വാക്കിനുപകരം നോക്കും വാക്യത്തിന് പകരം ചുവടും; അതാണ് നൃത്തത്തിന്റെ മൊഴി. ആത്മാവിഷ്‌കാരത്തിന് നൃത്തത്തില്‍ പുതുവഴികള്‍ തീര്‍ക്കുകയാണ് പ്രിയാ മനോജ്. അബുദാബിയിലെ ഭരതാഞ്ജലി നൃത്തവിദ്യാലയത്തിന്റെ അമരക്കാരിയായ പ്രിയ, കാലാതീതമായ കലയില്‍ തന്റേതായ ഇടമൊരുക്കുകയാണ്. കൃഷ്ണഭാവങ്ങളെ ആധാരമാക്കിയ 'നവരസമായന്‍', കുമാരസംഭവത്തിലെ കഥാസന്ദര്‍ഭങ്ങളിലൂന്നിയ 'ഷണ്മുഖോദയം', കൃഷ്ണ -ദ്രൗപദി സൗഹൃദത്തെ ആവിഷ്‌കരിക്കുന്ന 'കൃഷ്ണ', ഗോപികമാര്‍ക്കൊപ്പമുള്ള കൃഷ്ണരംഗങ്ങള്‍ക്ക് ജീവനേകുന്ന 'കൃഷ്ണപഞ്ചകം' എന്നിങ്ങനെ നിരവധി നൃത്തശില്പങ്ങള്‍ ചിട്ടപ്പെടുത്തി. അബ്ദുല്‍ കലാം സ്മൃതി പുരസ്‌കാരം, നൃത്തചൂഡാമണി പുരസ്‌കാരം എന്നിവ പ്രിയയുടെ നൃത്തസമര്‍പ്പണത്തിന് കിട്ടിയ അംഗീകാരങ്ങളാണ്.

നൃത്തത്തിലേക്കെത്തിയതെങ്ങനെ? 

കുട്ടിക്കാലം അമ്മയുടെ നാടായ മണ്ണാര്‍ക്കാടും അച്ഛന്റെ സ്ഥലമായ തവനൂരുമാണ് ചെലവഴിച്ചത്. നാടന്‍ കലകളും ആദിവാസി നൃത്തരൂപങ്ങളും അനുഷ്ഠാന കലകളും കുഞ്ഞുന്നാളിലേ മനസ്സില്‍ പതിഞ്ഞിരുന്നു. ബാലെ, നാടകം, കഥകളി, നൃത്തനൃത്ത്യങ്ങള്‍, ചാക്യാര്‍ക്കൂത്ത്, തുള്ളല്‍ എന്നീ കലാരൂപങ്ങള്‍ ചെറുപ്പത്തില്‍ ധാരാളമായി കണ്ടിട്ടുണ്ട്. ഓണക്കാലത്തെ പുള്ളുവപ്പാട്ടുകളും പാണനാരുടെ ചീവോതിപ്പാട്ടുകളും ക്ഷേത്രങ്ങളിലെ പാനകളിയും ഓണദിവസങ്ങളില്‍ സ്ത്രീകള്‍ കൂട്ടായി നടത്തുന്ന കൈകൊട്ടിക്കളിയും ഉത്സവപ്പറമ്പിലെ നൃത്തവേദികളും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. 

വീടിനടുത്തുള്ള സ്‌കൂള്‍ മൈതാനമാണ് ഗ്രാമത്തിലെ മിക്ക പരിപാടികള്‍ക്കും വേദിയായിരുന്നത്. കലാകാരന്‍മാര്‍ തങ്ങിയിരുന്നത് എന്റെ വീട്ടിലായിരുന്നു. കലാകാരന്മാരോടുള്ള ആദരവും കലയോടുള്ള ആരാധനയും അവിടെ തുടങ്ങുന്നു. അച്ഛന്‍ നാടകവേദികളില്‍ സജീവമായിരുന്നു. നല്ല നടനായിരുന്നു അദ്ദേഹം. സ്‌കൂള്‍ വാര്‍ഷികത്തിന്റെ നൃത്തവേദിയില്‍ ആദ്യം തഴയപ്പെട്ടെങ്കിലും പിന്നീട് തിരഞ്ഞെടുക്കപ്പെട്ടതും വൈകാതെ സുരേന്ദ്രന്‍മാഷിന്റെ ശിഷ്യയായതും നിയോഗമാകാം. അവിടന്നങ്ങോട്ട് സ്‌കൂള്‍ കലോത്സവങ്ങളില്‍ തുടരെ വിജയിയായി. നൃത്തമാണ് എന്റെ വഴിയെന്ന് മനസ്സിലുറപ്പിച്ചു. 

നൃത്തം ഒരിക്കലും പഠിച്ചുതീരില്ല. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കലാക്ഷേത്ര ഹരിപദ്മന്‍ സാറാണ് ഭരതനാട്യം ഗുരു. കലാമണ്ഡലം ക്ഷേമാവതി ടീച്ചറും കലാമണ്ഡലം സുഗന്ധി ടീച്ചറും കലാമണ്ഡലം ഗണേശന്‍ മാഷും മോഹിനിയാട്ടം ഗുരുക്കന്മാര്‍. ഭരതനാട്യത്തിന്റെ വിവിധ പാഠങ്ങള്‍ പല ഗുരുക്കന്മാരില്‍ നിന്നും അഭ്യസിക്കുന്നു. നട്ടുവന കെ.എസ്.ബാലകൃഷ്ണയില്‍ നിന്ന് നട്ടുവാംഗവും പഠിച്ചുകൊണ്ടിരിക്കുന്നു.

കുടുംബത്തിന്റെ പ്രോത്സാഹനം

സിദ്ധിയും സാധനയുമാണ് കലയെ വളര്‍ത്തുന്നത്. ക്ലേശകരവും ആനന്ദകരവുമായിരുന്നു എന്റെ നൃത്തയാത്ര. കലയോടുള്ള അടങ്ങാത്ത പ്രണയം, പ്രഗല്ഭരായ ഗുരുക്കന്മാരുടെ അനുഗ്രഹം, വായന, തേടിയെത്തിയ അവസരങ്ങള്‍, പരിശീലനം എന്നിവയ്‌ക്കൊപ്പം വീട്ടില്‍നിന്നും വിദ്യാലയത്തില്‍നിന്നും കിട്ടിയ പ്രോത്സാഹനം ഇവയൊക്കെയും വഴികാട്ടി. 
കലാസപര്യയ്ക്ക് കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരൂ. അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും ആവോളം പ്രോത്സാഹിപ്പിച്ചു. ഭര്‍ത്താവ് മനോജും മകന്‍ മഹേഷും കൂടെയുണ്ട്.  നൃത്തപഠനവും നൃത്തക്ലാസും ഒന്നിച്ചുകൊണ്ടുപോകുകയാണ് ഞാന്‍.

2001-ല്‍ വിവാഹശേഷം പ്രവാസജീവിതം ആരംഭിച്ചു. അബുദാബിയില്‍ മലയാള അധ്യാപികയായി. ഒരിക്കല്‍ മലയാളി സമാജം അവരുടെ പരിപാടിക്ക് തിരുവാതിരക്കളി പഠിപ്പിക്കാന്‍ എന്നെ നിയോഗിച്ചു. അങ്ങനെയാണ് നൃത്താധ്യാപനത്തിലേക്ക് വരുന്നത്. അന്നുവരെ പ്രൊഫഷണലായി നൃത്തത്തിന്റെ സാധ്യതകളെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. 
 പതിയെ വീട്ടില്‍ കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. 2005 ആയപ്പോഴാണ് നൃത്തവിദ്യാലയം എന്ന ആശയം സാക്ഷാത്കരിക്കപ്പെട്ടത്. കേരള സോഷ്യല്‍ സെന്ററിന്റെ സഹായത്തോടെയാണ് മുന്നോട്ടുപോയത്. 'ഭരതാഞ്ജലി' എന്നാണ് നൃത്തവിദ്യാലയത്തിന്റെ പേര്. 

പതിനാറുവര്‍ഷം മലയാള അധ്യാപികയായിരുന്നു ഞാന്‍. ആ പരിചയം എന്നെ നൃത്താധ്യാപിക എന്ന നിലയിലും പരുവപ്പെടുത്തി. കൃത്യമായ സിലബസ് ചിട്ടപ്പെടുത്താനും മൂല്യനിര്‍ണയത്തിനുള്ള വഴികള്‍ കണ്ടെത്താനും സഹായിച്ചു. 

താളം, അഭിനയം എന്നീ വിഷയങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകൾ നടത്താറുണ്ട്. വിദഗ്ധരായ പ്രതിഭകളെ അതിനായി നാട്ടില്‍നിന്ന് ക്ഷണിച്ചുവരുത്താറുണ്ട്. രണ്ടുവര്‍ഷം കൂടുമ്പേള്‍ 'പ്രയുക്തി' എന്ന പേരില്‍ വാര്‍ഷിക പരിപാടികള്‍ നടത്തും. പേരുകേട്ട നര്‍ത്തകര്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് മുന്നിലെത്തും. അധ്യാപിക എന്ന നിലയില്‍ നൃത്തത്തിന്റെ പുതുമകള്‍ തേടാനും അത് കുട്ടികളുമായി പങ്കുവയ്ക്കാനും ശ്രമിക്കാറുണ്ട്. മൂകാംബിക, ഗുരുവായൂര്‍, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ കുട്ടികളുടെ അരങ്ങേറ്റം നടത്തും. ആറുവര്‍ഷത്തെ പഠനത്തിനുശേഷമാണ് അരങ്ങേറ്റമൊരുക്കാറ്.
സമഗ്ര വ്യക്തിത്വ വികസനം നൃത്തത്തിലൂടെ എന്ന കാഴ്ചപ്പാടിലൂടെയാണ് നൃത്തം അഭ്യസിപ്പിക്കുന്നത്. നൃത്തപഠനം കുട്ടികളെ മാനസികവും ശാരീരികവും വൈകാരികവുമായി വികാസത്തിലേക്കെത്തിക്കുന്നു. കല മനസ്സിന്റെ വാതിലുകളെ പരസ്പര സ്‌നേഹത്തിന്റെ തുറസ്സുകളിലേക്ക് തുറന്നിടും. 

നൃത്തസംഘത്തെപ്പറ്റി...

'കലാക്ഷേത്ര'യിലെ ചില അധ്യാപകര്‍ എനിക്കൊപ്പം 'ഭരതാഞ്ജലി'യില്‍ ഭരതനാട്യം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മോഹിനിയാട്ടം ഞാന്‍ തന്നെയാണ് അഭ്യസിപ്പിക്കുന്നത്. കലാക്ഷേത്ര ആര്യാ സുനില്‍, കലാക്ഷേത്ര കാര്‍ത്തിക നാരായണന്‍, കലാക്ഷേത്ര ശ്വേത എന്നിവര്‍ 'ഭരതാഞ്ജലി'യുടെ നെടുംതൂണുകളാണ്. എന്റെ ഗുരുക്കന്മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തരാറുണ്ട്. വാദ്യസംഘത്തില്‍ പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വര്‍ഷങ്ങളുടെ പരിചയമുള്ള പ്രതിഭകള്‍വരെ ഉള്‍പ്പെടുന്നു. ഏറ്റവും നല്ല റോള്‍മോഡലുകളെത്തന്നെ വിദ്യാര്‍ഥികള്‍ക്ക് കിട്ടണമെന്ന നിര്‍ബന്ധത്തോടെ എല്ലാ മേഖലയിലും തിളങ്ങിനില്‍ക്കുന്നവരെ 'ഭരതാഞ്ജലി'യില്‍ എത്തിക്കാറുണ്ട്.

കൊറോണക്കാലം സൃഷ്ടിച്ച പ്രതിസന്ധികള്‍? അതിനെ അതിജീവിച്ചതെങ്ങനെ?

കലാകാരന്മാരെ മാത്രമല്ല പൊതുമണ്ഡലത്തെയാകെ കൊറോണ പിടിച്ചുലച്ചു. കൊറോണയ്ക്ക് തൊട്ടുമുന്‍പ് ഞാന്‍ പുതിയൊരു നൃത്തവിദ്യാലയം തുടങ്ങിയിരുന്നു. ഒന്നരക്കൊല്ലത്തോളം സ്ഥാപനം അടച്ചിടേണ്ടിവന്നു. ഓണ്‍ലൈന്‍ പഠനമാണ് തുണയ്‌ക്കെത്തിയത്. അന്നേവരെ ഓണ്‍ലൈന്‍ നൃത്തപഠനത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പക്ഷേ, കൊറോണക്കാലത്ത് വേറെന്തുചെയ്യാന്‍. കുട്ടികളുടെ പഠനം മുടക്കാതെ ഓണ്‍ലൈന്‍ മാര്‍ഗം മുന്നോട്ടുപോയി. 'നാട്യമണ്ഡപം' എന്നൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയതും അക്കാലത്താണ്. ചാനലിലൂടെ കുട്ടികള്‍ക്ക് കൊറിയോഗ്രാഫി ചെയ്യാന്‍ അവസരമൊരുക്കി. അവരെ നൃത്തവുമായി നിരന്തരം അടുപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയായിരുന്നു അത്. ഓണ്‍ലൈന്‍ പരിപാടികളും ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു
കൊറോണക്കാലത്തെ പ്രതിസന്ധികളെ ആധാരമാക്കി 'ഹൃദയപുഷ്പാഞ്ജലി' എന്നൊരു നൃത്തശില്പം തയ്യാറാക്കി. കൊറോണയുടെ കുരുക്കില്‍നിന്ന് കരകയറ്റിയ ആരോഗ്യപ്രവര്‍ത്തകര്‍, നിയമപാലകര്‍, ഭരണാധികാരികള്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് നൃത്തഭാഷയില്‍ നന്ദി പറയുകയായിരുന്നു ലക്ഷ്യം. ഇതുള്‍പ്പെടെ മൂന്ന് മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ എഴുതി തയ്യാറാക്കിയിട്ടുണ്ട്.

ഇതിഹാസം നൃത്തത്തിലേക്ക് പകര്‍ത്താനുള്ള ശ്രമം എളുപ്പമായിരുന്നോ?

കുട്ടിക്കാലത്ത് കേട്ടതും കലകളിലൂടെ കണ്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ പുരാണകഥകള്‍ എന്റെയുള്ളില്‍ നിറംമങ്ങാതെ കത്തുന്നുണ്ട്. വായനാവഴിയിലൂടെ കൂടുതല്‍ മുന്നോട്ടുനടന്നപ്പോള്‍ ഇതിഹാസകഥാപാത്രങ്ങളുടെ ഉള്ളറകളിലേക്ക് കടക്കണമെന്ന് ആഗ്രഹം തോന്നി. പുനര്‍വായനകളുടെ പുതുതലങ്ങള്‍ കാട്ടിത്തന്ന ഭാഷാപഠനവും അതിന് പ്രോത്സാഹനമായി. എന്തുകൊണ്ട് ഒരു നൃത്തവായന നടത്തിക്കൂടാ എന്ന ചിന്ത വന്നു. ഇതിഹാസവായനാനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള മാധ്യമമായി, എനിക്ക് നൃത്തം. കൃഷ്ണന്റെ ഒന്‍പത് ഭാവങ്ങളിലൂടെ കടന്നുപോകുന്ന നവരസമായന്‍ ആയിരുന്നു ആദ്യ പരിശ്രമം. നവരസമായന്‍, രാമായണത്തെ ആസ്പദമാക്കിയ രാമസംയതി, കാര്‍ത്തികേയകഥ പറയുന്ന ഷണ്‍മുഖോദയം എന്നിവ മൂന്നും ഭാരതനാട്യത്തിലാണ് ചിട്ടപ്പെടുത്തിയത്. കൃഷ്ണ, കൃഷ്ണപഞ്ചകം, നാരായണീയം എന്നിങ്ങനെ മോഹിനിയാട്ടവും ഭരതനാട്യവും കലര്‍ത്തിയുള്ള പരീക്ഷണങ്ങളും നടത്തി. 

ഇതിഹാസത്തെ നൃത്തത്തില്‍ പുനരാവിഷ്‌കരിക്കുക കഠിനമാണ്. ഗാംഭീര്യം ചോരാതെ നോക്കുകതന്നെയാണ് പ്രധാന വെല്ലുവിളി. കഠിനാധ്വാനം മാത്രമാണ് ശരണം. പത്തുവര്‍ഷമെങ്കിലും നൃത്തപരിചയമുള്ള കുട്ടികള്‍ക്കേ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് വേദിയില്‍ നിറയാന്‍ കഴിയൂ.

പാഷനും പ്രൊഫഷനും ഒന്നായതിന്റെ, സ്വന്തം ഇഷ്ടത്തെ വരുമാനമാക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തെപ്പറ്റി...

നൃത്തത്തിലേക്ക് വരുമ്പോള്‍ വരുമാനത്തെപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല. നൃത്തം എനിക്കെന്നും ആഗ്രഹവും ആരാധനയുമായിരുന്നു. വേദികളിലേക്കുള്ള യാത്രകള്‍ ആവേശമായിരുന്നു. നൃത്തവേദികള്‍ അന്വേഷിച്ചുനടന്ന കാലമുണ്ട്. അക്കാലത്ത് സാമ്പത്തിക ഞെരുക്കം അനുഭവിച്ചിട്ടുണ്ട്. കുടുംബം മാത്രമേ അന്ന് തുണയ്ക്കുണ്ടായിരുന്നുള്ളൂ. നൃത്തവിദ്യാലയത്തില്‍ കൂടുതല്‍ കുട്ടികള്‍ എത്തിത്തുടങ്ങിയപ്പോള്‍ മുഴുവന്‍ സമയവും കലയ്ക്ക് നല്‍കാന്‍ 2016-ല്‍ ജോലി രാജിവെച്ചു.

നൃത്തംതന്നെ മതി മുന്നോട്ട് എന്ന തീരുമാനം ധൈര്യപൂര്‍വം കൈക്കൊണ്ടു. അതില്‍ പശ്ചാത്തപിക്കേണ്ടിവന്നില്ല. രണ്ട് നൃത്തവിദ്യാലയങ്ങള്‍ അബുദാബിയില്‍തന്നെ തുടങ്ങാനായി. നൃത്തത്തിലെ പുതുമകള്‍ക്കായി മുടക്കാനുള്ള മുതല്‍ അതില്‍നിന്ന് കിട്ടുന്നുണ്ട്.  നര്‍ത്തകി എന്ന നിലയില്‍ നൃത്താവിഷ്‌കാരത്തിന് ഇനിയും വേദികള്‍ കൊതിക്കുന്നു. 

എത്ര കല്ലും മുള്ളും കൊണ്ടാലും ഇഷ്ടത്തിന്റെ വഴിയില്‍നിന്ന് മാറിനടക്കരുത്. ആത്മധൈര്യത്തോടെ മുന്നേറുക. ജീവിതത്തില്‍ സംതൃപ്തി കൈവരും. അതാണ് ജീവിതം എന്നെ പഠിപ്പിച്ചത്.