ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു കത്രീന കൈഫ്-റൺബീർ കപൂർ പ്രണയം. പ്രണയം ഇരുവരും സ്ഥിരീകരിച്ചില്ലെങ്കിലും, അതൊരു കാലത്ത് ഹോട്ട് ന്യൂസ് തന്നെയായിരുന്നു. അന്ന് റൺബീർ കപൂറുമായി ബന്ധപ്പെട്ട ഒരു രഹസ്യസംഭവം ഓർത്തെടുക്കുകയാണ് മാധ്യമപ്രവർത്തക നികിത ദാൽവി. റൺബീറിന്റെയും കത്രീനയുടെയും ചിത്രമെടുത്തതിന്റെ പേരിൽ തങ്ങളുടെ ക്യാമറ റൺബീർ പിടിച്ചെടുത്തെന്നും അവർ പറയുന്നു.
ഹിന്ദി റഷിനോട് സംസാരിക്കുകയായിരുന്നു നികിത. അക്കാലത്തെ രണ്ട് സംഭവങ്ങളാണ് അവർ പങ്കുവെച്ചത്. ''റൺബീർ കപൂറും കത്രീന കൈഫും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം ആർക്കും അറിയാത്ത സമയത്തായിരുന്നു അത്. റൺബീർ കത്രീനയുടെ വീട്ടിൽ പോയിട്ടുണ്ടെന്നും പുലർച്ചെ ഒന്നരയോടെ അവിടെനിന്ന് മടങ്ങുമെന്നും എനിക്കൊരു വിവരം ലഭിച്ചു. അങ്ങനെ, രാത്രി പന്ത്രണ്ടരയ്ക്കും ഒന്നിനുമിടയിൽ ഞങ്ങൾ കത്രീനയുടെ വീടിന് പുറത്ത് ഒളിച്ചിരുന്നു. പുറത്തിറങ്ങിയ റൺബീർ ഞങ്ങൾ അവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ മുഖം മറയ്ക്കാൻ ഒരു തൊപ്പി ധരിച്ച് കാറിൽ കയറി അദ്ദേഹം സ്ഥലം വിട്ടു. റൺബീറും കത്രീനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പുറത്തുവന്നത് അപ്പോഴാണ്''.
ബാന്ദ്രയിലുള്ള കത്രീനയുടെ മാനേജരുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയ മറ്റൊരു സന്ദർഭത്തെക്കുറിച്ചും നികിത ഓർത്തു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘം സമീപത്ത് കാത്തുനിൽക്കുകയും, കത്രീന എത്തിയപ്പോൾ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങുകയും ചെയ്തുവെന്ന് അവർ പറഞ്ഞു.
''ഇരുവരും ഒരു ബോളിവുഡ് സെലിബ്രിറ്റിയുടെ ശവസംസ്‌കാരത്തിന് പോയിരുന്നു. അതിനുശേഷം രണ്ടുപേരും കത്രീനയുടെ മാനേജരുടെ വീട്ടിൽ കണ്ടുമുട്ടാൻ പോകുന്നുണ്ടെന്ന് എനിക്ക് സൂചന ലഭിച്ചു. ഞങ്ങൾ സമീപത്ത് ഒളിച്ചിരിക്കുമ്പോൾ അവർ അവിടെ എത്തി. കത്രീന പുറത്തിറങ്ങി, ഞങ്ങൾ ക്യാമറയിൽ വീഡിയോ റെക്കോർഡിങ് ആരംഭിച്ചു. റൺബീർ ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോൾ, ഞങ്ങൾ അവിടെ ഉണ്ടെന്ന് കണ്ടു. തുടർന്ന് കത്രീനയെ കൊണ്ടുവിടാൻ വന്നതുപോലെ അഭിനയിച്ചു. റൺബീർ പോയതിനുശേഷം ഞങ്ങൾ അവിടെ തന്നെ നിന്നു. പത്ത് മിനിറ്റിനുശേഷം, അദ്ദേഹം വീണ്ടും തിരിച്ചുവന്നു. ഞങ്ങൾ വീണ്ടും റെക്കോർഡിങ് ആരംഭിച്ചു. പിന്നെ അവൻ ഞങ്ങളെ പിന്തുടർന്നു. കാർ തുറന്ന് ഞങ്ങളുടെ ക്യാമറാബാഗും ബൂം മൈക്കും എടുത്തു''.
തന്നെ പിന്തുടരുന്നത് അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകണമെന്ന് പിന്നീട് റൺബീർ തന്നോട് ആവശ്യപ്പെട്ടതായി നികിത പറഞ്ഞു. പകരം, ക്യാമറ ബാഗും ബൂം മൈക്കും തിരികെ നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ, അത്തരം വിവരങ്ങൾ പിന്തുടർന്ന് വാർത്തകൾ ശേഖരിക്കുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്ന് പറഞ്ഞ് അവർ അത് നിരസിച്ചു. താൻ അതിന് വഴങ്ങില്ലെന്ന് ഒടുവിൽ മനസ്സിലാക്കിയ നടൻ, അവരുടെ സാധനങ്ങൾ തിരികെ നൽകിയെന്നും അവർ പറഞ്ഞു.
നികിതയുടെ ഈ തുറന്നുപറച്ചിൽ വൻവിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. വാർത്തയുടെ പേരിൽ സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ഇരുഭാഗങ്ങളായി തിരിഞ്ഞുള്ള വാദങ്ങളും നടക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 15 Sept 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented