കഴിഞ്ഞദിവസമാണ് നടൻ വിക്കി കൗശലിന് 38 വയസ്സ് തികഞ്ഞത്. കത്രീന കൈഫ് മനോഹരമായൊരു പോസ്റ്റിലൂടെയാണ് താരത്തിന് പിറന്നാളാശംസകൾ നേർന്നത്. അവരുടെ അവധിക്കാല ആഘോഷങ്ങളിൽനിന്നുള്ള ചിത്രങ്ങൾക്കൊപ്പം നീണ്ട കുറിപ്പും കത്രീന പങ്കുവെച്ചു. താരങ്ങളുടെ ആറുമാസമുള്ള മകൻ വിഹാനും അവർക്കൊപ്പമുണ്ടായിരുന്നു.

അതിനൊപ്പം സിനിമയിൽ 15 വർഷം തികയ്ക്കാൻ പോവുകയാണ് വിക്കി. മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റെ കരിയർ മുന്നോട്ടുകൊണ്ടുപോവുകയാണ് വിക്കി. അതിനിടെ 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും നേടി. സർദാർ ഉദ്ദം, സഞ്ജു, ഭൂത്-പാർട്ട് വൺ, സറാ ഹട്‌കെ സറാ ബച്‌കെ, ദ ഗ്രേറ്റ് ഇന്ത്യൻ ഫാമിലി, സാം ബഹാദൂർ, ഛാവാ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനസിനിമകൾ. ഓരോ കഥാപാത്രങ്ങൾക്കുമാവശ്യമായ ഫിറ്റ്‌നെസ് നിലനിർത്താനും അദ്ദേഹം നന്നായി തന്നെ പരിശ്രമിക്കാറുണ്ട്. 'ഛാവ'യിലെ കഥാപാത്രത്തിനായി വിക്കി ഒറ്റയടിക്ക് 25 കിലോ ഭാരമാണ് കൂട്ടിയത്. ഫിറ്റ്‌നെസ് പരിശീലകൻ ക്രിസ് ഗെതിനാണ് അദ്ദേഹത്തെ അന്ന് പരിശീലിപ്പിച്ചത്.

പഞ്ചാബി ഭക്ഷണം ഏറെയിഷ്ടമുള്ള അദ്ദേഹം ആ സമയത്ത് സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റിവെച്ചു. പ്രോട്ടീൻ സമ്പുഷ്ടമായ വെജിറ്റേറിയൻ പ്ലാനിലേക്ക് മാറി. പുലർച്ചെ നാലുമണിക്കാണ് അദ്ദേഹം അന്ന് തന്റെ ദിവസം ആരംഭിച്ചിരുന്നത്. ആറുമണിയോടെ വർക്കൗട്ട്. അതിനുമുമ്പ് കഴിച്ചിരുന്നത് ഒരു ബ്ലാക്ക് കോഫി മാത്രം. സോയ, പനീർ, ബീറ്റ്‌റൂട്ട്, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് അന്ന് കൂടുതലായി കഴിച്ചിരുന്നത്.

താനെപ്പോഴും ഫിറ്റായി നിൽക്കുന്നതെങ്ങനെയെന്ന് ഒരിക്കൽ വിക്കി പറഞ്ഞിട്ടുണ്ട്. പേശികളുടെ ആരോഗ്യത്തിന് മുട്ട, ചിക്കൻ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് താരം കഴിക്കുന്നത്. പ്രഭാതഭക്ഷണമായി വിക്കി കഴിക്കുന്നത് മുട്ടയും ടോസ്റ്റും ആണ്. ഉച്ചഭക്ഷണം ദോശയും ചിക്കനും, അത്താഴം ചോറും മീനും ആയിരിക്കും. താരം തന്റെ ഇഷ്ടപ്പെട്ട പഴങ്ങളെയും പച്ചക്കറികളെയും കുറിച്ച് പറഞ്ഞതിങ്ങനെ, ''മാമ്പഴമാണ് ഏറെ പ്രിയപ്പെട്ടത്. പിന്നെ തണ്ണിമത്തനും പഴവും... എന്റെ പ്രിയപ്പെട്ട പച്ചക്കറികളിൽ ചിലത് ബീൻസ്, ബ്രൊക്കോളി, കൂൺ എന്നിവയാണ്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi