ആഗ്രഹിച്ച ജീവിതം ജീവിച്ച്, ആഗ്രഹിച്ചപോലെ മരിച്ച സ്ത്രീയാണ് പ്രശസ്തനർത്തകി പ്രോതിമ ബേദിയെന്ന് മകൾ പൂജ ബേദി. ഈയിടെ ഒരഭിമുഖത്തിലാണ് പൂജ ഇക്കാര്യം തുറന്നുപറഞ്ഞത്.
''50 വയസ്സുപോലും തികയുന്നതിനുമുമ്പാണ് അമ്മ മരിച്ചത്. അതോർക്കുമ്പോൾ ഇപ്പോഴും ദുഃഖം തോന്നും. അമ്മയ്‌ക്കൊപ്പം ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതൊന്നും നടന്നില്ല. പക്ഷേ, സ്വന്തം ഇഷ്ടപ്രകാരം, എല്ലാ സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ കഴിഞ്ഞു അമ്മയ്ക്ക്. ആഗ്രഹിച്ചപോലെ തന്നെ മരിക്കുകയും ചെയ്തു''.
അമ്മ ആഗ്രഹിച്ച മരണം തന്നെയായിരുന്നു അതെന്നും പൂജ വെളിപ്പെടുത്തുന്നു. ''മനോഹരവും രാജകീയവുമായ ജീവിതമാണ് അമ്മ ജീവിച്ചത്. ആ ജീവിതത്തിന്റെ അവസാനം, ഒരു ശ്മശാനത്തിൽ വെറും ചിതാഭസ്മമായിത്തീരാൻ അവർ ഇഷ്ടപ്പെട്ടില്ല. പ്രകൃതിയുമായി ഒന്നാകാനും പ്രകൃതിയിൽ മരിക്കാനുമാണ് അമ്മ ആഗ്രഹിച്ചത്''.
പ്രോതിമ നേരത്തെ തന്നെ മരണം മുൻകൂട്ടി കണ്ടിരുന്നുവെന്നും പൂജ പറയുന്നു. ''അങ്ങോട്ടുപോവുന്നതിന് ദിവസങ്ങൾക്കുമുമ്പ് അമ്മ എന്നെ കാണാൻ വന്നു. വിൽപത്രമെല്ലാം എഴുതിവെച്ചിരുന്നു അപ്പോഴേക്കും. അതും മറ്റ് ചില രേഖകളും അമ്മയുടെ ആഭരണങ്ങളുമെല്ലാം എനിക്ക് കൈമാറി. 'എന്തിനാണിത്ര നാടകീയമായി പെരുമാറുന്നത്?' എന്ന് അമ്മയോട് ഞാൻ ചോദിക്കുകയും ചെയ്തു''.
അതുകഴിഞ്ഞ് പ്രോതിമ നേരെ പോയത് കുളു മണാലിയിലേക്കായിരുന്നു. ''അവിടുന്ന് അമ്മ എനിക്കൊരു കത്തയച്ചു. 12 പേജുള്ളൊരു കത്ത്. അതിൽ അമ്മയുടെ കുട്ടിക്കാലം മുതൽ ബന്ധങ്ങൾ, വിവാഹം, കുട്ടികൾ, നൃത്തയാത്ര...ഇതെല്ലാം വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു. അതിനവസാനം ഇങ്ങനെ എഴുതി, 'ഞാൻ കുളുവിലാണ്. കുളു എന്നാൽ ദൈവങ്ങളുടെ താഴ്വര എന്നാണ് അർത്ഥമാക്കുന്നത്. ഞാൻ സന്തോഷവതിയാണ്. വളരെ വളരെ സന്തോഷവതിയാണ്.' അമ്മയിൽനിന്നുള്ള അവസാനകത്ത്, അവസാന വാക്കുകൾ. പിന്നീട് ഞങ്ങളെ തേടിയെത്തിയത് ആ അപകടവാർത്തയാണ്''.
1998 ഓഗസ്റ്റ് 18-നാണ് മാനസസരോവറിൽനിന്നുള്ള മടക്കയാത്രയ്ക്കിടെ മണ്ണിടിച്ചിലിൽ പെട്ട് പ്രോതിമ മരിക്കുന്നത്. ഹിമാലയൻ ഗ്രാമമായ മാൽപയിലെ ക്യാമ്പിൽ രാത്രി തങ്ങി, അതിരാവിലെ തിരിച്ചുപോകാമെന്നുള്ള ചിന്തയിലായിരുന്നു ആളുകൾ. എന്നാൽ, അതെല്ലാം തകർത്തുകൊണ്ട് അതിരാവിലെ ക്യാമ്പുകൾക്കുമുകളിലേക്ക് ഇരച്ചെത്തിയ മണ്ണും, ചെളിയും, പാറക്കഷണങ്ങളും വീഴുകയായിരുന്നു. ദുരന്തത്തിൽ 300-ലേറെ പേരാണ് മരിച്ചത്. പ്രോതിമയുൾപ്പെടെ പലരെയും ഇന്നും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ മരണസംഖ്യയിലും വ്യക്തതയില്ല.
'ഹിമാലയസാനുക്കളിൽ എന്നെത്തന്നെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പർവതങ്ങൾ എന്നെ മാടിവിളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു...'അവസാനമായുള്ള ഒരഭിമുഖത്തിൽ പ്രോതിമ പറഞ്ഞതിങ്ങനെ. വെറും നാല് മാസങ്ങൾക്കപ്പുറം ആ ഹിമാലയത്തിൽ തന്നെ അവർ അവസാനശ്വാസം വലിച്ചു. പ്രോതിമയുടെ ആഗ്രഹംപോലെ, ഹിമാലയത്തിൽ അവരുടെ ശരീരവും ചേർന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Pooja Bedi reveals her mother, Protima Bedi`s desire for a natural death and how it came true in the Himalayas. Her body was never found
Published: 23 Aug 2025, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented