിക്കാനായി നല്ല ഓഹരികളെ കണ്ടെത്തുമ്പോള്‍ അവ ഇന്ന് നന്നായി പ്രവര്‍ത്തിക്കുന്നു എന്നു മാത്രമല്ല അവ ഭാവിയിലും അങ്ങനെതന്നെയാകാനുള്ള ശേഷിയും മുന്നില്‍ അവസരങ്ങളും ഉള്ള കമ്പനി ആയിരിക്കണം എന്നുറപ്പിക്കണം.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 08 Dec 2025, 11:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented