നിതേഷ് തിവാരിയുടെ ‘രാമായണ’ത്തിൽ കൈകേയിയായി എത്തിയ നടി ലാറ ദത്തയുടെ ലുക്ക് നേരത്തേ തന്നെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ചിരിക്കുകയാണ് താരം. ചിത്രീകരണത്തിനിടെ കൈയിൽ കുടുങ്ങിയ വള മുറിച്ചുമാറ്റാൻ ഹാക്‌സോ ബ്ലേഡ് ഉപയോഗിക്കേണ്ടിവന്ന അനുഭവമാണ് ലാറ പങ്കുവച്ചത്. വള മുറിച്ചെടുക്കുന്ന വീഡിയോയും താരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.

To advertise here,

കൈകേയിയായുള്ള തന്റെ മേക്കോവറിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയുള്ള പോസ്റ്റാണ് ലാറ പങ്കുവച്ചത്. പരമ്പരാഗത വേഷത്തിലും ആഭരണങ്ങളിലുമുള്ള താരത്തിന്റെ ചിത്രങ്ങൾക്കൊപ്പം മേക്കപ്പ്, കോസ്റ്റ്യൂം ടീമുകൾ അണിയറയിൽ പ്രവർത്തിക്കുന്ന ദൃശ്യങ്ങളുമുണ്ട്. എന്നാൽ കൂട്ടത്തിൽ ശ്രദ്ധ നേടിയത് കൈയിൽ കുടുങ്ങിയ വള മുറിച്ചുമാറ്റുന്ന വീഡിയോയാണ്.
വാനിറ്റി വാനിലിരുന്ന ലാറയുടെ കൈത്തണ്ടയിൽനിന്ന് വള നീക്കം ചെയ്യാൻ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് ഒരാൾ ശ്രദ്ധാപൂർവം മുറിക്കുന്നതാണ് വീഡിയോയിൽ. 'ഇങ്ങനെയൊരു രൂപത്തിലെത്താൻ പിന്നിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. കൈത്തണ്ട തന്നെ മുറിഞ്ഞുപോകേണ്ട അവസ്ഥയുണ്ടായെന്നു മാത്രം!' എന്ന രസകരമായ കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്.

ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ ലാറയുടെ കൈകേയി വേഷം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ത്രേതായുഗത്തിന്റെ പശ്ചാത്തലത്തിന് അനുയോജ്യമല്ലാത്ത ആധുനിക വേഷമാണ് കൈകേയിയുടേതെന്നായിരുന്നു ചിലരുടെ വിമർശനം. എന്നാൽ വസ്ത്രധാരണത്തിനു പിന്നിലെ ആശയം അടുത്തിടെ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ ലാറ വിശദീകരിച്ചിരുന്നു.

കൈകേയി എത്തുന്നത് കേകയ രാജ്യത്തുനിന്നാണെങ്കിൽ അവരുടെ ആഭരണങ്ങൾ മറ്റ് രണ്ട് രാജ്ഞിമാരുടേതിൽനിന്ന് വ്യത്യസ്തമായിരിക്കേണ്ടതല്ലേ എന്ന ചോദ്യം സംവിധായകൻ നിതേഷ് തിവാരിയുമായുള്ള ആദ്യ സംഭാഷണത്തിൽ തന്നെ ഉന്നയിച്ചിരുന്നുവെന്ന് ലാറ പറഞ്ഞു. അവർ സ്വന്തം സ്ത്രീധനവും ആഭരണങ്ങളും കൊണ്ടുവരില്ലേ എന്നായിരുന്നു താരത്തിന്റെ ചോദ്യം. എന്നാൽ ഇത്തരം ചെറിയ വിശദാംശങ്ങളിലേക്ക് കടന്നാൽ ചരിത്രകാരന്മാരും മറ്റു വിദഗ്ധരുമെല്ലാം ഓരോ കാര്യത്തിലും അഭിപ്രായങ്ങളുമായി എത്തുമെന്നും ലാറ ചൂണ്ടിക്കാട്ടി. അതിനാൽ മിഥില, അയോധ്യ, ലങ്ക എന്നീ രാജ്യങ്ങളുടെ സംസ്‌കാരങ്ങൾ വേർതിരിച്ചുകാട്ടുന്നതിനൊപ്പം മൂന്നു രാജ്യങ്ങളിലെയും വേഷവിധാനങ്ങളിൽ ഒരു ഏകീകൃത രീതി പിന്തുടരാനാണ് തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi