കഴിഞ്ഞ ദിവസങ്ങളിലായി വന്ന നടി അനുപമ പരമേശ്വരന്റെ തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിലും സിനിമാലോകത്തും വലിയ ചർച്ചയാകുകയാണ്. പ്രണയബന്ധത്തിൽ താൻ നേരിട്ട മാനസികപീഡനത്തെക്കുറിച്ചും അതിന്റെ ആഘാതങ്ങളെക്കുറിച്ചും അനുപമ പറഞ്ഞ കാര്യങ്ങൾ, മാനസിക ആഘാതം, നാർസിസിസ്റ്റിക് അബ്യൂസ്, ടോക്‌സിക് റിലേഷൻഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. 
വ്യക്തിജീവിതത്തിലെ പ്രയാസമേറിയൊരു കാലഘട്ടം തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എത്രത്തോളം ബാധിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. പങ്കാളിയുമായുണ്ടായിരുന്ന രണ്ടുവർഷത്തെ ബന്ധത്തിനിടെ താൻ നേരിട്ടത് നാർസിസിസ്റ്റിക് അബ്യൂസായിരുന്നുവെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. ആ ബന്ധത്തിനിടെയുണ്ടായ കടുത്ത ഉത്കണ്ഠയും നിരന്തരമായ മാനസിക സമ്മർദവും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായെന്നും താരം വെളിപ്പെടുത്തിയിരുന്നു. ധന്യ വർമ്മയ്‌ക്കൊപ്പമുള്ള 'ഐ ആം വിത്ത് ധന്യ വർമ്മ' എന്ന അഭിമുഖത്തിലാണ് അനുപമ മനസ്സുതുറന്നത്.

“ഞാൻ സന്തോഷവതിയായ കുട്ടിയായിരുന്നു. സാധാരണ ജീവിതമായിരുന്നു. ജീവിതം ആസ്വദിച്ച് മുന്നോട്ടുപോകുകയായിരുന്നു. പിന്നീട് പാനിക് അറ്റാക്കുകളും ആങ്‌സൈറ്റി അറ്റാക്കുകളും പതിവായി. പലപ്പോഴും ശരീരത്തെ നിയന്ത്രിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. കൈകാലുകൾ നിയന്ത്രിക്കാനാകാതെ വിറയ്ക്കുമായിരുന്നു. ചില ഘട്ടങ്ങളിൽ ബോധം നഷ്ടപ്പെടുന്ന അനുഭവവും ഉണ്ടായി. ഭക്ഷണം കഴിക്കുന്നതിനിടയിൽ പോലും സംഭാഷണങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമായി. കഴിച്ച ഭക്ഷണം ഛർദിച്ചുപോകുന്ന അവസ്ഥ”, അനുപമ പറഞ്ഞു.

തന്റെ ജോലിയെയും ബാധിച്ച ആരോഗ്യപ്രശ്‌നങ്ങളിലൊന്ന് വലതുകണ്ണിനുണ്ടായതാണെന്നും അനുപമ വെളിപ്പെടുത്തി. “ഷൂട്ടിങ്ങിനിടെ കണ്ണ് വിറയ്ക്കുകയും അനിയന്ത്രിതമായി ചലിക്കുകയും ചെയ്യുന്നത് പതിവായതോടെ പലപ്പോഴും ചിത്രീകരണം നിർത്തിവയ്‌ക്കേണ്ടിവന്നു. കണ്ണിന്റെ ആ ചലനം എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. തുടർച്ചയായി കരഞ്ഞതിന്റെ ഭാഗമായി കണ്ണിലെ കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ലാക്രിമൽ ഗ്രന്ഥിയിൽ വീക്കം സംഭവിക്കുകയും അത് സാധാരണ സ്ഥാനത്തുനിന്ന് താഴേക്ക് മാറുകയും ചെയ്തു. രാത്രികളിൽ മണിക്കൂറുകളോളം കരഞ്ഞശേഷവും അടുത്ത ദിവസം ഷൂട്ടിങ്ങിന് പോകേണ്ടിവന്നിട്ടുണ്ട്. കണ്ണിലെ പ്രശ്‌നം ഗുരുതരമായതോടെ ഒടുവിൽ ശസ്ത്രക്രിയ വേണ്ടിവന്നു. 'പരദ'യുടെ പ്രമോഷൻ സമയത്തെ ചിത്രങ്ങൾ നോക്കിയാൽ ഒരു കണ്ണിന്റെ ഭാഗത്തുണ്ടായിരുന്ന വീക്കം വ്യക്തമായി കാണാം. ലാക്രിമൽ ഗ്രന്ഥി പൂർണമായും താഴേക്ക് മാറിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തേണ്ടിവന്നത്.”

ആ കാലഘട്ടം അവസാനിച്ചെങ്കിലും അതിന്റെ ശാരീരികവും മാനസികവുമായ ആഘാതങ്ങൾ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നും അനുപമ പറയുന്നു. നേരിട്ടുള്ള ശാരീരിക പീഡനമല്ലെങ്കിലും ആ അനുഭവങ്ങൾ തന്റെ ശരീരത്തിലും മനസ്സിലും മായാത്ത മുറിവുകൾ അവശേഷിപ്പിച്ചുവെന്നാണ് താരം തുറന്നുപറയുന്നത്.

വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളും ആരോഗ്യപ്രശ്‌നങ്ങളും അതിജീവിച്ച് അനുപമ വീണ്ടും സിനിമകളുമായി സജീവമാവുകയാണ്. അടുത്ത സിനിമ 'ഭോഗി' ഓഗസ്റ്റ് 28-ന് പ്രദർശനത്തിനെത്തും. 'ക്രേസി കല്യാണം', മലയാള ചിത്രം 'എൽ ക്ലാസിക്കോ' എന്നിവയാണ് റിലീസാകാനിരിക്കുന്ന മറ്റ് പുതിയ ചിത്രങ്ങൾ. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi