ബസ്സിന്റെ വേഗത്തിനൊപ്പം പിന്നോട്ട് പായുന്ന മരങ്ങളും സ്ഥലങ്ങളും ഒക്കെ കണ്ട് സന്തോഷത്തോടെ അമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു ഞാൻ. എന്റെ ആദ്യ ബസ് യാത്ര. സ്‌കൂളിൽ ചേർക്കാൻ കൊണ്ടുപോകുകയായിരുന്നു എന്നെ. ദൂരെ ഒരു സ്‌കൂളിലേക്കാണു പോകുന്നതെന്നു തലേദിവസംതന്നെ അമ്മ പറഞ്ഞിരുന്നു. അവിടെ എന്റെ ചേട്ടനും ചേച്ചിയും പിന്നെ വേറെയും കുറെ കുട്ടികൾ ഉണ്ടാവും എന്നും. ബസ്സിറങ്ങി നടന്ന് ഒരു വലിയ ഗേറ്റിന് മുമ്പിലെത്തി, അതു കടന്നു പിന്നെയും കുറേദൂരം നടന്നപ്പോൾ മറ്റൊരു കെട്ടിടത്തിനു മുമ്പിലെത്തി. എന്നെ ഒരു ബെഞ്ചിലിരുത്തി അമ്മ അകത്തേക്കു പോയി. അല്പം കഴിഞ്ഞ് അമ്മ തിരിച്ചു വന്നപ്പോൾ കൂടെ ഒരു പെൺകുട്ടിയും ഒരു ചെക്കനും ഉണ്ടായിരുന്നു. 'നിനക്ക് മനസ്സിലായില്ലെ? നിന്റെ ഏട്ടനും ചേച്ചിയുമാ. പോയി ഇവരുടെകൂടെ കളിച്ചോ.' അമ്മ ചേച്ചിയോട് എന്തോ പറഞ്ഞു. ഞാൻ ഏട്ടന്റെ കൈപിടിച്ചു മുറ്റത്തേക്കിറങ്ങി. ചേച്ചിയും ഒപ്പം വന്നു. കുറേ ദൂരം നടന്നു മറ്റൊരു കെട്ടിടത്തിനു മുമ്പിലെത്തി. അവിടെ കുറേ കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഞാനും അവരുടെകൂടെ കളിക്കാൻ കൂടി. കുറേ കഴിഞ്ഞപ്പോഴാണ് എനിക്ക് അമ്മയെ ഓർമ്മ വന്നത്. ഞാൻ ഓടി ഏട്ടന്റടുത്തു ചെന്നു.

'അമ്മേടടുത്തു പോകാം.' ഞാൻ ചോദിച്ചു. ഏട്ടൻ ചേച്ചിയെ നോക്കി. ചേച്ചി ഒന്നും മിണ്ടാതെ എന്റെ കൈ പിടിച്ച് ആ കെട്ടിടത്തിനുള്ളിലേക്കു നടന്നു.

'പോകാം നമുക്ക്... എനിക്ക് അമ്മയെ കാണണം.' എനിക്ക് സങ്കടം വന്നുതുടങ്ങുന്നുണ്ടായിരുന്നു. 'അമ്മ പോയി. നിന്നെ പഠിക്കാൻ ഇവിടെക്കൊണ്ടാക്കിയതാ. അമ്മ ഇനി കുറേ ദിവസം കഴിഞ്ഞുവരും.' ചേച്ചി പറഞ്ഞു തുടങ്ങുന്നതിനു മുൻപ് ഞാൻ അലച്ചുതല്ലി നിലത്തുകിടന്ന് ഉരുണ്ടു നിലവിളിക്കാൻ തുടങ്ങി.

സംഗീതത്തിന് രാഗങ്ങൾ എന്നപോലെ, മലയാള സിനിമയ്ക്ക് സ്വരമായി മാറിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ 'സ്വരഭേദങ്ങ'ളുടെ ആദ്യഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്.

നായികമാർ മാറി, കാലം മാറി, സിനിമയുടെ ശബ്ദലോകവും മാറി. പക്ഷേ കഥാപാത്രങ്ങളുടെ ചിരിയിലും നൊമ്പരത്തിലും പ്രണയത്തിലും നിശ്ശബ്ദതയിലും ഒരുപോലെ ഭാഗ്യലക്ഷ്മി നിറഞ്ഞുനിൽക്കുന്നു. മൂവായിരത്തിലധികം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അതേ ശബ്ദത്തിൽ, സിനിമാക്കഥപോലുള്ള തന്റെ ജീവിതകഥയുടെ ബാക്കി അവർ പറഞ്ഞുതുടങ്ങി.

ഭയമോ, സങ്കടമോ?
അനാഥമന്ദിരത്തിലെ കുട്ടിക്കാലം ഭയത്തിലുപരി സങ്കടമാണ് ഉണ്ടാക്കിയതെന്ന് ഭാഗ്യലക്ഷ്മി ഓർക്കുന്നു. ''പേടികൊണ്ട് ഉള്ളിൽ സങ്കടം നിറയും. 'അമ്മ എവിടെ?' എന്ന സങ്കടമായിരുന്നു എപ്പോഴും. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ അവിടെ നിന്നു. അവിടുന്ന് ഇറങ്ങിയാൽ മതി എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. എന്റെ ശ്രദ്ധ ഒരിക്കലും പഠിത്തത്തിൽ ആയിരുന്നില്ല.

ഉള്ളിൽ എവിടെയോ പുരുഷന്റെ ചില മാനറിസങ്ങളും സ്വഭാവവും ഒക്കെ ഉണ്ടെന്ന് തോന്നാറുണ്ട്. അതാണ് പിൽക്കാലത്ത് ഓവർ തന്റേടമായി ആളുകൾക്ക് തോന്നിയത്. ബാലമന്ദിരത്തിൽ വലിയ കുട്ടികൾ ചെറിയ കുട്ടികളെ ഉപദ്രവിക്കുമായിരുന്നു. അവിടെ പെൺകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. പേടിച്ച് ഒച്ചവെക്കുമ്പോൾ ആരെങ്കിലും ഓടിവരും. അത് ലൈംഗികാതിക്രമം ആയിരുന്നു എന്ന് മനസ്സിലാകുന്നത് മുതിർന്നപ്പോഴാണ്. അവിടെ എനിക്ക് സംരക്ഷകയായത് 'അമ്മമ്മ' എന്ന് വിളിക്കുന്ന ഒരു വയസ്സായ അമ്മയായിരുന്നു. അവരുടെ പേര് അറിയില്ല''.

ഞങ്ങൾ മൂന്നുപേർ
തനിക്കൊരു ചേച്ചിയും ചേട്ടനുമുണ്ടെന്ന കാര്യം ഭാഗ്യലക്ഷ്മി തിരിച്ചറിയുന്നത് അഞ്ചാം വയസ്സിലാണ്. ''അനാഥമന്ദിരത്തിൽ എത്തുമ്പോൾ എനിക്ക് അഞ്ചു വയസ്സ്. ചേച്ചിയായ ഇന്ദിരയെ ഏത് പ്രായത്തിലാണ് അങ്ങോട്ട് മാറ്റിയത് എന്നറിയില്ല.

'സ്വരഭേദങ്ങൾ' വായിച്ചിട്ട് ചേച്ചി ചോദിച്ചിട്ടുണ്ട്, 'നിനക്ക് എങ്ങനെയാ ഇത്രയും ഓർമ്മ? ഞാൻ നിന്നെ തല്ലിയോ?' എന്നൊക്കെ. ആദ്യമായി എനിക്ക് അടി കിട്ടിയത് ചേച്ചിയുടെ കൈയിൽ നിന്നാണെന്ന് പുസ്തകത്തിൽ ഞാൻ പറയുന്നുണ്ട്. 'തല്ലുന്നവർക്ക് ഓർമ്മ കാണില്ല, തല്ലുകൊണ്ടവർക്കേ ഓർമ്മയുണ്ടാവൂ' എന്നു ഞാൻ ചേച്ചിയോട് പറഞ്ഞു. ചേച്ചി അധികം സെന്റിമെന്റ്സ് ഇല്ലാത്ത ഒരാളാണ്.

നേരെ മറിച്ച് സഹോദരൻ ഉണ്ണി തികച്ചും വ്യത്യസ്തനായിരുന്നു. അവൻ വല്ലാതെ സെന്റിമെന്റലും ഇമോഷണലുമായ വ്യക്തിയായിരുന്നു. 'അമ്മയില്ലാത്തവർ ഈ ഭൂമിയിൽ ജീവിക്കരുത്, കാരണം അമ്മയെപ്പോലെ നമ്മളെ ആരും നോക്കില്ല' എന്ന് അവൻ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടായിരിക്കാം അമ്മ മരിച്ചതിനുശേഷം അവൻ ഞങ്ങളെവിട്ട് ഓടിപ്പോയത്. അവനിപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയില്ല.''

അച്ഛന്റെ ഓർമ്മകൾ
അച്ഛനെക്കുറിച്ച് മങ്ങിയ ചില ഓർമ്മകളേ ഭാഗ്യലക്ഷ്മിയ്ക്കുള്ളൂ. ''വാതിലിന്റെ മറവിൽ ഒളിച്ചു കളിച്ചതും, കാലിന്മേൽ കാൽ കേറ്റിവെച്ച് അച്ഛൻ പേപ്പർ വായിക്കുന്നതുമൊക്കെയായി മങ്ങിയ ചില ഓർമ്മകൾ. എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അച്ഛൻ മരിച്ചുകിടക്കുന്നതും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെ കരയുന്ന കാഴ്ചയും ചെറുതായി ഉള്ളിലുണ്ട്.''

ചെന്നൈ ജീവിതം
കേരളത്തിൽ നിന്ന് അപ്രതീക്ഷിതമായി ചെന്നൈയിലെത്തിയ ഭാഗ്യലക്ഷ്മിക്ക് ചെന്നൈ നഗരം പിന്നീട് ജീവിതത്തിന്റെ ഭാഗമായി. ''അഞ്ചാം ക്ലാസ്സിലായപ്പോൾ അമ്മയുടെ ചേച്ചിമാരായ കമലവല്യമ്മയും കുഞ്ഞിലക്ഷ്മി വല്യമ്മയും വന്ന് ഞങ്ങളെ അനാഥമന്ദിരത്തിൽ നിന്ന് കൊണ്ടുപോയി. ചേച്ചി പത്താം ക്ലാസ്സ് കഴിഞ്ഞ് വേറൊരു സ്ഥലത്തേക്ക് മാറിയിരുന്നു. വല്യമ്മ വിളിച്ചപ്പോൾ ഞാനും ഉണ്ണിയേട്ടനും കൂടെപ്പോയി. ചെന്നൈയിലെ സൈദാപേട്ടയിലാണ് ഞങ്ങൾ താമസിച്ചത്. ഞങ്ങളെ കൊണ്ടുപോയതറിഞ്ഞ് അമ്മ അവിടേക്കെത്തി. വല്യമ്മയുമായി വഴക്കുണ്ടായി. വല്യമ്മ എന്നെ സിനിമയിൽ വിടുമോ എന്ന് അമ്മയ്ക്ക് നല്ല പേടിയായിരുന്നു. അമ്മയ്ക്കത് ഒട്ടും ഇഷ്ടമായിരുന്നില്ല. ഞങ്ങളെ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിനിടയിൽ അമ്മയ്ക്ക് അസുഖം ബാധിച്ചു. ഗർഭപാത്രത്തിൽ കാൻസർ. ഗർഭപാത്രം എടുത്തുകളഞ്ഞു. ആ നാളുകളിൽ ചെറിയമ്മയുടെ മകൾ ലളിത ചേച്ചിയും ഞങ്ങളുടെ കൂടെ താമസമായി. പിന്നീട് ഞങ്ങൾ വടപളനിയിലേക്ക് താമസം മാറി. വടപളനി കോടമ്പാക്കമാണ്. സിനിമയുടെ നഗരം. ഇതോടെ അമ്മയും വല്യമ്മയും തമ്മിലുള്ള വഴക്ക് രൂക്ഷമായി. അമ്മ ഞങ്ങളെയും കൊണ്ട് ഗംഗൈ അമ്മൻ കോവിൽ സ്ട്രീറ്റിൽ ഒരു കുഞ്ഞുവീട്ടിലേക്ക് താമസം മാറി.''

അമ്മയുടെ വിയോഗം
അമ്മയുടെ മൃതദേഹവുമായി ഹോസ്പിറ്റൽ വരാന്തയിൽ ഒറ്റയ്ക്കുനിന്ന ആ 12 വയസുകാരിയെയും അവർ ഓർത്തെടുത്തു. ''അമ്മയുടെ രോഗം വീണ്ടും പടർന്നു. 12 വയസ്സുള്ള ഞാൻ സ്‌കൂളിലും ആശുപത്രിയിലും വീടുകളിലുമായി ഓടിനടന്നു. വീട്ടിൽ നിന്ന് കഞ്ഞി ഉണ്ടാക്കി ബസ്സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ബസ്സിലെ കമ്പിയിൽ പോലും പിടിത്തമെത്താത്ത പ്രായം. ഒരിക്കൽ ആശുപത്രിയിൽ ചെന്നപ്പോൾ പുറത്തെവിടെയോ താമസമാക്കിയ ഏതോ മലയാളി ദമ്പതികൾക്ക് എന്നെ കൊടുക്കാൻ അമ്മ ശ്രമിച്ചു. അമ്മ മരിച്ചാൽ ഞാൻ സിനിമയിലെത്തും എന്ന പേടിയിലാണ്. ഞാൻ ഓടിപ്പോയി വല്യമ്മയോട് കാര്യം പറഞ്ഞു. 'ആര് വിളിച്ചാലും പോകരുത്' എന്ന് വല്യമ്മ പറഞ്ഞു.

ഒരു ദിവസം രാവിലെ കഞ്ഞിയുമായി ചെന്നപ്പോഴാണ് അമ്മ മരിച്ച വിവരം ഡോക്ടർ പറയുന്നത്. എന്റെ കൈയിൽ തിരികെ പോകാനുള്ള ബസ്സ് കൂലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടർ തന്ന നൂറു രൂപയും കൊണ്ടാണ് അമ്മയുടെ മൃതദേഹവുമായി ഞാൻ ആംബുലൻസിൽ വീട്ടിലേക്ക് പോയത്.''

ഉണ്ണി അപ്രത്യക്ഷനാകുന്നു
കൂടപ്പിറപ്പുകളുടെ കൂടെ കളിച്ചുരസിക്കേണ്ടിയിരുന്ന ബാല്യത്തിന്റെ മണവും മധുരവും ഏറെ അകലെയായിരുന്നു ഭാഗ്യലക്ഷ്മിക്ക്. ''അമ്മയുടെ മരണശേഷം ഞാനും ഉണ്ണിയേട്ടനും വല്യമ്മയുടെ വീട്ടിലേക്ക് മാറി. ലളിത ചേച്ചി സ്‌കൂൾ ടീച്ചറായി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.

അതിനിടയിൽ ഉണ്ണിയേട്ടൻ എല്ലാവർക്കും ഒരു ബാധ്യതയായി മാറി. ഞാൻ അടുക്കള പണികളൊക്കെ ചെയ്തു കൊടുക്കും. അതുകൊണ്ട് എന്നെക്കൊണ്ട് പ്രയോജനമുണ്ടായിരുന്നു. എന്നാൽ ആൺകുട്ടികളെക്കൊണ്ട് അത്തരം പണികൾ ചെയ്യിക്കില്ലല്ലോ. ഉണ്ണിയേട്ടൻ നന്നായി ഭക്ഷണം കഴിക്കും. അത് വല്യമ്മയ്ക്ക് ഒരു പ്രശ്നമായി. കുത്തുവാക്കുകൾ അവനെ വല്ലാതെ വേദനിപ്പിച്ചു.

ചൈൽഡ് ഡബ്ബിങ് ആർട്ടിസ്റ്റായി എനിക്ക് വരുമാനം ലഭിച്ചുതുടങ്ങി. കൂടുതൽ അംഗീകാരവും. എന്നാൽ ഉണ്ണിയേട്ടന് താൻ അധികപ്പറ്റാണെന്ന് തോന്നിത്തുടങ്ങി. ഒരു രാത്രി അവൻ എന്നോട് പറഞ്ഞു: ''നിന്നെ എല്ലാവർക്കും ഇഷ്ടമാണ്, കാരണം നീ സമ്പാദിക്കുന്നുണ്ട്. പക്ഷേ, എന്നെ പഠിപ്പിക്കാനോ സ്നേഹിക്കാനോ ആരുമില്ല. ഞാൻ ഇവിടുന്ന് പോകും.'' ഞാൻ അതത്ര കാര്യമാക്കിയില്ല. പിറ്റേന്ന് നേരം വെളുത്തപ്പോൾ അവനെ കാണാനില്ല. ചേച്ചിയുടെ അടുത്തേക്ക് പോയിട്ടുണ്ടാകുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കാലമായതുകൊണ്ട് അന്വേഷിക്കാനും കഴിഞ്ഞില്ല. ഒരു വലിയ ഭാരം ഒഴിഞ്ഞുകിട്ടിയെന്ന ആശ്വാസമായിരുന്നു വല്യമ്മയ്ക്ക്.

കുറേ കാലങ്ങൾക്ക് ശേഷം ചേച്ചി വന്നപ്പോഴാണ് അവൻ അവിടെ എത്തിയിട്ടില്ലെന്ന് ഞങ്ങൾ അറിയുന്നത്. 12 വയസുകാരിയായ ഞാൻ അന്നെന്തു ചെയ്യാനാണ്!''

അതിജീവനം
അനീതികളോട് പൊരുതാനും പ്രതികരിക്കാനും പഠിപ്പിച്ചതും ആ ജീവിതമാണെന്ന് അവർ. ''ബാലമന്ദിരത്തിൽ വച്ചുതന്നെ ഉപദ്രവിക്കുന്നവരെ തിരിച്ചടിക്കാൻ ഞാൻ പഠിച്ചിരുന്നു. പത്തുവയസ്സായപ്പോഴേക്കും ഞാൻ അവിടുത്തെ ഒരു ചെറിയ റൗഡി ആയി മാറി. എന്നെ രക്ഷിക്കാൻ ഞാൻ മാത്രമേയുള്ളൂ എന്ന ബോധ്യംവന്നു.

സിനിമയിൽ ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല. ചിരിച്ചാൽ പുരുഷന്മാർ മുതലെടുക്കുമോ എന്ന ഭയം കാരണം ഞാൻ എപ്പോഴും മുഖം കടുപ്പിച്ചാണ് നടന്നിരുന്നത്. ഒരുതരത്തിൽ എല്ലാം അതിജീവനത്തിന്റെ ഭാഗം തന്നെ.''

അരുതുകളുടെ കാലം
ബാല്യം മാത്രമല്ല ആസ്വദിക്കാൻ പറ്റാതെപോയ കൗമാരവും യൗവനവും ഭാഗ്യലക്ഷ്മിയുടെ ജീവിതത്തിലൂടെ ഭാവഭേദങ്ങളില്ലാതെ കടന്നുപോയി. ''കൗമാരത്തിലേക്ക് കടന്നതോടെ വല്യമ്മയുടെ നിയന്ത്രണങ്ങൾ കർശനമായി. സ്റ്റുഡിയോയിൽ ഏതെങ്കിലും പുരുഷൻ അടുത്തിരുന്നാൽ വല്യമ്മ എന്നെ അവിടെനിന്ന് എഴുന്നേൽപ്പിക്കും.

വല്യമ്മയ്ക്ക് ഉച്ചയ്ക്ക് ഉറങ്ങുന്ന സ്വഭാവമുണ്ട്. അപ്പോൾ ഞാൻ തലയിലെ പേൻ നോക്കി കൊടുക്കണം. വല്യമ്മ ഉറങ്ങിയെന്ന് ഉറപ്പിച്ചിട്ട് ഞാൻ പുറത്തേക്ക് ഓടും. കുറച്ചു കഴിയുമ്പോ ഒരു വിറകിന്റെ കൊള്ളിയുമായി വല്യമ്മയുടെ ഒരു വരവുണ്ട്. പൊതിരെ തല്ലുകിട്ടും. പുരുഷന്മാർ സ്ത്രീകളെ മുതലെടുക്കുന്നവരാണെന്നും, അവരില്ലാതെ ജീവിക്കണമെന്നും വല്യമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടാകാം പ്രണയമെന്നാൽ ഭയമായിരുന്നു.

20 വയസ്സായപ്പോഴേക്കും ഞാൻ സിനിമയിലെ തിരക്കുള്ള ഹീറോയിൻ വോയിസ് ആയി. വർഷത്തിൽ 160 സിനിമകൾ വരെ ചെയ്തു. വീട്ടിലെ പ്രധാന വരുമാനക്കാരിയായതോടെ നല്ല താമസം, നല്ല ഭക്ഷണം, വിലകൂടിയ വസ്ത്രങ്ങൾ എന്നിവയെല്ലാം ലഭിച്ചു. എങ്കിലും ഒരു നല്ല കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു എനിക്ക്.''

ചെറിയമ്മയുടെ വരവ്
വല്യമ്മയുടെ നിയന്ത്രണത്തേക്കാൾ ഭീകരമായിരുന്നു ചെറിയമ്മയുടെ കൂടെയുണ്ടായ നാളുകളെന്നും ഭാഗ്യലക്ഷ്മി. ''1984-ൽ കാൻസർ ബാധിച്ച് വല്യമ്മ മരിച്ചു. അതിനുശേഷം കോയമ്പത്തൂരിലെ ജോലി രാജിവെച്ച് ചെറിയമ്മ എന്റെ കൂടെ നിൽക്കാൻ വന്നു. വലിയമ്മയുടെ നേരെ വിപരീത സ്വഭാവമായിരുന്നു ചെറിയമ്മയ്ക്ക്. ഒരു എത്തിക്സും ഇല്ലാത്ത, ആഡംബരങ്ങൾ മോഹിക്കുന്ന പ്രകൃതം. സിനിമാക്കാരുമായുള്ള എന്റെ ബന്ധവും പണവും ചെറിയമ്മ ശരിക്കും ആസ്വദിച്ചു. പൈസ മുഴുവൻ ചെറിയമ്മയുടെ കൈയിലായപ്പോൾ, ഞാൻ രഹസ്യമായി പ്രതിഫലത്തിന്റെ പകുതി വാങ്ങി സൂക്ഷിക്കാൻ തുടങ്ങി. ചെറിയമ്മയുമായി ഇടയ്ക്കിടെ പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.''

പടിയിറക്കം
പടിയിറങ്ങേണ്ടി വന്ന സ്ഥലങ്ങളും മനുഷ്യരും ഭാഗ്യലക്ഷ്മിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ''ഡയറക്ടർ രാജശേഖരന്റെ ഒരു സിനിമ ഡബ്ബ് ചെയ്യുന്നതിനിടയിൽ ഞാൻ മലയാളിയായ ഒരാളെ പരിചയപ്പെട്ടു. അദ്ദേഹത്തിന് എന്നോട് ഇഷ്ടമുണ്ടെന്ന് അറിഞ്ഞു. വല്യമ്മ ഒരിക്കലും ഒരു മലയാളിയെക്കൊണ്ട് എന്നെ വിവാഹം ചെയ്യിക്കില്ലെന്ന് ഉറപ്പായിരുന്നു. ഒരു വർഷം കഴിഞ്ഞും ഇതേ ഇഷ്ടമുണ്ടെങ്കിൽ വരാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കൃത്യം ഒരു വർഷം കഴിഞ്ഞ് അദ്ദേഹം വീണ്ടും വന്നു. വല്യമ്മയുടെ മരണവും ചെറിയമ്മയുടെ രംഗപ്രവേശവുമായി അപ്പോഴേക്ക് വീട്ടിലെ സ്ഥിതിഗതികളൊക്കെ മാറിയിരുന്നു.

വീട്ടിൽ വന്ന് ചെറിയമ്മയോട് സംസാരിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ആദ്യം പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും വിവാഹശേഷവും ഞാൻ ഡബ്ബിങ് തുടർന്ന് അവിടെത്തന്നെ നിൽക്കണം എന്നായിരുന്നു ചെറിയമ്മയുടെ ആവശ്യം. അത് വലിയ തർക്കത്തിൽ കലാശിച്ചു. സിനിമ ഉപേക്ഷിച്ച് ഒരു കുടുംബ ജീവിതത്തിലേക്ക് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോൾ, 'ഒന്നുകിൽ അവൻ അല്ലെങ്കിൽ ഞങ്ങൾ, ഈ നിമിഷം ഇറങ്ങിക്കൊള്ളണം' എന്ന് ചെറിയമ്മ അന്ത്യശാസനം നൽകി. രാത്രി പത്തുമണിക്ക് ആ വീട്ടിൽ നിന്നിറങ്ങി. ഇട്ട വസ്ത്രമല്ലാതെ മറ്റൊന്നും എന്റെ കൈയിൽ ഉണ്ടായിരുന്നില്ല.''

ചെന്നൈ നൽകിയ സുരക്ഷിതത്വം
അനിശ്ചിതത്വങ്ങൾ നിറഞ്ഞ സന്ദർഭങ്ങളിലും ഭയപ്പെടുത്താതെ തന്നെ ചേർത്തുപിടിച്ച ചെന്നൈ നഗരത്തെ നന്ദിയോടെ മാത്രമേ ഭാഗ്യലക്ഷ്മിക്ക് ഓർത്തെടുക്കാനാവൂ. ''എനിക്ക് ചെന്നൈ നഗരത്തെ ഭയമില്ലായിരുന്നു. ഞാൻ തങ്കവേലു കോളനിയിൽ താമസിക്കുമ്പോൾ എന്റെ അയൽവാസികൾ ഐ.എസ്.ആർ.ഒ.യിലെ ഒരു ഉദ്യോഗസ്ഥനും ഒരു കളക്ടറേറ്റ് ഉദ്യോഗസ്ഥനും ഒരു പൂജാരി, പിന്നെ ഒരു കാബറാ ഡാൻസറും (റാണി) ഒക്കെയായിരുന്നു. ആർക്കും പരസ്പരം വിവേചനമില്ല. റാണി രാത്രി ഡാൻസിന് പോകുമ്പോൾ അവരുടെ കുഞ്ഞിനെ നോക്കിയിരുന്നത് അവിടെയുള്ളവരാണ്. ആ സുരക്ഷിതത്വത്തിന്റെ ധൈര്യത്തിലാണ് ഞാൻ അന്ന് രാത്രി ഒറ്റയ്ക്ക് നടന്നത്. അടയ്ക്കാൻ തുടങ്ങിയ ഒരു കടയിൽ നിന്ന് ഒരു നാണയം കടംവാങ്ങി ഞാൻ ശ്രീകുമാരൻ തമ്പി സാറിന്റെ ഭാര്യ രാജി ചേച്ചിയെ ഫോൺ വിളിച്ചു. ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്കു വരാൻ അവർ പറഞ്ഞു.

നാലഞ്ചു ദിവസം അവിടെ നിന്നതിന് ശേഷം ഞാൻ കോടമ്പാക്കത്ത് ഒരു ഒറ്റമുറി വീടെടുത്തു. ഒരു പായയും തലയണയും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. രാവിലെ പ്രൊഡക്ഷൻ വണ്ടി വരും, അവരുടെ ഭക്ഷണവും കഴിച്ച് ആറുമാസത്തോളം ഞാൻ അവിടെ ജീവിച്ചു.

വിവാഹാഭ്യർഥനയുമായി വന്ന ആളുമായി അതിനിടയിൽ ഫോൺ വഴി ബന്ധപ്പെടുന്നുണ്ടായിരുന്നു. പിന്നീട് ഞാൻ തന്നെ പണം സ്വരുക്കൂട്ടി സ്വർണ്ണമൊക്കെ വാങ്ങി, കല്യാണം നടത്തി. ഡബ്ബിങ് നിർത്തുകയാണെന്ന് പത്രസമ്മേളനം വിളിച്ച് അറിയിച്ച്, ഞാൻ കേരളത്തിലേക്ക് വന്നു.''

ആദ്യനാളുകൾ

കല്യാണം കഴിഞ്ഞ് ജീവിതം
വീടിനുള്ളിലൊതുങ്ങിപ്പോയ നാളുകളെക്കുറിച്ചും ഭാഗ്യലക്ഷ്മി പറഞ്ഞു. ''അദ്ദേഹം സൈലന്റാണ്. അധികം സംസാരിക്കില്ല, റൊമാന്റിക് അല്ല, ഒരു അരസികൻ. എന്റേതിൽ നിന്നും തികച്ചും വിപരീതമായ സ്വഭാവം. അവരുടേത് വലിയ കുടുംബമായിരുന്നു.

കല്യാണം കഴിഞ്ഞ് ചെന്നൈയിൽ ഒരു റിസപ്ഷൻ പാർട്ടി വെച്ചിരുന്നു. അത് കഴിഞ്ഞു തിരിച്ചുവരുമ്പോൾ ട്രെയിനിൽ ജയഭാരതിയും സീമയും ഒപ്പമുണ്ടായിരുന്നു. ''കല്യാണം കഴിഞ്ഞെന്ന് പറഞ്ഞ് ഡബ്ബിങ് വേണ്ടെന്നു വെക്കുന്നത് എന്തിനാ?'' എന്നവർ ചോദിച്ചു. ''എനിക്കൊരു കുടുംബിനിയാകണം'' എന്ന് ഞാനും. ''വരുമാനം ഇല്ലെങ്കിൽ ഒരു ബന്ധത്തിലും സ്നേഹമോ ബഹുമാനമോ ഉണ്ടാവില്ല. ഇത്രയും കാലം സംരക്ഷിച്ച തൊഴിലിനോട് കാണിക്കുന്ന നീതികേടാണ്.'' എന്നൊക്കെ അവർ പറഞ്ഞു.

സ്നേഹം എന്താണെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് എവിടെ നിന്നും കിട്ടുന്നുമുണ്ടായിരുന്നില്ല. പതിയെ മനസ്സിൽ കുറേശ്ശെ നിരാശ വരാൻ തുടങ്ങി.''

തിരികെ ഡബ്ബിങ്ങിലേക്ക്
വീണ്ടും ഡബ്ബിങ്ങിലേക്ക് വരാൻ തീരുമാനിച്ചതും അതിനുണ്ടായ സാഹചര്യവും അവർ ഓർത്തു. ''കേരളത്തിൽ എനിക്ക് സുഹൃത്തുക്കൾ ഇല്ലായിരുന്നു. ഒരു ദിവസം സംവിധായകൻ ജോഷി വിളിച്ചു. ഞാൻ ജോഷിയേട്ടന്റെ സിനിമകളിൽ ഡബ്ബ് ചെയ്തിരുന്നു. ''നീ എന്താ ഡബ്ബിങ്ങിനൊന്നും ഇപ്പോ പോവില്ലേ? നമുക്ക് പടം ഡബ്ബ് ചെയ്യണം'' എന്ന് പറഞ്ഞു. ഞാൻ ആലോചിക്കാനൊന്നും പോയില്ല, വരാമെന്നേറ്റു. അങ്ങനെ 'ന്യൂഡൽഹി', 'നിറക്കൂട്ട്' തുടങ്ങിയ സിനിമകളിലൂടെ ഞാൻ വീണ്ടും തിരക്കുകളിലേക്ക് വീണു.''

അസ്വാരസ്യങ്ങൾ പുകയുന്നു
കരിയർ ഉപേക്ഷിച്ച് പ്രതീക്ഷയോടെ ചെന്നു കയറിയ ദാമ്പത്യം സുരക്ഷിതമല്ലെന്ന് തോന്നിത്തുടങ്ങിയത് വളരെ വൈകിയാണെന്ന് ഭാഗ്യ ലക്ഷ്മി. ''ഡബ്ബിങ് വീണ്ടും തുടങ്ങിയപ്പോഴും കിട്ടുന്ന പൈസ മുഴുവൻ അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കുമായിരുന്നു. എന്റെ സത്യസന്ധത കാണിക്കാനുള്ള ശ്രമം. പണം കൊടുത്തിട്ടെങ്കിലും സ്നേഹം കിട്ടട്ടെ എന്ന് കരുതി. പക്ഷേ സ്നേഹം ഇല്ലാത്ത ഒരിടത്തുനിന്ന് അതൊരിക്കലും കിട്ടില്ല.

ചിലർ ചോദിക്കും 'പിന്നെങ്ങനെ രണ്ടു കുട്ടികൾ ഉണ്ടായി' എന്ന്. രണ്ടു കുട്ടികൾ ഉണ്ടാകുന്നതിന് സ്നേഹത്തിന്റെ ആവശ്യമില്ല. ഇതൊക്കെ തിരിച്ചറിഞ്ഞപ്പോഴേക്കും 15 വർഷം കടന്നുപോയി. ഇതിനിടയിൽ എവിടെ ചെന്നാലും ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് എന്ന് കേൾക്കുന്നത് അദ്ദേഹത്തിന് രസിക്കാതായി. അദ്ദേഹം സംവിധാനത്തിലേക്ക് ഇറങ്ങി. നിങ്ങൾക്ക് സിനിമ എന്താണെന്ന് അറിയില്ല, ചെയ്യരുത് എന്ന് ഞാൻ കാലുപിടിച്ച് പറഞ്ഞു. എന്നാൽ 'എനിക്ക് സംവിധായകനാകണം, നാട്ടുകാരെക്കൊണ്ട് എന്റെ ഭാര്യ എന്ന് പറയിപ്പിക്കണം' എന്നായിരുന്നു വാശി. അവസാനം മനസ്സില്ലാ മനസ്സോടെ ഞാൻ സഹായിച്ചു.

75 ലക്ഷം രൂപ ചെലവിലാണ് ആ സിനിമ നിർമ്മിച്ചത്. ആർട്ടിസ്റ്റുകളുടെ ഡേറ്റ് വാങ്ങി നൽകിയതും ഞാനാണ്. എന്നാൽ ഷൂട്ടിങ് തുടങ്ങിയപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. അദ്ദേഹത്തിന് ഒന്നും അറിയില്ലെന്ന് എല്ലാവരും പറഞ്ഞു. അസോസിയേറ്റ് ഡയറക്ടറെ വെച്ചാണ് പടം പൂർത്തിയാക്കിയത്. പ്രതീക്ഷിച്ച പോലെ പടം പൊട്ടി. ഡിസ്ട്രിബ്യൂട്ടർ കേസ് കൊടുത്തു. എന്റെ അധ്വാനം കൊണ്ട് തിരുവനന്തപുരത്ത് ഉണ്ടാക്കിയ വീട് വിറ്റ് കടം തീർക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ 'സിനിമയാകുമ്പോൾ കേസ് സ്വാഭാവികമാണ്, ഫൈറ്റ് ചെയ്യാം' എന്നായി അദ്ദേഹം.''

വീണ്ടും പടിയിറക്കം
അധികം വൈകാതെ ജീവിതത്തിലെ രണ്ടാമത്തെ പടിയിറക്കം. ''15 വർഷം കൊണ്ട് എന്റെ ആത്മവിശ്വാസം മുഴുവൻ നഷ്ടപ്പെട്ടിരുന്നു. മാനസികമായി തകർന്നു. ഒടുവിൽ ഒരു രാത്രി ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി. പുസ്തകത്തിൽ എഴുതാത്ത, പുറംലോകത്തോട് പറയാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾക്കൊടുവിലായിരുന്നു അത്.

എന്റെ അധ്വാനത്തിന്റെ പണം മുഴുവൻ മറ്റുള്ളവരുടെ പേരിലായിരുന്നു. എന്നാൽ അമ്മായിയച്ഛൻ മരിക്കുന്നതിന് തൊട്ടുമുമ്പ് എന്റെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി 40,000 രൂപ ഇട്ടു തന്നിരുന്നു. ആ പാസ്ബുക്കുമായാണ് ഞാൻ ഇറങ്ങിയത്.

ചെന്നൈയിലെ ബാങ്കിലുണ്ടായിരുന്ന തുകയും സ്ഥലവും വല്യമ്മയുടെ പേരിലായിരുന്നതിനാൽ അതും കിട്ടില്ല. ജീവിതം മുഴുവൻ ഒന്നിൽ നിന്ന് തുടങ്ങണമെന്ന സ്ഥിതിയിലായി. 2000-ത്തിൽ ഞാൻ വഴുതക്കാട് ഒരു വാടക ഫ്ളാറ്റ് എടുത്തു. പിന്നീട് ഒരു വീട് സെറ്റ് ചെയ്തു. രണ്ട് മക്കളെ വളർത്തണം, പഠിപ്പിക്കണം, ജോലി ചെയ്യണം എന്നതു മാത്രമായിരുന്നു മുന്നിൽ. സിനിമയിലും സീരിയലിലും വർക്ക് കിട്ടിയതോടെ വരുമാനം ഉണ്ടായി. പണം തരുന്ന ശക്തിയും ഒരു ബന്ധങ്ങൾക്കും തരാൻ പറ്റില്ല. വരുമാനം ഉള്ളതുകൊണ്ട് ബാക്കി കാര്യങ്ങൾ നോക്കാൻ കഴിഞ്ഞു.''

പ്രതിസന്ധികൾ
ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ രാത്രി ഏറ്റവും വലിയ ആശങ്ക മക്കളെക്കുറിച്ചായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി. ''കുട്ടികളിൽ മൂത്തയാൾ പത്താം ക്ലാസ്സിലും ഇളയയാൾ ആറാം ക്ലാസ്സിലും പഠിക്കുമ്പോഴാണ് വീടുവിട്ട് ഇറങ്ങുന്നത്. ഒരാളെ ഞാൻ ഒരു വർഷത്തേക്ക് ഹോസ്റ്റലിലാക്കി. ഇളയ ആൾ എന്റെ കൂടെയും. ഈ സമയത്തൊക്കെ ഭർത്താവ് എന്നെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഊമക്കത്തുകൾ അയക്കുക, രാത്രി ആളുകളെക്കൊണ്ട് വിളിച്ച് തെറി പറയിക്കുക എന്നതൊക്കെ ഉണ്ടായി.

ഞാനത് കേസ് ആക്കി. എങ്കിലും എന്റെ ശ്രദ്ധ മുഴുവൻ നന്നായി ഡബ്ബ് ചെയ്യുക, പൈസ ഉണ്ടാക്കുക, തന്റേടത്തോടെ ജീവിക്കുക എന്നതിലായിരുന്നു. മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന തീരുമാനം എനിക്കുണ്ടായിരുന്നു.

2020-ൽ ഇളയ മകന്റെ കല്യാണം നടത്തി. മൂത്തമകൻ കല്യാണം വേണ്ടെന്ന് വെച്ചു. ഞാൻ ഒന്നിനും നിർബന്ധിച്ചില്ല. എന്നാൽ രണ്ടുപേരോടും ഞാൻ പറഞ്ഞ ഒരേയൊരു കാര്യം ഇതാണ് 'നിങ്ങൾ കാരണം ഒരു പെൺകുട്ടി ദുഃഖിക്കാൻ ഇടവരരുത്. അങ്ങനെ വന്നാൽ ഞാൻ ആ പെൺകുട്ടിക്കൊപ്പമേ നിൽക്കൂ.' പെൺകുട്ടികളെ ബഹുമാനിക്കാൻ വീട്ടിൽ നിന്ന് പഠിപ്പിക്കണം.''

വിവാഹമോചനം
വീടുവിട്ടിറങ്ങിയിട്ടും നിയമപരമായ വിവാഹമോചനത്തിലേക്ക് നീങ്ങാൻ ഭാഗ്യലക്ഷ്മി വീണ്ടും കാത്തിരുന്നു. ''മക്കൾക്ക് 18 വയസ്സാകുന്നതുവരെ ഞാൻ ഡിവോഴ്സിന് പോയില്ല. മക്കളെ കോടതിയിൽ കയറ്റിയിറക്കി മാനസികമായി പിരിമുറുക്കത്തിലാക്കേണ്ട എന്ന് കരുതി. പ്രായപൂർത്തിയായപ്പോൾ മക്കളോട് കാര്യം പറഞ്ഞു. 'ഇത് അമ്മയുടെ ജീവിതമാണ്, അമ്മയുടെ തീരുമാനമാണ്' എന്നായിരുന്നു അവരുടെ നിലപാട്.

ഡിമാൻഡുകൾ ഒന്നുമില്ലാതെ ഡിവോഴ്സ് പെറ്റിഷൻ കൊടുത്തു. ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ വീട് പോലും വേണ്ടെന്നുവെച്ചു. ഡിവോഴ്സ് കിട്ടിയശേഷം ഒരു ഫ്ളാറ്റ് വാങ്ങി. മക്കൾ വലുതായപ്പോൾ കുറച്ചുകൂടി വലിയ ഫ്ളാറ്റിലേക്ക് മാറി. ഭർത്താവ് വരുത്തിവെച്ച സിനിമയുടെ കേസ് കോടതിയിലുണ്ടായിരുന്നു. ഡിസ്ട്രിബ്യൂട്ടറുടെ പണം തിരിച്ചു കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് തോന്നി, എന്റെ കൈയിൽ നിന്നുള്ള പണം കൊടുത്ത് ആ കേസും അവസാനിപ്പിച്ചു.''

സ്വയം സ്നേഹിക്കൽ
സ്വയം സ്നേഹിക്കേണ്ടത് ജീവിതത്തിൽ പരമപ്രധാനമാണെന്ന് വളരെ വൈകിയാണ് ഭാഗ്യലക്ഷ്മി തിരിച്ചറിയുന്നത്. ''കല്യാണം കഴിഞ്ഞതോടെ മക്കളോട് വേറെ മാറി താമസിക്കാൻ ഞാൻ പറഞ്ഞു. എല്ലാവർക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റേതായ സന്തോഷങ്ങൾ വേണം. എന്നെ ആരും ചേർത്തുപിടിച്ചിട്ടില്ല. എന്റെ അധ്വാനം കൊണ്ടാണ് ഞാൻ എല്ലാം കെട്ടിപ്പടുത്തത്. ഫിക്സഡ് ഡെപ്പോസിറ്റ് പോലെ ഒരു കുന്നോളം സ്നേഹം എന്റെ മനസിലുണ്ട്. ആർക്ക് എങ്ങനെ അത് കൊടുക്കണമെന്നറിയില്ല.

ഇപ്പോൾ ഞാൻ സന്തോഷവതിയാണ്, കംഫർട്ടബിളാണ്. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഞാൻ എന്നോട് തന്നെയാണ് പറയുന്നത്. കിട്ടാത്ത സ്നേഹത്തിന്റെ പുറകെ പോകാതെ അത് വിട്ടുകളയണം. അവനവനെ സ്നേഹിക്കണം.''

മിണ്ടാത്ത നായികമാർ
സിനിമയിൽ തന്റെ ശബ്ദം ഏത് നായികയ്ക്കാണ് ഏറ്റവും കൂടുതൽ അനുയോജ്യമായത് എന്ന് ചോദിച്ചാൽ, അങ്ങനെ ഒരു ഹീറോയിന്റെ പേര് പറയാൻ വലിയ താല്പര്യമില്ലെന്ന് ഭാഗ്യലക്ഷ്മി.

''അഭിമുഖങ്ങളിലോ പൊതുവേദികളിലോ നായികമാരാരും ഡബ്ബിങ് ആർട്ടിസ്റ്റുകളെക്കുറിച്ച് സംസാരിക്കാറില്ല. അതിനാൽ ഞാനും ഇനി നായികമാരെക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്നു തോന്നുന്നു. നമ്മൾ കഥാപാത്രത്തിനാണ് ശബ്ദം നൽകുന്നത്. അപ്പോൾ ആ കഥാപാത്രത്തിന് എന്റെ ശബ്ദം ചേരുന്നുണ്ടോ എന്ന് മാത്രമാണ് നോക്കുന്നത്. അഭിമുഖങ്ങളിൽ തങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിങ് കലാകാരന്മാരെക്കുറിച്ച് പറയാതിരിക്കുക എന്നത് മലയാളത്തിലെ നായികമാരുടെ മാത്രം ഒരു പ്രകൃതമാണ്.

നേരിട്ട് കാണുമ്പോൾ 'ഓ ചേച്ചി എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് നന്നായി' എന്ന് പറയുന്നവർക്ക് പോലും പരസ്യമായി അത് പറയാൻ മടിയാണ്.

എന്റെ പേര് പറയാനല്ല ഞാൻ ആവശ്യപ്പെടുന്നത്. ഒരുപാട് ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഇവർക്ക് എല്ലാവർക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അത് പറയാൻ തോന്നാത്തത്. അങ്ങനെ പറഞ്ഞാൽ കഥാപാത്രത്തിന്റെ പകുതി ക്രെഡിറ്റ് ശബ്ദത്തിന് പോകുമെന്നുള്ള തോന്നൽ കാരണമാണോ?

തൊഴിലിടത്തിൽ അങ്ങേയറ്റം ആത്മാർഥമായി ജോലി ചെയ്തിട്ടും നിങ്ങൾക്ക് അർഹിച്ച അംഗീകാരമോ പ്രൊമോഷനോ കിട്ടാതെ വരുമ്പോൾ നിങ്ങൾ പ്രതികരിക്കില്ലേ? അതുതന്നെയാണ് ഇതും. നിലവിൽ ഞാൻ ഡബ്ബിങ്ങിനെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനമായും എന്റെ സംവിധായകർക്കും നിർമ്മാതാക്കൾക്കുമാണ് പ്രാധാന്യം നൽകുന്നത്. ഞാൻ ആർക്കൊക്കെ ശബ്ദം കൊടുത്തു എന്ന് എഴുതുന്നുണ്ടെങ്കിലും, ഈ നായികമാരുടെ കഴിവിനെക്കുറിച്ചോ കഴിവുകേടുകളെക്കുറിച്ചോ അതിൽ സംസാരിക്കുന്നില്ല. കാരണം അർഹിച്ച അംഗീകാരം പരസ്യമായി നൽകാത്തവരോട് നമ്മളും പ്രത്യേക പരിഗണന കാണിക്കേണ്ടതില്ലല്ലോ.''

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi