
'അതെ, ട്യൂമറാണ്. എന്നു കരുതി അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ ? നൃത്തമല്ലാതെ എനിക്ക് മറ്റൊരു ലോകവുമില്ല. ഞാന്‍ നൃത്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു...' ജയന്റ് സെല്‍ ട്യൂമര്‍ എന്ന രോഗം വലതുകാല്‍മുട്ടിനെ ബാധിച്ചപ്പോഴും ശാന്തമായ മനസ്സോടെ, ചിരി നിറഞ്ഞ മുഖത്തോടെ നൃത്തം വെച്ചു കലാമണ്ഡലം ശ്രുതി. ജീവിതത്തെപ്പറ്റിയും നൃത്തത്തെപ്പറ്റിയും ശ്രുതി സംസാരിച്ചുതുടങ്ങിയപ്പോള്‍ വാക്കുകളില്‍ അതേ ആത്മവിശ്വാസമായിരുന്നു, ചിരിയൊച്ചകളായിരുന്നു. ചെറിയൊരു അസുഖം വന്നാല്‍ സങ്കടംകൊണ്ട് എല്ലാ ധൈര്യവും നഷ്ടപ്പെടുന്ന, ജീവിതം നിശ്ചലമായിപോകുന്ന മനുഷ്യര്‍ക്കിടയില്‍ ഈ 37കാരി വേറിട്ടുനില്‍ക്കുന്നു. നൃത്തം എന്ന ഒറ്റസ്വപ്‌നത്തില്‍ ചുവടുറപ്പിച്ച് മുന്നോട്ടു പോകുന്നതിനിടയിലാണ് ട്യൂമറിന്റെ ഭീഷണി ശ്രുതിയെ വേദനിപ്പിച്ച് തുടങ്ങുന്നത്. അതും വലതുകാല്‍മുട്ടിനെ. ഓരോ ചുവടുവെക്കുമ്പോഴും വേദന കൂടിക്കൂടി വന്നു.
ഇനിയൊരിക്കലും നൃത്തം ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ വിലക്കി. നൃത്തമല്ലാതെ തനിക്ക് മറ്റൊരു ലോകവുമില്ലെന്ന് തിരിച്ചറിഞ്ഞ ശ്രുതി പക്ഷേ രോഗത്തിന്റെ നിഴലില്‍ ജീവിതം ഹോമിക്കാന്‍ കൂട്ടാക്കിയില്ല. കാലുകള്‍ക്ക് പഴയ കരുത്ത് വരുന്നതുവരെ അവര്‍ മനസിനെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. പതുക്കെപ്പതുക്കെ ആ കാലുകളിലേക്ക് നൃത്തച്ചുവടുകള്‍ തിരിച്ചുവന്നു. നൃത്തത്തിലൂടെ വീണ്ടും ജീവിതത്തിന് ഫലശ്രുതി കൈവന്നപ്പോള്‍ രോഗമേല്‍പ്പിച്ച മുറിപ്പാടുകളെല്ലാം മെല്ലെ മറഞ്ഞു. രണ്ട് തവണ രോഗം ഭീഷണിപ്പെടുത്തിയപ്പോഴും മനക്കരുത്തുകൊണ്ടാണ് ശ്രുതി, ആ രണ്ട് കാലത്തെയും അതിജീവിച്ചത്.
Also Read
ജീവിതം മാറ്റിയ കലാമണ്ഡലനാളുകള്‍
കണ്ണൂര്‍ പാടിയോട്ടുചാലാണ് എന്റെ വീട്. അച്ഛന്‍ ഹെഡ്മാസ്റ്ററായിരുന്നു. അമ്മയ്ക്ക് നൃത്തത്തോട് വലിയ താല്പര്യമായിരുന്നു. അമ്മയായിരുന്നു എന്റെ ആദ്യഗുരു. വീട്ടുകാരില്‍നിന്ന് കിട്ടിയ പിന്തുണ തന്നെയാണ് എന്നെ ഇന്നും നൃത്തത്തില്‍ പിടിച്ചുനിര്‍ത്തുന്നതിന് കാരണമായത്. തുടര്‍ന്ന് നല്ല ഗുരുക്കന്മാരുടെ അടുത്തെത്തി, അംഗീകാരങ്ങള്‍ നേടി... പക്ഷേ ഒരിക്കലും മത്സരബുദ്ധിയോടെ നൃത്തത്തെ സമീപിച്ചിട്ടില്ല. എട്ടാം ക്ലാസോടെ ഞാന്‍ കലാമണ്ഡലത്തിലെത്തി. എന്റെ നിര്‍ബന്ധവും താല്പര്യവുമാണ് അവിടെയെത്തിച്ചത്. നൃത്തത്തെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയതും അവിടെയെത്തിയ ശേഷമായിരുന്നു. ഗുരുകുലസമ്പ്രദായമായിരുന്നു അവിടെ. നൃത്തവും സ്‌കൂള്‍പഠനവും ഒരുമിച്ചാണ്. പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനം ആരംഭിക്കും. തുടക്കത്തില്‍ വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു. അതുവരെയുണ്ടായിരുന്ന എന്റെ ശീലങ്ങളെല്ലാം മാറി. കലാമണ്ഡലത്തിനുള്ളില്‍നിന്ന് പുറത്തിറങ്ങാനൊന്നും കഴിയില്ല. വെക്കേഷന്‍ സമയത്തുമാത്രം പുറത്തിറങ്ങും, വീട്ടിലേക്ക് പോകും. വളരെ ചിട്ടയായ രീതികളായിരുന്നു.
സമയമെടുത്താണ് ഞാന്‍ അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടത്. പിന്നെ ധാരാളം സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു. ഒരു മുറിയില്‍ എട്ടൊമ്പത് പേര്‍ ഒരുമിച്ചുള്ള താമസം, ദിവസവും അതിരാവിലെ ഉണരല്‍, ധാരാളം കലാപരിപാടികള്‍... അവിടുത്തെ ദിനചര്യകള്‍ ഏറ്റവും ആസ്വദിച്ച് ചെയ്യാന്‍ പറ്റി. എന്റെ ജീവിതത്തിലും കരിയറിലും വലിയ വഴിത്തിരിവ് സമ്മാനിച്ചത് കലാമണ്ഡലത്തിലെ അഞ്ച് വര്‍ഷങ്ങളായിരുന്നു. മോഹിനിയാട്ടമായിരുന്നു കലാമണ്ഡലത്തില്‍ ഞാന്‍ അഭ്യസിച്ചത്. പ്ലസ്ടു പൂര്‍ത്തിയാക്കി അവിടെനിന്ന് ഇറങ്ങി. ഒരു വര്‍ഷത്തോളം അവിടെ അധ്യാപികയായി ജോലി ചെയ്യാനുള്ള ഭാഗ്യവുമുണ്ടായി. കലാമണ്ഡലം എന്ന മേല്‍വിലാസം ഇപ്പോഴും എന്റെ കരിയറിന്
തുടര്‍ന്ന് ഞാന്‍ ഛത്തീസ്ഘഡ് യൂണിവേഴ്‌സിറ്റിക്കുകീഴിലുള്ള ഇന്ദിരകലാ വിശ്വവിദ്യാലയയില്‍ ഭരതനാട്യത്തില്‍ ബിരുദമെടുത്തു. അതുകഴിഞ്ഞ് തിരുച്ചിറപ്പള്ളി കലൈ കാവേരി ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്ന് ബിരുദാനന്തരബിരുദവും ചെയ്തു. സന്തോഷം നിറഞ്ഞ മറ്റൊരു ഘട്ടമായിരുന്നു അത്. തമിഴ് സംസ്‌കാരത്തോടും ഭാഷയോടുമെല്ലാം പ്രത്യേക ഇഷ്ടമായിരുന്നു. വീട്ടില്‍നിന്ന് പൂര്‍ണമായും മാറിനിന്നുള്ള ജീവിതവുമായി ഞാന്‍ കൂടുതല്‍ പൊരുത്തപ്പെട്ടു.നൃത്തം എന്നെ പല വഴികളിലേക്ക്, തിരക്കുകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ട്രിച്ചിയില്‍ നൃത്താധ്യാപികയായി ജോലി ചെയ്യുന്ന സമയത്ത് കലാമണ്ഡലത്തിലെ പ്രോഗ്രാമുകളിലും ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. കരിയറിലെ ഭാഗ്യം നിറഞ്ഞ നിമിഷങ്ങളായിരുന്നു അതെല്ലാം.
വേദനതിന്ന് നൃത്തംചവിട്ടിയ നാളുകള്‍
വളരെ ആക്ടീവ് ആയി കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് അസുഖം ബാധിക്കുന്നത്. 2017ല്‍. ദുബായില്‍ ഒരു സ്‌കൂളില്‍ ജോലി ചെയ്തതിനുശേഷം ലണ്ടനില്‍ സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തിവരുന്നതിനിടയിലാണ് അസുഖത്തിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഒരുദിവസം ക്ലാസില്‍ കുട്ടികളെ നൃത്തച്ചുവട് പഠിപ്പിക്കുന്നതിനിടയില്‍ വലതുകാലിന് പെട്ടെന്ന് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് കാല്‍ നീരുവെച്ചു. നടക്കാന്‍ പറ്റാത്തവിധം കാല്‍ മരവിച്ച അവസ്ഥ. വീട്ടില്‍വന്ന് കുറച്ചുദിവസം വിശ്രമിച്ചു. അപ്പോഴും അസുഖത്തിന്റെ ഗൗരവം എനിക്ക് മനസ്സിലായിരുന്നില്ല. ലണ്ടനിലെ ആയുര്‍വേദ ആശുപത്രിയില്‍ പോയി ചികിത്സയെടുത്തു. അങ്ങനെ സാധാരണ രീതിയിലേക്ക് ജീവിതം തിരിച്ചുവരാന്‍ തുടങ്ങിയപ്പോഴാണ് കാല്‍മുട്ടില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്.
കടുത്ത വേദനയ്ക്കിടയിലും പെയിന്‍ കില്ലറുകള്‍ കഴിച്ച് ഞാന്‍ പ്രോഗ്രാമുകളുമായി മുന്നോട്ട് പോയി. ഒരിക്കല്‍ യൂറോപ്പിലെ ആനന്ദ് ടി.വി. ചാനലിന്റെ അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാം ചെയ്യുന്നതിനിടയില്‍ വേദന കൂടി. ഒരുവിധത്തില്‍ ഡാന്‍സ് അവതരിപ്പിച്ച് ഞാന്‍ നാട്ടിലേക്ക് പോന്നു. ഡോക്ടറെ കണ്ടു. അപ്പോഴാണ് അറിയുന്നത് ട്യൂമര്‍ ആണെന്ന്. ജയന്റ് സെല്‍ ട്യൂമര്‍ എന്നാണ് പേര്. കൈകാലുകളിലെ സന്ധികളെ ബാധിക്കുന്ന ഈരോഗം കാല്‍മുട്ടില്‍ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. രോഗനിര്‍ണയം നടത്തി ബയോപ്‌സി ചെയ്തു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ആദ്യം പറഞ്ഞത് നൃത്തരംഗത്തുനിന്ന് വിട്ടുനില്‍ക്കണമെന്നാണ്.
അസുഖം സ്ഥിരീകരിച്ചശേഷം ഡോക്ടറുമായി സംസാരിക്കുമ്പോള്‍ ചേട്ടനും (എ.യു. രഞ്ജിത്) കൂടെയുണ്ടായിരുന്നു. ഞാന്‍ അപ്പോഴും വളരെ കൂളായിട്ടാണ് എല്ലാം എടുത്തത്. പക്ഷേ ഏട്ടന്‍ വല്ലാത്ത സങ്കടത്തിലായി. ഒരു സര്‍ജറി ചെയ്യണം, അതുകഴിഞ്ഞാല്‍ പിന്നെ ഡാന്‍സൊന്നും കളിക്കാന്‍ പറ്റില്ല എന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴും ഞാന്‍ കാര്യമായി എടുത്തില്ല. നൃത്തമല്ലാതെ എനിക്ക് മറ്റൊരു ലോകമില്ല ജീവിതമില്ല. ഞാന്‍ പഠിച്ചതും അറിയപ്പെട്ടതുമെല്ലാം നൃത്തത്തിലൂടെയാണ്. ആ മേഖല ഒഴിവാക്കി മുന്നോട്ടുപോകുക ഉള്‍ക്കൊള്ളാനാകാത്ത കാര്യമാണ്. വീട്ടുകാരുടെ പേടിയും അടച്ചിരിപ്പും ജീവിതത്തില്‍ അസ്വസ്ഥത നിറച്ച നാളുകളായിരുന്നു പിന്നീട്. കീഹോള്‍ ട്രീറ്റ്‌മെന്റ് നടത്തി, കാലിന് ബലക്കുറവ് വന്നു.
കിടന്നും ഇരുന്നും കുറേനാള്‍ തള്ളിനീക്കി. ഡാന്‍സിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ അപ്പോഴുമുണ്ട്. ഡോക്ടര്‍ പറഞ്ഞ സര്‍ജറി ചെയ്യേണ്ട എന്ന തീരുമാനത്തില്‍ തന്നെയായിരുന്നു ഞാന്‍. അത് ചെയ്താല്‍ എന്റെ ഡാന്‍സ് കരിയര്‍ അവസാനിക്കും. സര്‍ജറി ചെയ്യാതെ തന്നെ ഞാന്‍ അഞ്ച് വര്‍ഷം ഡാന്‍സും യാത്രകളും ചെയ്ത് മുന്നോട്ടുപോയി. യോഗ, ആയുര്‍വേദ ചികിത്സ എല്ലാം ചെയ്ത് ഞാന്‍ കൂടുതല്‍ റിലാക്‌സ്ഡ് ആയി. ഒരുഘട്ടത്തില്‍ വീട്ടില്‍നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ അങ്കിളിന്റെ ചാലക്കുടിയിലുള്ള റിസോര്‍ട്ടിലേക്ക് താമസംമാറി. യോഗയ്‌ക്കൊപ്പം ചെറിയ രീതിയില്‍ ഡാന്‍സ് അവതരണങ്ങളും അവിടെ നടത്തി. കുറേക്കൂടി ആത്മവിശ്വാസം കൈവന്നു.
നൃത്തമല്ലാതെ ഒരു ലോകമില്ല
റിസോര്‍ട്ടില്‍ താമസിക്കുന്ന സമയത്ത് ഒരിക്കല്‍ നടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി എത്തി. നൃത്തം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ താല്പര്യമായി. അങ്ങനെ നടന്‍ വിനീതിനെ വിളിച്ച് എന്നെപ്പറ്റി പറയുകയും ഡാന്‍സ് ചെയ്യുന്ന വീഡിയോസ് അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. വൈകാതെ തൃപ്പൂണിത്തുറയിലുള്ള അദ്ദേഹത്തിന്റെ നൃത്തവിദ്യാലയത്തില്‍ എത്തി ക്ലാസെടുക്കാന്‍ തുടങ്ങി. അദ്ദേഹത്തോടൊപ്പം സ്റ്റേജ് പ്രോഗ്രാംസ് ഒരുപാട് ചെയ്യാന്‍ സാധിച്ചു. വളരെയധികം സപ്പോര്‍ട്ട് ആണ് അദ്ദേഹത്തില്‍നിന്ന് ലഭിച്ചത്. തുടര്‍ന്ന് ഗായിക സിത്താരയുടെ ഇടം എന്ന ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ക്ലാസെടുക്കുന്നുണ്ട്.
രോഗത്തെപ്പറ്റി പേടിച്ച് ഇരുന്നാല്‍ കരിയര്‍ രൂപപ്പെടുത്താന്‍ കഴിയില്ലെന്ന് എനിക്ക് ബോധ്യമായി. അങ്ങനെ ജീവിതം നിശ്ചലമായിപോയ കുറെ മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. അസുഖം എന്റെ കരിയറിന് ഭീഷണി തന്നെയാണ്. പക്ഷേ ഒന്നും ചെയ്യാതെ സങ്കടപ്പെട്ടിരിക്കാന്‍ എനിക്ക് പറ്റില്ല. ഇപ്പോഴും വളരെ കൂളായിട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. നൃത്തം ചെയ്യുമ്പോള്‍ മറ്റെല്ലാം ഞാന്‍ മറക്കുന്നു. അസുഖമാണെന്ന് കരുതി നമുക്കങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് അസുഖം രണ്ടാമതും തലപൊക്കിയത്. രാജസ്ഥാന്‍ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കാലിന് വീണ്ടും വേദന തുടങ്ങി. പെട്ടെന്ന് കാര്യം പിടികിട്ടി. പൂര്‍ണമായും ഭേദമാകാത്ത അസുഖമായതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും വരാമെന്ന മുന്നറിയിപ്പ് എനിക്ക് കിട്ടിയിരുന്നു. ചികിത്സ നടത്തി. ഇപ്പോള്‍ വീണ്ടും നൃത്തത്തിലേക്ക് തിരിച്ചുവന്നു. പ്രോഗ്രാമുകളില്‍ സജീവമാണ്. നൃത്തവും ക്ലാസുകളുമായി സന്തോഷത്തോടെയാണ് എന്റെ യാത്ര!
Content Highlights: kalamandalam sruthi talk about her disease tumour and dance career
Published: 19 Jun 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented