‘സ്പിരിറ്റ്’ എന്ന ചിത്രത്തിൽനിന്ന് നടി ദീപിക പദുകോൺ പുറത്തുപോയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ദീപികയുടെ നിബന്ധനകൾ അംഗീകരിക്കാൻ നിർമാതാക്കൾ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് താരത്തിന് സിനിമയിൽനിന്ന് പുറത്തുപോകേണ്ടിവന്നത്. ദിവസവും എട്ടുമണിക്കൂർ ഷൂട്ട്, 20 കോടി പ്രതിഫലം, സിനിമയുടെ ലാഭത്തിന്റെ വിഹിതം എന്നിവയാണ് താരം ആവശ്യപ്പെട്ടതെന്നായിരുന്നു പറയപ്പെട്ടിരുന്നത്. മകൾക്കൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് ദീപിക എട്ടുമണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടത്. ദീപികയുടെ ആവശ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങൾ രംഗത്തെത്തിയിരുന്നു.

ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സ്പിരിറ്റ് സിനിമയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയുടെ സഹോദരൻ പ്രണയ് റെഡ്ഡി വാംഗ. എട്ടുമണിക്കൂർ ഷിഫ്റ്റിനേക്കാൾ പ്രശ്‌നമായത് ദീപികയുടെ മറ്റുചില നിബന്ധനകൾ ആയിരുന്നുവെന്നും പ്രണയ് പറയുന്നു. പ്രതിഫലവും ലാഭവിഹിതവും സംബന്ധമായ കാര്യങ്ങളാണ് കൂടുതൽ ചർച്ചാവിഷയമായത്. എൻടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

''നേരത്തെ സൂചിപ്പിച്ച കാരണങ്ങൾ തന്നെയാണ് ഇതിനും പിന്നിൽ. ഒന്ന് പ്രതിഫലം, മറ്റൊന്ന് സമയം. ഇതുകൂടാതെ മറ്റ് ചില കാരണങ്ങളുമുണ്ട്'', പ്രണയ് പറഞ്ഞു. ദീപികയെ ഒഴിവാക്കി മുന്നോട്ട് പോകാനുള്ള അന്തിമതീരുമാനം സന്ദീപ് ആണ് എടുത്തതെന്ന് പ്രണയ് വ്യക്തമാക്കി. ഏകദേശം 18 മാസത്തോളമായി സംവിധായകൻ നടിയുമായി ചർച്ചകൾ നടത്തിയെന്നും 'സ്പിരിറ്റ്' (Spirit) എന്ന ചിത്രത്തിൽ ദീപികയെ ഉൾപ്പെടുത്താൻ സന്ദീപ് ആഗ്രഹിച്ചിരുന്നുവെന്നും പ്രണയ് പറഞ്ഞു.

''ചിത്രത്തിന്റെ ലാഭത്തിൽ 10 ശതമാനം അവർ ആവശ്യപ്പെട്ടു. അതോടെ കാര്യങ്ങൾ പരിധി വിട്ടു. അവർക്ക് എന്തും ആവശ്യപ്പെടാം, നൽകാൻ ഞങ്ങൾക്ക് സന്നദ്ധതയുണ്ടെങ്കിൽ നൽകുകയും ചെയ്യാം. എന്നാൽ സാമ്പത്തിക വശങ്ങളും (ബജറ്റ്) ഞങ്ങൾക്ക് അനുകൂലമാകേണ്ടതുണ്ട്. അത് സാധ്യമാകില്ലെന്ന് ഞങ്ങൾക്ക് തോന്നി. അതുകൊണ്ടാണ് മറ്റ് വഴികളെക്കുറിച്ച് ചിന്തിച്ചത്. മറ്റ് വഴികൾ തേടിത്തുടങ്ങിയപ്പോൾ അവർ കാര്യങ്ങളെല്ലാം പുറത്തുവിട്ടുതുടങ്ങി''.

പിന്നാലെ കഥ സംബന്ധിച്ച കാര്യങ്ങൾ ദീപിക പുറത്തുവിട്ടതായും പ്രണയ് വെളിപ്പെടുത്തി. ''കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഞങ്ങൾ അവരുമായി ചർച്ച ചെയ്തിരുന്നു. ആഭ്യന്തരമായി ചർച്ച ചെയ്യുന്ന കാര്യങ്ങൾ പുറത്തുവിടാൻ പാടില്ലാത്തതാണ്. എന്നാൽ അവർ അതെല്ലാം പുറത്തുവിട്ടു. അതുകൊണ്ടാണ് ഞങ്ങൾക്ക് വിഷമമുണ്ടായത്'', അദ്ദേഹം പറഞ്ഞു.

ഇത് വിവാദമായതിനുപിന്നാലെ, വാംഗ സഹോദരന്മാരുടെ പ്രസ്താവനകളെ വിമർശിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് ദീപികയും രംഗത്തെത്തി. മാധ്യമപ്രവർത്തകയായ ജാൻവി മഞ്ചന്ദ ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചു. ''സ്പിരിറ്റ്' എന്ന ചിത്രത്തിന്റെ ലാഭവിഹിതത്തിൽ 10 ശതമാനം ദീപിക പദുകോൺ ആവശ്യപ്പെട്ടതായി സന്ദീപ് റെഡ്ഡി വാംഗയുടെ സഹോദരൻ പ്രണയ് അവകാശപ്പെടുന്നു. എനിക്ക് ചോദിക്കാനുള്ളത് ഇതാണ്: പുരുഷ താരങ്ങൾ വർഷങ്ങളായി ഇതേ കാര്യം ചെയ്യുന്നത് നമ്മൾ മറന്നുപോയോ? ഒരു സ്ത്രീ അത് ചെയ്യുമ്പോൾ മാത്രം എന്തുകൊണ്ടാണ് അതൊരു വലിയ വാർത്തയാകുന്നത്? ഇതിനെച്ചൊല്ലിയുള്ള ബഹളവും വിമർശനങ്ങളും കണ്ടാൽ തോന്നും അവർ സിനിമയുടെ ലാഭവിഹിതം മുഴുവനായും വാംഗയുടെ സ്വത്തുക്കളെല്ലാം കൂടിയാണ് ആവശ്യപ്പെട്ടതെന്ന്. ഒരു സ്ത്രീ ഒരു കരാർ നിരസിച്ചു; എന്നാൽ സ്ത്രീയുടെ ആ 'വേണ്ട' എന്ന തീരുമാനത്തെ ഉൾക്കൊള്ളാൻ സ്ത്രീവിരുദ്ധതയ്ക്ക് കഴിഞ്ഞില്ല''. ഈ പോസ്റ്റിനാണ് ദീപിക ലൈക്ക് അടിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi