ഇന്ത്യൻ സിനിമയെ മാറ്റിമറിച്ച ചിത്രമാണ് സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ബാഹുബലി. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ സിനിമാ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 1,000 കോടി രൂപ കടക്കുന്ന ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രമായി രണ്ടാം ഭാഗം മാറുകയും ചെയ്തു. എങ്കിലും, ചിത്രത്തിന്റെ റിലീസ് ദിവസം അഭിനേതാക്കൾക്കും നിർമ്മാതാക്കൾക്കും രാജമൗലിക്കും കടുത്ത മാനസിക സമ്മർദ്ദത്തിന്റെ നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ 'ബാഹുബലി: ദി ടോർച്ച്ബെയറർ' (Baahubali: The Torchbearer) എന്ന പരമ്പരയിൽ, തുടക്കത്തിൽ ചിത്രം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സംവിധായകൻ ഓർത്തെടുത്തു.

കരിയറിന്റെ അവസാനമാകുമോ?

അർക്ക മീഡിയ വർക്‌സിന്റെ ബാനറിൽ ചിത്രം നിർമ്മിച്ച എസ്.എസ്. രാജമൗലിയും നിർമ്മാതാവ് ശോഭു യാർലഗദ്ദയും, ചിത്രീകരണത്തിന്റെ തുടക്കത്തിൽ കൃത്യമായൊരു ബജറ്റ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. അടുത്ത ദിവസത്തെ ചിത്രീകരണത്തിനുള്ള പണം കണ്ടെത്താൻ തങ്ങൾ നിരന്തരം നെട്ടോട്ടമോടുകയായിരുന്നുവെന്ന് ശോഭു വെളിപ്പെടുത്തി.

"കുറച്ചു ദിവസങ്ങൾക്ക് ശേഷം, ഒരു ദിവസത്തെ ചിലവ് 25 ലക്ഷം രൂപയോ അതിൽ കൂടുതലോ ആയി ഉയർന്നു. ഞങ്ങളുടെ നാല് ദിവസത്തെ യുദ്ധരംഗത്തിന്റെ ചിലവ് മാത്രം മതിയായിരുന്നു 12 വർഷം മുമ്പ് ഒരു ചെറിയ സിനിമ മുഴുവനായി നിർമ്മിക്കാൻ. ഓരോ നാല് ദിവസത്തിലും ഞങ്ങൾ ഏകദേശം ഒരു കോടി രൂപയോളം ചിലവഴിക്കുന്നുണ്ടായിരുന്നു," അദ്ദേഹം പറഞ്ഞു.

"ചിത്രത്തിന്റെ ഭീമമായ ബജറ്റ് കാരണം,മുടക്കുമുതൽ തിരിച്ചുപിടിക്കാൻ ഞങ്ങൾക്ക് തെലുങ്ക് സംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കാൻ കഴിയില്ലായിരുന്നു. ചിത്രം ലാഭകരമാകണമെങ്കിൽ ഒന്നിലധികം ഭാഷകളിൽ വിജയിക്കണമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു," രാജമൗലി വെളിപ്പെടുത്തി. 

ആ അന്വേഷണമാണ് ഒടുവിൽ അവരെ കരൺ ജോഹറിലേക്ക് എത്തിച്ചത്. റാണ ദഗ്ഗുബാട്ടി ചിത്രത്തിന്റെ കഥ കരണിനോട് പറയുകയും സിനിമയുടെ സ്റ്റില്ലുകൾ കാണിക്കുകയും ചെയ്തപ്പോൾ, ഹിന്ദി വിപണിയിൽ ചിത്രം വിതരണം ചെയ്യാൻ അദ്ദേഹം ഉടൻ സമ്മതിക്കുകയായിരുന്നു.

എന്നിരുന്നാലും, റിലീസ് ദിവസം ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. "ഒന്നാം ഭാഗം റിലീസ് ചെയ്ത ദിവസം ഞങ്ങൾ ചിലവഴിച്ച തുകയിൽ നിന്ന് തിരിച്ചുപിടിച്ച തുക കുറച്ചപ്പോൾ 70 കോടി രൂപ നഷ്ടത്തിലായിരുന്നു," ശോഭു ഓർത്തു.

രാജമൗലി പറയുന്നു: "ഹിന്ദിയിലും യു.എസ്, ഗൾഫ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഞങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. അവിടെനിന്നുള്ള റിവ്യൂകൾ വളരെ മോശമായിരുന്നു. എന്താണ് തെറ്റിയതെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഞാൻ പൂർണ്ണമായും സ്തബ്ധനായിപ്പോയി."

"അതൊരു യുദ്ധമായിരുന്നു. നിർമ്മാതാക്കൾ ആ ദിവസം എങ്ങനെ അതിജീവിച്ചുവെന്ന് എനിക്കറിയില്ല," ആ ദിവസത്തെക്കുറിച്ച് ഓർത്ത് പ്രഭാസ് പറയുന്നു.

"അവർ ഇതിനെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദുരന്തം എന്നാണ് വിളിക്കുന്നത്. അത്തരം സന്ദേശങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, അത് ഞങ്ങളുടെ കരിയറിന്റെ അവസാനമായിരുന്നു," രാജമൗലി പറഞ്ഞു.

ഭാഗ്യവശാൽ, അന്ന് വൈകുന്നേരത്തോടെ കാര്യങ്ങൾ നാടകീയമായി മാറി. ചിത്രത്തെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ വരാൻ തുടങ്ങി, അടുത്ത ആഴ്ചയോടെ ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. ഒപ്പം ഹിന്ദി വിപണിയിലും ശക്തമായ മുന്നേറ്റം തുടർന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നുണ്ടെന്നും വാർത്തകളുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi