ലോസ് ഏഞ്ചൽസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായെത്തുകയാണ് കേരളീയബന്ധങ്ങളുള്ള നിത്യ രാമൻ (Nithya Raman). നിലവിലെ മേയറും ഡെമോക്രാറ്റ് പാർട്ടി അംഗവുമായ കരേൻ ബാസിനെയാണ് അവർ പരാജയപ്പെടുത്തിയത്. നിത്യയും ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായിട്ടാണ് മത്സരിച്ചത്.

To advertise here,

നിത്യയുടെ മാതാപിതാക്കൾ മലയാളികളാണ്. അച്ഛൻ തിരുവനന്തപുരം സ്വദേശി. അമ്മ തൃശ്ശൂർക്കാരിയും. നിത്യ ജനിച്ചതും ആറുവയസ്സുവരെ വളർന്നതും തൃശ്ശൂരിൽ തന്നെ. പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് പോവുകയായിരുന്നു. നിത്യയ്ക്ക് മോളിവുഡിലുമുണ്ട് ബന്ധം. അച്ഛൻ വെങ്കിട്ടരാമന്റെ സഹോദരി പുഷ്പയുടെ മകളാണ് നടി അഭിരാമി. 

നിത്യയുടെ വിജയത്തോടെ അവരുടെ മലയാളിബന്ധത്തിനൊപ്പം ഹോളിവുഡ് ബന്ധവും ചർച്ചയാവുകയാണ്. ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനാണ് അവരുടെ ജീവിതപങ്കാളി. 2010-ലായിരുന്നു വിവാഹം. ബംഗളൂരുവിൽവെച്ചായിരുന്നു ചടങ്ങ്. നിത്യ മേയറായി വിജയിച്ചതോടെ, നഗരത്തിന്റെ 'ഫസ്റ്റ് ജന്റിൽമാൻ' എന്ന പദവിയും ചന്ദ്രശേഖരന് ലഭിക്കും.

പ്രശസ്ത അമേരിക്കൻ കോമഡി സീരീസുകളായ മോഡേൺ ഫാമിലി, 30 റോക്ക് തുടങ്ങിയവയുടെ നിർമാതാവാണ് അദ്ദേഹം. പലതവണ എമ്മി, റൈറ്റേഴ്‌സ് ഗിൽഡ് അവാർഡ്‌സ് എന്നിവയ്ക്കായി അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

1999-ൽ ഹാർവാർഡ് സർവകലാശാലയിൽ പഠിക്കുമ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ബിരുദത്തിനുശേഷം മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് അർബൻ പ്ലാനിങ്ങിൽ മാസ്റ്റേഴ്‌സ് ബിരുദവും നിത്യ കരസ്ഥമാക്കി.

അതേസമയം തന്നെ പഠനത്തിനുശേഷം ചന്ദ്രശേഖരൻ ഹോളിവുഡ് എന്ന സ്വപ്‌നവുമായി ലോസ് ഏഞ്ചൽസിലെത്തി. ആദ്യം ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിൽ കൺസൾട്ടന്റായി ജോലി ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഒട്ടേറെ തിരക്കഥകളെഴുതി. കാത്തിരിപ്പുകൾക്കൊടുവിൽ 'മൈ നെയിം ഈസ് ഏൾ' (My Name Is Earl) എന്ന സിറ്റ്കോമിൽ അദ്ദേഹം എഴുത്തുകാരനും സഹ-നിർമ്മാതാവുമായി മാറി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

കോളേജ് പഠനത്തിനുശേഷം അകന്നുപോയ നിത്യയും ചന്ദ്രശേഖരനും, കുറച്ചുകാലത്തിനുശേഷം വീണ്ടും കണ്ടുമുട്ടുകയായിരുന്നു. അധികം വൈകാതെ വിവാഹവും നടന്നു. കർണ, കാവേരി എന്നീ ഇരട്ടക്കുട്ടികളാണ് ദമ്പതിമാർക്കുള്ളത്.

മേയറാവാനുള്ള മത്സരത്തിനിടെ പല ഹോളിവുഡ് താരങ്ങളും നിത്യയ്ക്ക് പരസ്യപിന്തുണയുമായി എത്തിയിരുന്നു. വിനോദമേഖലയിൽ നികുതി ഇളവുകൾ നടപ്പിലാക്കുകയെന്നതിൽ ഊന്നിയാണ് നിത്യ തന്റെ പ്രചാരണം നടത്തിയത്. ''ഹോളിവുഡ് തനിക്ക് കുടുംബകാര്യം തന്നെയാണ്'' എന്നാണ് പ്രചരണത്തിനിടയിൽ ഒരു ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi