മികച്ച മലയാളം ചിത്രത്തിനുള്ള 72ാമത് ദേശീയ പുരസ്കാര നിറവിലാണ് ഫെമിനിച്ചി ഫാത്തിമയുടെ അണിയറക്കാർ. സിനിമാവിശേഷങ്ങൾ പങ്കുവെച്ച് നായിക ഷംല ഹംസ.

കിനാവിന്റെ തോണിക്കരികിൽ അക്കരെ നിൽക്കും മാരൻ…
നിലാവിന്റെ കൺമഷി എഴുതാൻ അരികത്തെന്നണയും നീ…
പാട്ടിന്റെ വരികളുമായി ഇറങ്ങിയതായിരുന്നു ഷംല ഹംസ. പക്ഷെ, ഈ വരികൾ എങ്ങനെ സിനിമയിൽ കേൾപ്പിക്കും. അതിനായി ഒരു വഴി കണ്ടെത്തി. അഭിനയം. അഭിനയിച്ച് തുടങ്ങിയപ്പോൾ ഷംലയ്ക്ക് കാര്യം മനസ്സിലായി. എഴുത്ത് മാത്രമല്ല, അഭിനയവും വഴങ്ങും. അക്ഷരങ്ങളോടുള്ള ഇഷ്ടത്തിൽനിന്ന് തുടങ്ങിയ ആ യാത്ര ചെന്നെത്തിയത് ‘ഫെമിനിച്ചി ഫാത്തിമ’യിലാണ്. ആ സിനിമയിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെയാണ് പാലക്കാട് തൃത്താല സ്വദേശിയായ ഷംല 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച നടിക്കുള്ള അംഗീകാരം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ മികച്ച മലയാളം ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും...
വലിയ പുരസ്‌കാരമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടത്തിൽ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു?
ഒരുപാട് പ്രതികൂല സാഹചര്യങ്ങളുണ്ടായിരുന്നു. എന്നിട്ടും എന്റെ സ്വപ്നത്തിനൊപ്പം നിന്ന കുടുംബത്തോടാണ് പ്രധാനമായും കടപ്പെട്ടിരിക്കുന്നത്. ഭർത്താവ്, ഉപ്പ, ഉമ്മ, മറ്റു കുടുംബാംഗങ്ങൾ ഇവരെല്ലാം ഒപ്പം നിന്നതു കൊണ്ടാണ് ഇങ്ങനെയൊരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചതും അവാർഡ് ലഭിച്ചതും. 'ഫെമിനിച്ചി ഫാത്തിമ'യുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്, കൂടെ അഭിനയിച്ച കുമാർ ചേട്ടൻ (കുമാർ സുനിൽ) അടക്കമുളള ടീമംഗങ്ങൾ, എന്റെ ആദ്യത്തെ സിനിമ '1001 നുണകൾ' ടീം... അങ്ങനെ ഒരുപാട് പേർ ചേർത്തുനിർത്തിയിട്ടുണ്ട്. അവരോടൊക്കെ ഒരുപാട് നന്ദിയുണ്ട്. എടുത്തുപറയേണ്ട മറ്റൊരു പേര് ജിജോയ് പുളിക്കലിന്റേതാണ്. '1001 നുണകളിലെ' കാസ്റ്റിങ് ഡയറക്ടർ അദ്ദേഹമായിരുന്നു. എന്നിലെ അഭിനേത്രിയെ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ വർക്ക് ഷോപ്പിലൂടെയാണ്. അവിടെ വെച്ചാണ് ഞാൻ കംഫർട്ട് സോൺ ബ്രേക്ക് ചെയ്യുന്നത്.
രണ്ടാമത്തെ സിനിമയിൽ തന്നെ സംസ്ഥാന അവാർഡ്. പ്രതീക്ഷിച്ചിരുന്നോ?
'ഫെമിനിച്ചി ഫാത്തിമ' പ്രദർശിപ്പിച്ച ഫെസ്റ്റിവലുകളിലെല്ലാം മികച്ച പ്രതികരണം കിട്ടിയിരുന്നു. ഐ.എഫ്.എഫ്.കെ.യിൽ അഞ്ച് അവാർഡുകളാണ് കിട്ടിയത്. ഫിലിം ക്രിട്ടിക്‌സ് അവാർഡ്, പത്മരാജൻ അവാർഡ്, പ്രേം നസീർ സുഹൃത് സമിതി അവാർഡ്, ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ് എന്നിങ്ങനെ വ്യത്യസ്ത പുരസ്‌കാരങ്ങൾ തേടിയെത്തി. സ്വാഭാവികമായും സിനിമയ്ക്കോ സംവിധായകൻ ഫാസിലിനോ സംസ്ഥാന അവാർഡിലും എന്തെങ്കിലും അംഗീകാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എനിക്കും എന്തെങ്കിലും അവാർഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. ചുരുങ്ങിയത് പ്രത്യേക പരാമർശമെങ്കിലും. ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷെ, പ്രതീക്ഷിക്കാനുള്ള ധൈര്യമില്ലായിരുന്നു.
പ്രഖ്യാപനദിവസം എല്ലാവരും വലിയ പ്രതീക്ഷയോടെയാണിരുന്നത്. അന്ന് ഞാൻ ഭർത്താവിന്റെ വീടായ മേലാറ്റൂരിലായിരുന്നു. ഭർത്താവ് സാലിഹ് വിദേശത്തും. പത്താം ക്ലാസ് പരീക്ഷയുടെ ഫലത്തിന് കാത്തിരുന്ന പോലെയായിരുന്നു ആ കാത്തിരിപ്പെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉപ്പയും ഉമ്മയും നാട്ടിൽ മൊബൈൽ ഫോണിൽ അവാർഡ് പ്രഖ്യാപനം കാണുന്ന വീഡിയോ ഞാൻ ഷെയർ ചെയ്തിരുന്നു. ആ വീഡിയോയിൽ അവരുടെ മുഖത്തുള്ള സന്തോഷം കാണാം. അവാർഡ് പ്രഖ്യാപനത്തിന് ശേഷം പലരും വിളിച്ചു. മമ്മൂക്കയടക്കമുള്ളവർ അഭിനന്ദനം അറിയിച്ചു.
പാട്ടെഴുത്തുകാരിയാവാൻ കൊതിച്ച ഷംല എങ്ങനെ അഭിനേത്രിയായി?
എന്റെ ഉപ്പ ഹംസ, നാടകം ചെയ്യുമായിരുന്നു. 'കലാലയം സിസ്റ്റേഴ്സ്' എന്ന പേരിൽ ഉപ്പയ്ക്കും സുഹൃത്തുക്കൾക്കും ഒരു ട്രൂപ്പുണ്ടായിരുന്നു. അവർ സമീപപ്രദേശങ്ങളിലൊക്കെ നാടകം ചെയ്തു. പക്ഷെ, ഞാൻ ജനിക്കും മുമ്പേ അദ്ദേഹം നാടകം അവസാനിപ്പിച്ച് പ്രവാസിയായി. ഉപ്പ പാടും. മുഹമ്മദ് റഫിയുടെ ഗാനങ്ങളൊക്കെയാണ് പാടുക. സ്വാഭാവികമായും ഉപ്പയുടെ ഇഷ്ടങ്ങൾ ഞങ്ങളിലേക്കുമെത്തി. എന്നാൽ, സ്‌കൂൾ നാടകത്തിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. ഒപ്പനയിലൊക്കെ പങ്കെടുത്തിട്ടുണ്ട്. ചെറുപ്പത്തിലേ പാട്ടിനോട് ഇഷ്ടമുണ്ട്. അങ്ങനെ പാട്ടുകൾ എഴുതിത്തുടങ്ങി. പാട്ടെഴുത്തുകാരി ആവുക എന്നതായി പിന്നീടുള്ള മോഹം. എഴുതിയ പാട്ട് എങ്ങനെ പുറംലോകത്ത് എത്തിക്കുമെന്ന അന്വേഷണമായി പിന്നീട്.
അക്കാലത്ത് എനിക്ക് ദുബായിയിലാണ് ജോലി. ഒരിക്കൽ '1001 നുണകൾ' എന്ന സിനിമയ്ക്കായി അഭിനേതാക്കളെ തേടി ഓഡിഷൻ നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഭർത്താവിനോട് സംസാരിച്ചു. 'നിന്റെ സന്തോഷം അതാണെങ്കിൽ ചെയ്യൂ', എന്നായിരുന്നു മറുപടി. സത്യത്തിൽ അഭിനയം എന്റെ ലക്ഷ്യമായിരുന്നില്ല. ആ സിനിമയിൽ പാട്ട് എഴുതുക എന്നതായിരുന്നു. ഓഡിഷനിൽ പങ്കെടുത്തു. എന്നെ വർക്ക് ഷോപ്പിലേക്ക് തിരഞ്ഞെടുത്തു.'1001 നുണകളി'ൽ നായികയായി. അങ്ങനെ അഭിനയത്തോടും ഇഷ്ടം വന്നു.
എന്നിട്ട് ആ പാട്ട് പുറംലോകം കണ്ടോ?
സിനിമയിലേക്ക് തിരഞ്ഞെടുത്തതോടെ പാട്ടിനെക്കുറിച്ച് പറഞ്ഞു. അവർക്ക് വരികളൊക്കെ ഇഷ്ടമായി. എന്നാൽ സിനിമയുടെ കഥയ്ക്ക് യോജിച്ചതായിരുന്നില്ല അത്. ആ പാട്ട് ഞാൻ വിട്ടില്ല. സംഗീതം ചെയ്ത് പാടിപ്പിച്ച് 'ഷംല ഹംസ പ്രൊഡക്ഷൻസ്' എന്ന എന്റെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തു. അതിനുശേഷം ഒരു ഷോർട്ട്ഫിലിം നിർമിച്ചിരുന്നു. അതിൽ രണ്ട് പാട്ടുകൾ എഴുതി സംഗീതം ചെയ്തു. അത് സിത്താര ചേച്ചിയാണ് (സിത്താര കൃഷ്ണകുമാർ) പാടിയത്.
പിന്നീടെപ്പോഴാണ് ഫെമിനിച്ചിയാവുന്നത്?
'1001 നുണകളുടെ' എഡിറ്ററായിരുന്നു ഫാസിൽ. ആ സിനിമ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഫാസിൽ എന്നോട് 'ഫെമിനിച്ചി ഫാത്തിമ'യുടെ കഥ പറഞ്ഞു. കേട്ടപ്പോൾത്തന്നെ ഭയങ്കരമായി ഇഷ്ടമായി. പെർഫോമൻസിന് ഒരുപാട് സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞു. പക്ഷെ, അന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഞാൻ. അപ്പോൾ ചെയ്താൽ കുഞ്ഞിനും എനിക്കും ബുദ്ധിമുട്ടാകുമെന്ന് മനസ്സിലായി. മൂന്ന് മാസം കൂടി കഴിഞ്ഞ് ചെയ്താൽ മതിയോ എന്ന് ഫാസിലിനോട് ചോദിച്ചു. അദ്ദേഹം ഓക്കെ പറഞ്ഞു.
ഒരു അഭിനേത്രിയെ തിരഞ്ഞെടുക്കുക സംവിധായകന്റെ ചോയ്‌സാണ്. അന്ന് ഫാസിൽ 'നോ' പറഞ്ഞിരുന്നുവെങ്കിൽ ഈ സന്തോഷവും പ്രശസ്തിയുമൊന്നും കിട്ടില്ലായിരുന്നു. അതുകൊണ്ട് ഫാസിലിനെ എപ്പോഴും നന്ദിയോടെ ഓർക്കും. മൂന്ന് മാസത്തെ ഇടവേളയിൽ ഞങ്ങൾ സ്‌ക്രിപ്റ്റിൽ നന്നായി വർക്ക് ചെയ്തു.
സിനിമ തുടങ്ങാറായപ്പോൾ മറ്റൊരു ആശങ്ക വന്നു. ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എന്തിനാണ് കൊണ്ടുപോവുന്നത് എന്ന് ആളുകൾ ചോദിക്കുമോ എന്നായിരുന്നു പേടി. പക്ഷെ, ഭർത്താവ് പിന്തുണച്ചു. അങ്ങനെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ യാത്രയുടെ ഭാഗമായി.
കുഞ്ഞിന്റെ കാര്യങ്ങളും അഭിനയവും യാത്രയും. എങ്ങനെ മറികടന്നു ആ ദിവസങ്ങൾ?
പൊന്നാനിയിലെ ഒരു വീടായിരുന്നു പ്രധാന ലൊക്കേഷൻ. ആ വീട്ടിൽ ഒരു മുറി എനിക്കായി അനുവദിച്ചു. ലൊക്കേഷനിലേക്ക് ഉമ്മ ഫാത്തിമക്കുട്ടി കൂടെ വരും. ഉമ്മ കുഞ്ഞുമായി ആ റൂമിൽ ഇരിക്കും. ബ്രേക്ക് വരുമ്പോൾ കുഞ്ഞിനെ ഫീഡ് ചെയ്ത് ഉറക്കും. അതുപോലെ ആ വീട്ടിലെ ഇത്തമാർ കുഞ്ഞിനായി പഴവും റാഗിയുമൊക്കെ തരും. അങ്ങനെ എല്ലാവരുടെയും പിന്തുണകൊണ്ട് എല്ലാം ഭംഗിയായി പൂർത്തിയാക്കി.
ഏതെങ്കിലും തരത്തിൽ ഷംലയ്ക്കും ഫാത്തിമയ്ക്കും തമ്മിൽ ജീവിതത്തിൽ ബന്ധമുണ്ടോ?
ഭയങ്കര വ്യത്യാസമുണ്ട്. ഞാൻ സാമ്പത്തികമായി സ്വതന്ത്രയാണ്. പതിനൊന്ന് വർഷം ദുബായിൽ ജോലി ചെയ്തു. ആകെ ഭർത്താവിനെ ആശ്രയിച്ചത് ജോലി രാജിവെച്ചപ്പോൾ മാത്രമാണ്. സ്വന്തമായി തീരുമാനമെടുക്കുന്ന ആളാണ് ഞാൻ. ഫാത്തിമ അങ്ങനെയല്ല. സ്വന്തമായി തീരുമാനങ്ങളോ അഭിപ്രായങ്ങളോ ഇല്ല. ഒരു കാര്യത്തിൽ ഞങ്ങൾക്കിടയിൽ സാമ്യതയുണ്ട്. ഞങ്ങൾ രണ്ടുപേരും വിജയങ്ങൾ നിശ്ശബ്ദമായാണ് ആഘോഷിക്കാറ്. പെട്ടെന്നുളള ഉയർച്ചയ്ക്ക് എപ്പോഴും താഴ്ചയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
എന്താണ് ഭാവി പദ്ധതികൾ?
സിനിമ കരിയറാക്കണമെന്നാണ് ആഗ്രഹം. നല്ല കഥാപാത്രങ്ങൾ ചെയ്യണം. കോമഡി ചെയ്യാൻ ഇഷ്ടമാണ്. നിലവിൽ പുതിയ സിനിമകളൊന്നും ഇല്ല. ഇടയ്ക്ക് ഒരു സിനിമ വന്നു. ഡേറ്റിന്റെ പ്രശ്നം കാരണം ഓക്കെ പറയാൻ പറ്റിയില്ല. അന്ന് വിസ റെഡിയാക്കാനുള്ള ഓട്ടത്തിലായിരുന്നു.
സിനിമയിൽ വേറെ ആഗ്രഹങ്ങൾ വല്ലതുമുണ്ടോ?
കഥ, തിരക്കഥ, പാട്ടെഴുത്ത്, അഭിനയം അടക്കമുള്ളവ ചെയ്യാൻ ആഗ്രഹമുണ്ട്. സിനിമയുടെ പിന്നണിയിൽ നിൽക്കാൻ ഇഷ്ടമാണ്. പക്ഷെ, സംവിധാനം ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ലെന്ന് തോന്നുന്നു.
ഇതുവരെയുളള ജീവിതയാത്ര വിവരിക്കാമോ?
പാലക്കാട് ജില്ലയിലെ തൃത്താല ആശുപത്രിമേൽഭാഗം എന്ന സ്ഥലത്താണ് ജനിച്ചതും വളർന്നതും. സ്‌കൂൾ പഠനമെല്ലാം തൃത്താലയിൽ തന്നെയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക്ക് പൂർത്തിയാക്കി. ഞങ്ങൾ നാല് മക്കളാണ്. ഇത്ത സജില, ഇക്ക ഷെരീഫ്, അനിയൻ ഷാഹിദ് മരയ്ക്കാർ സിനിമയിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. മകൾ ലസിൻ സോയ്.
ഈ യാത്രയിൽ എന്റെ ഇത്തയെയും അവരുടെ ഭർത്താവ് മുഫാഷിദിനെയും മറക്കാനാവില്ല. തിരക്കുകളെല്ലാം മാറ്റിവെച്ച് ഐ.എഫ്.എഫ്.കെ.യ്ക്കും മറ്റു പരിപാടികൾക്കുമൊക്കെ എനിക്കൊപ്പം വന്നത് അവരാണ്. അതുപോലെ ഞാൻ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറക്കും എന്നു പറഞ്ഞ് എപ്പോഴും പ്രോത്സാഹിപ്പിച്ച സുഹൃത്ത് പ്രസീത് ബാലകൃഷ്ണൻ. അങ്ങനെ ഒരുപാട് പേരുടെ പിന്തുണയും സഹായവുമാണ് ഈ ജീവിതയാത്രയിലെ സന്തോഷം.
(പുന:പ്രസിദ്ധീകരണം)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shamla Hamza wins Best Actress at the 55th Kerala State Film Awards for her role in 'Feminichi Fathima'., Transitioned from a passion for songwriting to a successful acting career., Balanced motherhood and professional acting commitments during the film's production., Credited family support and the mentorship of director Fazil Muhammad for her success., Maintains a vision to explore screenwriting and songwriting alongside acting.
Published: 19 Jul 2026, 03:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented