ബോളിവുഡ് താരം റൺബീർ കപൂറിന്റെ ഏറ്റവും പുതിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന ജനപ്രിയ ക്വിസ് ഷോയായ 'കോൻ ബനേഗാ ക്രോർപതി'യുടെ (KBC) വേദിയിലാണ് റൺബീർ തനിക്ക് ഏറ്റവും ബഹുമാനവും ഭയവും തോന്നിയ രണ്ട് വ്യക്തികളെക്കുറിച്ച് വെളിപ്പെടുത്തിയത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം നടി സായ് പല്ലവി, രവി ദുബെ എന്നിവർക്കൊപ്പമാണ് റൺബീർ ഷോയിലെത്തിയത്.

To advertise here,

സംഭാഷണത്തിനിടെയാണ് അമിതാഭ് ബച്ചനോട് റൺബീർ തന്റെ ഉള്ളിലെ ആദരവും ബഹുമാനവും നിറഞ്ഞ ഭയത്തെക്കുറിച്ച് സംസാരിച്ചത്. "ജീവിതത്തിൽ, ഞാൻ സംസാരിക്കുമ്പോൾ കണ്ണുകളിലേക്ക് നേരെ നോക്കാൻ കഴിയാത്ത രണ്ട് വ്യക്തികൾ മാത്രമേയുള്ളൂ. അതിലൊരാൾ എന്റെ അന്തരിച്ച പിതാവ് ഋഷി കപൂറാണ്, രണ്ടാമത്തെയാൾ നിങ്ങളാണ്," റൺബീർ ബിഗ് ബിയോട് പറഞ്ഞു.

തന്റെ കുട്ടിക്കാലത്ത് 1991-ൽ പുറത്തിറങ്ങിയ 'അജൂബ' എന്ന സിനിമയുടെ സെറ്റ് സന്ദർശിച്ച ഓർമ്മയും റൺബീർ പങ്കുവെച്ചു. പിതാവ് ഋഷി കപൂറും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു അത്.

"ഒരു നീളമുള്ള മനുഷ്യൻ നടന്നു വരുന്നത് അന്ന് ഞാൻ കണ്ടത് ഓർക്കുന്നുണ്ട്. ഇന്നത്തെ ജനറേഷൻ 'ഓറ' (Aura) എന്ന് വിളിക്കുന്ന ആ കാന്തികപ്രഭാവം തുടങ്ങിയത് നിങ്ങളിൽ നിന്നാണ്. നിങ്ങൾ ഒരു മുറിയിലേക്ക് കടന്നുവരുമ്പോൾ തന്നെ ചുറ്റും ഒരു പ്രത്യേകതരം പ്രഭാവം നിറയും," റൺബീർ ഓർത്തെടുത്തു.

ഷോയ്ക്കിടെ ബിഗ് ബി രൺബീറിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ടിനെക്കുറിച്ചും ചോദിച്ചു. ആലിയ തനിക്ക് ഏറെ പ്രിയപ്പെട്ട കലാകാരിയാണെന്ന് പറഞ്ഞ ബിഗ് ബി, ആലിയയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്നും റൺബീറിനോട് ആരാഞ്ഞു.

"ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറ സൗഹൃദമാണ്. പ്രണയമാണ് ഒരു ബന്ധത്തെ കൂട്ടിയിണക്കുന്നത്, വിശ്വാസമാണ് അതിന് കരുത്ത് നൽകുന്നത്, ബഹുമാനമാണ് അതിനെ എന്നും നിലനിർത്തുന്നത്," റൺബീർ പറഞ്ഞു.

തങ്ങളുടെ ഉയരവ്യത്യാസത്തെക്കുറിച്ച് രസകരമായ ഒരു സങ്കൽപ്പവും താരം ഇതോടൊപ്പം പങ്കുവെച്ചു. "എന്റെ മനസ്സിൽ എപ്പോഴും ഒരു ചിത്രമുണ്ട്. ഞാൻ അമിതാഭ് ബച്ചനെപ്പോലെ ഉയരമുള്ളയാളും ആലിയ ജയ ആന്റിയെപ്പോലെ (ജയ ബച്ചൻ) ഉയരം കുറഞ്ഞയാളുമാണ്. അതുകൊണ്ട് ഫോട്ടോകളിൽ ആ ഉയരവ്യത്യാസം കാണാൻ നല്ല ഭംഗിയായിരിക്കും എന്ന് ഞാൻ എപ്പോഴും വിചാരിക്കാറുണ്ടായിരുന്നു," റൺബീർ ചിരിയോടെ കൂട്ടിച്ചേർത്തു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിൽ ശ്രീരാമനായാണ് റൺബീർ കപൂർ എത്തുന്നത്. സീതയായി സായ് പല്ലവിയും രാവണനായി യഷും ഹനുമാനായി സണ്ണി ഡിയോളും ശൂർപ്പണഖയായി രാകുൽ പ്രീത് സിങ്ങും വേഷമിടുന്നു. ചിത്രം നവംബർ 5-ന് തിയേറ്ററുകളിലെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi