സൗന്ദര്യത്തെക്കുറിച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ചും തുറന്നുപറയാൻ മടിക്കാത്ത താരമാണ് ശ്രുതി ഹാസൻ. സൗന്ദര്യവർധക ചികിത്സകൾ (കോസ്മെറ്റിക് പ്രൊസീജിയറുകൾ) സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി. ഇത്തരം ചികിത്സകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമില്ലെന്നും നുണ പറയുന്നതിൽ അർഥമില്ലെന്നുമാണ് ശ്രുതിയുടെ അഭിപ്രായം. എന്നാൽ, ഇത്തരം ചികിത്സകളെ പ്രോത്സാഹിപ്പിക്കാൻ തനിക്ക് താൽപര്യമില്ലെന്നും നടി വ്യക്തമാക്കി. 'ഡബിൾ ഡേറ്റ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രുതി ഹാസൻ. രൂപത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നിട്ടും സൗന്ദര്യവർധക ചികിത്സകൾ ചെയ്തിട്ടില്ലെന്ന് ചില താരങ്ങൾ അവകാശപ്പെടുന്നതിൽ കാര്യമില്ലെന്നാണ് ശ്രുതി പറയുന്നത്. ചെറുപ്പം മുതൽ ക്യാമറകൾക്കു മുന്നിൽ വളർന്ന ഒരാളെന്ന നിലയിൽ തന്റെ രൂപത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് നുണ പറയാൻ താൽപര്യമില്ലെന്നും നടി പറഞ്ഞു.
“ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ വളരെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ, പ്രേക്ഷകർക്കുമുന്നിൽ വളർന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് ഇക്കാര്യത്തിൽ നുണ പറയുന്നത് മണ്ടത്തരമാണ്. ചിലർ പറയും, 'ഞാൻ ജനിച്ചപ്പോഴേ ഇങ്ങനെയാണ്' എന്ന്. പക്ഷേ, അതിൽ കാര്യമില്ല. എന്നാൽ ഓരോരുത്തർക്കും അവരവരുടെ ഇഷ്ടങ്ങളുണ്ട്. സൗന്ദര്യവർധക ചികിത്സകൾ ചെയ്തുവെന്ന കാര്യം നിഷേധിക്കുന്നതിൽ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ, അത്തരം ചികിത്സകളുടെ പ്രചാരകയാകാൻ എനിക്ക് താൽപര്യമില്ല”, ശ്രുതി പറഞ്ഞു.
Also Read
പരിപാടിക്കിടെ മദ്യപാനശീലത്തെക്കുറിച്ചും ശ്രുതി സംസാരിച്ചു. എട്ടുവർഷത്തോളം മദ്യപാനം പൂർണമായും ഒഴിവാക്കിയിരുന്നുവെന്നും പിന്നീട് വീണ്ടും മദ്യപിക്കാൻ തുടങ്ങിയെന്നും നടി വെളിപ്പെടുത്തി. മദ്യം തനിക്ക് നല്ലതല്ലെന്ന് നേരത്തേ തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
“മദ്യം എനിക്ക് നല്ലതല്ലെന്ന് ഞാൻ എപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ്. അത് എങ്ങനെ നിയന്ത്രിക്കാമെന്ന യാത്രയിലാണ് ഞാൻ”, ശ്രുതി വ്യക്തമാക്കി.
അതേസമയം, ശ്രുതിയുടെ പുതിയ ചിത്രമായ 'ആകാശംലോ ഒക താര'യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയിൽ ദുൽഖർ സൽമാനും പുതുമുഖം സാത്വിക വീരവല്ലിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രോഹിണി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. രുഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം. നവംബർ 20-ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 13 Nov 2026, 03:57 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented