'കോഫി വിത്ത് കരൺ' പരിപാടിയിലെ ചില പരാമർശങ്ങൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചതിന് പിന്നാലെ, വിജയ് ദേവരകൊണ്ടയോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. വിജയ്യുടെ ഏത് സ്വഭാവമാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന്, അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്നേഹമാണെന്നായിരുന്നു രശ്മികയുടെ മറുപടി. പലപ്പോഴും അത് വാക്കുകളിലൂടെ പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ തനിക്ക് ആ സ്നേഹം തിരിച്ചറിയാനാകുമെന്നും താരം പറഞ്ഞു.
വിവാഹശേഷം ആദ്യമായി ഇരുവരുടെയും വ്യക്തിജീവിതത്തെക്കുറിച്ച് ആരാധകർക്ക് കൂടുതൽ അറിയാൻ അവസരം ലഭിച്ചത് 'കോഫി വിത്ത് കരൺ' പരിപാടിയിലൂടെയായിരുന്നു. എന്നാൽ, പരിപാടിയിലെ വിജയ്യുടെ ചില പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി. രശ്മികയോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെച്ചൊല്ലിയും ചർച്ചകളുണ്ടായി. പിന്നാലെ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പ്രസ്താവന പങ്കുവെച്ചിരുന്നു. താരങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾക്കെതിരെ വിജയ്യുടെയും രശ്മികയുടെയും സംഘം ഹൈദരാബാദ് സൈബർ ക്രൈം അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പുതിയ ചിത്രമായ 'മൈസാ'യുടെ പ്രചാരണ തിരക്കിലാണ് രശ്മിക. ഇതിനിടെ പ്രേമയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ്യുമായുള്ള ബന്ധത്തെക്കുറിച്ച് താരം മനസ്സുതുറന്നത്. വിജയ്യുടെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്വഭാവം ഏതാണെന്നായിരുന്നു ചോദ്യം.
Also Read
“പൊതുവെ വിജയ്ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം പറയാമോ എന്നാണ് ആളുകൾ ചോദിക്കാറുള്ളത്. എന്നാൽ, ആ മനുഷ്യനിൽ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്നേഹമാണ്. പലപ്പോഴും അത് വാക്കുകളിലൂടെ പറയേണ്ട ആവശ്യം പോലുമില്ല. എനിക്ക് അത് കാണാനാകും. അദ്ദേഹം അത് തിരിച്ചറിയുന്നുണ്ട്, ഞാനും തിരിച്ചറിയുന്നു. പൊള്ളയായ ഒന്നല്ല അത്. മറ്റൊരു തലത്തിലുള്ള സ്നേഹമാണ്. അതാണ് എനിക്ക് ഏറെ ഇഷ്ടം”, രശ്മിക പറഞ്ഞു.
ഒരു ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന ചോദ്യത്തിനും താരം മറുപടി നൽകി. “പരസ്പരമുള്ള അടുപ്പവും മനസ്സിലാക്കലുമാണ് ഒരു ബന്ധത്തെ മനോഹരമാക്കുന്നത്. ഒരേ സ്വപ്നങ്ങളും ജീവിതവീക്ഷണവും പങ്കുവെക്കുന്നതിനൊപ്പം പരസ്പരം മനസ്സിലാക്കാനും കഴിയണം. വിവാഹത്തിലെത്തുമ്പോഴേക്കും ഇത്തരം കാര്യങ്ങൾ പരസ്പരം മനസ്സിലാക്കിയിട്ടുണ്ടാകണം. അതിനാൽ ഓരോന്നും പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട സാഹചര്യമുണ്ടാകില്ല”, താരം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ രഹസ്യമായി വിവാഹനിശ്ചയം നടത്തിയ വിജയ്യും രശ്മികയും വിവാഹവാർത്ത പുറത്തുവിട്ടത് വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു. ഉദയ്പുരിലായിരുന്നു വിവാഹം. വിവാഹശേഷം 'കോഫി വിത്ത് കരൺ' പരിപാടിയിൽ ഒരുമിച്ചെത്തിയ ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ഒരു വർഷത്തിനിടെ നൂറിലേറെ തവണ രശ്മിക വിവാഹാഭ്യർഥന നടത്തിയെന്നും അതിനുശേഷമാണ് താൻ വിവാഹത്തിന് സമ്മതിച്ചതെന്നുമായിരുന്നു വിജയ്യുടെ പരാമർശം. വിവാഹത്തിന് മുൻപുള്ള ആഘോഷവേളയിലാണ് താൻ മുട്ടുകുത്തി വിവാഹാഭ്യർഥന നടത്തിയതെന്നും താരം വെളിപ്പെടുത്തി. രശ്മിക ധരിച്ചിരുന്ന മറ്റൊരു മോതിരം തന്റെ ശൈലിയിലുള്ളതല്ലെന്നും വിജയ് പറഞ്ഞിരുന്നു. ഈ പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്.
രശ്മിക നായികയാകുന്ന പുതിയ ചിത്രമാണ് 'മൈസാ'. നവാഗതനായ രവീന്ദ്ര പുള്ളെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോണ്ട് ഗോത്രവിഭാഗത്തിൽപ്പെട്ട സ്ത്രീയായാണ് രശ്മിക എത്തുന്നത്. നിരവധി ആക്ഷൻ രംഗങ്ങളുള്ള കഥാപാത്രത്തിനായി താരം കഠിനമായ ശാരീരിക പരിശീലനവും നടത്തിയിരുന്നു. ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെക്കുറിച്ചും രശ്മിക വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രധാന ആക്ഷൻ രംഗത്തിനിടെ തന്റെ ടെൻഡൺ വേർപെട്ടുവെന്നും ഏറെ വേദന അനുഭവിച്ചുവെന്നും താരം പറഞ്ഞു. നവംബർ 27-ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് റിലീസ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 21 Nov 2026, 06:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented