'റൊമ്പ ദൂരം പോയിട്ടേൻ...' ഗൃഹലക്ഷ്മിയുടെ കവർച്ചിത്രമാകാൻ സ്റ്റുഡിയോയിലെത്തിയ ഗൗരി കിഷനെ കണ്ടപ്പോൾ ഈ ഡയലോഗ് അല്ലാതെ മറ്റെന്ത് ഓർക്കാൻ! '96' സിനിമയിലെ കുട്ടിജാനു. അതായിരുന്നു ഗൗരിയുടെ സിനിമയിലേക്കുള്ള എൻട്രി പോയിന്റ്. എട്ട് വർഷത്തിനിപ്പുറം ഗൗരിക്ക് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ. ആ കുട്ടിജാനുവിൽ നിന്ന് ഗൗരി 'റൊമ്പ ദൂരം പോയിരിക്കുന്നു'.

To advertise here,

ഈയിടെ ഗൗരി വാർത്തകളിൽ നിറഞ്ഞു. പത്രസമ്മേളനത്തിനിടെ ബോഡി ഷെയ്മിങ് ചോദ്യം ഉന്നയിച്ച യൂട്യൂബർക്ക് തക്കമറുപടി നൽകിയത് ഏറെ ചർച്ചയായി. സി.ജെ.പി. സമരത്തിലും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. മിണ്ടാതിരിക്കാൻ പറയുന്നവരോട് ഗൗരി മറുപടിയായി പറയുന്നു, ''ഞാൻ ഇങ്ങനെയാണ്.''

ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആദ്യം തെളിഞ്ഞത് ഗൗരിയുടെ വലതുകൈയിലെ ടാറ്റൂവാണ്. ഉദിച്ചുയരുന്നൊരു സൂര്യൻ. ഇതേപ്പറ്റി ചോദിച്ചപ്പോൾ ഗൗരി പറഞ്ഞു: 'എവരി ഡേ ഈസ് ന്യൂ എ ബിഗിനിങ്'. പിന്നാലെ വിശേഷങ്ങളിലേക്ക് കടന്നു.

ചെന്നൈയിലെ പത്രസമ്മേളനം വലിയ ചർച്ചയായിരുന്നു. അതിനുശേഷം ആളുകളുടെ പ്രതികരണങ്ങൾ എങ്ങനെയായിരുന്നു?
എല്ലാവരും നല്ല രീതിയിലാണതിനെ കണ്ടത്. ജനങ്ങൾ എനിക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ചില്ല. അക്കൂട്ടത്തിൽ ചെറിയ വിമർശനങ്ങളും വന്നു. ഇത് വെറും പി.ആർ ആണ്, പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ് എന്നെല്ലാം. ഭൂരിഭാഗം ആളുകളും എന്റെ ഭാഗത്താണ് ശരിയെന്ന് വിശ്വസിച്ചു. ഈ നൂറ്റാണ്ടിൽ നടക്കാൻ പാടില്ലാത്ത പരാമർശമായിരുന്നു അന്ന് അവിടെ നടന്നത്. എന്റെ സിനിമ കാണാത്തവർ വരെ പ്രസ് മീറ്റ് കണ്ട് എന്നോട് സംസാരിക്കാൻ വന്നിട്ടുണ്ട്. നമ്മുടെ സമൂഹത്തിലെ സ്ത്രീകളും പുരുഷന്മാരുമെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ശരീരത്തെ മുൻനിർത്തിയുള്ള ചോദ്യങ്ങൾ. പിന്തുണച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറയുന്നു. മാധ്യമപ്രവർത്തനവും സിനിമാമേഖലയും സഹകരിച്ച് മുന്നോട്ടുപോകുന്ന സംസ്‌കാരം ഇവിടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

സി.ജെ.പി. സമരത്തിലും പ്രതികരിച്ചല്ലോ?
ആ വിഷയത്തിൽ പ്രതികരിച്ചപ്പോൾ കിട്ടിയ കമന്റുകൾ കണ്ട് ഞെട്ടിയിട്ടുണ്ട്. അക്കൗണ്ടിൽ എത്ര കിട്ടി, പെയ്ഡ് പ്രൊമോഷനാണോ... അങ്ങനെ ഒരുപാട് കമന്റുകൾ. അൺഫോളോ ചെയ്ത് പോയവരുമുണ്ട്. അതിൽ ഞാൻ ഓക്കെയാണ്. ഇതാണ് ഞാൻ എന്ന് അവരെയെല്ലാം ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഫോട്ടോഷൂട്ടുകൾ മാത്രം കാണിക്കാനുള്ളതല്ല നമ്മുടെ സോഷ്യൽമീഡിയ. ആളുകൾ പറയേണ്ടത് പറയും. അതുവിചാരിച്ച് വായുംപൂട്ടി ഇരിക്കരുത് എന്നാണ് എന്റെ നിലപാട്. സിനിമാമേഖലയിലും പലരും ചോദിച്ചിട്ടുണ്ട്, എന്തിനാ വെറുതെ പ്രതികരിച്ച് ഇഷ്ടക്കേട് ഉണ്ടാക്കുന്നതെന്ന്. ചിലർ നമ്മളെ പിടിച്ച് ലെഫ്റ്റ്, റൈറ്റ് കള്ളിയിൽപ്പെടുത്തി രാഷ്ട്രീയം കണ്ടെത്തും എന്നൊക്കെയാണ് അവർ പറയുന്നത്. മനുഷ്യപക്ഷത്തുനിന്ന് നോക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നിയ ഒരു സാഹചര്യമായതുകൊണ്ടാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്.

ഗൗരിയുടെ രാഷ്ട്രീയം എന്താണ്?
പുതിയ ജനറേഷന്റെ രാഷ്ട്രീയം ഇന്ത്യയിൽ ശക്തി പ്രാപിക്കാൻ പോകുകയാണെന്ന് എനിക്ക് തോന്നുന്നു. മുമ്പ് മടിയന്മാരായി വിലയിരുത്തപ്പെട്ടിരുന്ന തലമുറ ഇന്ന് ഓരോ വിഷയത്തിലും പ്രതികരിച്ചുതുടങ്ങി. രാഷ്ട്രീയം എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞൊഴിയാൻ ഇന്ന് കഴിയില്ല. നമ്മൾ ഇന്ന് അനുഭവിക്കുന്ന പ്രിവിലേജുകൾക്ക് കാരണം രാഷ്ട്രീയമാണ്. കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയമായി വളരെ ഉയർന്ന നിലവാരമുണ്ട്. വികസനത്തിലും പുരോഗമനചിന്തയിലും വളരെ മുന്നിലാണ് നമ്മൾ. പാട്രിയാർക്കി മനോഭാവം ഇപ്പോഴും ഉണ്ട് എന്നത് യാഥാർഥ്യമാണ്. ജനപക്ഷത്തുനിന്നുള്ള രാഷ്ട്രീയമാണ് എന്റേത്. പല കാര്യത്തിലും ഇനിയും ഒരുപാട് മുന്നേറാനുണ്ട്. സ്ത്രീസുരക്ഷയിലടക്കം വലിയ മാറ്റങ്ങൾ ഇവിടെ സംഭവിക്കണം.

'96'ലേക്ക് എത്തിയതിനെക്കുറിച്ച്?
ഓഡിഷൻ വഴിയാണ് '96'ലേക്കെത്തുന്നത്. കാസ്റ്റിങ്ങിനുതന്നെ ഒരു വർഷം എടുത്തിട്ടുണ്ട്. പ്രേം സാർ എന്നോട് പറഞ്ഞു, സിനിമയിലേക്ക് സെലക്ഷൻ കിട്ടുകയാണെങ്കിൽ അത് തന്റെ മെറിറ്റ് ആണെന്ന്. സാർ അത്രയും ഹാർട്ട്‌ഫെൽറ്റ് ആയി എഴുതിയ കഥാപാത്രമാണ് ജാനു. ശരിക്ക് നോക്കിയാൽ തൃഷയും ഞാനും കാഴ്ചയിൽ വളരെ വ്യത്യസ്തരാണ്. പല കാര്യങ്ങളിലും ഞങ്ങൾ തമ്മിൽ സാമ്യതകളില്ല. പക്ഷേ ഓഡിഷനിലെ പെർഫോമൻസ് പ്രേംസാറിന് ഓക്കെയായി. ഒമ്പത് മാസത്തോളം അവരുടെ ഭാഗത്തുനിന്ന് യാതൊരു വിളിയും ഉണ്ടായില്ല. അപ്പോഴേക്കും ഞാൻ ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രിക്ക് ജോയിൻ ചെയ്തു. ആ സമയത്ത് അവർ വീണ്ടും വിളിച്ചു. അങ്ങനെ '96'ലേക്കെത്തി.

'96'ന് ശേഷം ജീവിതം എങ്ങനെ മാറി?
അത് ശരിക്കും ഒരു ഓവർനൈറ്റ് ചേഞ്ച് ആയിരുന്നു. സിനിമയിൽ ഒരു ഫ്‌ളാഷ്ബാക്ക് റോളാണെന്ന് പറഞ്ഞപ്പോഴും ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ല. സിനിമയുടെ ഷൂട്ടിനെപ്പറ്റി വലിയ ധാരണയില്ല അന്ന്. എന്നും സ്‌കൂളിലേക്ക് ഒരുങ്ങുന്നതുപോലെ ഒരുങ്ങി സെറ്റിലേക്ക് പോകുന്നു. സംവിധായകൻ പറയുന്നതുപോലെ ചെയ്യുന്നു.

'അനുഗ്രഹീതൻ ആന്റണി' എന്ന സിനിമയാണ് പിന്നെ ചെയ്തത്. എന്റെ മലയാളത്തിലെ ആദ്യ പടവും അതുതന്നെ. പക്ഷേ, റിലീസ് വൈകി. അതോടെ 'മാർഗംകളി' എന്ന സിനിമ റിലീസായി. 'മാർഗംകളി' പെട്ടെന്ന് വന്ന അവസരമായിരുന്നു. 'അനുഗ്രഹീതൻ ആന്റണി'യിലേക്കു വിളി വരുമ്പോൾ ഞാനാകെ കൺഫ്യൂസ്ഡ് ആയിരുന്നു. '96' എന്തോ നമ്മുടെ ഭാഗ്യംകൊണ്ട് സംഭവിച്ചതാണ്. രണ്ടാമത്തെ സിനിമ എങ്ങനെ തിരഞ്ഞെടുക്കും എന്ന ചിന്തയായിരുന്നു പിന്നെ. കോളേജ് പഠനം, പരീക്ഷ... ഇതിനെല്ലാം ഇടയിൽനിൽക്കുന്ന സമയമാണ്. പക്ഷേ, ആത്മവിശ്വാസത്തോടെ ചെയ്യാൻ പറ്റി. കോളേജിലുണ്ടായിരുന്ന മൂന്നു വർഷം നാല് പ്രൊജക്ടുകളിൽ ഞാൻ വർക്ക് ചെയ്തു.

എട്ട് വർഷമായി സിനിമയിൽ. മലയാളത്തിൽ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല എന്ന തോന്നലുണ്ടോ?
മലയാളികൾക്കിടയിൽ ഇപ്പോഴും എനിക്ക് തമിഴ്‌പെൺകുട്ടിയുടെ ഇമേജ് ആണ്. '96' അത്രയും ഹിറ്റായി. ഇപ്പോഴും ഇവിടുത്തെ പലരും ചോദിക്കാറുണ്ട്, ഗൗരി മലയാളിയാണോ എന്ന്. മലയാളത്തിൽ ഫോക്കസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എവിടെ പോയാലും മലയാളസിനിമയെപ്പറ്റിയാണ് ആളുകൾ സംസാരിക്കുക. സ്റ്റീരിയോടൈപ്പ് ആകാത്ത തരം കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.

മലയാളത്തിൽ മിക്ക സംവിധായകർക്കും ഒരു കംഫർട്ട് ഗ്രൂപ്പുണ്ട്. അതിലുള്ളവരെത്തന്നെയാണ് പലരും വീണ്ടും വീണ്ടും അഭിനയിപ്പിക്കുന്നത്. അങ്ങനെയുള്ള സംവിധായകർ പുതിയ ആളുകളെ പരീക്ഷിക്കാൻ തുടങ്ങിയാലല്ലേ വ്യത്യസ്തത വരൂ.

എത്രത്തോളം സെലക്ടീവ് ആണ്?
സെലക്ടീവ് ആണ് ഞാൻ. ചില ആളുകൾ പറയാറുണ്ട്, നിരന്തരം സിനിമകൾ ചെയ്യണം, അല്ലെങ്കിൽ എല്ലാവരും മറക്കും എന്ന്. പക്ഷേ, ക്വാളിറ്റിയിൽക്കൂടി ഫോക്കസ് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകർ എന്റെ അഭിനയത്തിന് തന്ന മൂല്യത്തെ ഇല്ലാതാക്കരുത് എന്ന് നിർബന്ധമുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെയാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. മുൻസിനിമയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രമായിരിക്കണം എന്ന നിർബന്ധമുണ്ട്. കംഫർട്ട് സോണിൽ നിന്നുകൊണ്ട് കഥാപാത്രങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നില്ല. ഞാൻ ഒരു ടെംപ്ലേറ്റിനുള്ളിൽനിന്ന് സിനിമ ചെയ്യുകയാണെന്ന് പലർക്കും തോന്നിത്തുടങ്ങിയിട്ടുണ്ടാകും. എപ്പോഴും ലൗ സ്റ്റോറിയും റൊമാൻസുമാണല്ലോ തിരഞ്ഞെടുക്കുന്നത് എന്ന് ചിലർ ചോദിച്ചിട്ടുണ്ട്. എന്നെ തേടിവരുന്ന കഥാപാത്രങ്ങൾ അങ്ങനെയായതുകൊണ്ടാണ്. സർവൈവൽ ത്രില്ലർ, റിയൽലൈഫ് സിനിമകളൊക്കെ ചെയ്യണമെന്നാണ് ഇനി ആഗ്രഹം.

മൂന്ന് വെബ്‌സീരീസുകൾ ചെയ്തു. സിനിമയും വെബ്‌സീരീസും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ് അനുഭവപ്പെട്ടത്?
വെബ്‌സീരീസ് ലോങ് ഫോർമാറ്റ് ആയതുകൊണ്ട് കഥാപാത്രത്തിനുവേണ്ടി കൂടുതലായി ചെയ്യാൻ നമുക്ക് കഴിയും. നമ്മുടെ ഭാഗത്തുനിന്ന് കൂടുതൽ ഇൻവെസ്റ്റ്‌മെന്റ് കഥാപാത്രത്തിന് കൊടുക്കാൻ സാധിക്കും. വെബ്‌സീരീസിൽ കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാൻ അവസരമുണ്ട്. 'ലൗ അണ്ടർ കൺസ്ട്രക്ഷനി'ൽ അഭിനയിക്കുമ്പോൾ എനിക്ക് എന്നെത്തന്നെ കാണാൻ സാധിച്ചു. അതിലെ കഥാപാത്രവും എന്റെ സ്വഭാവവും തമ്മിൽ ചില സാമ്യതകളുള്ളതുകൊണ്ടായിരിക്കാം.

സിനിമയിലെത്തിയശേഷം ജീവിതത്തിലുണ്ടായ നെഗറ്റീവും പോസിറ്റീവും എന്താണ്?
'96' സിനിമയിലെ ജാനുവിനെ ഇഷ്ടമുള്ള ഒത്തിരിപ്പേരുണ്ട്. അവർ വളരെ സ്‌നേഹത്തോടെയാണ് എന്നോട് സംസാരിക്കുക. വലിയ അനുഗ്രഹമായി അതിനെ കാണുന്നു. പ്രശസ്തി ജീവിതത്തിലൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ചില ഷോകൾക്ക് പോകുമ്പോൾ ഞാനൊരു അഭിനേതാവാണ് എന്ന് ചിന്തിക്കുന്നതുപോലും അദ്ഭുതത്തോടെയാണ്. ഇതിന്റെയൊക്കെ മറുവശം എന്താണെന്നുവച്ചാൽ, നമ്മുടെ പേഴ്‌സണൽ സ്‌പേസ് കുറഞ്ഞുവന്നു. പിന്നെ സോഷ്യൽമീഡിയയുടെ അമിത ഇടപെടലും അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാൻ തോന്നിയാൽപോലും പറ്റണമെന്നില്ല. ജീവിതത്തിൽ വളരെ ചിൽ ആയിട്ടുള്ള ആളാണ് ഞാൻ. കൂട്ടുകാർക്കൊപ്പം ഹാങ്ഔട്ടിന് പോകുന്നതെല്ലാം ഇഷ്ടമാണ്. സിനിമയിൽ എത്തിയപ്പോൾ അതെല്ലാം തീർച്ചയായും മിസ് ചെയ്യുന്നുണ്ട്.

സോഷ്യൽമീഡിയ കമന്റുകളോട് പ്രതികരിക്കുന്ന കൂട്ടത്തിലാണോ?
ആദ്യം അതൊന്നും തീരെ ശ്രദ്ധിക്കാറില്ലായിരുന്നു. ജോലിയുടെ ഭാഗമായി സിനിമകളുടെ പോസ്റ്ററും വീഡിയോസും ഷെയർ ചെയ്യാറുണ്ട്. പക്ഷേ, കമന്റുകളെപ്പറ്റി ചിന്തിച്ചിരുന്നില്ല. ഇപ്പോൾ കൂടുതൽ ഇടപെടുമ്പോൾ നല്ലതും മോശവുമായ പല കമന്റുകളും വരുന്നുണ്ട്. അതിൽ ഒരു ചെറിയ ശതമാനം മാത്രമാണ് സൈബർ ബുള്ളിയിങ് തരത്തിലുള്ളത്. എനിക്ക് മാത്രമല്ല ഇത് സംഭവിക്കുന്നത്. എന്നെ അസ്വസ്ഥപ്പെടുത്തുന്നതരം വീഡിയോസ് ഇൻബോക്‌സിൽ വരാറുണ്ട്. എഐ കൂടി വന്നതോടെ ഉപദ്രവം കൂടി. ബുള്ളിയിങ് പരിധിക്കപ്പുറം കടക്കുമ്പോഴാണ് പ്രതികരിച്ചുപോകുന്നത്. ചിലരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്താലും പുതിയ അക്കൗണ്ട് തുടങ്ങി ഉപദ്രവം തുടരുന്ന അവസ്ഥയുണ്ട്.

കുട്ടിക്കാലത്തെപ്പറ്റി?
അച്ഛന്റെ വീട് അടൂരാണ്. അമ്മയുടേത് വൈക്കത്തും. വളർന്നതൊക്കെ ചെന്നൈയിലാണ്. അച്ഛൻ ഗീതാകിഷന് അവിടെയായിരുന്നു ജോലി. അമ്മ വീണ ഹോംമേക്കറാണ്. ചേട്ടൻ ഗോവിന്ദ് ബംഗളൂരുവിലെ മേഴ്‌സിഡിസ് ബെൻസ് കമ്പനിയിൽ ജോലിചെയ്യുന്നു.

വായനയെക്കുറിച്ച്?
ചെറുപ്പംമുതലേ പുസ്തകങ്ങളോട് താല്പര്യമുള്ളയാളാണ്. The Catcher in the Rye ആണ് എന്റെ പ്രിയപ്പെട്ട പുസ്തകം. ഡാൻ ബ്രൗൺ പ്രിയ എഴുത്തുകാരനും. ഫോൺ വന്നതോടെ വായനയിൽ കുറവുണ്ടായി. പക്ഷേ, വായനയിലേക്ക് തിരിച്ചുപോകണം എന്നാണ് ഇപ്പോൾ. നിലവിൽ വായിച്ചുകൊണ്ടിരിക്കുന്നത് Coco Mellors എഴുതിയ Cleopatra and Frankenstein ആണ്.

യാത്രകളും ഒരുപാട് ഇഷ്ടമാണ്. ഇതുവരെ ആറ് രാജ്യങ്ങൾ സന്ദർശിച്ചു. അയർലൻഡിലേക്കാണ് അടുത്ത യാത്ര. ഇന്ത്യയിൽ ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ട്. സോളോ ട്രിപ്പ് പോകണമെന്നാണ് ആഗ്രഹം.

വരാനുള്ള സിനിമകൾ
മലയാളത്തിൽ റോഷൻ മാത്യു, അർജുൻ അശോകൻ എന്നിവർക്കൊപ്പം അഭിനയിക്കുന്ന 'ഷെനി', തമിഴിൽ 'താരകൈ', ഹോട്ട് സ്റ്റാറിൽ 'ലവ് ഓൾവൈസ്' എന്ന സീരീസ് എന്നിവയാണ് വരാനിരിക്കുന്നത്.

ഇടതുകൈയിലുമുണ്ടല്ലോ ടാറ്റൂ?
ഇടതുകൈയിൽ സീ ദി ഗുഡ് എന്നൊരു ടാറ്റൂ ആണ്. വലതുകൈയിൽ ഉദയസൂര്യനും. ചെന്നൈയിലെ എന്റെ സുഹൃത്ത് മേഘയും ഞാനും കൂടിയാണ് ഉദയസൂര്യന്റെ ടാറ്റൂ അടിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi