ഡൽഗോണ കോഫി മുതൽ മഷ്റൂം ബ്രൂസ് (കൂൺ കോഫി) വരെ, സോഷ്യൽ മീഡിയയിൽ കോഫി ട്രെൻഡുകൾക്ക് ഒട്ടും കുറവുണ്ടായിട്ടില്ല. ഫിറ്റ്‌നസ് പ്രേമികളുടെയും തിരക്കുള്ള പ്രൊഫഷണലുകളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഏറ്റവും പുതിയ ട്രെൻഡാണ് "പ്രോഫി" (proffee). ഒറ്റക്കപ്പിൽ തന്നെ ഊർജവും ഒപ്പം പോഷകഗുണങ്ങളും നൽകുന്ന പ്രോട്ടീന്റെയും കോഫിയുടെയും മിശ്രിതമാണിത്.
സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ ഇതിന്റെ റെസിപ്പികൾ നിറയുകയാണ്. ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പല ബ്രാൻഡുകൾ കോഫി-പ്രോട്ടീൻ ഹൈബ്രിഡ് ഉൽപ്പന്നങ്ങൾ കൂടുതലായി വിപണിയിലെത്തിക്കുന്നുണ്ട്. എന്നാൽ പ്രോഫി ശരിക്കും ഗുണകരമാണോ, അതോ ആകർഷകമായ പേരുള്ള വെറുമൊരു ഫിറ്റ്‌നസ് ട്രെൻഡ് മാത്രമാണോ?
Also Read
എന്താണ് 'പ്രോഫി'?
പേര് സൂചിപ്പിക്കുന്നത് പോലെ, "പ്രോട്ടീൻ കോഫി" (protein coffee) എന്നതിന്റെ ചുരുക്കരൂപമാണ് പ്രോഫി. കോഫിയിൽ പ്രോട്ടീൻ പൗഡറോ അല്ലെങ്കിൽ കുടിക്കാൻ പാകത്തിലുള്ള പ്രോട്ടീൻ ഷേക്കോ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിനുപിന്നിലെ ആശയം ലളിതമാണ്: രാവിലെ കോഫിയും പ്രോട്ടീൻ ഷേക്കും വെവ്വേറെ കഴിക്കുന്നതിന് പകരം, ഇവ രണ്ടും ഒരുമിച്ച് ഒരൊറ്റ പാനീയമാക്കുക.
ദിവസേനയുള്ള കഫീൻ ഉപയോഗത്തിനൊപ്പം പ്രോട്ടീൻ്റെ അളവ് വർദ്ധിപ്പിക്കാൻ എളുപ്പവഴികൾ തിരയുന്നവർക്കിടയിൽ ഈ ട്രെൻഡ് വലിയ ജനപ്രീതി നേടിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തോടൊപ്പമോ, വർക്കൗട്ടിന് മുൻപോ അല്ലെങ്കിൽ വൈകുന്നേരങ്ങളിലോ ഇത് കഴിക്കാറുണ്ട്. ഇത് ഒരേ സമയം കഫീൻ്റെ ഉന്മേഷവും പ്രോട്ടീൻ്റെ ഊർജ്ജവും നൽകുന്നു എന്നതാണ് കാരണം.
ആധുനിക ജീവിതശൈലിയിൽ ആളുകൾ എളുപ്പവഴികൾക്കാണ് മുൻഗണന നൽകുന്നത്. ഊർജ്ജം, പോഷണം, കൊണ്ടുനടക്കാനുള്ള എളുപ്പം എന്നിവയെല്ലാം ഒത്തിണങ്ങിയ ഒരു പാനീയം പലർക്കും പ്രയോജനപ്രദമാകുന്നു. പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ മുതൽ പ്രോട്ടീൻ ചേർത്ത പാനീയങ്ങൾ വരെ, തങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീൻ്റെ അളവ് കൂട്ടാനുള്ള വഴികൾ തേടുന്നുണ്ട്. അത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഈ ട്രെൻഡ് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതോടൊപ്പം കോഫി സംസ്കാരത്തിലും വലിയൊരു വളർച്ച ദൃശ്യമാണ്. സ്പെഷ്യാലിറ്റി കഫേകളും, കോൾഡ് ബ്രൂകളും, പ്രീമിയം കോഫി ബ്രാൻഡുകളും സാധാരണമായി മാറിക്കൊണ്ടിരിക്കുമ്പോൾ, ആളുകൾ കോഫി പല രീതികളിൽ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നു.
കോഫിയേക്കാൾ മികച്ചതാണോ പ്രോഫി?
വിദഗ്ധരുടെ അഭിപ്രായത്തിൽ, സാധാരണ കോഫിയെ അപേക്ഷിച്ച് പ്രോഫിക്ക് ചില ഗുണങ്ങളുണ്ട്, പ്രത്യേകിച്ച് വെറുംവയറ്റിൽ കോഫി കുടിക്കുന്നവർക്ക്. പ്രധാനമായും കഫീൻ മാത്രം നൽകുന്ന ബ്ലാക്ക് കോഫിയിൽ നിന്ന് വ്യത്യസ്തമായി, പ്രോഫിയിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് അടക്കാനും പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. അധിക പ്രോട്ടീൻ ആളുകൾക്ക് കൂടുതൽ സമയത്തേക്ക് വയറു നിറഞ്ഞ അനുഭൂതി നൽകുകയും, അമിതമായി കഫീൻ കഴിക്കുമ്പോൾ ഉണ്ടാകുന്ന പെട്ടെന്നുള്ള ഊർജ്ജ വ്യതിയാനങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യും. ദഹനം സാവധാനത്തിലാക്കി കോഫിയേക്കാൾ സ്ഥിരതയുള്ള ഊർജ്ജം നൽകുകയും ചെയ്യുന്നു. ഇത് കഫീനോടുള്ള അമിത ആസക്തി കുറയ്ക്കാനും കൂടുതൽ കോഫി കുടിക്കുമ്പോൾ ഉണ്ടാകുന്ന തളർച്ച തടയാനും സഹായിക്കും.
പ്രഭാതഭക്ഷണത്തിന് പകരമാണോ?
ഇവിടെയാണ് പല സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കും തെറ്റ് പറ്റുന്നത്. സാധാരണ കോഫിയേക്കാൾ പ്രോഫിയിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, ഇതൊരു പൂർണ്ണമായ ഭക്ഷണമായി കാണരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സന്തുലിതമായ ഒരു പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ (healthy fats), നാരുകൾ (fibre), കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയിരിക്കണം. അതിനാൽ, നിങ്ങളുടെ നല്ല ഭക്ഷണശീലങ്ങൾക്ക് പകരമായല്ല, മറിച്ച് അതിനോടൊപ്പമുള്ള ഒരു അധിക സഹായമായി മാത്രം ഇതിനെ കാണുക.
പ്രോഫി ഉണ്ടാക്കേണ്ട രീതി
എല്ലാ പ്രോഫിയും ഒരേപോലെ ഗുണമുള്ളതാകണമെന്നില്ല. അത് ആരോഗ്യകരമാകുന്നത് നിങ്ങൾ ഉപയോഗിക്കുന്ന ചേരുവകളെ ആശ്രയിച്ചാണ്.
ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയതും പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞതുമായ പ്രോട്ടീൻ പൗഡറോ ഷേക്കോ തിരഞ്ഞെടുക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. താപനിലയും പ്രധാനമാണ്. വളരെ ചൂടുള്ള കോഫി പ്രോട്ടീൻ പൗഡർ കട്ടപിടിക്കാൻ ഇടയാക്കും. പ്രോഫിയുടെ ജനപ്രീതി വർദ്ധിച്ചതോടെ, കോഫിയിൽ കലർത്താൻ പാകത്തിലുള്ള പ്രോട്ടീൻ പൗഡറുകൾക്ക് പുറമെ ബ്രാൻഡുകൾ റെഡിമെയ്ഡ് പ്രോഫി പാനീയങ്ങളും വിപണിയിൽ ഇറക്കുന്നുണ്ട്.
ദോഷങ്ങളുണ്ടോ?
മറ്റ് പല ആരോഗ്യ ട്രെൻഡുകളെയും പോലെ, പ്രോഫിയും മിതമായ അളവിൽ കഴിച്ചാൽ മാത്രമേ ഗുണം ചെയ്യൂ. അമിതമായി ഉപയോഗിച്ചാൽ ഉയർന്ന കഫീൻ, പ്രോട്ടീൻ എന്നിവ കാരണം ഉറക്കമില്ലായ്മ, ഉത്കണ്ഠ, നെഞ്ചിടിപ്പ്, ദഹനക്കേട്, വയർ വീർക്കൽ, നിർജ്ജലീകരണം (dehydration) എന്നിവയ്ക്ക് കാരണമായേക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Proffee is a hybrid of coffee and protein powder or shakes., It helps provide sustained energy and satiety compared to black coffee., Not a meal replacement: it should complement a balanced diet., Best practices include using low-sugar protein and avoiding high heat., Excessive consumption can lead to dehydration and digestive issues.
Published: 27 Jun 2026, 12:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented