കരീന കപൂറിന്റെ 'What Women Want' എന്ന ടോക്ക്‌ഷോയുടെ പുതിയ എപ്പിസോഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. അതിൽ അതിഥിയായെത്തിയത് ഷാഹിദ് കപൂറിന്റെ ഭാര്യയും സംരംഭകയുമായ മിര രജ്പുത്ത് കപൂർ ആണെന്നതാണ് അതിനുകാരണം. കരീന കപൂറും ഷാഹിദ് കപൂറും ഒരുകാലത്ത് ബോളിവുഡിന് പ്രിയപ്പെട്ട പ്രണയജോടികളായിരുന്നു. അതാണ് ഈ എപ്പിസോഡിന്റെ റേറ്റിങ് കൂട്ടിയതും.

To advertise here,

ചെറുപ്രായത്തിൽ തന്നെ അമ്മയായതിനെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചുമെല്ലാം ടോക്ക്‌ഷോയിൽ മിര മനസ്സുതുറന്നു. ''ജീവിതത്തിന്റെ ഏത് ഘട്ടത്തിലായാലും, മാതൃത്വം എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഞാനും നിങ്ങളും വ്യത്യസ്ത ഘട്ടങ്ങളിലാണ് അമ്മമാരായത്, എങ്കിലും നമ്മൾ രണ്ടുപേരും സമാനമായ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. കുട്ടികളെ വളർത്തുമ്പോൾ പലപ്പോഴും വലിയ സമ്മർദ്ദവും ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. അത്തരം ഘട്ടങ്ങളിൽ, എനിക്ക് വലിയ പിന്തുണ നൽകി ഷാഹിദ് കൂടെയുണ്ടായിരുന്നു എന്നത് വലിയൊരു ആശ്വാസമായിരുന്നു. കൂടാതെ, അപ്പോഴേക്കും അമ്മമാരായിക്കഴിഞ്ഞിരുന്ന എന്റെ രണ്ട് സഹോദരിമാരും എനിക്കൊപ്പമുണ്ടായിരുന്നു. അവർ കുട്ടികളെ വളർത്തുന്നത് നേരിട്ട് കണ്ടതുകൊണ്ട്, എനിക്ക് ഇതിനായി പ്രത്യേകിച്ച് പുസ്തകങ്ങളൊന്നും വായിക്കേണ്ടി വന്നില്ല. തീർച്ചയായും ഇതിൽ പല വെല്ലുവിളികളും ഉണ്ടായിരുന്നു''. 22 വയസ്സുള്ളപ്പോഴാണ് മിരയ്ക്ക് ആദ്യകുഞ്ഞായ മിഷ ജനിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ അടുത്ത മകനും.

കേട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സില്ലിയായിട്ടുള്ള അഭ്യൂഹം ഏതാണെന്ന് ഷോയിൽവെച്ച് കരീന, മിരയോട് ചോദിച്ചു. തനിക്കും ഷാഹിദിനും മൂന്നാമതൊരു കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്നതാണ് ആ അഭ്യൂഹമെന്ന് മിര പറഞ്ഞു. ''ഒരുപക്ഷേ ഉണ്ടാകുമോ?'' എന്ന് കരീന തമാശരൂപേണ ചോദിച്ചു. അത്തരമൊരു സാധ്യതയെ തള്ളിക്കളഞ്ഞുകൊണ്ട് മിര പറഞ്ഞതിങ്ങനെ, ''ഒരിക്കലുമില്ല, രണ്ടുകുട്ടികൾ മതി''.

2004-ൽ 'ഫിദ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് കരീനയും ഷാഹിദും പ്രണയത്തിലായത്. അതിനുശേഷം 36 ചൈന ടൗൺ, ചുപ് ചുപ് കെ, ജബ് വീ മെറ്റ് എന്നീ ചിത്രങ്ങളിലും അവർ ഒരുമിച്ചു. മൂന്നുവർഷത്തെ പ്രണയത്തിനുശേഷം 'ജബ് വീ മെറ്റി'ന്റെ ചിത്രീകരണ കഴിയുമ്പോഴാണ് അവർ പിരിയുന്നത്.അതിനുശേഷം ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. 2012-ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരാവുന്നത്. 2015-ൽ ഷാഹിദ് മിരയെ വിവാഹം കഴിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi