'യശോദാസ് ലൈബ്രറി', ഫോര്‍ട്ട് കൊച്ചിയിലെ ഉല്ലാസ തെരുവുകളിലൂടെ നടക്കുന്ന ആരുടെ കണ്ണും ഈ ഇരുനില വീടിനു മുന്നില്‍ നീല പ്രതലത്തില്‍ കറുത്ത അക്ഷരങ്ങളില്‍ കുറിച്ചിട്ട ബോര്‍ഡിലേക്കൊന്ന് പതിയും. നാലു വര്‍ഷം മുമ്പ് ഒരു ഏഴാം ക്ലാസുകാരി കണ്ട സ്വപ്നമാണ് ഇന്ന് യശോദ ലൈബ്രറിയായി ഫോര്‍ട്ട് കൊച്ചിയുടെ ഹൃദയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അംഗത്വ ഫീസും പിഴ ഫീസുമൊക്കെ ഈടാക്കുന്ന ഗ്രന്ഥാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാം സൗജന്യമായി നല്‍കികൊണ്ടാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ യശോദയുടെ ഹോം ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. നാലുവര്‍ഷം മുമ്പ് സ്ഥിരമായി സന്ദര്‍ശിക്കുന്ന ഗ്രന്ഥശാലയില്‍ പിഴ സംഖ്യ അടക്കേണ്ടി വന്നപ്പോള്‍ ഒരു പന്ത്രണ്ടുവയസ്സുകാരിയുടെ മനസ്സില്‍ ഉയര്‍ന്ന ആശങ്കകളാണ് ഈ ഗ്രന്ഥശാലയുടെ പിറവിയിലേക്ക് നയിച്ചത്. ആയിരം പുസ്തകങ്ങളുമായി 2019 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച യശോദ ലൈബ്രറിയില്‍ ഇന്ന് 8000 പുസ്തകങ്ങളും 500 അംഗങ്ങളുമുണ്ട്. വീടിന്റെ ഒന്നാം നിലയാണ് യശോദ പിതാവിന്റെ അനുമതി പ്രകാരം ഗ്രന്ഥശാലയാക്കി മാറ്റിയത്. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ ദിനേശ് കുമാറിന്റെയും ബ്രഹ്മജയുടെയും മകളാണ് യശോദ. തന്റെ ഗ്രന്ഥശാലയുടെ പിറവിയുടെയും വളര്‍ച്ചയുടെയും കഥ യശോദ ഗൃഹലക്ഷ്മിയുമായി പങ്കുവയ്ക്കുന്നു.

പണമില്ലാത്തവര്‍ക്കും വായിക്കണം....

മൂന്നാം ക്ലാസ് തൊട്ട് ഗ്രന്ഥശാലയിലെ പുസ്തകങ്ങളുമായി കൂട്ട് കൂടാന്‍ തുടങ്ങിയതാണ് ഞാന്‍. അന്ന് സഹോദരന്‍ അച്യുത് ഷേണായിക്ക് മെമ്പര്‍ഷിപ്പുള്ള ഗ്രന്ഥശാലയില്‍ നിന്ന് പുസ്തകങ്ങളെടുത്താണ് വായിച്ചിരുന്നത്. ഒരിക്കല്‍ പുസ്തകം മടക്കി നല്‍കാന്‍ വൈകിയതിന് പിഴയടക്കണം എന്ന് പറഞ്ഞപ്പോഴാണ് പുസ്തകം സൗജന്യമല്ലെന്ന്  അറിയുന്നത്. അച്ഛന്‍ പിഴയടച്ചെങ്കിലും ആ സംഭവം മനസ്സിനെ വല്ലാതെ അലട്ടി. പിഴയടക്കാന്‍ ശേഷിയില്ലാത്ത വായിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ എന്ത് ചെയ്യും എന്ന് ചിന്തിച്ചു. പണമില്ലാത്തവര്‍ക്ക് വായിക്കാനുള്ള അവസരം സൃഷ്ടിക്കാന്‍ എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് മനസ്സിനോട് ചോദിച്ചു. അപ്പോഴാണ് എല്ലാവര്‍ക്കും സൗജന്യമായി പുസ്തകം വിതരണം ചെയ്യുന്ന ഒരുഗ്രന്ഥശാല സ്വന്തം വീട്ടില്‍ തുടങ്ങിയാലോ എന്നൊരു ആശയം മനസ്സില്‍ ഉദിച്ചത്. വീടിന്റെ ഒന്നാം നിലയില്‍ ഒരു ചെറിയ ഗ്രന്ഥശാല ഒരുക്കാനുള്ള സ്ഥലമുണ്ട്. അച്ഛനുമായി ഈ ആശയം പങ്കുവച്ചപ്പോള്‍ അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. നൂറ് പുസ്തകങ്ങള്‍ താന്‍ മേടിച്ചുതരാം എന്നും അച്ഛന്‍ പറഞ്ഞു. ആ പ്രതികരണം എനിക്ക് വലിയ ആവേശമായി. എന്റെ ആവേശം കണ്ട അച്ഛന്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കില്‍ സൗജന്യ ഗ്രന്ഥശാല ആശയത്തെ കുറിച്ച് കുറിപ്പ് പങ്കുവച്ചു. തന്റെ സുഹൃത്തുക്കളില്‍ നിന്ന് ഗ്രന്ഥശാലയിലേക്ക് പറ്റുന്നവര്‍ പുസ്തകം നല്‍കണമെന്നും കുറിപ്പില്‍ അഭ്യര്‍ഥിച്ചു. വീട്ടില്‍ വായിക്കാതെ വെറുതെ കിടക്കുന്ന പുസ്തകം തന്റെ മകള്‍ തുടങ്ങുന്ന ഗ്രന്ഥശാലയിലേക്ക് നല്‍കിയാല്‍ അത് എല്ലാവര്‍ക്കും സൗജന്യമായി വായിക്കാം എന്നായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. 1000 ത്തോളം പുസ്തകങ്ങള്‍, അത് വയ്ക്കാനുള്ള റാക്കുകള്‍, ലൈബ്രറിയില്‍ ആവശ്യമായ ഫാനുകള്‍ എന്നിവയൊക്കെ ആദ്യ ഘട്ടത്തില്‍ പലരില്‍ നിന്നായി സംഭാവനയായി ലഭിച്ചു. ഒരു പന്ത്രണ്ടുകാരിയുടെ സ്വപ്നം വിജയിപ്പിക്കാന്‍ ഈ നാട് കൂടെ നിന്നു എന്ന് പറയുന്നതാണ് ശരി.

placeholder
യശോദാസ് ലൈബ്രറിയുടെ ഉദ്ഘാടനം 2019 ല്‍ കെ.എസ്.രാധാകൃഷ്ണന്‍ നിര്‍വഹിച്ചപ്പോള്‍

റിപ്പബ്ലിക് ദിനത്തില്‍ സ്വപ്ന സാക്ഷാത്കാരം

അന്ന് ഞാന്‍ കൊച്ചി മട്ടാഞ്ചേരി ടി.ഡി.എസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആശയം സ്‌കൂളില്‍ അറിഞ്ഞപ്പോള്‍ എല്ലാവരും വലിയ പ്രോത്സാഹനം നല്‍കി. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ജനുവരി പത്താം തീയതി എന്റെ ഈ പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞ് തിരുവനന്തപുരം സായ് ഗ്രാമത്തില്‍ വച്ച് അന്നത്തെ മിസോറാം ഗവര്‍ണര്‍ എന്നെ അനുമോദിക്കുകയും 108 പുസ്തകങ്ങള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. ആ പ്രോത്സാഹനം തുടക്കക്കാരി എന്ന നിലയില്‍ അന്നെനിക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നു.  2019 ജനുവരി 26 നാണ്  ലൈബ്രറി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കെ.എസ്.രാധാകൃഷ്ണന്‍ സാറായിരുന്നു അന്ന് ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇന്ന് ഗ്രന്ഥശാലയില്‍ 15 റാക്കുകളിലായി 8000 ത്തോളം പുസ്തകങ്ങളുണ്ട്. ഇന്ന് കാണുന്ന റാക്കുകളും പുസ്തകങ്ങളുമെല്ലാം എനിക്ക് സൗജന്യമായി ലഭിച്ചതാണ്. ഒരു പുസ്തകവും ഞാന്‍ പണം കൊടുത്ത് മേടിച്ചിട്ടില്ല.  ഗ്രന്ഥശാലയെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും കേട്ടറിഞ്ഞ് പലരായി കൊണ്ട് തന്നതും അയച്ചുതന്നതുമാണ് എല്ലാം

എല്ലാം സൗജന്യം, ആരും ചതിച്ചില്ല...

അംഗത്വമടക്കമുള്ള എല്ലാ കാര്യങ്ങളും സൗജന്യമാണ്. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വിലാസം തെളിയിക്കുന്ന ഒരു തിരിച്ചറിയില്‍ കാര്‍ഡുമായി വന്നാല്‍ നിങ്ങള്‍ക്ക് ഗ്രന്ഥശാലയില്‍ അംഗത്വമെടുക്കാം. അപേക്ഷ ഫോറമടക്കം എല്ലാ കാര്യങ്ങളും ഗ്രന്ഥശാലയുടെ ചെലവില്‍ സൗജന്യമായി നല്‍കുന്നു. അപേക്ഷ ഫോറവും കാറ്റലോഗുമടക്കമുള്ള കാര്യങ്ങള്‍ പ്രിന്റ് ചെയ്യാന്‍ അച്ഛനാണ് പണം തന്ന് സഹായിക്കുന്നത്. മറ്റ് പ്രൊഫഷണല്‍ ഗ്രന്ഥശാലകള്‍ക്ക് സമാനമായ രീതിയിലാണ് ഇവിടെയും പുസ്തക വിതരണം നടക്കുന്നത്. ഗ്രന്ഥവിതരണ രജിസ്റ്ററും അംഗത്വ രജിസ്റ്ററുമടക്കം എല്ലാമുണ്ട്. പുസ്തകങ്ങളെ കൃത്യമായി ഓരോ വിഭാഗങ്ങളിലായി വേര്‍തിരിച്ചാണ് റാക്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഏതൊക്കെ വിഭാഗത്തില്‍ ഏതൊക്കെ പുസ്തകങ്ങളുണ്ടെന്ന് കൃത്യമായ കാറ്റലോഗും സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ അംഗങ്ങള്‍ക്ക് എളുപ്പത്തില്‍ ആവശ്യമായ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. 14 ദിവസമാണ് ഒരു പുസ്തകം കൊണ്ടുപോയാല്‍ തിരിച്ചേല്‍പ്പിക്കാനുള്ള കാലയളവ്. ഈ കാലയളവിനുള്ളില്‍ പുസ്തകം വായന കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ അവര്‍ക്ക് പുതുക്കി വീണ്ടും രണ്ടാഴ്ച കൂടി നല്‍കും. പിഴ ഈടാക്കില്ല. ഈ നാലുവര്‍ഷത്തിനിടയില്‍ ഒരാള്‍പോലും കൊണ്ടുപോയ പുസ്തകം തിരിച്ചേല്‍പ്പിക്കാതെ ഇരുന്നിട്ടില്ല. ഒരു ചെറിയ കുട്ടിയെ വഞ്ചിക്കാന്‍ ആരും താത്പര്യപ്പെടാത്തത് കൊണ്ടാവാം, ഇതുവരെ ആരും എന്നെ ചതിച്ചിട്ടില്ല.

placeholder
നടി സരയൂ ലൈബ്രറി സന്ദര്‍ശിച്ചപ്പോള്‍

വായനയ്ക്ക് അവധിയില്ല...

ഞങ്ങളുടെ വീടിന്റെ ഒന്നാം നിലയിലാണ് ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്. ഞാന്‍ സ്‌കൂളില്‍ പോകുന്ന സമയത്ത് അമ്മയും അച്ഛനും ചേട്ടനുമൊക്കെയാണ് ഗ്രന്ഥശാലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറുമണിവരെ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഗ്രന്ഥശാല സന്ദര്‍ശിക്കാനോ, പുസ്തകമെടുക്കാനോ എത്തുന്ന ഏതൊരാള്‍ക്കും എല്ലാ സമയവും സേവനം നല്‍കാന്‍ ആകുന്നുണ്ട്. അതുപോലെ ഗ്രന്ഥശാലയില്‍ പുതിയ പുസ്തകങ്ങള്‍ വന്നാല്‍ അത് നമ്പറിടാനും കാറ്റലോഗില്‍ ചേര്‍ക്കാനും തരംതിരിച്ച് റാക്കുകളിലേക്ക് മാറ്റാനും ലൈബ്രറി അംഗങ്ങളും സഹായിക്കാറുണ്ട്. ഈ ഗ്രന്ഥശാലയെ വീടുപോലെയാണ് അവര്‍ സ്നേഹിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ഒരു പന്ത്രണ്ടുവയസ്സുകാരി നാലുവര്‍ഷം മുമ്പ് കണ്ട ഒരുകൊച്ചു സ്വപ്നം ഇന്ന് ഇത്ര വലുതായി തീര്‍ന്നത്.
എന്റെ അധ്യാപകര്‍, സഹപാഠികള്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശവാസികള്‍ എന്നിവരാണ് ഗ്രന്ഥശാലയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും. ഇവരെ കൂടാതെ മുളംന്തുരുത്തി അടക്കം വിവിധ പ്രദേശങ്ങളില്‍ നിന്ന് ഈ ഗ്രന്ഥശാലയെ കുറിച്ച് അറിഞ്ഞ് വന്ന് അംഗത്വമെടുത്തവരുമുണ്ട്. ഈ ഉദ്യമത്തെ പിന്തുണയ്ക്കണം എന്ന ഉറച്ച കാഴ്ചപ്പാടില്‍ വന്നവരാണ് അവരെല്ലാം. അതുപോലെ ടൂറിസ്റ്റുകളായെത്തുന്ന വിദേശികളും ഗ്രന്ഥശാല കാണാനെത്താറുണ്ട്. എന്റെ അച്ഛന്‍ ആര്‍ട്ടിസ്റ്റാണ്.  ഗ്രന്ഥശാലയുടെ ഒരു ഭാഗം ആര്‍ട്ട് ഗാലറിയാണ്. റാക്കുകളില്‍ പുസ്തകങ്ങളും ചുമരുകളില്‍ ചിത്രങ്ങളുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ ഒരിടമാണ് എന്റെ ഗ്രന്ഥശാല. പണ്ട് അച്ഛന്റെ ആര്‍ട്ട് ഗാലറിയായിരുന്നു വീടിന്റെ ഒന്നാം നിലയില്‍. അതിന്റെ ഒരുഭാഗം എന്റെ ആവശ്യപ്രകാരം ഗ്രന്ഥശാല തുടങ്ങാന്‍ തന്നതാണ്. എന്നാല്‍ ഇപ്പോള്‍ മുറിയുടെ മുക്കാല്‍ ഭാഗത്തോളം ഗ്രന്ഥശാല കൈയേറി കഴിഞ്ഞു.

placeholder
കോസ്റ്റിയൂം ഡിസൈനര്‍ സമീറ സനീഷ് ലൈബ്രറി സന്ദര്‍ശിച്ചപ്പോള്‍

പ്രിയം ബഷീറിനോട്...

വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ വായിച്ചാണ് എന്റെ സാഹിത്യ വായന ആരംഭിച്ചത്. അതുകൊണ്ട് തന്നെ മലയാള സാഹിത്യത്തില്‍ ഏറെ പ്രിയം ബഷീറിന്റെ പുസ്തകങ്ങളോടാണ്. ഇംഗ്ലീ്ഷ് സാഹിത്യത്തില്‍ ഏറെ ഇഷ്ടം അഗതാ ക്രിസ്റ്റിയുടെ പുസ്തകങ്ങളും.
ഞാനിപ്പോള്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. ഇനി പ്ലസ് വണ്‍ പഠനത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. ഹ്യുമാനിറ്റിക്സ് സ്ട്രീമിലാണ് ചേരാന്‍ പോകുന്നത്. ഭാവിയില്‍ എല്‍.എല്‍.ബി എടുത്ത് അറിയപ്പെടുന്ന ഒരു വക്കീലാകണമെന്നാണ് ആഗ്രഹം. സഹോദരന്‍ അച്യുത് ഇപ്പോള്‍ എല്‍.എല്‍.ബിയ്ക്ക് പഠിക്കുകയാണ്.