ഇന്ത്യൻസിനിമയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിട്ടാണ് മധുബാല അറിയപ്പെടുന്നത്. 'ഇന്ത്യൻ ചലച്ചിത്രലോകത്തെ വീനസ്' എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. നീൽ കമൽ, അമർ പ്രേം, പർദേശ്, ബാദൽ, മുഗൾ-ഇ-അസം, ഹൗറ ബ്രിഡ്ജ്, ഷരാബി തുടങ്ങിയവയാണ് അവരുടെ പ്രധാനചിത്രങ്ങൾ. 36-ാം വയസ്സിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ് അവർ മരിക്കുന്നത്. മുംബൈ സാന്താക്രൂസിലെ ജുഹു സെമിത്തേരിയിലാണ് അവരെ അടക്കിയിരിക്കുന്നത്. പുതിയൊരു അഭിമുഖത്തിൽ മധുബാലയുടെ സഹോദരി മധുർ ഭൂഷൺ ഒട്ടേറെ കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു.

To advertise here,

മധുബാല മരിച്ചശേഷം അവരുടെ കല്ലറയിൽ തങ്ങളുടെ പിതാവ് എപ്പോഴും പോയിരിക്കുമായിരുന്നുവെന്ന് മധുർ പറയുകയാണ്. തങ്ങളുടെ പിതാവായ അത്താവുല്ല ഖാൻ വർഷങ്ങളോളം മധുബാലയുടെ കല്ലറയിൽ പോവുകയും അവിടെയിരുന്ന് കരയുകയും ചെയ്തു. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അത് മുടക്കിയില്ല.

മധുറിന്റെ അഭിപ്രായത്തിൽ, അത്താവുല്ല ഖാൻ കർക്കശക്കാരനായ ഒരു പിതാവായിരുന്നെങ്കിലും, തന്റെ മക്കളെ അഗാധമായി സ്‌നേഹിച്ചിരുന്നു. മധുബാലയുടെ മരണം അദ്ദേഹത്തെ വല്ലാതെ തളർത്തിക്കളഞ്ഞു. ''എല്ലാ ദിവസവും ഒരുനേരത്ത് അദ്ദേഹം മധുബാലയുടെ കല്ലറയിലെത്തി. കല്ലറയ്ക്കരികിൽ ഒരു കസേരയിട്ട് അവിടെയിരുന്നു കരയുമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം അപ്പോഴേക്കും വളരെ മോശമായിരുന്നു. മൂന്ന് തവണ ഹൃദയാഘാതവും ഒരു തവണ മസ്തിഷ്‌കാഘാതവുമുണ്ടായി. ഗുരുതരമായ പ്രമേഹരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു'', മധുർ ഓർക്കുന്നു. ആരോഗ്യപരമായ ഇത്തരം വെല്ലുവിളികൾക്കിടയിലും, ശ്മശാനത്തിലേക്കുള്ള സന്ദർശനങ്ങൾ അദ്ദേഹം നിർത്തിയില്ല. മധുബാലയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും മധുർ പങ്കുവെക്കുന്നു. മധുബാലയുടെ ശവക്കുഴിയിലും മൃതദേഹത്തിനു മുകളിലും പിതാവ് പെർഫ്യൂമും ഊദും ഒഴിച്ചിരുന്നു. പിന്നീട് മധുബാലയ്ക്ക് മാർബിൾ കൊണ്ടൊരു കല്ലറയുമൊരുക്കി. എന്നാൽ അദ്ദേഹം മരിച്ചതോടെ ആ മാർബിൾ സ്മാരകം പൊളിച്ചുമാറ്റപ്പെട്ടു. അതോടെ മധുബാലയുടെ അന്ത്യവിശ്രമസ്ഥലത്തിന്റെ അടയാളങ്ങളൊന്നും അവശേഷിക്കില്ലെന്ന ഭയം കുടുംബാംഗങ്ങളിൽ ഉടലെടുത്തിരുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi