രൺബീർ കപൂറുമായുള്ള വിവാഹജീവിതത്തെക്കുറിച്ച് മറ്റുള്ളവർ നടത്തുന്ന നിരന്തരമായ വിലയിരുത്തലുകളിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലും ഇരുവരും പരസ്പരം നടത്തുന്ന പരാമർശങ്ങൾ പോലും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇതിനിടെയാണ് തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളോട് ആലിയ പ്രതികരിച്ചത്.
ടൈം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൺബീറുമായുള്ള വിവാഹം അസമത്വം നിറഞ്ഞതാണെന്ന വിലയിരുത്തലുകളെ ആലിയ തള്ളിപ്പറഞ്ഞത്. “സ്ത്രീകൾ സ്വന്തം മനസ്സും ഹൃദയവും തിരിച്ചറിയണമെന്ന് എപ്പോഴും പറയുന്ന ഒരാളാണ് ഞാൻ. അങ്ങനെയുള്ള എന്നെ സങ്കൽപ്പിച്ചുണ്ടാക്കിയ ഒരു സാഹചര്യത്തിൽ സഹിച്ചുകഴിയുന്ന വ്യക്തിയായി ചുരുക്കിക്കാണിക്കുന്നത് അധിക്ഷേപകരമാണ്. ഒരു ബന്ധത്തിന്റെ അടിത്തറയെന്ന് പറയുന്നത്, യാതൊരു ശ്രമവുമില്ലാതെ തന്നെ പങ്കാളി നിങ്ങളെ മനസ്സിലാക്കുകയും ഒന്നും പറയാതെ തന്നെ നിങ്ങളെ കേൾക്കുകയും ചെയ്യുന്നു എന്ന തോന്നലാണ്. എന്നെ സംബന്ധിച്ച് അതാണ് രൺബീർ. അതാണ് ഞങ്ങളുടെ യാഥാർഥ്യം”, ആലിയ വ്യക്തമാക്കി.
ഇതാദ്യമായല്ല രൺബീറുമായുള്ള ബന്ധത്തെക്കുറിച്ച് ആലിയ മനസ്സുതുറക്കുന്നത്. കഴിഞ്ഞ വർഷം കജോളും ട്വിങ്കിൾ ഖന്നയും അവതാരകരായെത്തിയ ടു മച്ച് എന്ന പരിപാടിയിലും തങ്ങളുടെ ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നു. സിനിമകളിൽ കാണുന്നതുപോലെയുള്ള അതിമനോഹരമായ പ്രണയബന്ധമല്ല തങ്ങളുടേതെന്നും സൗഹൃദത്തിനാണ് കൂടുതൽ പ്രാധാന്യമെന്നും ആലിയ അന്ന് പറഞ്ഞിരുന്നു.
“രൺബീറും ഞാനും തമ്മിൽ വളരെ സ്വാഭാവികമായൊരു സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ എല്ലാം മനോഹരമായി മാത്രം തോന്നുന്ന, യാഥാർഥ്യബോധമില്ലാത്ത പ്രണയബന്ധമായിരുന്നില്ല ഞങ്ങളുടേത്. ഏറ്റവും അടുത്ത സുഹൃത്തുക്കളെപ്പോലെയുള്ള ബന്ധമായിരുന്നു അത്. പരസ്പരം കളിയാക്കുന്നതും തമാശകൾ പറയുന്നതും ഞങ്ങളുടെ ബന്ധത്തിലെ സ്വാഭാവികമായൊരു കാര്യമാണ്. ഞാൻ ഏറ്റവും കൂടുതൽ കളിയാക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തി രൺബീറാണ്, തിരിച്ചും അങ്ങനെ തന്നെയാണ്”, ആലിയ പറഞ്ഞു.
രൺബീറിനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെക്കുറിച്ചും ആലിയ നേരത്തേ സംസാരിച്ചിട്ടുണ്ട്. ഏറെ ഇഷ്ടവും ആദരവും തോന്നുന്ന വ്യക്തിയാണ് രൺബീറെന്നും തന്നെ വളരെ മനോഹരമായി പരിഗണിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും താരം വ്യക്തമാക്കിയിരുന്നു.
2018ലാണ് ആലിയയും രൺബീറും പ്രണയത്തിലാകുന്നത്. ബോളിവുഡിലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട പ്രണയബന്ധങ്ങളിലൊന്നായി ഇരുവരുടേതും മാറി. 2022ലെ വിവാഹത്തിന് മാസങ്ങൾക്കുമുൻപ് ബെർലിൻ ചലച്ചിത്രമേളയിൽവെച്ച് രൺബീറിനോടുള്ള പ്രണയത്തെക്കുറിച്ച് ആലിയ തുറന്നുപറഞ്ഞിരുന്നു.
“ഞാൻ വളരെ സന്തോഷവതിയാണ്. രൺബീറുമായി അഗാധമായ പ്രണയത്തിലാണ്. ഈ ബന്ധത്തിൽ എനിക്ക് വിശ്വാസമുണ്ട്”, എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. പ്രണയത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ഹൃദയം പറയുന്നതനുസരിച്ചാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ആലിയ അന്ന് പറഞ്ഞിരുന്നു. 2022 ഏപ്രിലിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. അതേ വർഷം നവംബറിൽ മകൾ റാഹ ജനിച്ചു.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ലവ് ആൻഡ് വാർ ആണ് ഇരുവരും ഒന്നിച്ചെത്തുന്ന അടുത്ത ചിത്രം. വിക്കി കൗശലും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജനുവരി 21ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 19 Nov 2026, 04:55 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented