പുതിയ പ്രണയബന്ധങ്ങൾ തുടങ്ങുന്നത് ആവേശകരമായ കാര്യംതന്നെ. എന്നാൽ, പരസ്പരം നല്ല മതിപ്പുളവാക്കാനായി തുടക്കംമുതൽ തന്നെ അതിരുവിട്ട് പ്രകടനങ്ങൾ നടത്തുന്നവരാണ് പലരും. ആദ്യംതന്നെ നിരന്തരം പങ്കാളിയുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നത് അനാരോഗ്യകരമാക്കുമെന്ന് പറയുകയാണ് സ്ത്രീകളുടെ ഡേറ്റിങ് കോച്ചും (dating coach) തെറാപ്പിസ്റ്റുമായ കെൽസി വോണ്ടർലിൻ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ അതിരുകവിഞ്ഞ സ്നേഹം എങ്ങനെ തിരിച്ചറിയാമെന്നും പകരം ആരോഗ്യകരമായ ഡേറ്റിങ് ശീലങ്ങൾ എങ്ങനെ വളർത്തിയെടുക്കാമെന്നും അവർ പറയുന്നു. 

1. ഉടനെ കാമുകി/കാമുകനായി കാണരുത്
ബന്ധത്തിന്റെ ഉത്തരവാദിത്തങ്ങൾ വളരെ നേരത്തെ ഏറ്റെടുക്കുന്നതിനോട് കെൽസിക്ക് എതിർപ്പാണ്-നിങ്ങൾക്ക് അയാളോട് എത്ര ആവേശം തോന്നിയാലും, അയാൾ ഇപ്പോഴും നിങ്ങളുടെ ലവർ അല്ല. അയാളുടെ വ്യക്തിഗത കാര്യങ്ങൾ ചെയ്തുകൊടുക്കുകയുമരുത്.

2. സമയക്രമം മാറ്റരുത്
നിങ്ങൾ പുതുതായി പരിചയപ്പെട്ടവർക്കു വേണ്ടി സ്വന്തം പദ്ധതികൾ മാറ്റാതെ അതിന് മുൻഗണന നൽകേണ്ടത് പ്രധാനമാണ്. പങ്കാളിയുടെ സൗകര്യത്തിനനുസരിച്ച് നിങ്ങളുടെ സമയക്രമം മാറ്റരുത്. നിങ്ങളുടെ സ്വന്തം പദ്ധതികൾക്കും പ്രതിബദ്ധതകൾക്കും ആദ്യം മുൻഗണന നൽകുക.

3. നിരന്തരമായ മെസ്സേജിങ് പരിമിതപ്പെടുത്തുക
ഡേറ്റിങ്ങിന്റെ ആദ്യ ഘട്ടങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സംഭാഷണങ്ങൾ ഒഴിവാക്കാനാണ് അവരുടെ നിർദേശം. സന്ദേശമയക്കുന്നത് പരിമിതപ്പെടുത്തുക. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സംഭാഷണങ്ങൾ ഒഴിവാക്കുക - അവ ബന്ധങ്ങളിലെത്തിയ ശേഷം ചെയ്യേണ്ടതാണ്.

4. ഡേറ്റുകൾ ഹ്രസ്വവും ലക്ഷ്യബോധത്തോടെയുള്ളതുമായിരിക്കണം
തുടക്കത്തിൽ തന്നെ മണിക്കൂറുകളോളം ഒരുമിച്ച് ചെലവഴിക്കുന്നതിനു പകരം, കാര്യങ്ങൾ സാവധാനത്തിൽ എടുക്കാനാണ് അവരുടെ ശുപാർശ. ഹ്രസ്വവും ലക്ഷ്യബോധത്തോടെയുമുള്ള ഡേറ്റുകളിൽ ഒതുങ്ങുക. കൂടുതൽ സമയം ഒരുമിച്ചുള്ള ആഘോഷങ്ങൾ പിന്നീടുള്ള ഘട്ടങ്ങൾക്കായി മാറ്റിവെക്കാം.

5. പരസ്പരം സ്നേഹം കാണിക്കണം
ആരോഗ്യകരമായ ബന്ധങ്ങളിൽ രണ്ടുപേരുടെയും തുല്യമായ പ്രയത്നമുണ്ടാകണം. പരസ്പര സ്നേഹത്തിന് വഴിയൊരുക്കുക. എല്ലാ ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കാതിരിക്കുക.

6. ആദ്യം മാനസിക അടുപ്പം വളർത്തുക
ശാരീരിക അടുപ്പത്തിനു മുമ്പ് അൽപം കാത്തിരിക്കുന്നതാണ് നല്ലത്. മാനസിക അടുപ്പം വളർത്തിയെടുക്കുന്നതുവരെ ശാരീരിക അടുപ്പം നീട്ടിവെക്കുക. 

7. സ്വന്തം ജീവിതം നിലനിർത്തുക
പുതിയ ബന്ധത്തിൽ സ്വയം നഷ്ടപ്പെടുത്താതിരിക്കണം. നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ദിനചര്യ, സൗഹൃദങ്ങൾ, സ്വയം പരിചരണം എന്നിവ നിലനിർത്തണം.

8. പങ്കാളിയുടെ പ്രയത്നങ്ങൾക്കനുസരിച്ച് പ്രതികരിക്കുക
ഒരാൾ ഇപ്പോൾ എങ്ങനെ പെരുമാറുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതൽ Invest ചെയ്യുന്നതിനു മുമ്പ് അയാളുടെ പ്രയത്നം വിലയിരുത്തുക. അയാളിലുള്ള സാധ്യതകളേക്കാളും, ബന്ധത്തിൽ അയാൾ ചെലവഴിക്കുന്ന ഊർജ്ജത്തിനനുസരിച്ചുമാത്രം തിരിച്ച് പ്രതികരിക്കുക."

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi