'രാമായണ: പാർട്ട് 1' നവംബർ 5-നാണ് ലോകമാകെയുള്ള തിയേറ്ററുകളിൽ റിലീസായത്. ഇപ്പോൾ 1000 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ് സിനിമ. വെറും എട്ടുദിവസം കൊണ്ടാണ് സിനിമ 1000 കോടി കളക്ഷൻ നേടിയത്. അതോടെ 1000 കോടി കളക്ഷൻ നേടുന്ന 11-ാമത്തെ ഇന്ത്യൻചിത്രം കൂടിയായി മാറിയിത്.

To advertise here,

സിനിമയിൽ സീതയുടെ വേഷം അവതരിപ്പിച്ചത് നടി സായ് പല്ലവിയാണ്. ചിത്രത്തിൽ സീതയെ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും തുടരുകയാണ്. സീത ഒരിക്കലും ഒരു യോദ്ധാവായിരുന്നില്ലെന്നും സിനിമയിൽ അത് കാണിച്ചത് ശരിയായില്ലെന്നും പല മുൻതാരങ്ങളും പറയുന്നുണ്ട്. അതിനിടെ സീതയാവാൻ പറ്റിയ താരങ്ങൾ വേറെയുമുണ്ടായിരുന്നുവെന്നും പലരും വാദിക്കുന്നു.

അതിനിടെ സിനിമയിലെ ഏറെ വികാരഭരിതമായ ഒരു സീനിനെക്കുറിച്ച് സംസാരിക്കുകയാണ് സായ് ഇപ്പോൾ. ഒരു സീനിൽ അഭിനയിച്ചശേഷം തന്റെ ഭാഷാ പരിശീലകൻ (dailect coach) കാലുകളിൽ തൊട്ടുവണങ്ങിയപ്പോൾ താൻ വികാരാധീനയായി പൊട്ടിക്കരഞ്ഞുപോയ കാര്യം അവർ അനുസ്മരിച്ചു. കണ്ടന്റ് ക്രിയേറ്റർ പല്ലവി രാജുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അവർ വെളിപ്പെടുത്തിയത്. ''ഒരു രംഗം ചിത്രീകരിച്ച ശേഷം, എന്നെ ഭാഷാശൈലി പരിശീലിപ്പിക്കുന്നയാൾ എന്റെ കാലിൽ തൊട്ടപ്പോൾ ഞാൻ ശരിക്കും അമ്പരന്നുപോയി. ഫോൺ കോളുകൾ ചെയ്യുന്നതും മറ്റും എന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരാളാണ് അവർ. ഞാൻ സായ് പല്ലവി ആണെന്ന് അവർക്ക് നന്നായി അറിയാം. എന്നാൽ, നമ്മൾ ദിവസവും ആരാധിക്കുന്ന, സ്വന്തം അമ്മയെപ്പോലെ ആഴത്തിൽ ഹൃദയത്തോട് ചേർത്തുവെച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ മറ്റൊരാൾ അത്രത്തോളം തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോൾ, അവർ ഒരു നടിയാണോ അതോ മറ്റാരെങ്കിലുമാണോ എന്നൊന്നും നമ്മൾ ചിന്തിക്കില്ല. ആ നിമിഷം നമുക്ക് വേണ്ടത് ആ സ്‌നേഹം മാത്രമാണ്'', സായ് പല്ലവിയുടെ വാക്കുകൾ.

''അവർ അങ്ങനെ ചെയ്തപ്പോൾ, അവർ കരയാൻ തുടങ്ങുന്നതിന് മുൻപേ തന്നെ ഞാൻ കരയാൻ തുടങ്ങി. 'നീ എന്താണ് ഈ കാണിക്കുന്നത്?' എന്ന് ഞാൻ ചോദിച്ചു. ആ നിമിഷം എനിക്ക് ബോധ്യപ്പെട്ടത്, ഈ കഥാപാത്രം ഒട്ടനവധി ആളുകളുമായി അത്രയേറെ ആഴത്തിൽ സംവദിക്കുന്നുണ്ടെന്നാണ്. ഇത്രയധികം സ്‌നേഹം അനുഭവിക്കാൻ സാധിച്ചത് എന്നെ വിനയാന്വിതയാക്കി, ഒപ്പം ഞാൻ അതീവ വികാരാധീനയുമായി''.

നേരത്തെ 'കോൻ ബനേഗ ക്രോർപതി'യിൽ പങ്കെടുത്തപ്പോൾ, സീതാദേവിയുടെ വേഷം ചെയ്തതിനെക്കുറിച്ച് സായ് സംസാരിച്ചിരുന്നു. ''ഇത്തവണ ഞാൻ അമിതമായി ചിന്തിക്കാൻ ആഗ്രഹിച്ചില്ല. സാധാരണയായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ആ കഥാപാത്രത്തിന് എനിക്ക് എന്ത് നൽകാൻ കഴിയും എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. എന്നാൽ ഇതാദ്യമായാണ്, 'സീതാദേവിയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ എനിക്ക് എന്താണ് ലഭിക്കുക? ഇതിൽ നിന്ന് എനിക്ക് എന്ത് അറിവാണ് നേടാനാവുക?' എന്ന് ഞാൻ ചിന്തിച്ചത്. അതിനാൽ, ഈ പ്രക്രിയ സുതാര്യമായി നിലനിർത്താനാണ് ഞാൻ ആഗ്രഹിച്ചത്. ഇതിനെക്കുറിച്ച് കൂടുതൽ ആലോചിക്കാൻ ഞാൻ മുതിർന്നില്ല. സീതാദേവിയോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ മുന്നോട്ട് പോയി''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi