സൂര്യയുടെയും ജ്യോതികയുടെയും പ്രണയവും ദാമ്പത്യവുമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. തങ്ങളുടെ ഇരുപതാം വിവാഹവാർഷിക വേളയിൽ ഇരുവരും വീണ്ടും വിവാഹിതരായ വാർത്തകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ഇതിന് പിന്നാലെ സൂര്യയുടെയും ജ്യോതികയുടെയും കുടുംബജീവിതത്തെക്കുറിച്ചുള്ള വീഡിയോകളും ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നുണ്ട്.

To advertise here,

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'വാരണം ആയിരം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള അത്തരമൊരു അനുഭവം നടി സമീറ റെഡ്ഡി അടുത്തിടെ ഓർത്തെടുക്കുകയുണ്ടായി. ജ്യോതിക ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണം.

"ജ്യോതിക ഗർഭിണിയായിരുന്നു. ചിത്രീകരണത്തിനിടയിൽ സൂര്യ ബേബി ഷോപ്പിങ്ങിനിറങ്ങി. അന്ന് ഞാനൊരു അമ്മയായിരുന്നില്ല. താനൊരു അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷം സൂര്യയിൽ ഞാൻ കണ്ടു. സഹതാരത്തിന്റെ വരാനിരിക്കുന്ന കുഞ്ഞിനായി ഷോപ്പിങ്ങിന് പോകുന്നത് വളരെ മനോഹരമായിരുന്നു. എനിക്ക് അതൊരു മികച്ച അനുഭവമായിരുന്നു. ഞങ്ങൾ വളരെയധികം സാധനങ്ങൾ വാങ്ങി" വീഡിയോയിൽ സമീറ റെഡ്ഡി പറഞ്ഞു.

20-ാം വിവാഹവാർഷിക വേളയിൽ ജ്യോതിക പങ്കുവെച്ച പ്രണയാർദ്രമായ വാഗ്ദാനങ്ങളും ആരാധകരുടെ മനംകവർന്നിരുന്നു. ജീവിതത്തിന്റെ നല്ല വശങ്ങൾ മാത്രം കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, തന്നെ സ്വന്തം ജീവനേക്കാൾ ബഹുമാനിക്കുന്ന ഭർത്താവിനൊപ്പം ജീവിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സമ്മാനമെന്നും ജ്യോതിക കുറിച്ചു. ഓരോ പുലരിയിലും തന്നെ സുരക്ഷിതമായി ചേർത്തുപിടിക്കുന്ന ഭർത്താവും ജീവിതത്തിന് അർത്ഥം നൽകിയ മക്കളുമാണ് തന്റെ കരുത്ത്. ഭർത്താവ്, മികച്ച സുഹൃത്ത്, രഹസ്യങ്ങൾ പങ്കുവെക്കുന്ന ആൾ, കുട്ടികളുടെ അച്ഛൻ എന്നീ സ്ഥാനങ്ങളെല്ലാം ഒരാളിൽ തന്നെ ഒത്തുചേരുക എന്നത് വലിയൊരു ഭാഗ്യമാണെന്നും ജ്യോതിക കൂട്ടിച്ചേർത്തു.

1999-ൽ 'പൂവെല്ലാം കേട്ടുപ്പാർ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി. 2006 സെപ്റ്റംബർ 11-ന് ഇരുവരും വിവാഹിതരായി. വർഷങ്ങൾ പിന്നിടുമ്പോഴും സിനിമയിലും ജീവിതത്തിലും ഒരുപോലെ മാതൃകാദമ്പതികളായി തിളങ്ങുകയാണ് താരജോഡികൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi