
സൗരവ് ഗാംഗുലി ഭാര്യ ഡോണയ്ക്കൊപ്പം, സൗരവും മകൾ സനയും / PTI, Instagram
ചെറുപ്രായത്തിൽ തോന്നിയ ആകർഷണം, പിന്നീട് വിവാഹത്തിലെത്തിയ കഥയാണ് മുൻ ഇന്ത്യൻക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെതും ഒഡീസി നർത്തകി ഡോണ റോയുടെതും. കൊൽക്കത്തയിൽ ഒരേ സ്ഥലത്തായിരുന്നു ഡോണയുടെയും സൗരവിന്റെയും കുടുംബം താമസിച്ചിരുന്നത്.
ചെറുപ്പത്തിൽ ക്രിക്കറ്റിനൊപ്പം തന്നെ ഫുട്‌ബോളും ബാഡ്മിന്റണുമൊക്കെയായിരുന്നു സൗരവിന് പ്രിയം. ഡോണയ്ക്ക് നൃത്തവും. സൗരവ് ഗ്രൗണ്ടിലേക്ക് പോവുന്നതെല്ലാം ഡോണയുടെ വീടിന് മുന്നിലൂടെയായിരുന്നു. ഒരുദിവസം ഡോണയെ കണ്ട സൗരവിന് ആ പെൺകുട്ടിയോട് ഒരിഷ്ടം തോന്നി. കണ്ടുകണ്ട് ഡോണയ്ക്കും. പിന്നെയുള്ള എല്ലാ ദിവസവും, വരുമ്പോഴും പോവുമ്പോഴും പരസ്പരം കൈമാറുന്ന ചെറിയ നോട്ടം.
ആ ബന്ധത്തിൽ വലിയൊരു പങ്കുവഹിച്ചത് ഒരു ഷട്ടിൽ കോക്കാണ്. സൗരവിന്റെ ബാറ്റിൽനിന്നുള്ള തകർപ്പൻ സർവിൽ, കോക്ക് ചെന്നുവീണത് ഡോണയുടെ വീടിന്റെ മുറ്റത്തേക്ക്. അതെടുക്കാനായി സൗരവ് വീട്ടിലെത്തി. നോട്ടത്തിൽനിന്ന് സംസാരത്തിലേക്ക് മാറിയത് അപ്പോഴാണ്. മിണ്ടാനുള്ള മടി മാറിയപ്പോൾ, ഇരുവരും തുടർച്ചയായി സംസാരിക്കാൻ തുടങ്ങി. തൊട്ടുപിന്നാലെ നല്ല സുഹൃത്തുക്കളായി. വലുതായപ്പോൾ സൗഹൃദം പ്രണയത്തിലെത്തി.
അവരുടെ ആദ്യ ഡേറ്റ് ഒരു ചൈനീസ് റസ്റ്റോറന്റിലായിരുന്നു. ആദ്യ ഡേറ്റ് കഴിഞ്ഞതോടെ, വിവാഹം കഴിക്കാമെന്ന തീരുമാനവുമെടുത്തു. പക്ഷേ, അതത്ര എളുപ്പമല്ലെന്ന് ഇരുവർക്കുമറിയാമായിരുന്നു. കാരണം ഡോണയുടെയും സൗരവിന്റെയും വീട്ടുകാർ തമ്മിൽ ആദ്യമേ ചില പ്രശ്‌നങ്ങളുണ്ട്. പേടിച്ചുപേടിച്ചാണ് വീടുകളിൽ പറഞ്ഞത്. അവർ ചിന്തിച്ചതുപോലെ തന്നെയായിരുന്നു കാര്യങ്ങൾ. ഇരുകുടുംബങ്ങളും എതിർത്തു.
അതിനിടയ്ക്കാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്കായി സൗരവും ടീമും ലോർഡ്‌സിലെത്തുന്നത്. സൗരവിന്റെ ടെസ്റ്റ് അരങ്ങേറ്റമത്സരം കൂടിയായിരുന്നുവത്. അതിൽ സൗരവ് സെഞ്ച്വറി നേടുകയും ചെയ്തു. അതുകഴിഞ്ഞയുടനെ സൗരവ് നേരെ പോയത് ഡോണയെ വിവാഹം കഴിക്കാനായിരുന്നു.
അതിനെക്കുറിച്ച് ഒരു സുഹൃത്ത് പിന്നീട് പറഞ്ഞതിങ്ങനെ, ''മാച്ച് കഴിഞ്ഞയുടനെ സൗരവ് എന്നെ വിളിച്ചു. കാണാനായി ഞാൻ വീട്ടിലെത്തി. ആദ്യം തന്നെ സൗരവ് പറഞ്ഞത്, എനിക്ക് കല്യാണം കഴിക്കണം എന്നാണ്''. സെഞ്ച്വറി നേടിയതുകൊണ്ട് വീട്ടുകാരെല്ലാം സന്തോഷത്തിലായിരിക്കുമെന്നും അതുകൊണ്ട് വിവാഹം കഴിക്കാൻ പറ്റിയ സന്ദർഭം ഇതാണെന്നുമായിരുന്നു സൗരവിന്റെ നിലപാട്.
സുഹൃത്തിന്റെ വീട്ടിൽവെച്ച് വളരെ ചെറിയ രീതിയിലുളള വിവാഹം. സൗരവിന്റെ വിവാഹം പുറത്തറിയാതിരിക്കാൻ, രജിസ്ട്രാറെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അതുകഴിഞ്ഞ് ഡോണയും സൗരവും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോയി. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് വീട്ടുകാരോട് വിവാഹകാര്യം പറയുന്നത്. ആദ്യം കുറച്ച് ക്ഷോഭിച്ചെങ്കിലും, പിന്നീട് അവർക്കിടയിൽ മഞ്ഞുരുകാനും തുടങ്ങി.
ഒടുവിൽ വീട്ടുകാരുടെ ആഗ്രഹപ്രകാരം 1997 ഫെബ്രുവരി 21-ന് ആചാരപ്രകാരമുള്ള വിവാഹവും. നാലുവർഷത്തിനുശേഷം അവർക്കൊരു പെൺകുഞ്ഞ് ജനിച്ചു, സന ഗാംഗുലി. ഇന്ന് ലണ്ടനിലെ ഒരു കമ്പനിയിൽ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് സന. കേളൂചരൺ മഹാപാത്ര, ഗിരിധരി നായക് തുടങ്ങിയ പ്രശസ്തരുടെ കീഴിൽ ഒഡീസി നൃത്തം പരിശീലിച്ച ഡോണ, ഇപ്പോൾ ഒരു ഡാൻസ് സ്‌കൂൾ നടത്തുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the charming love story of Sourav Ganguly and Dona Roy, from a shared neighborhood to a secret wedding
Published: 22 Aug 2025, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented