2006 സെപ്റ്റംബർ 11-നാണ് താരങ്ങളായ ജ്യോതികയും സൂര്യയും വിവാഹിതരായത്. തങ്ങളുടെ 20-ാം വിവാഹവാർഷികം താരങ്ങൾ ആഘോഷിച്ചത് ഏറെ വ്യത്യസ്തമായിട്ടാണ്. പരമ്പരാഗത ക്രിസ്ത്യൻ രീതിയിൽ വിവാഹിതരായാണ് താരങ്ങൾ, വാർഷികം ആഘോഷിച്ചത്.

To advertise here,

സൂര്യയുടെ സഹോദരങ്ങളായ കാർത്തിയും ബൃന്ദയും സുഹൃത്തുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും തങ്ങളുടെ സോഷ്യൽമീഡിയയിൽ താരങ്ങൾ പങ്കുവെച്ചു.

മക്കളായ ദിയയുടെയും ദേവിന്റെയും കൈപിടിച്ചാണ് ഇരുവരും പള്ളിയിലേക്കെത്തിയത്. വെളുത്ത ഗൗണാണ് ജ്യോതിക ധരിച്ചത്. ഒരു ക്രിസ്ത്യൻ വധുവായി അണിഞ്ഞൊരുങ്ങി തനിക്ക് മുന്നിലേക്ക് വന്ന ജ്യോതികയെ കണ്ട് കണ്ണുകൾ നിറഞ്ഞ സൂര്യയെയും വീഡിയോയിൽ കാണാം.

വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ജ്യോതിക ഇങ്ങനെ കുറിച്ചു, ''ഇതൊരു 'തികഞ്ഞ' ദാമ്പത്യത്തിന്റെ ആഘോഷമല്ല. മറിച്ച്, അപൂർണ്ണതകൾ, വിട്ടുവീഴ്ചകൾ, പരസ്പരധാരണ, ത്യാഗങ്ങൾ, നിസ്വാർത്ഥമായ സ്‌നേഹം എന്നിവയുടെ ആഘോഷമാണ്. ഇത് 'നമ്മൾ' എന്നതിന്റെ ആഘോഷമാണ്; പരസ്പരം കൂടെയുള്ള ജീവിതത്തിലൂടെ ഞങ്ങൾ എന്തായിത്തീർന്നുവോ അതിന്റെ ആഘോഷം''.

തന്നെക്കാൾ ഉപരിയായി നമ്മളെ ബഹുമാനിക്കുന്ന ഒരാളെ സ്‌നേഹിക്കാൻ കഴിയുക എന്നത് ജീവിതം നൽകുന്ന വലിയൊരു സമ്മാനമാണെന്നും ജ്യോതിക പറയുന്നു. ''എന്റെ സൂര്യ, വഴക്കിടുകയും പിന്നീട് ഇണങ്ങിച്ചേരുകയും ചെയ്തുകൊണ്ട്, ഓരോ തവണയും നിന്നോട് കൂടുതൽ അടുക്കുന്ന, ആ 'അപൂർണ്ണയായ' ഭാര്യയായിത്തന്നെ തുടരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. നമ്മുടെ സൗഹൃദത്തെ ഏറ്റവും വിലമതിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. കാരണം, ഭർത്താവായും കുട്ടികളുടെ അച്ഛനായും ഒപ്പമുള്ള ഒരാളിൽ തന്നെ തുല്യ പങ്കാളിയെയും, രഹസ്യങ്ങൾ പങ്കുവെക്കുന്ന ആളെയും, വിശേഷങ്ങൾ പങ്കുവെക്കുന്ന കൂട്ടുകാരനെയും, ഏറ്റവും അടുത്ത സുഹൃത്തിനെയും കണ്ടെത്തുക എന്നത് അപൂർവ്വമാണ്''.

1999-ൽ പൂവെല്ലാം കേട്ടുപ്പാർ എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. അത് പിന്നീട് പ്രണയമായി. സൂര്യയുടെ പിതാവ് ശിവകുമാറിന് ഈ വിവാഹത്തോട് ആദ്യം താത്പര്യമില്ലായിരുന്നു. എന്നാൽ, ജ്യോതികയെ മാത്രമേ വിവാഹം കഴിക്കൂവെന്ന തീരുമാനത്തിൽ സൂര്യ ഉറച്ചുനിന്നു. അങ്ങനെയാണ് ശിവകുമാർ വിവാഹത്തിന് സമ്മതിച്ചതും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi