രണ്ടായിരത്തിലധികം സിനിമകളിലൂടെ, എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ അത്രമേൽ പരിചിതമായ ശബ്ദസാന്നിധ്യമായിത്തീർന്ന ഒരമ്മ… അമ്മയുടെയും അമ്മമ്മയുടെയും പാരമ്പര്യം നിലനിർത്തി ക്യാമറയ്ക്ക് പിന്നിൽ ഡബ്ബിങ് ആർട്ടിസ്റ്റായും ക്യാമറയ്ക്ക് മുന്നിൽ ആക്ടറായും പേരെടുത്ത മകൾ, ശ്രീജാരവിയും മകൾ രവീണയും! ശ്രീജാ രവി ഇന്ന് ഒരു തലമുറയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ്. അനിയത്തിപ്രാവിലെ ശാലിനിക്ക് നൽകിയ ശബ്ദമായിരുന്നു അവരുടെ കരിയറിലെ വഴിത്തിരിവ്. എന്നാൽ ശാലിനിയുടെ ചെറുപ്പകാലം മുതൽ തന്നെ കഥാപാത്രത്തോട് ചേർന്നുനിന്ന ശബ്ദവുമായിരുന്നു ശ്രീജയുടേത്. മഞ്ജുവാര്യർ മുതൽ നയൻതാരവരെ നിരവധി താരങ്ങളുടെ തിരശ്ശീല ശബ്ദമായി മാറിയ ശ്രീജ ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയത്തിലും മികവു തെളിയിക്കുന്നു.
അമ്മയുടെ വഴിയെയാണ് രവീണ ഡബ്ബിങ് രംഗത്തേക്ക് എത്തുന്നത്. നയൻതാര ഉൾപ്പെടെയുള്ള നായികമാരുടെ ശബ്ദമായി പ്രേക്ഷകമനസ്സിൽ ഇടംനേടിയ രവീണ അഭിനേത്രിയായി തിരശ്ശീരയിലും സാന്നിധ്യമുറപ്പിച്ചു. രവീണയുടെ ഗുരുവും വഴികാട്ടിയും ആത്മവിശ്വാസവും തന്റെ അമ്മയാണ്. മാതൃദിനത്തിന്റെ സ്‌നേഹ നിമിഷത്തിൽ രവീണ അമ്മയെക്കുറിച്ച് പറയുമ്പോഴും അമ്മയ്‌ക്കൊപ്പം തെളിഞ്ഞുവരുന്നത് അച്ഛന്റെ മുഖവും സ്‌നേഹവും കരുതലുമാണ്. ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായ അമ്മയെപ്പറ്റിയും 'അമ്മയെപ്പോലൊരു അച്ഛനെ'പ്പറ്റിയും രവീണയ്ക്ക് എത്ര പറഞ്ഞാലും മതിവരില്ല…
“അമ്മ എന്നും എന്റെ കൂടെയുണ്ട്. പക്ഷേ, അമ്മമ്മയാണ് (കണ്ണൂർ നാരായണി) എന്റെ റോൾ മോഡൽ. അമ്മമ്മ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു. ആ പാത പിന്തുടർന്നാണ് അമ്മ സിനിമാമേഖലയിലെത്തിയത്. അമ്മമ്മയെക്കുറിച്ചുള്ള കഥകൾ കേട്ടാണ് ഞാൻ വളർന്നത്. കരുത്തുറ്റ സ്ത്രീയായിരുന്നു അമ്മമ്മ. ബുദ്ധിമുട്ടുകൾക്കിടയിലും അമ്മയുൾപ്പെടെയുള്ള ഒമ്പത് മക്കളെയും അവർ വളർത്തി വലുതാക്കി. അങ്ങനെയുള്ള അമ്മമ്മയെ കണ്ടാണ് എന്റെ അമ്മ വളർന്നത്. അതുപോലെ ഞാനും... കഷ്ടപ്പാടുകൾക്കിടയിലും അമ്മ ഒരു കരിയർ പടുത്തുയർത്തി. ഇപ്പോൾ നല്ല നല്ല വേഷങ്ങൾ ചെയ്യുന്നു. അമ്മയുടെ ചുവടുവെപ്പുകൾ ഓരോന്നും എന്നെ അതിശയിപ്പിക്കുന്നതാണ്. എല്ലാ പിന്തുണയും നൽകി എനിക്കൊപ്പമുണ്ട് അമ്മ. പക്ഷേ, എന്റെ കുസൃതികളെ അമ്മ ഒരിക്കലും പിന്തുണയ്ക്കാറില്ല. അക്കാര്യത്തിൽ അച്ഛനായിരുന്നു എന്റെ സപ്പോർട്ട് സിസ്റ്റം. അതുകൊണ്ടുതന്നെ അമ്മയെക്കുറിച്ച് പറയുമ്പോൾ എനിക്ക് അച്ഛന്റെ മുഖമാണ് ആദ്യം മനസ്സിലെത്തുന്നത്. അമ്മയുടെ റോളിൽ, പലപ്പോഴും അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്. ആ വാത്സല്യവും കരുതലും ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നെ പ്രസവിച്ചിട്ട് പതിമൂന്നാം ദിവസം മുതൽ അമ്മ ഡബ്ബിങ്ങിന് പോയിത്തുടങ്ങിയിരുന്നു. ആ സമയത്തൊക്കെ എന്നെ എടുത്തുകൊണ്ട് നടന്നതും അമ്മയുടെ ജോലിക്കിടയിൽ കൃത്യമായ ഇടവേളകളിൽ എനിക്ക് പാല് നൽകാനും എല്ലാത്തിനും കൊണ്ടുപോയിരുന്നത് അച്ഛനായിരുന്നു. എന്റെ കുരുത്തക്കേടുകളൊന്നും അമ്മ അറിഞ്ഞിട്ടില്ല. കോളേജിൽ ക്ലാസ് കട്ട് ചെയ്യുന്നത് അച്ഛന് മാത്രമേ അറിയുള്ളൂ. പോക്കറ്റ്മണി തരുന്നതും അച്ഛനാണ്. അറ്റന്റൻസ് പ്രശ്‌നം വന്നാൽ അച്ഛനാണ് കോളേജിൽ വന്ന് പരിഹരിക്കുക. അങ്ങനെ എല്ലാ കാര്യത്തിനും അച്ഛനാണ് കൂടെയുണ്ടായിരുന്നത്. ഇന്ന് അച്ഛൻ കൂടെയില്ല. എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട്…
Also Read
ഒന്നേ മുക്കാൽ വയസ്സിലാണ് ഡബ്ബിങ് മൈക്കിനുമുന്നിൽനിന്ന് ആദ്യമായി സംസാരിക്കുന്നത്. അതിനെ ഡബ്ബിങ് എന്നൊന്നും പറയാനാവില്ല. ഒരു സിനിമയുടെ പ്രൊമോഷനുവേണ്ടി അവർ പറഞ്ഞുതന്നതുപോലെ ഞാൻ ചെയ്തുവെന്നേയുള്ളൂ. റേഡിയോയിലായിരുന്നു ആദ്യമായി ആ സംഭാഷണശകലങ്ങൾ പുറത്തുവന്നത്. പിന്നീട് നാലാമത്തെ വയസ്സിലാണ് പതിയെ ഡബ്ബ് ചെയ്തുതുടങ്ങുന്നത്. അമ്മയുടെ ഡബ്ബിങ് രീതികൾ ഞാൻ നിരീക്ഷിക്കുമായിരുന്നു. ചിലപ്പോൾ ആ കലാവാസന എന്റെ രക്തത്തിലുമുണ്ടാകാം.
പഠിക്കുന്ന കാലത്തൊന്നും ഡബ്ബിങ്ങോ സിനിമയോ എന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല. വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാൻ അച്ഛനും അമ്മയും ഒരുപാട് നിർബന്ധിച്ചിരുന്നു. പക്ഷേ, ഞാൻ പഠിച്ചത് ബാങ്കിങ് കോഴ്‌സാണ്. എന്നാൽ ഒരുദിവസം പോലും ഞാൻ ബാങ്കിങ് ജോലിക്ക് പോയിട്ടുമില്ല. കോളേജിലെ ആദ്യവർഷം മുതൽതന്നെ ഡബ്ബിങ്ങിന് പോയിത്തുടങ്ങി. അതും വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്.
‘സാട്ടൈ’ എന്ന സിനിമയ്ക്കുവേണ്ടി നായിക മഹിമാ നമ്പ്യാർക്കാണ് ആദ്യം ശബ്ദം നൽകിയത്. വോയ്‌സ് ടെസ്റ്റ് നടത്തിയതിനുശേഷമാണ് എന്നെ തിരഞ്ഞെടുത്തത്. അന്ന് അമ്മ എനിക്കൊപ്പം സ്റ്റുഡിയോയിൽ വരാറില്ല. പത്ത് ദിവസംകൊണ്ടാണ് ഡബ്ബിങ് പൂർത്തിയാക്കിയത്. രാവിലെ കോളേജിൽ പോകും. വൈകുന്നേരം മുതൽ രാത്രിവരെ ഡബ്ബിങ് സ്റ്റുഡിയോയിൽ. പിറ്റേന്ന് രാവിലെ വീണ്ടും കോളേജിലേക്ക്... സിനിമ റിലീസായതും ഇൻഡസ്ട്രിയിൽ പലരും എന്റെ ശബ്ദത്തെ തിരിച്ചറിഞ്ഞു. പുതിയ വോയിസ് ആർട്ടിസ്റ്റ്, ശ്രീജാക്കയുടെ പൊണ്ണ് എന്നൊക്കെ ആളുകൾ അറിഞ്ഞുതുടങ്ങി. അച്ഛനും അമ്മയും ഹാപ്പിയായിരുന്നു. കഥാപാത്രത്തോട് ചേർന്നുനിന്ന് എല്ലാ ഇമോഷൻസും ഉൾക്കൊണ്ട് ഡബ്ബ് ചെയ്തുവെന്ന് അമ്മ പറഞ്ഞപ്പോൾ വലിയൊരു അംഗീകാരം കിട്ടിയതുപോലെയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ആദ്യ അഭിനന്ദനങ്ങൾ എനിക്ക് ഒരുപാട് വിലപ്പെട്ടതാണ്.
അതുകഴിഞ്ഞ് വീണ്ടും എനിക്ക് വോയിസ് ടെസ്റ്റിനുള്ള അവസരങ്ങൾ വന്നുകൊണ്ടിരുന്നു. സിനിമ റിലീസായി നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും കിട്ടിത്തുടങ്ങിയപ്പോൾ ഡബ്ബിങ് എന്റെ കരിയറാകാൻ വഴിയുണ്ടെന്ന് മനസ്സിലായി. തുടരെ വീണ്ടും അവസരങ്ങൾ വന്നു. ക്ലാസ് കട്ട് ചെയ്തും വൈകുന്നേരങ്ങളിലുമായിരുന്നു ഡബ്ബിങ് ചെയ്തിരുന്നത്.
ആ കാലത്ത് കുറേ സംവിധായകരെയും അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനെയുമൊക്കെ പരിചയപ്പെടാൻ സാധിച്ചു. അങ്ങനെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. അമ്മമ്മയും അമ്മയും അച്ഛനുമൊക്കെ നടന്ന വഴിയിലൂടെതന്നെ പതിയെ ഞാനും നടന്നുകയറി. ഞാൻ സിനിമയിലെത്തണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവരാണ്. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 175 സിനിമകൾക്കുവേണ്ടി എനിക്ക് ഡബ്ബ് ചെയ്യാൻ കഴിഞ്ഞു. ഓരോ വർക്കിനും അഭിനന്ദനങ്ങളും അംഗീകാരങ്ങളും കിട്ടുമ്പോൾ ഞങ്ങൾക്ക് മിസ് ചെയ്യുന്നത് അച്ഛനെയാണ്. എന്നെയും അമ്മയെയും അച്ഛൻ വളരെയധികം പ്രശംസിക്കുമായിരുന്നു. അച്ഛൻ അഭിനന്ദിക്കുമ്പോൾ ഓസ്‌കാർ പുരസ്‌കാരം കിട്ടിയതുപോലെ തോന്നുമായിരുന്നു. വേറെ ആരും അതുപോലെ പറയില്ല. അച്ഛൻ അമ്മയെ പാറു എന്നാണ് വിളിക്കുക. പാറൂ, നീ വളരെ നന്നായി ഡബ്ബ് ചെയ്തു, മോളേ നീ നന്നായി പെർഫോം ചെയ്തു എന്നൊക്കെ അച്ഛൻ വളരെ സന്തോഷത്തോടെയാണ് പറയുക. അച്ഛന്റെ ആ നല്ല വാക്കുകൾ എനിക്ക് ഇപ്പോൾ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അപ്പോഴൊക്കെ ഞാൻ അമ്മയെ നോക്കും.
അമ്മയ്ക്ക് അറുപത് വയസ്സ് കഴിഞ്ഞു. ഇപ്പോഴും രാത്രിയെന്നോ പകലെന്നോ നോക്കാതെ ഒരുപാട് യാത്ര ചെയ്യുന്നു. ധാരാളം കഥ കേൾക്കുന്നു. അഭിനയിക്കുന്നു. എന്തിനും അമ്മ തയ്യാറാണ്. മടിപിടിച്ച് മാറിയിരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. അമ്മയുടെ ആ ഉത്സാഹവും ആത്മാർഥതയും എടുത്തുപറയേണ്ടതാണ്. പണ്ട് അച്ഛനും ഞങ്ങളും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. കാറെടുത്ത് ഒരു പോക്കാണ്. നാല് സംസ്ഥാനങ്ങളും ചുറ്റിക്കറങ്ങി വരും. അച്ഛൻ പോകാമെന്ന് പറയുന്നനിമിഷം തന്നെ ഞങ്ങൾ റെഡിയാണ്. അവരുടെ ആ ഉത്സാഹം തന്നെയാണ് എനിക്കും പകർന്നുകിട്ടിയത്.
ഈയിടെ സെലക്ടീവായാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്. കിട്ടുന്ന വേഷങ്ങൾ ചെയ്യണം, മാറിയിരിക്കരുത് എന്ന് അമ്മ ഉപദേശിക്കും. പക്ഷേ ഞാൻ എനിക്ക് പൂർണമായും തൃപ്തി തരുന്ന വേഷങ്ങളേ ചെയ്യാറുള്ളൂ. അല്ലാത്തത് ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോൾ അമ്മ അഭിനയിക്കുന്നത് കാണുമ്പോൾ അമ്മ ചെയ്യുന്നതാണ് ശരിയെന്ന് എനിക്ക് തോന്നാറുണ്ട്. അച്ഛനും അമ്മയും പരസ്പരം താങ്ങും തണലുമായി ജീവിച്ചിരുന്നവരാണ്. സന്തോഷങ്ങളും വിഷമങ്ങളും പ്രശ്‌നങ്ങളും എല്ലാം ഞങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നവരായിരുന്നു. എന്തു പ്രശ്‌നം വന്നാലും ഒന്നിച്ചുനിൽക്കും. അങ്ങനെ നോക്കുമ്പോൾ വളരെ അനുഗ്രഹീതമായ കുടുംബമാണ്. ഇപ്പോൾ അമ്മയ്ക്ക് ഞാനും, എനിക്ക് അമ്മയുമുണ്ട്, എന്നും എപ്പോഴും...
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: On Mother’s Day, Raveena Ravi shares love and gratitude for her mother and father
Published: 10 May 2026, 12:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented