ലോകവ്യാപകമായി നവംബർ 5-നാണ് 'രാമായണ: പാർട്ട് 1' (Ramayana:Part 1) റിലീസാവുന്നത്. റൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായുമെത്തുന്ന സിനിമയിൽ രാവണനാകുന്നത് യഷ് ആണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ, അരുൺ ഗോവിൽ, കാജൽ അഗർവാൾ, രാകുൽപ്രീത് സിങ്, വിവേക് ഒബ്‌റോയ്, കുനാൽ കപൂർ, ലാറ ദത്ത, രവി ദുബെ, ശോഭന തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.
പ്രശസ്ത ജർമൻ സംഗീതജ്ഞനായ ഹാൻസ് സിമ്മറും എ.ആർ.റഹ്മാനും ചേർന്നാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സിനിമ നിർമിക്കുന്നത് നമിത് മൽഹോത്രയും (Namit Malhotra) യഷും ചേർന്നാണ്. രണ്ടുഭാഗങ്ങളും കൂടി 4000 കോടി രൂപയ്ക്കാണ് നിർമിക്കുന്നത്. അതോടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായി മാറുകയാണ് 'രാമായണ'.
ബോളിവുഡ് നിർമാതാവ് നരേഷ് മൽഹോത്രയുടെ മകനാണ് നമിത്. ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിർമാതാവ് എന്ന നിലയിലേക്ക് നമിത് എത്തുന്നത്. മുംബൈയിലെ ഒരു ഗാരേജിൽനിന്നാണ് അദ്ദേഹം തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള തുടക്കം കുറിക്കുന്നത്. 19-ാം വയസ്സിൽ തന്നെ ഒരു ചെറിയ സ്റ്റാർട്ടപ്പ് തുടങ്ങി. വീഡിയോ എഡിറ്റിങ്ങും കമ്പ്യൂട്ടർ ഗ്രാഫിക്‌സും ചെയ്യുന്നൊരു കമ്പനി. ആകെ കൈയിലുണ്ടായിരുന്നത് ഒരു ആപ്പിൾ കമ്പ്യൂട്ടർ. ജോലിയിൽ സഹായിക്കുന്നതിനായി അദ്ദേഹത്തിന്റെ മൂന്ന് അധ്യാപകരും ഒപ്പമുണ്ടായിരുന്നു.
തന്റെ ആദ്യകാല ജീവിതം ഓർത്തെടുത്തുകൊണ്ട് അദ്ദേഹം പറയുന്നതിങ്ങനെ, ''സിനിമയുമായി ബന്ധപ്പെട്ട കുടുംബ പശ്ചാത്തലം. എന്നിട്ടും 19-ാം വയസ്സിൽ ഒരു ആപ്പിൾ കമ്പ്യൂട്ടറുമായി ഗാരേജിൽ തുടങ്ങിയ സംരംഭം, ഒപ്പം 21 വയസ്സുമാത്രം പ്രായമുള്ള തന്റെ മൂന്ന് അധ്യാപകർക്കൊപ്പം പ്രവർത്തിക്കുക- ഇതൊക്കെത്തന്നെയാണ് സ്വപ്നതുല്യമായ കാര്യങ്ങൾ''. പ്രൈം ഫോക്കസ് എന്ന കമ്പനിയാണ് ആദ്യം തുടങ്ങിയത്.
അവിടുന്ന് പിന്നീട് ലോസ് ഏഞ്ചൽസിലേക്ക് മാറി. ഏകദേശം അതേ സമയത്താണ് ലണ്ടൻ ആസ്ഥാനമായുള്ള ഡബിൾ നെഗറ്റീവ് എന്ന കമ്പനിയുമായി ലയിക്കുന്നത്. അതോടെ ഡിഎൻഇജി (DNEG) എന്ന് കമ്പനിയുടെ പേരുമാറ്റി. ''ഒരു ആഗോള കമ്പനി കെട്ടിപ്പടുക്കാനും കിഴക്കിനെയും പടിഞ്ഞാറിനെയും തമ്മിൽ ബന്ധിപ്പിക്കാനും ലക്ഷ്യമിട്ട് 2007-ലാണ് ഞാൻ ലോസ് ഏഞ്ചൽസിൽ കാലുകുത്തിയത്. എന്നാൽ, 2008-ലെ സാമ്പത്തിക പ്രതിസന്ധിയിൽ സമ്പാദ്യത്തിന്റെ 90 ശതമാനവും എനിക്ക് നഷ്ടപ്പെട്ടു. അവിടുന്ന് തിരിച്ചുവരാനും ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര നിർമ്മാണ സംരംഭം കൊണ്ടുവരാനും സാധിച്ചു. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച പ്രതിഭകളെ ഒരുമിച്ചുകൊണ്ടുവരാനും, പാശ്ചാത്യ ലോകത്തെ ഏറ്റവും മികച്ച പ്രതിഭകളുമായി സഹകരിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു'', 'രാമായണ' സിനിമയുടെ ലോസ് ഏഞ്ചൽസിൽ വെച്ചുനടന്ന സ്‌പെഷൽ പ്രീമിയറിനുശേഷം അദ്ദേഹം പറഞ്ഞു.
നേരത്തെ സിനിമയുടെ നിർമാണത്തെക്കുറിച്ച് ഒരഭിമുഖത്തിൽ നമിത് പറഞ്ഞതിങ്ങനെ, ''ആറ്-ഏഴ് വർഷം മുമ്പ് ഇതിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ, ഞാൻ ഒരു ഭ്രാന്തനാണെന്നാണ് ആളുകൾ കരുതിയത്. കാരണം, ഇത്രയും വലിയ വ്യാപ്തിയുള്ള മറ്റൊരു ഇന്ത്യൻ സിനിമയും മുമ്പ് ഉണ്ടായിട്ടില്ല. ലളിതമായി പറഞ്ഞാൽ, രണ്ട് ഭാഗങ്ങൾക്കുമായി ഏകദേശം 4,000 കോടി രൂപയിലധികമാണ് ഇതിന്റെ ബജറ്റ്''.
250-ലധികം ഹോളിവുഡ് സിനിമകൾക്കായി വിഷ്വൽ ഇഫക്ടുകൾ ഒരുക്കിയിട്ടുണ്ട് ഡിഎൻഇജി. നിരവധി തവണ അക്കാദമി അവാർഡുകളും ബാഫ്ത പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 2026-ലെ ഹുറുൺ ഇന്ത്യ ലിസ്റ്റ് പ്രകാരം മൽഹോത്ര കുടുംബത്തിന്റെ ആസ്തി ഏകദേശം 16,000 കോടി രൂപയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Namit Malhotra's net worth reached Rs 16,000 crore according to the 2026 Hurun India List., He is the producer of 'Ramayana: Part 1', India's most expensive film with a budget of Rs 4,000 crore for two parts., Overcame a 90% wealth loss during the 2008 financial crisis to build DNEG, a global VFX giant., Started his entrepreneurial journey at age 19 in a Mumbai garage with a single Apple computer.
Published: 30 Oct 2026, 02:41 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented