പ്രായം മുപ്പത് കടക്കുമ്പോൾ കായികക്ഷമതയും വേഗവും കുറയുമെന്ന പരമ്പരാഗത ധാരണകളെ കാറ്റിൽപ്പറത്തി മിന്നുന്ന ഫോമിലാണ് ഇംഗ്ലീഷ് ഫുട്ബോൾ താരം ഹാരി കെയ്ൻ. ബാലൺ ദ്യോർ പുരസ്കാര നേട്ടത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന ഈ മുപ്പത്തിമൂന്നുകാരൻ, തന്റെ ഫിറ്റ്നസ് മന്ത്ര പങ്കുവെയ്ക്കുകയാണ്.
ഫുട്ബോളിൽ 30 വയസ്സ് എന്നത് ഒരു കളിക്കാരന്റെ കരിയറിന്റെ അവസാനത്തോടടുക്കുന്ന സമയമായി കാണുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ തന്റെ റണ്ണിങ് ഡാറ്റയും വേഗതയും കരിയറിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് തെളിയിക്കുകയാണ് ഹാരി കെയ്ൻ. പ്രായം കേവലം ഒരു നമ്പർ മാത്രമാണെന്നും കൃത്യമായ ശാരീരിക പരിചരണവും ശാസ്ത്രീയമായ വീണ്ടെടുപ്പ് (Recovery) രീതികളും ഉണ്ടെങ്കിൽ പ്രായത്തെ തോൽപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വർക്കൗട്ടിന്റെ അളവ് കൂട്ടുന്നതിനേക്കാൾ പ്രധാനം ശരീരത്തിന് എപ്പോൾ വിശ്രമം നൽകണം എന്ന് തിരിച്ചറിയുന്നതാണെന്ന് ഹാരി ചൂണ്ടിക്കാണിക്കുന്നു. എപ്പോൾ കഠിനാധ്വാനം ചെയ്യണമെന്നും എപ്പോൾ ശരീരത്തിന് അയവ് വരുത്തണമെന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഓരോ മൂന്നോ നാലോ ദിവസങ്ങളിലും മത്സരങ്ങൾ വരുമ്പോൾ അടുത്ത പോരാട്ടത്തിനായി ശരീരത്തെ പൂർണ്ണ സജ്ജമാക്കുക എന്നതാണ് പ്രധാനം. അതിനാൽ ദിവസവും കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിനേക്കാൾ മത്സരങ്ങൾക്ക് സജ്ജമാകാൻ ശാസ്ത്രീയമായ റിക്കവറി പ്രക്രിയകൾക്കാണ് മുൻഗണന നൽകുന്നത്.
മത്സര ദിവസങ്ങളിലേക്ക് അടുക്കുന്നതിനനുസരിച്ച് ഹാരി ആഴ്ചയിലെ വർക്കൗട്ട് രീതികളിൽ മാറ്റം വരുത്തും. ചൊവ്വാഴ്ചകളിൽ ഹൈ-സ്പീഡ് റണ്ണിങ്ങിനും ശരീരത്തിന്റെ താഴ്ഭാഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ലോവർ-ബോഡി സ്ട്രെങ്ത് ട്രെയിനിങ്ങിനുമാണ് പ്രാധാന്യം നൽകുന്നത്. ബുധനാഴ്ചകളിൽ പെട്ടെന്നുള്ള വേഗത കൂട്ടലും കുറയ്ക്കലും ഉൾപ്പെടുന്ന ഓട്ടവും അപ്പർ-ബോഡി ജിം വർക്കൗട്ടുകളും ഉൾപ്പെടുന്നു. മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ലഘുവായ തയാറെടുപ്പുകൾക്കുമായി മാറ്റിവെക്കുകയാണ് ചെയ്യുന്നത്.
ആരോഗ്യ സംരക്ഷണത്തിലും വീണ്ടെടുപ്പിലും ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഒന്നാണ് ഉറക്കമെന്ന് ഹാരി വ്യക്തമാക്കുന്നു. പ്രായം കൂടുന്തോറും വീണ്ടെടുപ്പ് പ്രക്രിയകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും ഐസ് ബാത്തുകൾക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നതിനും വലിയ സ്ഥാനം നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് മാത്രമല്ല ഏവർക്കും ശാരീരിക വീണ്ടെടുപ്പിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ശരീരത്തിന് വിശ്രമം ആവശ്യമുള്ളപ്പോൾ കൂടുതൽ വർക്കൗട്ട് ചെയ്യുന്നതിനേക്കാൾ ഗുണം ചെയ്യുന്നത് കൃത്യവും സുസ്ഥിരവുമായ ഉറക്കമാണ്.
ഐസ് ബാത്തിനും ഉറക്കത്തിനും പുറമെ മറ്റ് അത്യാധുനിക രീതികളും ഹാരി തന്റെ റുട്ടീനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഫ്രാറെഡ് സൗനയും സ്ട്രെച്ചിങ്ങും പേശികളുടെ ആയാസം കുറയ്ക്കാനും വഴക്കം നിലനിർത്താനും സഹായിക്കുന്നു. നാഡീവ്യവസ്ഥ കേന്ദ്രീകരിച്ചുള്ള ഇലക്ട്രിക്കൽ ന്യൂറോഫങ്ഷണൽ അക്യുപങ്ചർ കഴിഞ്ഞ ആറ് വർഷമായി ചെയ്യാറുണ്ടത്രെ.
മുപ്പത് വയസ്സ് കഴിഞ്ഞാൽ ഒരു കായികതാരത്തിന്റെ മികച്ച സമയം അവസാനിച്ചു എന്ന ചിന്താഗതിയോട് ഹാരി കെയ്ൻ യോജിക്കുന്നില്ല. ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നിടത്തോളം കാലം മുന്നോട്ട് കുതിക്കുമെന്നും താരം വ്യക്തമാക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: At 33, Harry Kane maintains peak speed and fitness by debunking age myths in football., Prioritizes scientific recovery methods and rest over excessive daily workouts., Utilizes a structured weekly training schedule involving high-speed running and strength training., Emphasizes sleep, ice baths, infrared sauna, and neurofunctional acupuncture for muscle recovery.
Published: 28 Oct 2026, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented