നടി സമാന്ത റൂത്ത് പ്രഭുവിന്റെ ജീവിതത്തിൽ ഇപ്പോൾ ആഘോഷങ്ങളുടെ കാലമാണ്. ‘മാ ഇന്റി ബംഗാരം’ എന്ന ചിത്രത്തിന്റെ വിജയത്തിനൊപ്പമാണ് താരം തന്റെ ആദ്യ ഗർഭധാരണവും ആരാധകരെ അറിയിച്ചത്. എന്നാൽ ആ സന്തോഷവാർത്തയ്ക്ക് പിന്നിൽ അധികമാരും അറിയാത്ത ഒരു അനുഭവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡി.

ചിത്രത്തിലെ ആവേശം നിറഞ്ഞ 'തസ്സാദിയ' (Thassadiya) എന്ന ഗാനത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് സമാന്ത ഗർഭിണിയാണെന്ന വിവരം താൻ അറിഞ്ഞതെന്ന് നന്ദിനി പറഞ്ഞു. ഒരു ദിവസം രാവിലെ സമാന്തയ്ക്ക് സുഖമില്ലെന്നും പനിയാകാമെന്നുമാണ് ആദ്യം കരുതിയത്. അടുത്ത ദിവസം ആരോഗ്യനില ചോദിച്ചപ്പോഴാണ് കുറച്ചുനേരം മിണ്ടാതിരുന്ന ശേഷം, ‘ഞാൻ ഗർഭിണിയാണ്... മോണിങ് സിക്ക്‌നസ് അനുഭവപ്പെടുകയാണ്,’ എന്ന് സമാന്ത പറഞ്ഞതെന്ന് സംവിധായിക ഓർമിച്ചു.

ഗർഭത്തിന്റെ ആദ്യഘട്ടത്തിലായിരുന്നിട്ടും ചിത്രത്തിലെ ചടുലമായ ഗാനരംഗത്തിൽ സമാന്ത ആസ്വദിച്ചാണ് നൃത്തം ചെയ്തത്. ആ വിവരം അറിഞ്ഞതിന് ശേഷം ഷൂട്ടിങ്ങിൽ കൂടുതൽ ശ്രദ്ധയും കരുതലും നൽകിയെന്നും, ഭാഗ്യവശാൽ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം അതിനകം പൂർത്തിയാക്കിയിരുന്നുവെന്നും നന്ദിനി പറഞ്ഞു.

ജൂൺ 19-ന് മാ ഇന്റി ബംഗാരം റിലീസ് ചെയ്തതിന് പിന്നാലെ സമാന്തയുടെ ബേബി ബമ്പ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് നടന്ന വിജയാഘോഷ വാർത്താസമ്മേളനത്തിലാണ് താരം ഗർഭിണിയാണെന്ന് ഔദ്യോഗികമായി എല്ലാവരെയും അറിയിച്ചത്.

“മാ ഇന്റി ബംഗാരത്തിന് ശേഷം എന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ചെറിയൊരു ഇടവേള എടുക്കേണ്ടിവരും. പ്രസവാവധിക്ക് പോകുകയാണ്. അതിന് ശേഷം പുതിയ സിനിമയുമായി ആരാധകരുടെ മുന്നിലേക്ക് തിരിച്ചെത്തും,” എന്ന് സമാന്ത പറഞ്ഞപ്പോൾ സദസ്സ് മുഴുവൻ കൈയടികളോടെയാണ് സ്വീകരിച്ചത്.

അതോടൊപ്പം തന്നെ തന്റെ ജീവിതത്തിലെ ‘ട്രിപ്പിൾ സെലിബ്രേഷൻ’ ആണിതെന്നും സമാന്ത പറഞ്ഞു. രാജ് നിദിമൊരുവുമായുള്ള വിവാഹം, ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള സന്തോഷം, മാ ഇന്റി ബംഗാരം നേടിയ വൻ വിജയം എന്നിങ്ങനെ മൂന്ന് വിശേഷങ്ങളും ഒരുമിച്ചെത്തിയ സന്തോഷ നിമിഷമാണിതെന്ന് താരം പങ്കുവെച്ചു.

2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് സമാന്തയും സംവിധായകനും നിർമാതാവുമായ രാജ് നിദിമൊരുവും വിവാഹിതരായത്. ദി ഫാമിലി മാൻ 2, സിറ്റാഡൽ: ഹണി ബണ്ണി, സുഭം, മാ ഇന്റി ബംഗാരം തുടങ്ങിയ പ്രോജക്ടുകളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചു. 

സന്തോഷ് നാരായണൻ സംഗീതം നൽകിയ 'തസ്സാദിയ' ഗാനത്തിന്റെ വരികൾ റഹ്‌മാന്റേതാണ്. ചിൻമയി ശ്രീപദയും പുണ്യ സെൽവയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പോണി വർമയാണ് നൃത്തസംവിധാനം നിർവഹിച്ചത്. സമാന്തയുടെ ചടുലമായ പ്രകടനമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. റിലീസിന് ശേഷം മാ ഇന്റി ബംഗാരം ബോക്‌സ് ഓഫീസിൽ 59 കോടിയിലേറെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi