ഭാരതത്തിലെ ഏറ്റവും വലിയ സംഗീത സംവിധായകരിലൊരാളായ ഇളയരാജയുടെ മുന്നിലാണ് ഞാൻ നിൽക്കുന്നത്. പരിമളം പരന്ന ശാന്തമായ ഒരു മുറി. മദിരാശിയിലെ പ്രസാദ് സ്റ്റുഡിയോയുടെ സമീപം ശില്പഭംഗിയുള്ള ചെറിയ കെട്ടിടം. അതിന്റെ പടവുകൾ കയറുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു പിരിമുറുക്കം മനസ്സിൽ. മുറ്റത്ത് നിറയെ പൂത്തതും ഒട്ടും പൂക്കാത്തതുമായ ചെടികൾ. കുളിരുള്ള അന്തരീക്ഷം. 'അനശ്വരം' സിനിമയുടെ സംവിധായകൻ ജോമോൻ, നിർമാതാവ് മണിയൻപിള്ള രാജു എന്നിവർ ഒപ്പമുണ്ട്. ഇടയ്ക്ക് നടൻ മമ്മൂട്ടി വന്നുപോയി. ഔപചാരിക സംഭാഷണങ്ങൾ കഴിഞ്ഞു. അഭിവാദ്യം കൈമാറി എല്ലാവരും പിരിഞ്ഞു.

മന്ദഹാസത്തിന്റെ അലൗകിക ഭാവവുമായി ഒരു മനുഷ്യൻ. ആർഭാടത്തിന്റെ ലാവണ്യാംശങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത പെരുമാറ്റം. ഇളയരാജയെ ആദ്യം കാണുകയാണ്. അതേ ലാളിത്യവും ശുദ്ധിയും മനസ്സിൽ നിറച്ച് ഞാൻ കൈകൂപ്പി ചിരിച്ചു. സംഗീതാത്മകമായി പരിസരം മുഴുവൻ ചിരിക്കുമ്പോലെ ഇളയരാജ മുഖം വിടർത്തിനോക്കി. ആ കൈകൂപ്പലിന് എന്തൊരു പൂർണതയായിരുന്നു!

ഇരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം വെളുത്ത മെത്തയിൽ ചമ്രംപടിഞ്ഞിരുന്നു. ജീവൽസ്വരൂപം മുഴുവൻ സംഗീതത്തിൽ ലയിച്ചതുപോലെ ആ വിരലുകൾ ഹാർമോണിയം തൊട്ടു. എഴുതിത്തയ്യാറാക്കിയ നൊട്ടേഷൻ ശ്രദ്ധയോടെ നോക്കി ഹാർമോണിയത്തിൽ 'ലാലാലലം...ലാലാലലം...' പാടി. അത് കേൾക്കാൻ എന്തൊരു രസമായിരുന്നു. പല്ലവി പാടിത്തീർക്കുമ്പോൾ, വെള്ളിപ്പാത്രത്തിൽനിന്ന് ഒരുപിടി അനാറല്ലികൾ എടുത്തു. പകുതി എന്റെ കൈവെള്ളയിൽ വെച്ചുതന്നു. കഴിക്കുംമുൻപേ അതിന്റെ മധുരം ഞാൻ നുണഞ്ഞു. അത്രയും സ്വാദ് മറ്റൊരു മാതളയല്ലിയിലും ഞാനാസ്വദിച്ചിട്ടില്ല. ഓരോ അല്ലിയും അദ്ദേഹം സ്വന്തം സംഗീതംപോലെ രുചിക്കുന്നതായി ത്തോന്നി.

'ലലല്ല ലാലാല -ല-ല-ല-ലാ-ല-' അനുപല്ലവിയുടെ ഹമ്മിങ് പാടുമ്പോൾ അദ്ദേഹം കണ്ണടച്ച് സ്വയം രസിച്ചു. 'വാക്മാനി'ലെ കാസറ്റ് നിശ്ശബ്ദം കറങ്ങുന്നുണ്ടായിരുന്നു. ശീതീകരിച്ച മുറിയിലെ സുഗന്ധവും ഇളയരാജയുടെ ശബ്ദവും ചേർന്ന് പ്രണയസുന്ദരമായ ഒരന്തരീക്ഷം സ്വയം പിറന്നു. മറ്റൊരു ഗാനംകൂടി പാടിക്കഴിഞ്ഞ കാസറ്റ് എന്നെ ഏൽപ്പിച്ച് തൃപ്തിയോടെ അദ്ദേഹം എഴുന്നേറ്റു.

ആ പരിമളത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ എന്റെ നാവിൽ ചില പദങ്ങൾ ചിറകടിക്കാൻ തുടങ്ങി. 'താരാപഥം... ചേതോഹരം' പ്രാമുഖ്യം നേടി. രാത്രി വുഡ്‌ലാൻഡ് ഹോട്ടലിലെ ഏകാന്തതയിൽ ജോമോൻ തന്ന വിശദീകരണം സഹായകമായി. ഉറക്കമില്ലാത്ത പാതിരാവിൽ 'താരാപഥം ചേതോഹരം' പൂർത്തിയാക്കുമ്പോൾ അനശ്വരമായ ഒരു നാദാംബരം അതിനുണ്ടാവുമെന്ന് ഞാൻ ചിന്തിച്ചതേയില്ല. മലയാളമെവിടെയുണ്ടോ അവിടെയെല്ലാം 'താരാപഥ'മുണ്ട്, അന്നുമുതൽ.

'കല്ലെല്ലാം കർപ്പൂരമുത്തുപേലെ-ഈ-

പുല്ലെല്ലാം കസ്തൂരിമുല്ലപോലെ....'

മദ്യലഹരിയിൽ ജീവിതാനന്ദം പങ്കിടുന്ന കഥാപാത്രങ്ങളുടെ നർമഭാവനയായിരുന്നു ആശയം. ലോകമെല്ലാം മനോഹരമെന്ന് ചിലപ്പോൾ തോന്നലുണ്ടാവാം. അതിന്റെ നിരർഥകത പിന്നീടാണ് ചിന്തിക്കുക!

സംഗീത നിശ്ചയത്തിന്റെ ചുറ്റളവിൽ രചന ക്രമീകരിക്കപ്പെടണമല്ലോ. പിഴവുണ്ടായാൽ പാടാൻ വിഷമം. ആശയം സിനിമയിലെ രംഗത്തെ സാധൂകരിക്കണം. സാഹിത്യത്തിന്റെ ലാളിത്യം ആസ്വാദകന് പ്രിയമാവണം. വള്ളിപുള്ളി വ്യത്യാസമില്ലാതെ വാക്ക് ട്യൂണിൽ പ്രവേശിക്കണം. സ്റ്റുഡിയോയിൽ ഇളയരാജയുടെ അസിസ്റ്റന്റ് സുന്ദരരാജൻ എന്റെ രചനയുടെ വിധികർത്താവായി. ആ അഭിനന്ദനം എനിക്ക് ആശ്വാസമേകി. ഒരു വാക്കും അധികമല്ല. ഭേഷ്.... ഭേഷ്... എന്ന് അദ്ദേഹം ആവർത്തിച്ചു. എന്റെ തോളിൽത്തട്ടി നല്ലവാക്ക് പറഞ്ഞു.

ഇനിയാണ് പാട്ടിന്റെ സാക്ഷാത്കാരം. സാക്ഷാൽ എസ്.പി. ബാലസുബ്രഹ്‌മണ്യവും ചിത്രയും സ്റ്റുഡിയോയിൽ പ്രവേശിച്ചതോടെ എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക്. മലയാളത്തിൽ ഞാൻ ശുദ്ധവും വ്യക്തവുമായി ഉച്ചരിക്കുന്നവ എസ്.പി. ബി.എന്ന മഹാഗായകൻ ഒരു വിദ്യാർഥിയുടെ അനുസരണയോടെ എഴുതിയെടുക്കുന്നു. ഓരോ വാക്കും പലയാവർത്തി പറഞ്ഞുപറഞ്ഞ് ദൃഢമാക്കുന്നു. തെലുങ്കിൽ എഴുതിയെടുത്ത മലയാളം പദങ്ങൾക്ക് ചിത്രയുടെ ഉച്ചാരണത്തിരുത്തുകൾ പലതവണ ഉണ്ടായി. ഹാർമോണിയത്തിലെ കട്ടകൾക്ക് വിശ്രമമുണ്ടായില്ല. ര-റയാവുന്നു, ഞ-ങ്ങയാവുന്നു. ദു-തുവാകുന്നു. ഖ-കയാവുന്നു. ല-ളയാവുന്നു. തിരുത്തോട് തിരുത്ത്!

ഒരു ഗായകന്റെ സൗമ്യവും ദീപ്തവുമായ സംഗീതസപര്യയുടെ വില എത്ര വലുതാണെന്ന് ഞാനറിയുകയായിരുന്നു. വോയ്‌സ് റൂമിൽ എത്ര പ്രാവശ്യം പോയി എന്ന് നിശ്ചയമില്ല. ജോമോന്റെ അസ്വസ്ഥമനസ്സ് ഓരോ തെറ്റും ചൂണ്ടിക്കാണിക്കാൻ കാതോർത്തിരുന്നു. മൂന്ന് മണിക്കൂറിലേറെ നീണ്ടുപോയ റെക്കോഡിങ്, തിരുത്തലിന്റെ ഭാഷാപാഠശാലയായി. മലയാളം വാക്ക് യഥേഷ്ടം വഴങ്ങാത്തതിന് ആ വലിയ ഗായ കൻ ക്ഷമപറഞ്ഞ് മറ്റുള്ളവരെ അമ്പരപ്പിച്ചു.

ഒരു കലാകാരൻ സമ്പൂർണ മനുഷ്യനാകാൻ സ്നേഹത്തിന്റെ കടൽ ഉള്ളിൽ നിറയ്ക്കണം. ആ മഹാസിദ്ധി എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന് ആയുസ്സിന്റെ വരദാനം. മരിക്കരുതായിരുന്നു, ആ ഗായകമൂർത്തി. ഓർമകളിൽ കണ്ണീർ നനവോടെ അനേകലക്ഷം ആസ്വാദകർ അന്നും ഇന്നും അദ്ദേഹത്തെ ആരാധിക്കുന്നു.

(പുന:പ്രസിദ്ധീകരണം)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi