രാഷ്ട്രീയ നിലപാട് തുറന്നുപറയുന്നതിന്റെ പേരിൽ സിനിമകളും പരസ്യങ്ങളും നഷ്ടമായിട്ടും പ്രകാശ് രാജ് പിന്നോട്ടുപോയിട്ടില്ലെന്ന് ഭാര്യയും നൃത്തസംവിധായകയുമായ പോണി വർമ്മ. അടുത്ത സുഹൃത്തും മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം പ്രകാശ് രാജിനെ ആഴത്തിൽ തകർത്തുവെന്നും അതേസമയം, അനീതിക്കെതിരെ ശബ്ദമുയർത്താനുള്ള തീരുമാനത്തിന് ശക്തി പകർന്നുവെന്നും പോണി പറഞ്ഞു.

To advertise here,

2017 സെപ്റ്റംബർ അഞ്ചിനാണ് ബെംഗളൂരുവിലെ വീടിനുമുന്നിൽവെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരിയുടെ മരണവാർത്ത പ്രകാശ് രാജിനെ മാനസികമായി തളർത്തിയെന്ന് പോണി വർമ്മ വെളിപ്പെടുത്തി. ഗൗരിയുമായി 35 വർഷത്തിലേറെയായി സൗഹൃദമുണ്ടായിരുന്ന പ്രകാശ് രാജിന് ആ വിയോഗം വലിയ ആഘാതമായിരുന്നു.

പ്രേമയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പോണി വർമ്മ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്നതിനെച്ചൊല്ലി പ്രകാശ് രാജിന് നേരിടേണ്ടിവരുന്ന വിമർശനങ്ങളും വിവാദങ്ങളും കണക്കിലെടുത്ത്, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ അൽപം നിയന്ത്രണം പാലിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പോണി.

''ആദ്യമൊക്കെ എനിക്ക് വലിയ പേടിയായിരുന്നു. ഗൗരിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ അദ്ദേഹം പൂർണമായും തകർന്നുപോയി. 'ഞാൻ അവളോട് പറഞ്ഞുകൊണ്ടിരുന്നതാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രകാശിന്റെ കാര്യത്തിൽ ഞങ്ങൾക്ക് എത്രത്തോളം പേടിയുണ്ടോ, അതുപോലെ ഗൗരിയുടെ കാര്യത്തിൽ അദ്ദേഹത്തിനും പേടിയുണ്ടായിരുന്നു. ഗൗരി മരിച്ചപ്പോൾ എന്തോ ഒന്ന് അദ്ദേഹത്തെ വല്ലാതെ ഉലച്ചുകളഞ്ഞു. ഇനി ഞാൻ സംസാരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീയെന്ന നിലയിൽ ഗൗരി ഉറച്ചുനിന്നു, തന്റെ നിലപാടുകൾ തുറന്നുപറഞ്ഞു'', പോണി ഓർത്തെടുത്തു.

പ്രകാശ് രാജിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടാകാറുണ്ടെന്നും പോണി പറഞ്ഞു. എന്നാൽ എത്രകാലം ഭയന്ന് ജീവിക്കുമെന്നാണ് പ്രകാശ് തിരിച്ചു ചോദിക്കാറുള്ളത്. ഭയം കാരണം അനീതിക്കെതിരെ സംസാരിക്കാതിരിക്കാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹമെന്നും പോണി വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ പ്രകാശ് രാജിന് സിനിമാമേഖലയിൽ പലവിധ തിരിച്ചടികൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും പോണി വെളിപ്പെടുത്തി. പ്രകാശ് രാജിനോട് അടുപ്പമുണ്ടായിരുന്ന ചില അഭിനേതാക്കൾക്കുപോലും അദ്ദേഹത്തിന്റെ നിലപാടുകളോട് താൽപര്യമില്ലായിരുന്നുവെന്നും പോണി കൂട്ടിച്ചേർത്തു.

''എല്ലാവർക്കും സുഖമായി ജോലി ചെയ്യണം, പണം സമ്പാദിക്കണം, എല്ലാവരുടെയും പ്രീതി നേടണം. എന്നാൽ ചില കാര്യങ്ങളിൽ ഭയപ്പെടാതെ നിലപാടെടുക്കാൻ ധൈര്യം വേണം. ചിലർക്ക് ജോലി നഷ്ടപ്പെടുമെന്ന ഭയമില്ലായിരിക്കാം. എന്നാൽ അവരുടെ നിലപാടുകൾ കാരണം മറ്റുള്ളവർക്കും ജോലി ലഭിക്കുന്ന സാഹചര്യങ്ങളുണ്ട്. സിനിമാമേഖലയിൽ അദ്ദേഹത്തിന്റെ ജോലിയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. പരസ്യങ്ങൾ പിൻവലിക്കപ്പെട്ടു, സിനിമകൾ അദ്ദേഹത്തിന് നഷ്ടമായി. തൊഴിൽപരമായി വലിയ നഷ്ടങ്ങൾ അദ്ദേഹം നേരിട്ടിട്ടുണ്ട്. എന്നിട്ടും, 'നടക്കുന്നത് തെറ്റാണെന്ന് എന്റെ മനഃസാക്ഷി പറയുന്നു. അതുകൊണ്ട് അതിനെ അംഗീകരിക്കാൻ എനിക്കാവില്ല' എന്നാണ് അദ്ദേഹം പറയുന്നത്'', പോണി വ്യക്തമാക്കി.

വ്യക്തിപരമായ നേട്ടങ്ങൾക്കും തൊഴിൽപരമായ അവസരങ്ങൾക്കും മുകളിൽ മനഃസാക്ഷിയുടെ ശബ്ദത്തിന് പ്രാധാന്യം നൽകുന്നയാളാണ് പ്രകാശ് രാജെന്നും അദ്ദേഹത്തിന്റെ നിലപാടുകളിൽ തനിക്ക് അഭിമാനമുണ്ടെന്നും പോണി വ്യക്തമാക്കി. 

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുശേഷം സുഹൃത്തിന്റെ ഓർമയ്ക്കും അവർ ഉയർത്തിയ ചോദ്യങ്ങൾക്കും വലിയ പ്രാധാന്യമാണ് പ്രകാശ് രാജ് നൽകുന്നത്. ഗൗരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, ''ഗൗരീ, ഞങ്ങൾ നിന്നെ മിസ് ചെയ്യുന്നു. പക്ഷേ നിന്നെ ഞങ്ങൾ കുഴിച്ചുമൂടിയിട്ടില്ല, വിതച്ചിരിക്കുകയാണ്'' എന്ന അർഥം വരുന്ന വാക്കുകളാണ് അദ്ദേഹം കുറിച്ചത്. ഗൗരിയുടെ ശബ്ദം നിലച്ചുപോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗൗരിയുടെ കൊലപാതകത്തിനുശേഷം അധികാരികളോട് ചോദ്യങ്ങൾ ഉന്നയിക്കാനും ഉത്തരവാദിത്വം ആവശ്യപ്പെടാനും പ്രകാശ് രാജ് #JustAsking എന്ന ഹാഷ്ടാഗിൽ കുറിപ്പുകൾ പങ്കുവെക്കാൻ തുടങ്ങിയിരുന്നു. ഗൗരിയുടെ ചരമവാർഷികത്തിൽ #NaanuGauri (ഞാൻ ഗൗരിയാണ്) എന്ന ഹാഷ്ടാഗിലൂടെയും അദ്ദേഹം സുഹൃത്തിനെ ഓർമിക്കാറുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi