തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ ഒരു കൊച്ചുരാജ്യമാണ് മലാവി. വെള്ളവും വെളിച്ചവും വിദ്യാഭ്യാസവും നേരാംവണ്ണം അനുഭവിക്കാന്‍ കഴിയാത്ത കുറേ മനുഷ്യര്‍ ഈ നൂറ്റാണ്ടിലും അവിടുത്തെ ഗ്രാമങ്ങളില്‍ ജീവിക്കുന്നു. അങ്ങനെയൊരു ഗ്രാമമാണ് ചിസസില. കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന ആ ജനതയെ പുരോഗതിയിലേക്ക് നയിക്കാനുള്ള പരിശ്രമത്തിലാണ് അരുണ്‍-സുമി ദമ്പതികള്‍. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടായിരുന്നു ഫെബ്രുവരിയില്‍ പണികഴിപ്പിച്ച ഗ്രാമത്തിലെ സ്‌കൂള്‍. രണ്ടുവര്‍ഷം മുമ്പ് ഗ്രാമത്തിലൂടെയുള്ള യാത്രയ്ക്കിടയിലാണ് ഏതുനിമിഷവും നിലംപൊത്താവുന്ന, ചോര്‍ന്നൊലിക്കുന്ന കെട്ടിടം അരുണിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആ കെട്ടിടം സ്‌കൂള്‍ ആണെന്ന് മനസ്സിലായത്. മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയായ അരുണിന്റെ മനസ്സിനെ ആ കാഴ്ച വല്ലാതെ നൊമ്പരപ്പെടുത്തി.

To advertise here,

കേരളത്തിലെ സ്‌കൂളുകള്‍ വര്‍ഷംതോറും ഹൈടെക് ആയി രൂപംമാറുമ്പോള്‍ ലോകത്തിന്റെ ഒരു കോണില്‍ ഇങ്ങനെയും സ്‌കൂള്‍ ഉണ്ടെന്ന അറിവ് അരുണിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കുട്ടികള്‍ക്ക് മഴ നനയാതെ സുഖമായി ഇരിക്കാന്‍ കഴിയുന്ന ഒരു സ്‌കൂള്‍ നിര്‍മിക്കണം! ആ സ്വപ്‌നത്തിനുപുറകെയായി പിന്നീട് അരുണ്‍. അരുണിന്റെ സ്വപ്‌നം സഫലമാക്കാന്‍ സുമിയും കൂട്ടുകാരും ഒപ്പംകൂടി. എല്ലാ പ്രതിസന്ധികളും അതിജീവിച്ച്, ഒന്നര വര്‍ഷം നീണ്ട പ്രയത്‌നത്തിനൊടുവില്‍ ചിസസില ഗ്രാമത്തില്‍ ആ മലയാളി സ്‌കൂള്‍ യാഥാര്‍ഥ്യമായി. ആ സന്തോഷത്തില്‍ മാത്രം അവര്‍ തൃപ്തരായില്ല. ഗ്രാമത്തിലെ മനുഷ്യരെ സ്വയംപര്യാപ്തരാക്കുക, അവരെ പുരോഗതിയിലേക്ക് നയിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് അരുണും സുമിയും മുന്നോട്ടുപോകുന്നത്. ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച് ഈ യുവദമ്പതികള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുനല്‍കി സംതൃപ്തികൊള്ളുകയാണ്. 

ഗ്രാമത്തിലെ ആദ്യകാഴ്ചകള്‍

അരുണ്‍ : 2019ല്‍ ആണ് ഞാന്‍ മലാവിയിലെത്തുന്നത്. എന്റെ സഹോദരന്‍ ഇവിടെയാണ് ജോലി ചെയ്യുന്നത്. കൂടാതെ അമ്മാവനും കുടുംബവും 15 വര്‍ഷമായി മലാവിയില്‍ ഉണ്ട്. ആദ്യം ഞാന്‍ ഒരു ട്രേഡിങ് കമ്പനിയില്‍ വെയര്‍ഹൗസ് മാനേജരായിരുന്നു. രണ്ടുവര്‍ഷം അവിടെ ജോലി ചെയ്തശേഷം ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിക്കുകേറി. മലാവിയിലെ പ്രധാന നിര്‍മാണ കമ്പനികളിലൊന്നാണ് അത്. ഒരു കോഴിക്കോടുകാരന്റെ ഉടമസ്ഥതയിലാണ് ആ കമ്പനി.

ഒരു ഡാമിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഞാന്‍ ചിസസില ഗ്രാമത്തിലെത്തുന്നത്. 2021ലെ മഴക്കാലത്ത്. ഗ്രാമവഴികളിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കുറച്ചു കുട്ടികള്‍ മഴനനഞ്ഞ് ഓടുന്ന കാഴ്ചയാണ് ഞാന്‍ ആദ്യം കാണുന്നത്. കുറച്ചുകൂടി മുന്നോട്ട് പോയപ്പോള്‍ പുല്ലുമേഞ്ഞ, ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടം കണ്ടത്. സംഭവമെന്തെന്ന് ഡ്രൈവറോട് തിരക്കിയപ്പോഴാണ് അതൊരു പ്രൈമറി സ്‌കൂളാണെന്ന് അറിയുന്നത്. ചുറ്റിലും കുട്ടികള്‍ കൂടിനില്‍ക്കുന്നുണ്ട്. സ്ഥലക്കുറവ് കാരണം രണ്ട് ക്ലാസുകളിലെ കുട്ടികള്‍ മരച്ചുവട്ടിലിരുന്നാണ് പഠിക്കുന്നത്. മഴ വന്നാല്‍ കുട്ടികളെല്ലാം വീടുകളിലേക്ക് പോകും.

മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച കാഴ്ചയായിരുന്നു അത്. സ്‌കൂളിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നായി എന്റെ ചിന്ത. ഞങ്ങളുടെ കമ്പനിയില്‍ മജാവോ എന്നൊരു പയ്യനുണ്ടായിരുന്നു. അവധിദിവസങ്ങളില്‍ അവനെയുംകൂട്ടി ഞാന്‍ ഗ്രാമത്തിലേക്കിറങ്ങും. പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ച കാര്യം ഞാന്‍ ആദ്യം പറയുന്നത് മജാവോടായിരുന്നു. ഞാന്‍ ഈ നാട്ടിലാണ് ജീവിക്കുന്നത്, ഇവിടെ ജോലി ചെയ്തുണ്ടാക്കുന്ന പൈസയാണ് നാട്ടിലേക്ക് അയക്കുന്നത്. അതിന്റെ ഒരംശമെങ്കിലും ഇവിടെയുള്ളവര്‍ക്കുവേണ്ടി ചെലവഴിക്കുക എന്റെ ഉത്തരവാദിത്തമാണെന്ന് തോന്നി. 

സുമി : സ്‌കൂള്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ് ഞാന്‍ മലാവിയിലെത്തുന്നത്. നീണ്ടുകിടക്കുന്ന റോഡ്, തടസങ്ങളില്ലാത്ത വിശാലമായ ആകാശം, ഉയരം കുറഞ്ഞ മരങ്ങള്‍... മലാവിയില്‍ എന്നെ ആദ്യം ആകര്‍ഷിച്ച കാഴ്ചകള്‍ ഇതെല്ലാമായിരുന്നു. ചിസസില ഗ്രാമത്തിലെ കാഴ്ചകള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. പുല്ലുമേഞ്ഞ, മണ്ണുതേച്ച ചുമരുകളുള്ള വീടുകളാണ് ഭൂരിഭാഗവും. ആദ്യമൊന്നും പുറത്തിറങ്ങി സ്ഥലങ്ങള്‍ കാണുകയുണ്ടായില്ല. പിന്നെ അരുണേട്ടന്റെ കൂടെ ഗ്രാമത്തിലേക്ക് എത്തിയപ്പോഴാണ് ഇവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാകുന്നത്. ജോലിക്കാര്‍ കുറവായ സമയങ്ങളില്‍ സ്‌കൂളിന്റെ അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കാന്‍ അരുണേട്ടനൊപ്പം കൂടി. ഇവിടുത്തെ കുട്ടികളുമായും സ്ത്രീകളുമായും അടുത്തിടപഴകുന്നത് അപ്പോഴാണ്.  

മറക്കാനാകില്ല, സന്തോഷം നിറഞ്ഞ ആ മുഖങ്ങളെ

അരുണ്‍ : ശമ്പളത്തില്‍നിന്ന് ഒരു തുക കെട്ടിടത്തിന്റെ പണിക്കായി നീക്കിവെക്കാമെന്ന് തീരുമാനിച്ചാണ് മുന്നോട്ടുപോയത്. ഒരു ഞായറാഴ്ച ദിവസം സ്‌കൂളിന്റെ അടുത്ത് താമസിക്കുന്ന ആളുകളെയെല്ലാം വിളിച്ച് സ്‌കൂള്‍ നിര്‍മിക്കാന്‍ തീരുമാനിച്ച കാര്യം പറഞ്ഞു. സ്‌കൂള്‍ നിര്‍മാണത്തിന്റെ ആദ്യപടിയായി മണ്‍കട്ടങ്ങള്‍ നിര്‍മിക്കാമോ എന്ന് അവരോട് ചോദിച്ചു. അതവര്‍ സന്തോഷത്തോടെ സമ്മതിച്ചു.

ഒരാഴ്ച അവര്‍ക്ക് സമയം കൊടുത്തു. ആ സമയംകൊണ്ട് അവര്‍ 40000 മണ്‍കട്ടകള്‍ നിര്‍മിച്ചു. അതുകണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. തുടര്‍ന്ന് തറ കെട്ടാനുള്ള പണി തുടങ്ങി. ഒരുദിവസം തൂമ്പയുമായി ഞാനും മണ്ണിലേക്കിറങ്ങി. അവരുടെ മുഖത്ത് അതിശയം. അവരെ സംബന്ധിച്ച് ഞാന്‍ ആജ്ഞാപിക്കുന്ന ആളും അവര്‍ അതെല്ലാം അനുസരിക്കുന്നവരും എന്ന ചിന്തയായിരുന്നു. ഇവരുടെ മറ്റൊരു പ്രത്യേകത, അവര്‍ നന്നായി അധ്വാനിക്കുന്നവരാണ്. കുട്ടികള്‍ അവര്‍ക്ക് പറ്റുന്ന രീതിയില്‍ കട്ടകള്‍ എടുത്ത് സഹായിച്ചു. സ്ത്രീകള്‍ ദൂരസ്ഥലങ്ങളില്‍നിന്ന് വെള്ളം എത്തിച്ചു. 

placeholder
സ്‌കൂളിന്റെ ഉദ്ഘാടനം

സ്‌കൂളിന്റെ പണി പുരോഗമിക്കവെ എനിക്കൊരു തോന്നല്‍, കുറച്ചുകൂടി സൗകര്യങ്ങളോടെ ചെയ്താലെന്തെന്ന്. നാല് ക്ലാസ്‌റൂമും വരാന്തയുമൊക്കെയുള്ള സ്‌കൂളായി മാറ്റണമെന്ന ആഗ്രഹമുണ്ടായി.  അങ്ങനെ ഞാന്‍ ദുബായിലുള്ള സുഹൃത്ത് ആഷിഫിനെ വിളിച്ചു. സ്‌കൂളിന്റെ പണി തുടങ്ങിയതുമുതല്‍ അവന്‍ പിന്തുണയുമായി കൂടെയുണ്ട്. ഓരോ ഘട്ടത്തിലും അവന്‍ നല്‍കിയ സഹായങ്ങളാണ് മുന്നോട്ടുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമായത്. ഇതേസമയം നാട്ടില്‍ വീടിന്റെ പണി നടക്കുന്നുണ്ടായിരുന്നു. രണ്ടും ഒരേസമയം പൂര്‍ത്തിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.അന്നേരത്താണ് ഇവിടെ സാധനങ്ങള്‍ക്കെല്ലാം വില കൂടിയത്.  ഇവിടെ കൂടുതല്‍ സാധനങ്ങളും ഇറക്കുമതി ചെയ്യുകയാണ്. സ്‌കൂള്‍ നിര്‍മാണത്തിനാവശ്യമായി സാധനങ്ങളുടെയെല്ലാം വില ഭയങ്കരമായി കൂടി.

സൗകര്യങ്ങളൊന്നും കുറയ്ക്കാതെ എന്നാല്‍ കുറഞ്ഞ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ചിന്തയോടെ ഓഫീസിലെ കെന്നത്ത് എന്ന സുഹൃത്തിനെ സമീപിച്ചു. കൊല്ലം സ്വദേശിയാണ് കെന്നത്ത്. ഞങ്ങളുടെ ആശയത്തില്‍ തല്‍പരനായ കെന്നത്ത് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തുതന്നു. അത്യാവശ്യഘട്ടങ്ങളില്‍ ആഷിഫ് പൈസ അയച്ചുതന്നു. അങ്ങനെ ഒന്നര വര്‍ഷമെടുത്ത് സ്‌കൂളിന്റെ പണികളെല്ലാം പൂര്‍ത്തിയായി. 2023 ഫെബ്രുവരി 19ന് സ്‌കൂളിന്റെ ഉദ്ഘാടനം നടന്നു. അതിനിടയില്‍ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ കല്യാണസമ്മാനമായി വലിയൊരു തുക നല്‍കിയതും മറക്കാന്‍ പറ്റാത്തതാണ്. 

സുമി എത്തിയത് വലിയ സഹായമായിരുന്നു. നാട്ടുകാര്‍ ഇല്ലാത്തപ്പോള്‍ വെള്ളം എടുത്തുകൊണ്ടുവരാനൊക്കെ സുമിയും കൂടും. ഡിസംബറില്‍ ക്രിസ്തുമസിന് 15 ദിവസം അവധി കിട്ടി. ആ ദിവസങ്ങളിലെല്ലാം ഞങ്ങള്‍ സ്‌കൂളിന്റെ പണികളെല്ലാം പരമാവധി പൂര്‍ത്തിയാക്കി. ഗ്രാമത്തിലെ ഭൂരിഭാഗം പേരും ബന്ധുക്കളുടെ വീടുകളിലേക്ക് വിരുന്നുപോയ സമയമായിരുന്നു. സ്‌കൂളിന് ഞങ്ങള്‍തന്നെ പെയിന്റടിച്ചു. സ്‌കൂളിനെ ഏതെല്ലാം വിധത്തില്‍ ഭംഗിയാക്കാമെന്നായിരുന്നു പിന്നീടുള്ള ചിന്ത. അങ്ങനെ സ്‌കൂള്‍മുറ്റത്ത് പൂന്തോട്ടമൊരുക്കി, ഇരിക്കാന്‍ ബെഞ്ചുകളുണ്ടാക്കി, ചുമരില്‍ ചിത്രങ്ങള്‍ വരച്ചു... കുറഞ്ഞ സമയത്തിനുള്ളില്‍ സ്‌കൂളിനെ ഭംഗിയാക്കിയെടുത്തു. ഗ്രാമവാസികള്‍ തിരിച്ചുവന്നപ്പോള്‍ സ്‌കൂള്‍ കണ്ട് അത്ഭുതപ്പെട്ടുനിന്നത് മറക്കാന്‍ കഴിയില്ല. അവരുടെ മുഖം എന്റെ മനസ്സ് നിറച്ചു. വരുംമാസങ്ങളില്‍ കുട്ടികള്‍ക്കായി യൂണിഫോം, ഷൂസ് അടക്കമുള്ളവയും വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക്

സുമി : ഇവിടുത്തെ സ്ത്രീകളുടെ ജീവിതമാണ് എന്നെ ഏറ്റവും സ്വാധീനിച്ചത്. നമ്മുടെ നാട്ടിലെ സ്ത്രീകളേക്കാള്‍ സ്വതന്ത്രരാണ് ഇവര്‍. വീടിനുള്ളില്‍ മാത്രം കഴിഞ്ഞുകൂടുന്നവരല്ല ഈ ഗ്രാമത്തിലെ സ്ത്രീകള്‍. സ്വയം തീരുമാനമെടുക്കാനുള്ള കഴിവും ധൈര്യവും അവര്‍ക്കുണ്ട്. ഭര്‍ത്താവിന്റെ സമ്മതം കാത്ത് നില്‍ക്കുന്നവരൊന്നുമല്ല. ഇവരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഇംഗ്ലീഷ് വാക്കുകള്‍ ചിലതൊക്കെ ഇവര്‍ക്കറിയാം. തുടക്കത്തില്‍ ഇംഗ്ലീഷ് പറഞ്ഞ് പിടിച്ചുനിന്നു. ഒട്ടും മനസ്സിലാകാത്ത സന്ദര്‍ഭങ്ങളില്‍ കൈകൊണ്ട് ചില ആംഗ്യങ്ങള്‍ കാണിക്കും. നിരന്തരം ഇടപഴകി ഇപ്പോള്‍ ഞാനും ഇവരുടെ ഭാഷ കുറച്ചൊക്കെ പഠിച്ചു. 

പിന്നെ ഇവിടുത്തെ ഭക്ഷണങ്ങളും വളരെ വ്യത്യസ്തരീതിയിലാണ് തയ്യാറാക്കുന്നത്. കുറുക്കിന്റെ രൂപത്തിലുള്ള ഭക്ഷണങ്ങളാണ് അധികവും. കപ്പപ്പൊടിയൊക്കെയാണ് ഇവര്‍ കഴിക്കുന്നത്. നമ്മുടെ നാട്ടിലെ ഭക്ഷണം ഇവര്‍ക്ക് പരിചയപ്പെടുത്തിയാലോയെന്ന് ആലോചിക്കുന്നത് അന്നേരമാണ്. അങ്ങനെ പുട്ട്, ഉപ്പുമാവ്, ദോശ, സാമ്പാര്‍ തുടങ്ങി ഒരുപാട് വിഭവങ്ങള്‍ ഞങ്ങളുണ്ടാക്കിക്കൊടുത്തു. തുടക്കത്തില്‍ ഈ ഭക്ഷണങ്ങളോട് അവര്‍ക്ക് പൊരുത്തപ്പെടാനായില്ല. പിന്നീട് അവര്‍ എല്ലാം ഇഷ്ടപ്പെട്ടുതുടങ്ങി. ഇപ്പോള്‍ ഞങ്ങളെ കാണുമ്പോഴേ ഇവര്‍ക്ക് വലിയ സന്തോഷമാണ്.

അടുത്തിടെ ഇവിടെയൊരു വീട്ടില്‍ കുഞ്ഞ് ജനിച്ചപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി. മരങ്ങള്‍ അടുക്കിവെച്ച് മണ്ണുതേച്ചാണ് ഇവിടെ വീടുകള്‍ നിര്‍മിക്കുന്നത്. അതുകണ്ടപ്പോള്‍ അവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചു. ഈ ഗ്രാമത്തില്‍ അരുണേട്ടന്റെ ജോലി പൂര്‍ത്തിയാകാറായി. ഈ ഗ്രാമത്തില്‍ ഞങ്ങള്‍ മൂന്നുമാസം കൂടിയേ ഉണ്ടാകൂ. അതിനുമുമ്പ് വീട് ഉണ്ടാക്കിനല്‍കണമെന്ന് വിചാരിക്കുന്നു. 

അരുണ്‍ : മലാവിയിലെത്തുന്നതിനുമുമ്പ് വരെയും ആഫ്രിക്കക്കാരെപ്പറ്റിയുള്ള ചിന്താഗതി ഇവര്‍ പിടിച്ചുപറിക്കാരാണ്, പുറത്തിറങ്ങാന്‍ പറ്റില്ല എന്നെല്ലാമായിരുന്നു. നേരെ വിപരീതമായ അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. സ്‌നേഹവും കരുതലുമുള്ള മനുഷ്യര്‍ തന്നെയാണവര്‍. മലാവിയിലെ പ്രധാന ഭാഷ ചിച്ചേവയാണ്. പക്ഷേ ഓരോ പ്രദേശത്ത് ചെല്ലുമ്പോഴും ഭാഷ മാറും. ഓരോ ഗ്രാമത്തിനും ഓരോ ഭാഷയാണ്. ഇംഗ്ലീഷ് ചെറിയരീതിയില്‍ അവര്‍ക്കറിയാം. ഓരോ വാക്കുകളായി പറഞ്ഞാലേ അവര്‍ക്ക് മനസ്സിലാകുകയുള്ളൂ. ഞങ്ങളുമായി നിരന്തരം ഇടപഴകി അവരില്‍ പലരും ഇപ്പോള്‍ മലയാളം സംസാരിക്കാനും തുടങ്ങി.

ഇപ്പോള്‍ പലരും ചോദിക്കുന്നത്, ഈ ഗ്രാമത്തെ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്താ, അടുത്ത ഗ്രാമത്തിലേക്ക് പോയിക്കൂടെ എന്നൊക്കെയാണ്. യൂട്യൂബില്‍ വീഡിയോ ഇടുക എന്ന ഉദ്ദേശ്യത്തോടെയല്ല ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. ആ ഗ്രാമത്തെ മുഴുവനായി പതുക്കെ മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്കുള്ളത്. അടുത്തിടെ ഞങ്ങള്‍ ഗ്രാമത്തില്‍ ഒരു പലചരക്കുകട തുറന്നു. ഗ്രാമവാസികള്‍ തന്നെയാണ് കട നോക്കിനടത്തുന്നത്. പലകാര്യങ്ങളിലും അറിവില്ലായ്മയുണ്ട് ഇവിടുത്തെ മനുഷ്യര്‍ക്ക്. അത് മാറ്റിയെടുത്ത് അവരെ സ്വയംപര്യാപ്തരാക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.