മിസ് യൂണിവേഴ്‌സ് മത്സരം നവംബർ 24-ന് പ്യൂട്ടോ റിക്കോയിലാണ് ഇത്തവണ നടക്കുക. ഈ തവണത്തെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ വർഷത്തെ വിജയിയെ കാത്തിരിക്കുന്നത് സവിശേഷമായ ഒരു കിരീടമാണ്. മത്സരത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, പുതിയൊരു കിരീടമാണ് സംഘാടകർ അവതരിപ്പിച്ചിരിക്കുന്നത്.

To advertise here,

3150 വജ്രങ്ങൾ പതിച്ച പുതിയ രൂപകൽപ്പനയിലുള്ള കിരീടമാണ് സംഘാടകർ അവതരിപ്പിച്ചിരിക്കുന്നത്. 18 കാരറ്റ് വൈറ്റ് ഗോൾഡ് ആണിതിന്റെ ബേസ്. 'ദി റേഡിയൻസ് ഓഫ് ആൻ ഇറ്റേണൽ ലെഗസി' എന്ന് പേരിട്ടിരിക്കുന്ന ഈ കിരീടം, മത്സരത്തിന്റെ ഭൂതകാലത്തെ ആദരിക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള പ്രതീക്ഷകളെയും പ്രതിനിധീകരിക്കുന്നു.

ജുവല്ലറി ഡിസൈനറായ ജോർജ് വിറ്റൽസും 'മെയ്സൺ ഡി ഓർ'-ഉം ചേർന്നാണ് കിരീടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് പുറത്തുവിട്ടുകൊണ്ട് സംഘാടകർ ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു, ''ദി റേഡിയൻസ് ഓഫ് ആൻ ഇറ്റേണൽ ലെഗസി' അവതരിപ്പിക്കുന്നു. 3,150 വജ്രങ്ങൾ, 75 വർഷത്തെ ചരിത്രം. മിസ് യൂണിവേഴ്‌സിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും ആഘോഷിക്കുന്ന അസാധാരണമായ ഒരു കിരീടം''.

1952-ൽ മിസ് യൂണിവേഴ്‌സ് മത്സരം ആരംഭിച്ചതുമുതൽ, കിരീടം പലതവണ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. വിവിധ ഡിസൈനർമാരും ജ്വല്ലറി സ്ഥാപനങ്ങളും ഈ കിരീടങ്ങൾക്ക് വ്യത്യസ്തമായ രൂപകൽപ്പനകൾ നൽകി. ആദ്യ വിജയിയായ ഫിൻലൻഡിലെ ആർമി കുസെല ധരിച്ചത് 'റൊമാനോവ് ഇംപീരിയൽ നപ്ഷ്യൽ ക്രൗൺ' എന്ന പേരിലുള്ള കിരീടമായിരുന്നു. 1,529 വജ്രങ്ങൾ പതിച്ചതായിരുന്നു ഈ കിരീടം. ഇതിനുശേഷം, 1953-ലെ വിജയി ക്രിസ്റ്റ്യാനെ മാർട്ടൽ വെങ്കലനിറത്തിലുള്ള ഒരു കിരീടം ധരിച്ചു. 1954 മുതൽ 1960 വരെ 'സ്റ്റാർ ഓഫ് ദി യൂണിവേഴ്‌സ്' കിരീടമാണ് ഉപയോഗിച്ചത്. സ്വർണ്ണത്തിലും പ്ലാറ്റിനത്തിലും തീർത്ത ഈ കിരീടത്തിൽ ഏകദേശം 1,000 കറുത്ത മുത്തുകൾ പതിച്ചിരുന്നു.

1960-കളിൽ 'റൈൻസ്റ്റോൺ ക്രൗൺ' നിലവിൽ വന്നു. തുടർന്ന് 'കോവെൻട്രി ക്രൗൺ' അഥവാ 'ലേഡി ക്രൗൺ' അവതരിപ്പിക്കപ്പെട്ടു. 1963 മുതൽ 2001 വരെ ഈ കിരീടം മത്സരത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെ മധ്യഭാഗത്തായി ചെങ്കോൽ പിടിച്ച ഒരു സ്ത്രീരൂപം ഉണ്ടായിരുന്നു.

2000-ങ്ങളുടെ തുടക്കത്തിൽ, വിലപിടിപ്പുള്ള രത്‌നങ്ങൾ പതിച്ച സങ്കീർണ്ണമായ ഡിസൈനുകൾ തിരിച്ചുവന്നു. മത്സരത്തിന്റെ 51-ാം വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച 'മിക്കിമോട്ടോ ഫീനിക്‌സ് ക്രൗൺ'-ൽ 500 വജ്രങ്ങളും, സൗത്ത് സീ, അക്കോയ വിഭാഗങ്ങളിൽപ്പെട്ട 120 മുത്തുകളും ഉണ്ടായിരുന്നു. 2002 മുതൽ 2008 വരെ ഉപയോഗിച്ച ഈ കിരീടം, 2017-ലെയും 2018-ലെയും മത്സരങ്ങളിലും വീണ്ടും ഉപയോഗിച്ചു. 2008-ൽ അവതരിപ്പിച്ച 'സി.എ.ഒ ക്രൗൺ'-ൽ 18 കാരറ്റ് സ്വർണ്ണത്തിൽ വജ്രങ്ങൾ, സ്‌മോക്കി ക്വാർട്‌സ്, മോർഗനൈറ്റ് എന്നിവ പതിച്ചിരുന്നു.

കാസിയ ലിസ് മെജോ ആണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മുമ്പ് സുഷ്മിത സെൻ, ലാറ ദത്ത, ഹർനാസ് സന്ധു എന്നിവരാണ് വിശ്വസുന്ദരിമാരായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi