ദീപാവലി ആഘോഷങ്ങൾക്ക് മധുരം പകരാൻ ഇത്തവണ ഒരു വെറൈറ്റി ബർഫി പരീക്ഷിച്ചാലോ? പരമ്പരാഗത മധുരപലഹാരത്തിന് ചോക്ലേറ്റിന്റെ രുചി കൂടി ചേരുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമായി ഇത് മാറും. പ്രശസ്ത ഷെഫ് സഞ്ജീവ് കപൂർ പരിചയപ്പെടുത്തിയ ചോക്ലേറ്റ് ബർഫി തയ്യാറാക്കാൻ അധികം ചേരുവകളോ മണിക്കൂറുകൾ നീളുന്ന പാചകമോ ആവശ്യമില്ല. വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ മധുരപലഹാരം ദീപാവലി വിരുന്നിനും അതിഥികളെ സൽക്കരിക്കാനും മികച്ച തിരഞ്ഞെടുപ്പാണ്. 

To advertise here,

ചോക്ലേറ്റ് ബർഫി
ചേരുവകൾ:

ഖോയ (പാൽ വറ്റിച്ചെടുത്ത മാവ്) – മൂന്ന് കപ്പ് (ചെറിയ കഷണങ്ങളാക്കിയതോ ചിരകിയെടുത്തതോ)
പഞ്ചസാര- അരക്കപ്പ്
കൊക്കോ പൗഡർ – മൂന്ന് ടേബിൾസ്പൂൺ
നെയ്യ് – ട്രേയിൽ പുരട്ടാൻ ആവശ്യത്തിന്
സിൽവർ വർഖ് – അലങ്കരിക്കാൻ (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം: ഒരു പരന്ന ട്രേയിൽ അൽപം നെയ്യ് പുരട്ടി മാറ്റിവയ്ക്കുക. ബർഫി മിശ്രിതം ഒട്ടിപ്പിടിക്കാതിരിക്കാനാണ് നെയ്യ് പുരട്ടുന്നത്. ഖോയ കട്ടിയുള്ള പാത്രത്തിലിട്ട് ഇടത്തരം തീയിൽ ചൂടാക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ഖോയ ഉരുകി കട്ടിയുള്ള സോസ് പോലുള്ള മിശ്രിതമായി മാറുന്നതുവരെ ചൂടാക്കാം. എന്നാൽ നിറം മാറുകയോ ബ്രൗൺ നിറമാകുകയോ ചെയ്യരുത്. ഖോയ ഉരുകിക്കഴിഞ്ഞാൽ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാര പൂർണമായി അലിഞ്ഞുചേരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.

മിശ്രിതത്തിന്റെ പകുതി മറ്റൊരു പാത്രത്തിലേക്ക് മാറ്റാതെ നേരിട്ട് നെയ്യ് പുരട്ടിയ ട്രേയിലേക്ക് ഒഴിക്കാം. ട്രേയുടെ ഇരുവശത്തും പിടിച്ച് ഉറപ്പുള്ള പ്രതലത്തിൽ രണ്ടോ മൂന്നോ തവണ പതുക്കെ തട്ടിയാൽ മിശ്രിതം ഒരേ കനത്തിൽ പരന്നുകിട്ടും. ഈ പാളി തണുക്കാൻ മാറ്റിവയ്ക്കുക.

പാത്രത്തിൽ ശേഷിക്കുന്ന ഖോയ മിശ്രിതത്തിലേക്ക് കൊക്കോ പൗഡർ ചേർക്കുക. ചെറിയ തീയിൽ വെച്ച് കട്ടകളില്ലാതെ നന്നായി യോജിപ്പിക്കണം. മിശ്രിതത്തിന് ഒരേ നിറവും മിനുസവും ലഭിക്കുന്നതുവരെ ഇളക്കുക. തണുത്ത ആദ്യ പാളിയുടെ മുകളിലേക്ക് ചൂടുള്ള ചോക്ലേറ്റ് മിശ്രിതം ശ്രദ്ധയോടെ ഒഴിക്കുക. മിശ്രിതം പൂർണമായി തണുത്ത് ഉറയ്ക്കുന്നതുവരെ മാറ്റിവയ്ക്കണം. ബർഫി ഉറച്ചുകഴിഞ്ഞാൽ മുകളിൽ സിൽവർ വർഖ് ഉപയോഗിച്ച് അലങ്കരിക്കാം. തുടർന്ന് ഡയമണ്ട് ആകൃതിയിലോ ചതുരാകൃതിയിലോ മുറിച്ച് വിളമ്പാം.

ദീപാവലി മധുരപ്പലഹാരങ്ങളിൽ വ്യത്യസ്തമായൊന്ന് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചോക്ലേറ്റ് ബർഫി മികച്ചൊരു ഓപ്ഷനാണ്. വീട്ടിലെ ആഘോഷങ്ങൾക്കും പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാനും ഇത് തയ്യാറാക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi