'ആവേശം' എന്ന ഹിറ്റിന് ശേഷം സംവിധായകൻ ജിത്തു മാധവൻ തമിഴിൽ അരങ്ങേറ്റം കുറിച്ച 'സീൻ' തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ദീപാവലി റിലീസായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നടൻ സൂര്യയുടെ ഈ വർഷത്തെ മൂന്നാമത്തെ ഹിറ്റാകുമിതെന്നാണ് പ്രതീക്ഷ. ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷനിൽ മറ്റു രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളെ മറികടന്നാണ് 'സീൻ' കുതിപ്പ് തുടരുന്നത്.
ആദ്യദിനം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 19.15 കോടി രൂപയുടെ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതിൽ തമിഴ് പതിപ്പ് മാത്രം 16.15 കോടി രൂപ നേടിയപ്പോൾ, തെലുങ്ക് ഡബ്ബ് പതിപ്പിലൂടെ 3 കോടി രൂപയും ലഭിച്ചു. വിദേശ വിപണിയിലും മികച്ച മുന്നേറ്റം നടത്തുന്ന ചിത്രം ഓവർസീസിൽ നിന്ന് 12 കോടി രൂപ സ്വന്തമാക്കി. ദീപാവലി അവധിദിനങ്ങളും വരാനിരിക്കുന്ന ആദ്യ വാരാന്ത്യവും കണക്കിലെടുക്കുമ്പോൾ കളക്ഷൻ ഇനിയും വലിയ രീതിയിൽ ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
Also Read
ഈ വർഷം തന്നെ പുറത്തിറങ്ങിയ തന്റെ ഹിറ്റ് ചിത്രങ്ങളായ 'കറുപ്പ്', 'വിശ്വനാഥ് & സൺസ്' എന്നിവയുടെ ഓപ്പണിങ് റെക്കോർഡുകളാണ് സൂര്യ 'സീനി'ലൂടെ ഭേദിച്ചത്. ഈ വർഷം മേയിൽ റിലീസ് ചെയ്ത ആർ.ജെ. ബാലാജി ചിത്രം 'കറുപ്പ്' ആദ്യദിനം 15.50 കോടി രൂപയും ലൈഫ് ടൈം കളക്ഷനായി 310.12 കോടിയുമാണ് നേടിയത്. ഓഗസ്റ്റിൽ പുറത്തിറങ്ങിയ 'വിശ്വനാഥ് & സൺസ്' 15.35 കോടി ആദ്യദിന കളക്ഷനും ലൈഫ് ടൈം കളക്ഷനായി 209.46 കോടിയും സ്വന്തമാക്കിയിരുന്നു. ഈ രണ്ടു ചിത്രങ്ങളുടെയും ആദ്യ ദിന കളക്ഷനെ മറികടന്നതോടെ ഈ വർഷത്തെ തകർപ്പൻ ഹാട്രിക് വിജയത്തിലേക്കാണ് സൂര്യ മുന്നേറുന്നത്. അതേസമയം, ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ റെക്കോർഡ് 59.70 കോടി നേടിയ 'ജയിലർ 2', 42.70 കോടി നേടിയ 'ജനനായകൻ' എന്നീ ചിത്രങ്ങളുടെ പേരിലാണ്.
പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. നസ്രിയ നസീം, നസ്‌ലിൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സുശിൻ ശ്യാമാണ്. ആനന്ദരാജ്, ലാൽ, രാജ്പ്രിയൻ, സുരേഷ് മതിയളകൻ, ഗജരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള പ്രമുഖ താരങ്ങളുടെ സർപ്രൈസ് കാമിയോ റോളുകളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂര്യയുടെയും ജ്യോതികയുടെയും 2D എന്റർടെയ്ൻമെന്റും ഷാഗരം സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തീർപ്പാക്കിയ കേസ് വീണ്ടും അന്വേഷിക്കേണ്ടി വരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും, അപ്രതീക്ഷിതമായി രഹസ്യങ്ങൾ വെളിപ്പെടുന്നതോടെ അയാളുടെ പിന്നാലെയെത്തുന്ന ഘാതകന്റെയും കഥ പറയുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'സീൻ'.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jithu Madhavan's directorial debut in Tamil, 'Scene', released as a Deepavali special., First-day Indian box office collection crossed 19.15 crore rupees., Overseas collection reached 12 crore rupees on day one., Surpassed opening day records of Suriya's earlier films 'Karuppu' and 'Viswanath & Sons'., Stellar cast includes Suriya, Nazriya Nazim, and Naslen with music by Sushin Shyam.
Published: 07 Nov 2026, 12:40 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented