ബോളിവുഡിൽ സ്വാഭാവിക അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് പങ്കജ് ത്രിപാഠി. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി മികച്ച അഭിനേതാക്കളിലൊരാളായി മാറിയ താരം, ഗാങ്‌സ് ഓഫ് വാസേപുർ, മിർസാപുർ, സ്ത്രീ തുടങ്ങിയ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ പങ്കജ് ത്രിപാഠി ഇപ്പോൾ സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നുപറയുകയാണ്. സിനിമയിൽനിന്ന് ലഭിക്കുന്ന പ്രതിഫലമോ പുരസ്‌കാരങ്ങളോ അല്ല, കഥാപാത്രത്തിലൂടെ ലഭിക്കുന്ന കലാപരമായ സംതൃപ്തിക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എത്ര വലിയ പ്രതിഫലം വാഗ്ദാനം ചെയ്താലും തനിക്ക് ആവേശം തോന്നാത്ത സിനിമകൾ സ്വീകരിക്കാറില്ലെന്നും താരം വ്യക്തമാക്കി. ഇരുപതിലേറെ വർഷത്തെ സിനിമാജീവിതത്തിനിടയിൽ ജോലിയോടുള്ള തന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പങ്കജ് പറഞ്ഞു.

To advertise here,

''ആവേശമില്ലാതെ എനിക്ക് ഒരു സിനിമ ചെയ്യാനാകില്ല. എത്ര വലിയ തുക വാഗ്ദാനം ചെയ്താലും ചെക്കുകൾ ഇപ്പോൾ എന്നെ ആവേശം കൊള്ളിക്കുന്നില്ല. രസകരമായ ഒരു കഥയായിരിക്കണം. അല്ലെങ്കിൽ സമൂഹത്തിന് എന്തെങ്കിലും നൽകാൻ കഴിയുന്ന ഒരു ഘടകം അതിലുണ്ടാകണം'', താരം പറഞ്ഞു.

തനിക്ക് താൽപര്യം തോന്നാത്ത സിനിമകൾ നിരസിക്കാൻ ഇപ്പോൾ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വലിയ പ്രതീക്ഷകളോടെയാണ് പലരും സിനിമയുമായി സമീപിക്കുന്നത്. അവരുടെ കരിയർ പോലും ആ പ്രോജക്ടിനെ ആശ്രയിച്ചിരിക്കാം. അതുകൊണ്ട് നിരസിക്കുന്നത് എളുപ്പമല്ല. എങ്കിലും താൽപര്യമില്ലാത്ത സിനിമ ചെയ്യാനാകില്ലെന്ന് പറയാറുണ്ട്”, പങ്കജ് നിലപാട് വ്യക്തമാക്കി. 

സിനിമയിലെ ആദ്യകാലത്ത് പ്രതിഫലവും അവസരങ്ങളുമായിരുന്നു തന്നെ ആവേശം കൊള്ളിച്ചിരുന്നതെന്ന് പങ്കജ് ഓർക്കുന്നു. “ഒരു സിനിമ ലഭിച്ചാൽ അതിലൂടെ ജീവിതച്ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാനും കാർ വാങ്ങണമെന്ന ആഗ്രഹം സഫലമാക്കാനുമൊക്കെ കഴിയുമെന്ന ചിന്തയായിരുന്നു അന്ന് പ്രചോദനം. ആദ്യകാലത്തെ അതിജീവനഘട്ടമായിരുന്നുവത്. അന്ന് പല കാര്യങ്ങളും ആവേശത്തിന് കാരണമാകും. എന്നാൽ അതിജീവനം മാത്രം ലക്ഷ്യമല്ലാതാകുമ്പോൾ കലാപരമായ സംതൃപ്തി പ്രധാനമാകും. ആ സന്തോഷം ലഭിക്കാത്ത ജോലിയിൽ എനിക്ക് ആവേശം തോന്നില്ല. മുൻപ് സിനിമകൾ നിരസിക്കാൻ ഒന്നര വർഷത്തേക്ക് ഡേറ്റില്ലെന്ന കാരണമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അടുത്ത വർഷം വരെ കാത്തിരിക്കാമെന്ന് സംവിധായകർ പറഞ്ഞതോടെ ആ രീതി മാറ്റേണ്ടിവന്നു. ഇപ്പോൾ സിനിമ ആവേശം നൽകുന്നില്ലെന്ന് മാന്യമായി തുറന്നുപറഞ്ഞാണ് പിന്മാറുന്നത്” പങ്കജ് പറഞ്ഞു.

‘മിർസാപുർ: ദ മൂവി’യുടെ വിജയത്തിന്റെ സന്തോഷത്തിലാണ് പങ്കജ് ത്രിപാഠി. ലോകമെമ്പാടുമായി 350 കോടിയിലേറെ രൂപ നേടിയിരുന്നു. അദിതി റാവു ഹൈദരിക്കൊപ്പം അഭിനയിക്കുന്ന ‘പരിവാരിക് മനോരഞ്ജൻ’ ആണ് താരത്തിന്റെ പുതിയ ചിത്രം. വരുൺ ശർമ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ഇന്നലെ സോണി ലിവിലൂടെ റിലീസ് ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi