നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: പാർട്ട് 1' റിലീസ് ചെയ്തശേഷം, സോഷ്യൽമീഡിയയിൽ പല ചർച്ചകളും നടക്കുന്നുണ്ട്. അതിലൊന്നാണ് ജടായുവുമായി ബന്ധപ്പെട്ടിട്ടുള്ളത്. അത് രൂക്ഷമായി ജടായുവിനെ ചൊല്ലി കൊല്ലംകാരും ആന്ധ്രാക്കാരും തമ്മിലുള്ള രസകരമായ തർക്കം വരെയെത്തിയെന്നതാണ് മറ്റൊരു കാര്യം. സീതയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, ചിറകറ്റ ജടായു എവിടെയാണ് വീണത് എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് നടക്കുന്നത്.

To advertise here,

'രാമായണ' റിലീസായതോടെയാണ് കൊല്ലത്തുള്ള ജടായു പാറ വീണ്ടും വൈറലായത്. ചടയമംഗലത്തുള്ള പാറയിലേക്ക് കൂടുതലായി ആളുകളെത്താനും തുടങ്ങി. അതിനുപിന്നാലെ ജടായു തങ്ങളുടേതാണെന്ന അവകാശവാദവുമായി ആന്ധ്രാക്കാരുമെത്തി. ജടായു സത്യത്തിൽ വീണത് ആന്ധ്രയിലുള്ള ലേപാക്ഷിയിലാണെന്നാണ് അവർ പറയുന്നത്. ചടയമംഗലത്തെ ജടായു പാറയിലുള്ളതുപോലൊരു ജടായു പ്രതിമ ലേപാക്ഷിയിലുമുണ്ട്.

സോഷ്യൽമീഡിയയിൽ മീമുകളും ട്രോളുകളുമായി ജടായു ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. അതുമായി ബന്ധപ്പെട്ട് പല വീഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. അവയ്ക്കുതാഴെ രസകരമായ കമന്റുകളും നിറയുകയാണ്, 'സദ്യയ്ക്ക് പപ്പടം ചോദിച്ചിട്ട് കൊടുത്തിട്ടില്ല കൊല്ലംകാർ-പിന്നെയാണ് ജടായു, ലെയ്‌സും പപ്പടവും കൊടുത്തിട്ടില്ല-ജടായുവിനെ കൊന്നാലും തരില്ല, ജടായുവിനെ കൊണ്ടുപോകാൻ ഞങ്ങൾ ചാവണം...' കമന്റുകൾ നീളുന്നു.

ചടയമംഗലത്ത് സമുദ്രനിരപ്പിൽനിന്ന് 1100-ലേറെ അടി ഉയരത്തിലുള്ള പാറമുകളിലാണ് ജടായു പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഈ പാറപ്പുറത്താണ് ജടായു വീണതെന്നും പറയപ്പെടുന്നു. 2018-ലാണ് ജടായുവിന്റെ കൂറ്റൻപ്രതിമ ഇവിടെ സ്ഥാപിക്കുന്നത്. ഒറ്റ ചിറകുള്ള ഒരു പക്ഷിയെ ഇവിടെ കാണാം. അതിന്റെ തല മുകളിലേക്ക് ചരിഞ്ഞിരിക്കുന്നു. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന, നഖങ്ങൾ ഉയർത്തിപ്പിടിക്കുന്ന രീതിയിലാണുള്ളത് പ്രതിമ. സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചലാണ് അതിനുപിന്നിൽ. ഇപ്പോൾ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം എന്ന ബഹുമതിയും ഈ കൂറ്റൻപ്രതിമയ്ക്കാണ്. കോൺക്രീറ്റും സ്റ്റീലും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമാണിതിനുള്ളത്.

2015-ലാണ് ലേപാക്ഷിയിൽ ജടായുവിന്റെ പ്രതിമ സ്ഥാപിച്ചത്. ശ്രീരാമൻ ഇവിടെ ജടായുവിനെ നിസ്സഹായാവസ്ഥയിൽ കണ്ടെത്തിയപ്പോൾ, 'ലേ പക്ഷീ' എന്ന് വിളിച്ചുപറഞ്ഞുവെന്നാണ് വിശ്വാസം. തെലുങ്ക് ഭാഷയിൽ ഇതിനർത്ഥം 'എഴുന്നേൽക്കൂ, പക്ഷീ' എന്നാണ്. വീരഭദ്ര ക്ഷേത്രപരിസരങ്ങളിലാണ് ഈ പ്രതിമയുള്ളത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi