നടി കീർത്തി സുരേഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് ഭർത്താവ് ആന്റണി തട്ടിൽ. പതിനഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം 2024-ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ പ്രണയകാലത്ത് ബന്ധം പരസ്യമല്ലാതിരുന്നതിനാൽ കീർത്തിയുടെ പേരിനൊപ്പം പലപ്പോഴും മറ്റ് നടന്മാരുടെയും സംഗീതസംവിധായകരുടെയും പേരുകൾ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. അത്തരം വാർത്തകൾ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും ഭർത്താവ് ആന്റണി നൽകുന്ന പിന്തുണയും കരുതലുമാണ് തന്റെ കരുത്തെന്നും തുറന്നുപറയുകയാണ് താരം. പുതിയ ചിത്രമായ ‘സത്യവാൻ സാവിത്രി’യുടെ പ്രചാരണത്തിനിടെയാണ് കീർത്തി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവം ഏതാണെന്ന ചോദ്യത്തിന് കീർത്തി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ''മറ്റ് നടന്മാരുമായി ചേർത്ത് എന്റെ പേരിൽ അനാവശ്യ ഗോസിപ്പുകൾ വരുമ്പോൾ വേദന തോന്നിയിട്ടുണ്ട്. കാരണം, എന്റെ ജീവിതത്തിൽ ഒരേയൊരു പ്രണയബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്തരം വാർത്തകൾ വരുമ്പോൾ അതിനോട് പ്രതികരിക്കണോ എന്ന് ആന്റണി എന്നോട് ചോദിക്കാറുണ്ട്. അല്ലാതെ അദ്ദേഹം ഒരിക്കലും എന്നെ ചോദ്യം ചെയ്തിട്ടില്ല. ഞങ്ങൾ രണ്ടുപേരും പരസ്പരം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ പിന്നെ ആരോടാണ് ഞാൻ ഇതൊക്കെ തെളിയിക്കേണ്ടത്? അതിന്റെ ആവശ്യമില്ല. എനിക്കതിൽ താത്പര്യവുമില്ല'', താരം വ്യക്തമാക്കി.
Also Read
ആന്റണി ഒരു യഥാർഥ ജെന്റിൽമാനാണെന്നും മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും കീർത്തി പറയുന്നു. “എന്റെ ജോലിയെ ഏറെ പിന്തുണയ്ക്കുന്ന അദ്ദേഹം, മാനസികമായി തളരുന്ന ഘട്ടങ്ങളിൽ പ്രചോദനമാകാറുണ്ട്. മറ്റുള്ളവർ സംശയിച്ചപ്പോഴും ‘ഡൊറോത്തി’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആന്റണിയായിരുന്നു. അദ്ദേഹം എനിക്ക് ആവശ്യമായ വ്യക്തിസ്വാതന്ത്ര്യം നൽകുന്നുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ സ്വകാര്യതയും ഞാൻ മാനിക്കുന്നു. ആന്റണിക്ക് താരപരിവേഷവും പൊതുശ്രദ്ധയും ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒരിക്കലും അസ്വസ്ഥനാക്കുന്ന സാഹചര്യത്തിലേക്ക് ഞാൻ കൊണ്ടുപോകില്ല. തിരിച്ചും അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് എനിക്കറിയാം. ഇപ്പോൾ ഞാൻ ഒരു സിനിമയുടെ പ്രീമിയറിന് പോകുകയാണ്. അദ്ദേഹം കൂടെ വരില്ല. എന്റെ അരികിൽ നിൽക്കുന്നതിനേക്കാൾ അദ്ദേഹത്തിന്റെ സൗകര്യത്തിനും സന്തോഷത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നത്”, കീർത്തി പറഞ്ഞു.
ഓർക്കുട്ടിലൂടെയാണ് കീർത്തിയും ആന്റണിയും ആദ്യം പരിചയപ്പെടുന്നത്. 2010-ൽ ആന്റണി പ്രണയാഭ്യർഥന നടത്തിയെങ്കിലും 2016-ലാണ് ബന്ധം കൂടുതൽ ഗൗരവത്തിലേക്ക് കടന്നതെന്ന് താരം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ''ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ പ്രണയത്തിലായത്. എന്നേക്കാൾ ഏഴു വയസ്സ് മുതിർന്ന ആന്റണി അന്ന് ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. ആറു വർഷത്തോളം ഞങ്ങളുടെ പ്രണയം ദീർഘദൂര ബന്ധമായിരുന്നു. കോവിഡ് കാലത്താണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്,'' എന്നാണ് ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞത്.
പ്രണയത്തിന്റെ അടയാളമായി ആന്റണി നൽകിയ വാഗ്ദാനമോതിരം വിവാഹംവരെ ഊരിയിരുന്നില്ലെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ മിക്ക സിനിമകളിലും ആ മോതിരം കാണാമെന്നും കീർത്തി പറഞ്ഞിരുന്നു. ഇരുവരുടെയും പേരുകൾ ചേർത്ത് നൈക്ക് എന്നു പേരിട്ട ഒരു നായ്ക്കുട്ടിയെയും ആന്റണി കീർത്തിക്ക് സമ്മാനിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് 2024-ൽ ഗോവയിൽ വെച്ച് ഇരുവരും വിവാഹിതരായത്. ദക്ഷിണേന്ത്യൻ ആചാരപ്രകാരവും ക്രൈസ്തവ രീതിയിലുമായി രണ്ട് ചടങ്ങുകളിലായിരുന്നു വിവാഹം.
ഈ വർഷം ഡൊറോത്തി, സത്യവാൻ സാവിത്രി എന്നീ ചിത്രങ്ങളിലും നെറ്റ്ഫ്ളിക്സ് സീരീസായ അക്കയിലും കീർത്തി അഭിനയിച്ചു. തെലുങ്കിൽ റൗഡി ജനാർധന, ജനുവരി 12 വിടുദല, തമിഴിൽ കണ്ണിവേടി, മലയാളത്തിൽ തോട്ടം, ഹിന്ദിയിൽ റഫ്താർ എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 21 Nov 2026, 05:15 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented