ഷൊര്‍ണൂരില്‍ ബസിറങ്ങിയതും താമസിയാതെ സെറ്റിലേക്കുള്ള വാഹനം പ്രൊഡക്ഷന്‍ ടീം അയച്ചുതന്നു.  സെറ്റിലെത്തിയതും മമ്മൂക്കയുടെ മുന്നില്‍ എന്റെ സാന്നിധ്യം  അറിയിക്കണം എന്നതാണ് അടുത്ത കടമ്പ. അദ്ദേഹത്തിന്റെ കണ്ണകലങ്ങളില്‍ ചുറ്റിപ്പറ്റി നിന്ന് ശ്രദ്ധ നേടിയെടുക്കുന്നതിലായി എന്റെ ശ്രദ്ധ. കാര്യം നടക്കുന്നില്ല. വേറെ ആരോടോ കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രഭൂമിയുടെ റിപ്പോര്‍ട്ടര്‍ ടി.എച്ച്. കോടമ്പുഴയുടെ സഹായം തേടി.
കോടമ്പുഴ താമസിയാതെ ഫോട്ടോ എടുക്കേണ്ട കാര്യം  മമ്മൂക്കയുടെ മുന്നില്‍ അവതരിപ്പിച്ചു. ഫോട്ടോഷൂട്ടിന്റെ കാര്യം കേട്ടതും മമ്മൂക്ക വീണ്ടും എന്റെ കൈയിലുള്ള ക്യാമറെയെപറ്റി ചോദ്യങ്ങളെറിഞ്ഞുതുടങ്ങി.  
പടച്ചോനെ വീണ്ടും കുടുങ്ങി. ഞാന്‍ പതറി. ഇന്നലെ നിഷ്‌കരുണം തള്ളിക്കളഞ്ഞ ക്യാമറയാണ്. അതുതന്നയാണ് ഇന്നും കൈയില്‍.
 അദ്ദേഹം എന്റെ കൈയിലുള്ള ക്യാമറയിലേക്ക് നോക്കി. അടുത്തേക്ക് കൊണ്ടുവാ എന്ന് ആംഗ്യം കാണിച്ചു.
ഞാന്‍ അടുത്തുചെന്നതും അദ്ദേഹം കൈനീട്ടി.
ഞാന്‍ ക്യാമറ മടിച്ചുമടിച്ച് കൈമാറി. അതെങ്ങാനും ദൂരത്തേക്ക് എറിയുമോ എന്ന് വരെ മനസ്സില്‍ ഞാന്‍ പേടിച്ചിരുന്നു എന്നതാണ് സത്യം!
 ക്യാമറ കൈയിലെടുത്ത് വിശദമായി ഒന്ന് നോക്കിയ ശേഷം തിരിച്ചും മറിച്ചുമുളള പരിശോധന തുടങ്ങി.  പിന്നെ അവിടെ കണ്ട ലൈറ്റ് ബോയ്‌സിലൊരാളെ ആംഗ്യംകൊണ്ട് വിളിച്ചുവരുത്തി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി നാലഞ്ച് ക്ലിക്കുകള്‍.  
എനിക്ക് ആശ്വാസമായി.
പക്ഷെ മമ്മൂക്കയുടെ മുഖത്ത് തെളിച്ചമൊന്നുമില്ല. മുഖത്ത് ഗൗരവത്തിന്റെ കാര്‍മേഘങ്ങള്‍ ഓടിക്കൂടുന്നു.
ശേഷം എന്റെ നേരെ തിരിഞ്ഞ്  
'ഇതിലൊന്നും പടമെടുത്താല്‍ ശരിയാകില്ല. നീ പോയി നല്ല ക്യാമറയുമായി വാ. '
ശേഷം കോടമ്പുഴയുടെ നേരെ തിരിഞ്ഞ്
'മാതൃഭൂമിയോട് നല്ല ക്യാമറ വാങ്ങികൊടുക്കാന്‍ പറ.'

To advertise here,

ഞാന്‍ വലിയ നിരാശയിലായി.  എന്തുചെയ്യണം എന്ന് ഒരു പിടിയുമില്ല.  സുകൃതത്തിന്റെ സെറ്റില്‍ മമ്മൂക്കയുടെ പടം എടുക്കാന്‍ പോകുകയാണ്. അത് ചിത്രഭൂമിയില്‍ അടിച്ചുവരും എന്നൊക്കെ നാട്ടില്‍ തള്ളിയിട്ടാണ് ഷൊര്‍ണൂരിലേക്ക് പുറപ്പെട്ടത്. ഇന്നിപ്പോ രണ്ടാം ദിവസമായി. മമ്മൂക്ക അടുക്കുന്നില്ല.  കൂടിയ ക്യാമറ സംഘടിപ്പിക്കാന്‍ ഒരു പാങ്ങുമില്ല.
അങ്ങനെയങ്ങനെ ഒന്നും ചെയ്യാനില്ലാതെ സെറ്റില്‍ ചുറ്റിപ്പറ്റി നിന്ന് നേരം ഉച്ചയായി. സത്യം പറഞ്ഞാല്‍ അന്നത്തെ ദിവസവും മമ്മൂക്കയെ വെച്ച് ഒന്നും നടന്നില്ല. ഞാന്‍ വളരെ നിരാശയിലായിരുന്നെങ്കിലും സെറ്റില്‍ നിന്ന സമയമത്രയും ഒട്ടും ബോറടിച്ചില്ല എന്നതാണ് സത്യം.  

ആ ക്ലാസ് സിനിമയുടെ പിറവിയിലെ ഓരോ ചെറുചലനങ്ങളും എന്നെ ആവേശഭരിതനാക്കിക്കൊണ്ടിരുന്നു. അസിസ്റ്റന്റുകളും അസോസിയേറ്റുകളും വര്‍ക്ക് ചെയ്യുന്നതും ലൈറ്റ് സെറ്റ് ചെയ്യുന്നതുമെല്ലാം നോക്കി ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി. ഇതിനിടയില്‍  ഇടക്കിടക്ക് മമ്മൂക്കയെ പോയി നോക്കി നില്‍ക്കും. അദ്ദേഹം ഇരിക്കുന്നത്, ചിരിക്കുന്നത്, ചിന്തിക്കുന്നത്,  ആളുകളോട് ഇടപെടുന്നത് ഒക്കെ കണ്ടുനില്‍ക്കുന്നത് പൂരപ്പറമ്പിലെ ആനയെ കണ്ടുനില്‍ക്കുന്നത് പോലെയാണ്. നേരം പോകുന്നത് അറിയില്ല.  അദ്ദേഹം അഭിനയിക്കുന്നത് കണ്ടുനില്‍ക്കുന്നത് വേറെ തലത്തിലുള്ള ഒരു അനുഭവമാണ്.  അങ്ങനെ അതെല്ലാം ആസ്വദിച്ച് സെറ്റിലെ സമയം ബുദ്ധിമുട്ടുണ്ടാക്കാതെ കടന്നുപോയി. എങ്കിലും ചിത്രഭൂമിയിലെ സഹദേവേട്ടനോട് ഫോട്ടോയുടെ കാര്യത്തില്‍ എന്തുപറയും എന്ന ആശങ്ക ഇടയ്ക്കിടക്ക് എന്നെ അലട്ടുന്നുണ്ടായിരുന്നു

എന്തായാലും കൃത്യമായ ഇടവേളകളില്‍ ഞാന്‍ മമ്മൂക്ക ഇരിക്കുന്നിടത്ത് പോയി അദ്ദേഹത്തെ നിരീക്ഷിക്കും. അദ്ദേഹത്തിന്റെ കരിസ്മ ചുറ്റുമുള്ളവരിലേക്ക്  പടരുന്നത് നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. തന്നെ ഇടയ്ക്കിടക്ക് വന്ന് നോക്കിപ്പോകുന്ന കൊലുന്ത് മീശക്കാരനായ എന്നെ അദ്ദേഹം കണ്‍കോണുകളിലൂടെ  നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് സംശയം തോന്നി. ഞാന്‍ പിന്നെ തീര്‍ത്തും കണ്ണില്‍പെടാത്ത കോണില്‍ നിന്നാക്കി എന്റെ നിരീക്ഷണം.
ഇതിനിടയില്‍  മമ്മൂക്കയുടെ വലം കൈയായി ജീവിതയാത്രയില്‍ ഇന്നും കൂടെനില്‍ക്കുന്ന ജോര്‍ജിനെ പരിചയപ്പെട്ടു.  
'അറിയില്ലേ..! മേക്കപ്പ്മാന്‍ ദേവസ്യയുടെ മോനാണ് ജോര്‍ജ്.'
കോടമ്പുഴ പരിചയപ്പെടുത്തി.
ജോര്‍ജിന്റെയും മമ്മൂക്കയൊടൊത്തുള്ള ജീവിതത്തിന്റെ തുടക്കകാലമാണ്. ആ ദിവസം സ്‌നേഹത്തോടെ സൗഹൃദത്തോടെ സംസാരിച്ചുതുടങ്ങിയ ഒരു ബന്ധം ഇന്ന് ജോര്‍ജ് മലയാള സിനിമയുടെ വലിയ ഘടകമായി നില്‍ക്കുന്ന കാലത്തും അതുപോലെ തുടരുന്നു. അഹങ്കാരം, തലക്കനം, ദേഷ്യം, കുത്തിത്തിരുപ്പ് തുടങ്ങിയ വാക്കുകള്‍ക്ക് സ്വന്തം ജീവിതത്തില്‍ ഒരു സ്ഥാനവും നല്‍കാത്ത വ്യക്തിയാണ് ജോര്‍ജ്.  അന്ന് സുകൃതത്തിന്റെ സെറ്റില്‍ കണ്ട അതേ ആള്‍ തന്നെയാണ് പ്രൊഡ്യൂസറായും മമ്മൂക്കയുടെ സെക്രട്ടറിയായും തിളങ്ങി നില്‍ക്കുന്ന ഇന്നത്തെ ജോര്‍ജും. പിന്നെയും കുറച്ച് അസാധാരണക്കാരായ വ്യക്തികളെ പരിചയപ്പെടാന്‍ പണിയൊന്നുമില്ലാതെ ചുറ്റിത്തിരിഞ്ഞ ആ പകലുകള്‍ കാരണമായി. 
അങ്ങനെയങ്ങനെ സെറ്റില്‍ ചുറ്റിപ്പറ്റി നില്‍ക്കേണ്ടിവന്ന മൂന്നാം പകലും കൊഴിഞ്ഞു വീഴാനൊരുങ്ങുകയാണ്. നേരം വൈകുന്നേരത്തോടടുക്കുന്നു.  സെറ്റിലെ റിപ്പോര്‍ട്ടിംഗ് പരിപാടികളെല്ലാം കഴിഞ്ഞ് കോടമ്പുഴ മടങ്ങാന്‍ ഒരുങ്ങുകയാണ്. കൂടെ ഞാനും.
യാത്ര പറയാന്‍ പോയപ്പോള്‍ ഞാന്‍ അവസാനമായി ഒന്നുകൂടി മമ്മൂക്കയോട് സങ്കടം പറഞ്ഞു.
'പടമെടുപ്പ് മാത്രം നടന്നില്ല'
അപ്പോള്‍ മമ്മൂക്ക എന്നെ വീണ്ടും എന്നെത്തന്നെ ഒന്നുകൂടി ചുഴിഞ്ഞ് നോക്കി,
എന്നിട്ട് 'ജോര്‍ജേ..' എന്നുവിളിച്ചു.
ജോര്‍ജ്  തല്‍സമയം  അവതരിച്ചു.
'ക്യാമറ' എന്നുമാത്രമേ മമ്മൂക്ക പറഞ്ഞുള്ളു.  
അപ്പോള്‍ മമ്മൂക്കയുടെ  കാറിന്റെ ഡിക്കിയില്‍ നിന്ന് ഒരു ക്യാമറാബാഗ് പുറത്തേക്ക് വന്നു. അതില്‍ നിന്ന് ഒരു കിടിലന്‍ ക്യാമറ പുറത്തെടുത്തു.  നിക്കോണ്‍ എഫ് 90 എക്‌സ്. ഞാന്‍ മാഗസിനുകളിലൊക്കെ കണ്ട് വെള്ളമിറക്കിയ അന്നത്തെ ഏറ്റവും മികച്ച ക്യാമറകളിലൊന്ന്. ഞാന്‍ കണ്ണ് തുറിച്ച് ക്യാമറയിലേക്ക് നോക്കി നിന്നു.
'ഇത് കണ്ടിട്ടുണ്ടോ? ' അദ്ദേഹം ചോദിച്ചു.
അന്നെത്തെ ഏറ്റവും ഹൈ എന്‍ഡ് ക്യാമറയാണ്. വില കേട്ടാല്‍ അന്നത്തെ നിലവാരത്തില്‍ സമ്പന്നരും ഞെട്ടും.
'ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്.'   ഞാന്‍ പറഞ്ഞു.
'ഇതാണ് ക്യാമറ. ഇതുപോലെയുള്ള ക്യാമറയിലാണ് പടമെടുക്കേണ്ടത്. നിന്റെ ബാപ്പ ഗള്‍ഫിലല്ലേ. കൊണ്ടത്തരാന്‍ പറയ്.'   
'അയ്യോ ഇതിനൊക്കെ വലിയ വിലയല്ലേ?'   ഞാന്‍ നിരാശയോടെ മറുപടി പറഞ്ഞു.
'അങ്ങനെയല്ല നീ വലിയ ഫോട്ടോഗ്രഫറാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നല്ല ക്യാമറ കൈയില്‍ വേണം.' 

ഈ ചീള് കാമറ വെച്ചാണോ എന്റെ പടമെടുക്കുന്നത്? മമ്മൂട്ടി ചോദിച്ചു

അദ്ദേഹം നിക്കോണ്‍ ക്യാമറ കൈയിലെടുത്തു. തന്റേതായ രീതിയില്‍ പിടിച്ചു. മമ്മൂക്ക ക്യാമറ പിടിക്കുന്നതിന് ഒരു പ്രത്യേക ശൈലിയുണ്ട്. കൈയിന്റെ മുട്ടൊക്കെ പ്രോജ്ക്ട് ചെയ്തു നില്‍ക്കും. ആ പൊസിഷനിംഗ് കാണാന്‍ നല്ല ചേലാണ്. അദ്ദേഹം ഒന്ന് രണ്ട് പടമെടുത്തു.
പെട്ടെന്ന് അപ്രതീക്ഷിതമായി എന്റെ കൈയിലേക്ക് നീട്ടി.
ഞാന്‍ ഞെട്ടി.
ജോര്‍ജിനുനേരെയായി എന്റെ നോട്ടം.
വാങ്ങിക്കോ എന്ന് അദ്ദേഹത്തിന്റെ കണ്ണുകള്‍ പറഞ്ഞു.
ഞാന്‍ മടിച്ചുമടിച്ച് കൈനീട്ടി. ശ്രദ്ധയോടെ പരിശോധിച്ച് മമ്മൂക്കയ്ക്ക് തന്നെ തിരിച്ചുനല്‍കി.  
ആ നിമിഷം മുതല്‍ എന്റെ കൈയിലുള്ള ക്യാമറയുടെ കാര്യമാലോചിച്ച് സ്വല്‍പം അപകര്‍ഷതാ ബോധം തലയുയര്‍ത്തി.
'ഇത് നീയെടുത്തോ. ഇതിനൊരു വില പറഞ്ഞോ. നിനക്ക് പറ്റുന്ന വില പറഞ്ഞോ... എന്നിട്ട് നിന്റെ ബാപ്പാട് പറ.' 
മമ്മൂക്ക എന്റെ മുഖത്തേക്ക് കുസൃതിയോടെ സൂക്ഷിച്ചുനോക്കുന്നുണ്ട്.
ഞാന്‍ പരുങ്ങി. ജസ്റ്റ് പ്രീഡിഗ്രി പ്രായക്കാരന്റെ ബുദ്ധി ഒരു സംഖ്യപറഞ്ഞാലോ എന്ന ചിന്ത ഒരു നിമിഷം മനസ്സില്‍ ജനിപ്പിച്ചു. ചെറിയ വിലയില്‍ ഒരു ലോട്ടറി അടിച്ചാലോ.
ഞാന്‍ പരുങ്ങുന്നത് കണ്ട മമ്മൂക്കയുടെ പിറകില്‍ നില്‍ക്കുന്ന ഉണ്ണിയേട്ടനാണ്  എന്നു തോന്നുന്നു (അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണി നാരായണന്‍) എന്നോട് വേണ്ട എന്ന് കൈ കാണിച്ചു. ഈ തമാശകള്‍ മുഴുവന്‍ മമ്മൂക്കയുടെ പിറകില്‍ നിന്ന് അവരെല്ലാം  ചിരിയോടെ കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു.
എന്തായാലും ഞാന്‍ വിലയൊന്നും പറയാതെ ക്യാമറ തിരിച്ചുനല്‍കി.
മമ്മൂക്ക ക്യാമറ ശ്രദ്ധയോടെ തിരിച്ച് ബാഗിലേക്ക് വെച്ചു.
'ഇതുപോലെത്ത നല്ല ക്യാമറയിലൊക്കെ പടമെടുത്താലേ നല്ല ചിത്രങ്ങള്‍ കിട്ടു. പടമെടുക്കാനും അറിയണം ക്യാമറയും നന്നായിരിക്കണം. മനസ്സിലായോ'   എന്നൊക്കെ അദ്ദേഹം ആ പ്രവൃത്തികള്‍ക്കിടയില്‍ എന്നെ ഉപദേശിക്കുന്നുണ്ട്.  
'ഒരു കാര്യം ചെയ്യ്. നീ നാളെ വാ.  നമുക്ക് ഈ ക്യാമറയില്‍ പടമെടുക്കാം.' 
ഞാന്‍ കോടമ്പുഴയുടെ മുഖത്തേക്ക് നോക്കി. ജോര്‍ജിന്റെ മുഖത്തേക്ക് നോക്കി. അദ്ദേഹത്തിന്റെ മുഖത്തും സന്തോഷം.
'ശരി നീ നാളെ വാ. എന്നിട്ട് ഇതുവെച്ച് പടമെടുക്ക്.' കോടമ്പുഴയും സംഗതി ഉറപ്പാക്കി,
'ഓകേ' ഞാന്‍ ഹാപ്പിയായി.
തിരിച്ചിറങ്ങുമ്പോള്‍ അസിസ്റ്റന്റുകളിലാരോ പറഞ്ഞു. 'ആദ്യമായാണ് മമ്മൂക്ക സ്വന്തം ക്യാമറ മറ്റൊരാള്‍ക്ക്  കൊടുക്കുന്നത് കാണുന്നത്. നീ ലക്കിയാണ്.' 
ഞാന്‍ ആവേശഭരിതനായി.
അപ്പോള്‍ തന്നെ ടെന്‍ഷനും തുടങ്ങി. അത്തരമൊരു ഹൈ എന്‍ഡ് ക്യാമറ ഉപയോഗിച്ച് പരിചയം എനിക്കില്ല. ഞാന്‍ കൈകാര്യം ചെയ്യുന്നത് മുഴുവന്‍ മാനുവല്‍ ക്യാമറയാണ്.
'നമ്മള്‍ ഇനി എന്തുചെയ്യും മല്ലയ്യാ..' എന്ന മട്ടില്‍ ആലോചനാഭരിതനായി. വൈകുന്നേരമാകുമ്പോഴേക്കും ഞാന്‍ വീട്ടിലേക്ക് ബസ് കയറി.
കോടമ്പുഴ പിറ്റേദിവസം സെറ്റിലേക്ക് വരുന്നില്ല എന്നറിയിച്ചിരുന്നു. എന്നോട് ഒറ്റയ്ക്ക് സെറ്റില്‍ പോയി പടമെടുത്താല്‍ മതി എന്നാണ് പിരിയുമ്പോള്‍ അദ്ദേഹം തന്ന നിര്‍ദേശം.

ചാര്‍ളി ചാപ്ലിനും നടനല്ലേ..!

രാവിലെ തന്നെ ഷൊര്‍ണൂരില്‍ വന്നിറങ്ങി. സെറ്റിലേക്ക് വണ്ടിവിടാന്‍ പറയാനായി പ്രോഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചു.  അപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം ഞാനറിഞ്ഞത് അന്ന്  തറവാട് സെറ്റില്‍ ഷൂട്ടിംഗ് ഇല്ല, പാലക്കാട് ഇന്ദ്രപ്രസ്ഥം ഹോട്ടലിലാണ് അന്നത്തെ കലാപരിപാടികള്‍. പിന്നെ സമയം കളഞ്ഞില്ല നേരെ അടുത്ത ബസ് പിടിച്ച് പാലക്കാട്ടേക്ക് വിട്ടു.
ആ സമയത്ത് മമ്മൂക്ക ഒരു റൂമിലുണ്ട് എന്ന് പറയുന്നു. റൂമിലേക്ക് കയറിച്ചെന്നു. ഒന്നും നടക്കുന്നില്ല. സംവിധായകന്‍ ജോഷിയും അദ്ദേഹത്തിന്റെ അപ്പോള്‍ നടക്കുന്ന ചിത്രത്തിന്റെ ഭാഗമായ നടന്‍ മുരളി, കെ.ബി  ഗണേഷ് കുമാര്‍  തുടങ്ങിയവരും മമ്മുക്കയുടെ റൂമിലുണ്ട്.
ഞാന്‍ പൂച്ചകയറുന്നതുപോലെ പതുങ്ങി റൂമിനകത്ത് കയറി.  
ഗെറ്റൗട്ട്  പ്രതീക്ഷിച്ചുനിന്ന എന്നെ തീര്‍ത്തും അത്ഭുതപ്പെടുത്തി മമ്മൂക്ക എന്നെ അടുത്തേക്ക് വിളിച്ച് എല്ലാവര്‍ക്കും പരിചയപ്പെടുത്തി.
'അറിയില്ലേ? ചിത്രഭൂമിയുടെ  പുതിയ ഫോട്ടോഗ്രഫറാണ്. ജമേഷ് കോട്ടക്കല്‍.' 
ഇന്നലെ ഉപദേശക്കഷായം കുടിപ്പിച്ച് സെറ്റില്‍ നിന്ന് പറത്തിവിട്ട ആളേ അല്ല ഇന്ന്.
എനിക്ക് വളരെ സന്തോഷമായി.  
ജോഷി സാര്‍ എന്നെ നന്നായി ഒന്ന് വിലയിരുത്തി. മലബാറില്‍ കിട്ടാവുന്ന ഏറ്റവും നല്ല ഫാഷന്‍ ഡ്രസാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. ഒരു അഴകിയ രാവണന്‍ സെറ്റപ്പ്.
എന്റെ സ്‌റ്റൈല്‍ കണ്ട് ജോഷിസാര്‍
'ഇവന്‍ സിനിമയിലഭിനയിച്ചിട്ടേ പോകൂ' 
'അയ്യോ എവിടെ? ഇവന് തീരെ ഹൈറ്റില്ലല്ലോ!' മമ്മൂക്ക എന്നെ കളിയാക്കി.
'ആ അതിന് ചാര്‍ളി ചാപ്ലിന് ഹൈറ്റില്ലല്ലോ' എന്ന് ചിരിയില്‍ പങ്കുചേര്‍ന്ന് ഞാനും മറുപടി പറഞ്ഞു.
'ഓ, നീ ചാര്‍ളി ചാപ്ലിനാണ് എന്നാണോ പറയുന്നത്' എന്നായി മമ്മൂക്ക
'അല്ല..  ചാര്‍ളി ചാപ്ലിനും നടനല്ലേ. അതാ പറഞ്ഞത് '  എന്ന് പറഞ്ഞ് ഞാന്‍ ആ നിമിഷങ്ങള്‍ ആസ്വദിച്ചു.
പരിമിതികളെ ഓര്‍മ്മപ്പെടുത്തിയാലേ അത് മറികടക്കാനുള്ള ആഗ്രഹും വാശിയും ഉണ്ടാകൂ എന്നാണ് ആ സംഭാഷണങ്ങളെല്ലാം ഓര്‍ക്കുമ്പോള്‍ ഞാന്‍ ഇന്ന് മനസ്സിലാക്കുന്നത്. ഇന്നത്തെപ്പോലെ എന്തുപറഞ്ഞാലും ബോഡി ഷെയിമിംഗ് വിവാദങ്ങളിലേക്ക് പോകുന്ന കാലമല്ല.  എല്ലാവര്‍ക്കും തമാശ ആസ്വദിക്കാനുള്ള മനസ്സും ഹൃദയ വിശാലതയും ഉണ്ടായിരുന്ന ഒരു കാലമായിരുന്നു അത്.  
ഇതുകഴിഞ്ഞപ്പോഴേക്കും ജോഷി സാറിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. അന്ന് മൊബൈല്‍ഫോണ്‍ ഒക്കെ അപൂര്‍വ്വ വസ്തുവാണ്. കുറച്ചുസംസാരിച്ച ശേഷം ജോഷി സാര്‍ 'മോഹന്‍ലാലാണ് ' എന്ന് പറഞ്ഞ് മമ്മുക്കക്ക് ഫോണ്‍ കൈമാറി. എനിക്ക് അതിശയമായി. ഒരു സൂപ്പര്‍സ്റ്റാര്‍ മറ്റൊരാളെ വിളിക്കുകയോ?  അവര്‍ സംസാരിക്കുന്നതും തമാശകള്‍ പൊട്ടിക്കുന്നതുമൊക്കെ ഞാന്‍ കൗതുകത്തോടെ കേട്ടുനിന്നു. പുറത്തുള്ള ആരാധകവൃന്ദത്തിന്റെ പോരാട്ടവേദികളില്‍ ഇങ്ങനെയൊന്നുമല്ലല്ലോ നമ്മള്‍ കേട്ടിട്ടുള്ളത്. സ്‌കൂള്‍ കാലം തൊട്ട്  കേട്ട കഥകളില്‍ മമ്മൂക്കയെ തോല്‍പ്പിക്കാനായി അവതരിച്ച  ആളാണ് മോഹന്‍ലാല്‍. ആ മോഹന്‍ലാലിനോടാണ് മമ്മൂക്ക ചിരിച്ചുമറിഞ്ഞ് സംസാരിച്ച് രസിക്കുന്നത്. പുറത്തുകേള്‍ക്കുന്നതും അറിയുന്നതുമായ ലോകമല്ല സിനിമാലോകം എന്ന് ആദ്യപാഠം ഞാന്‍ മനസ്സിലേക്ക് പതിപ്പിച്ചു. ആ സ്‌നേഹമുള്ള കൂട്ടായ്മയുടെ ചില ചിത്രങ്ങള്‍ വളരെ സന്തോഷപൂര്‍വ്വം ഞാന്‍ പകര്‍ത്തി വെച്ചു.
ഉച്ചയായപ്പോള്‍ മമ്മുക്ക  വീണ്ടും എന്നെ അടുത്തേക്ക് വിളിച്ചു.
'കണ്ടില്ലേ... ഇന്നിവിടെ ഫോട്ടോഷൂട്ടും പരിപാടികളും ഒന്നും നടക്കില്ല. ഞാന്‍ നാളെ ബോംബെയ്ക്ക് പോകും. രണ്ടു ദിവസം കഴിഞ്ഞേ വരൂ. ഒരു കാര്യം ചെയ്യ്. നീ തിങ്കളാഴ്ച സെറ്റിലേക്ക് തന്നെ വാ.  പിന്നെ വരുമ്പോ ഫ്‌ളാഷുകളും സ്ലേവ് യൂണിറ്റും മറ്റ് സംഭവങ്ങളുമൊക്കെ വേണം.' 
 എന്നെ പാക്കപ്പാക്കി മമ്മൂക്ക മറ്റ് തിരക്കുകളിലേക്ക് തിരിച്ചു പോയി.
ഞാന്‍ സമയം കളയാതെ നാട്ടിലേക്ക് വണ്ടികയറി. ചെന്നപാടെ എല്ലാവരെയും വിളിച്ച് കിട്ടാവുന്നതില്‍ നല്ല ഫ്‌ളാഷ് യൂണിറ്റുകള്‍ സംഘടിപ്പിച്ചു.
ഫോട്ടോഷൂട്ട് തിങ്കളാഴ്ചയെങ്കിലും തരപ്പെടുമോ എന്ന ആശങ്കയില്‍ ഒട്ടും മനസ്സമാധാനില്ലാതെ കിടന്നു. പക്ഷേ..? ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോകുകയും ചെയ്തു.
അവസാനം കാത്തുകാത്തിരുന്ന ആ ദിനമെത്തി.  ഇന്നു മമ്മൂക്കയെ ഞാന്‍ ക്ലിക്ക് ചെയ്തിരിക്കും എന്ന് മനസ്സില്‍ പലവട്ടം പറഞ്ഞുറപ്പിച്ച് കൈയിലുള്ള  ഉപകരണങ്ങളുടെ  ആത്മവിശ്വാസത്തില്‍ തിങ്കളാഴ്ച  അതിരാവിലെതന്നെ  ഞാന്‍  ഷൊര്‍ണൂരിലേക്ക് വണ്ടികയറി.
( തുടരും)