വിവാഹത്തെക്കുറിച്ച് എല്ലാവർക്കും ഒരേ സ്വപ്‌നങ്ങളാണോ? പ്രതീക്ഷകളോ? അല്ല എന്നുതന്നെയാവും ഉത്തരം. ചിലർക്ക് വിവാഹം ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധവും ഒരുമിച്ചുള്ള യാത്രയുമാണെങ്കിൽ മറ്റുചിലർക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുമോ എന്ന ഭയമാണ് മുന്നിലുള്ളത്. നടിയും ഗായികയുമായ ശ്രുതി ഹാസൻ വിവാഹത്തെക്കുറിച്ച് പറയുന്നതും അത്തരമൊരു ഭയത്തെക്കുറിച്ചാണ്. വിവാഹത്തെയോ പ്രണയത്തെയോ അവർ തള്ളിക്കളയുന്നില്ല. മറിച്ച്, പ്രണയത്തിലും പ്രതിബദ്ധതയിലും വിശ്വസ്തതയിലും ആഴത്തിൽ വിശ്വസിക്കുന്ന ശ്രുതിക്ക് വിവാഹം എന്ന ആശയം മാത്രം ഇപ്പോഴും ഭയപ്പെടുത്തുന്നതാണ്. രൺവീർ അല്ലാഹബാദിയയുമായുള്ള സംഭാഷണത്തിലാണ് വിവാഹം, പ്രണയം, മാതൃത്വം എന്നിവയെക്കുറിച്ചുള്ള തന്റെ ചിന്തകൾ ശ്രുതി തുറന്നുപറഞ്ഞത്.

''വിവാഹം എന്ന ആശയം തന്നെ എന്നെ ഭയപ്പെടുത്തുന്നു. കാരണം, എന്റെ ജീവിതത്തിലുടനീളം ഞാൻ എന്റേതായ ഒരു വ്യക്തിത്വം രൂപപ്പെടുത്താൻ വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. ഒരു കടലാസിലൂടെ ആ വ്യക്തിത്വത്തെ മറ്റൊരാളുമായി നിയമപരമായി ബന്ധിപ്പിക്കുകയെന്ന ചിന്തയാണ് എന്നെ ഭയപ്പെടുത്തുന്നത്. എന്നാൽ അതുകൊണ്ട് എനിക്ക് പ്രണയത്തിലോ പ്രതിബദ്ധതയിലോ വിശ്വസ്തതയിലോ വിശ്വാസമില്ലെന്നല്ല. എനിക്ക് പ്രണയത്തിൽ വിശ്വാസമുണ്ട്, ദീർഘകാലമുള്ള കൂട്ടായ്മയിലും വിശ്വാസമുണ്ട്. അമ്മയാകണമെന്നും ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തണമെന്ന ചിന്ത എനിക്കില്ല. ഒരു കുട്ടിക്ക് രണ്ട് മാതാപിതാക്കളുടെ സാന്നിധ്യം പ്രധാനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതേസമയം, ഒറ്റ രക്ഷിതാക്കൾ കുട്ടികളെ വളർത്തുന്ന കുടുംബങ്ങളെ ഞാൻ ഒരിക്കലും വിലയിരുത്തുന്നുമില്ല,'' ശ്രുതി പറഞ്ഞു.

ശ്രുതിയുടെ ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തെക്കുറിച്ചുള്ള ഭയവും പ്രണയത്തിലുള്ള വിശ്വാസവും ഒരേ സമയം ശ്രുതി പങ്കുവെക്കുകയാണ്. ഏറെ പ്രയത്നിച്ച് സ്വന്തമാക്കിയ വ്യക്തിത്വം വിവാഹത്തിനുശേഷം മങ്ങിപ്പോകുമോ എന്ന ആശങ്കയാണ് അവരുടെ വാക്കുകളിൽ പ്രകടമാകുന്നത്.

വിവാഹത്തിനുശേഷം എത്രത്തോളം മാറണം, കുടുംബത്തിന്റെ പ്രതീക്ഷകൾക്കായി എത്രത്തോളം വിട്ടുവീഴ്ച ചെയ്യണം, സ്വന്തം സ്വപ്നങ്ങൾക്ക് എത്രത്തോളം ഇടമുണ്ടാകും എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഒരു സ്ത്രീയുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ശ്രുതിയുടെ ഭയം പ്രതിബദ്ധതയോടുള്ള ഭയമായി മാത്രം കാണാനാകില്ല. 'ഞാൻ വിവാഹത്തിനുശേഷവും എന്നെപ്പോലെ തന്നെ തുടരുമോ?' എന്ന ചോദ്യം കൂടിയാണ് അതിന് പിന്നിലുള്ളത്. വിവാഹത്തെക്കുറിച്ച് ആശങ്കകളും ഭയവുമുള്ള ശ്രുതി അമ്മയാകാനുള്ള ആഗ്രഹത്തെപ്പറ്റിയും വ്യക്തമാക്കുന്നുണ്ട്. ഭാവിയിൽ തനിക്കുണ്ടാകുന്ന കുഞ്ഞിനെ എങ്ങനെയുള്ള കുടുംബസാഹചര്യത്തിൽ വളർത്തണം എന്നതിനെക്കുറിച്ചും അവർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കുടുംബം എന്ന ആശയത്തെ പൂർണമായും നിരസിക്കാതെ സ്വന്തം ജീവിതവും ഭാവിയും എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ ആലോചനയാണ് ശ്രുതി പങ്കുവെക്കുന്നത്. 

അതേസമയം, സിനിമയിൽ തിരക്കേറിയ ഘട്ടത്തിലൂടെയാണ് ശ്രുതി ഹാസൻ കടന്നുപോകുന്നത്. രാം ചരൺ ചിത്രം ‘പെഡ്ഡി’യ്ക്ക് ശേഷം, പവൻ സദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’യാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. പ്രഭാസിനൊപ്പമുള്ള ‘സലാർ: പാർട്ട് 2-ശൗര്യംഗ പർവം’ ഉൾപ്പെടെ നിരവധി സിനിമകൾ ശ്രുതിയുടേതായി വരാനിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi