പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും സ്ട്രെച്ച് മാർക്കുകളെക്കുറിച്ചും ഇന്നും പലർക്കും ആശങ്കകളുണ്ട്. എന്നാൽ, യാതൊരു മറയുമില്ലാതെ, തികഞ്ഞ ആത്മവിശ്വാസത്തോടെ തന്റെ സ്ട്രെച്ച് മാർക്കുകൾ പ്രദർശിപ്പിച്ച് വേദിയിലെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയും സംരംഭകയുമായ മീരാ കപൂർ. മുംബൈയിൽ നടന്ന 'എർത്ത്ഷോട്ട് പ്രൈസ് 2026' വേദിയിലെ മീരയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
നവംബർ 17-ന് മുംബൈയിലായിരുന്നു, വില്യം രാജകുമാരൻ 2020-ൽ സ്ഥാപിച്ച പരിസ്ഥിതി പുരസ്കാരമായ എർത്ത്ഷോട്ട് പ്രൈസ് അരങ്ങേറിയത്. മനോഹരമായ നീല സാറ്റിൻ ഗൗൺ ധരിച്ചാണ് മീര ഗ്രീൻ കാർപെറ്റിലെത്തിയത്. പാപ്പരാസികൾ പകർത്തിയ വീഡിയോകളിൽ മീരയുടെ വയറിലെ സ്ട്രെച്ച് മാർക്കുകൾ വ്യക്തമായി കാണാമായിരുന്നു.
വീഡിയോകൾ വൈറലായതോടെ, സ്ട്രെച്ച് മാർക്കുകൾ മറച്ചുവെക്കാത്തതിന്റെ പേരിൽ ഒരു വിഭാഗം ആളുകൾ മീരയെ പരിഹസിക്കാനും ട്രോളാനും തുടങ്ങി. ചിത്രങ്ങൾ സൂം ചെയ്ത് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു പലരുടെയും വിമർശനം. എന്നാൽ, ട്രോളർമാർക്ക് ശക്തമായ മറുപടിയുമായി സോഷ്യൽ മീഡിയ ഒന്നടങ്കം മീരയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
"മാതൃത്വത്തിന്റെ ഈ അടയാളങ്ങൾ നാണക്കേടല്ല, മറിച്ച് സൗന്ദര്യത്തിന്റെ ഭാഗമാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ മീര അത് ലോകത്തിന് മുന്നിൽ കാണിച്ചത് ഏറെ സന്തോഷം നൽകുന്നു," എന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. യഥാർത്ഥ സൗന്ദര്യം എന്നത് ഒരാളുടെ ആത്മവിശ്വാസത്തിലാണെന്നും മീര അത് തെളിയിച്ചിരിക്കുന്നുവെന്നും മറ്റൊരാൾ.
രണ്ട് കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീയുടെ ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. അവ മറച്ചുവെക്കാതെ എത്തിയ മീര അഭിനന്ദനം അർഹിക്കുന്നുവെന്നും, സ്വന്തം ശരീരഘടനയെക്കുറിച്ചുള്ള അമിത ആശങ്കകളില്ലാതെ മാതൃത്വത്തെ ചേർത്തുപിടിക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ എന്നും പലരും കുറിച്ചു.
രണ്ട് മക്കളാണ് മീര-ഷാഹിദ് ദമ്പതികൾക്കുള്ളത്. 'ധുൻ വെൽനസ്' സ്ഥാപക കൂടിയായ മീര, അടുത്തിടെ കരീന കപൂറിന്റെ 'വാട്ട് വിമൻ വാണ്ട്' എന്ന ഷോയിൽ അതിഥിയായെത്തിയപ്പോൾ കുട്ടികളുടെ കാര്യങ്ങൾ മാതാപിതാക്കൾ തുല്യമായി പങ്കിടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
"ഒരാൾക്ക് മാത്രമായി എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയില്ല," മീര വ്യക്തമാക്കി. വീട്ടിൽ കുട്ടികളുടെ കായിക കാര്യങ്ങളും ഭക്ഷണക്രമവും ഷാഹിദാണ് ശ്രദ്ധിക്കുന്നത്. എന്നാൽ കുട്ടികളുടെ ഹോംവർക്ക്, പിറന്നാൾ ആഘോഷങ്ങൾ, മറ്റ് ക്ലാസുകൾ, അവരുടെ സ്വഭാവരൂപീകരണം എന്നിവയെല്ലാം മീരയുടെ ഉത്തരവാദിത്തമാണ്. ഇരുവരിൽ ആരെങ്കിലും യാത്രയിലാണെങ്കിൽ, മറ്റേയാൾ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യാറുണ്ടെന്നും മീര കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 18 Nov 2026, 05:44 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented