പ്രസവ ശേഷം തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും അതിനെ തുടർന്ന് ചെയ്ത കോസ്മെറ്റിക് സർജറിയെക്കുറിച്ചും തുറന്നുപറഞ്ഞ് ഹോളിവുഡ് നടി ജെന്നിഫർ ലോറൻസ്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനു ശേഷം താൻ 'ബ്രസ്റ്റ് ലിഫ്റ്റ്' (Breast Lift) സർജറിക്ക് വിധേയയായതായി താരം സ്ഥിരീകരിച്ചു. 'ദി കട്ട്' (The Cut) മാഗസിന് നൽകിയ അഭിമുഖത്തിലാണ് ജെന്നിഫർ താൻ നടത്തിയ പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് തുറന്നുപറഞ്ഞത്.

To advertise here,

"എനിക്ക് എപ്പോഴും ആകർഷകയായ ഒരു അമ്മയായിരിക്കാനാണ് ആഗ്രഹം (I want to be a sexy mom). കുട്ടികളെ സ്കൂളിൽ കൊണ്ടുപോയി വിടുമ്പോൾ, അതിരാവിലെ എഴുന്നേറ്റ ക്ഷീണവും അലങ്കോലങ്ങളും മനസ്സിലുണ്ടെങ്കിലും, പുറമെ കാണാൻ തികഞ്ഞ ആത്മവിശ്വാസമുള്ള ഒരു സ്ത്രീയായിരിക്കണം ഞാൻ," ജെന്നിഫർ വ്യക്തമാക്കി.

ആദ്യത്തെ കുഞ്ഞിന്റെ പ്രസവത്തിന് ശേഷം ശരീരം പെട്ടെന്ന് പഴയ രൂപത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ കാര്യങ്ങൾ മാറിയെന്ന് താരം ഓർക്കുന്നു. "ആദ്യ മകൻ സൈയുടെ ജനനശേഷം കാര്യങ്ങളെല്ലാം പഴയപടിയായിരുന്നു. എന്നാൽ രണ്ടാമത്തെ പ്രസവത്തോടെ ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടായി, അത് പഴയപടിയായില്ല," താരം പറയുന്നു.

ബ്രസ്റ്റ് ലിഫ്റ്റ് സർജറിക്ക് വിധേയയാകുന്നതിനായി താൻ 'വേപ്പിങ്' (Vaping) ശീലം പൂർണ്ണമായും ഉപേക്ഷിച്ചതായും ന്യൂയോർക്കർ മാഗസിന് നൽകിയ അഭിമുഖത്തിൽ ജെന്നിഫർ വെളിപ്പെടുത്തിയിരുന്നു. ഭാവിയിൽ 'ഫെയ്സ്‌ലിഫ്റ്റ്' ചെയ്യുന്ന കാര്യം താൻ തള്ളിക്കളയുന്നില്ലെന്നും, അതിൽ തനിക്ക് യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേർത്തു. "വിശ്വസിക്കൂ, ഭാവിയിൽ ഞാനത് തീർച്ചയായും ചെയ്യും," ജെന്നിഫർ പറഞ്ഞു.

2019 ഒക്ടോബറിലായിരുന്നു ആർട്ട് ഗാലറി ഉടമയായ കൂക്ക് മറോണിയുമായി ജെന്നിഫറിന്റെ വിവാഹം. മൂന്ന് വയസ്സുകാരൻ സൈ ഉൾപ്പെടെ രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്. അമ്മയായതോടെ തന്റെ സിനിമാ ജീവിതത്തിലെ മുൻഗണനകൾ മാറിയതായി താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു കുഞ്ഞിന്റെ അമ്മയായതിനുശേഷം കൂടുതൽ ശ്രദ്ധയോടെയാണ് താൻ സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതെന്ന് 'ഓസ്കാർ' പുരസ്കാര ജേതാവു കൂടിയായ ജെന്നിഫർ ലോറൻസ് പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi