ഭാര്യയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കുവച്ച് നടൻ വിനോദ് കോഴിക്കോട്. ഭാര്യയുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷിയാകേണ്ടിവന്നതിനെ അനുഗ്രഹമായി കാണുന്നില്ലെന്നും, താൻ ആദ്യം മരിക്കണമെന്നായിരുന്നു എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാര്യയുടെ മരണദിവസത്തെ ഓർമകൾ പങ്കുവച്ച് താരം വികാരാധീനനായത്.
പതിവുപോലെ പുലർച്ചെ എഴുന്നേറ്റ് നടക്കാൻ ഇറങ്ങാനൊരുങ്ങുന്നതിനിടെയാണ് ഭാര്യയുടെ ശ്വാസോച്ഛ്വാസത്തിൽ അസ്വാഭാവികത വിനോദിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അയൽവാസികളുടെ സഹായം തേടി ഭാര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
Also Read
“എല്ലാ ദിവസവും രാവിലെ അഞ്ചിന് എഴുന്നേറ്റ് 5.15ന് നടക്കാൻ പോകുന്ന ആളാണ് ഞാൻ. അന്നും എഴുന്നേറ്റ് പ്രഭാതകാര്യങ്ങളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് അവൾ സാധാരണ പോലെ ശ്വസിക്കുന്നില്ലെന്ന് തോന്നിയത്. നോക്കിയപ്പോൾ അവൾ കുഴഞ്ഞുവീണിരുന്നു. ഉടൻ അയൽവാസികളെ വിളിച്ച് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ ചെയ്യാവുന്നതെല്ലാം ചെയ്തു. പരമാവധി ഒരു മണിക്കൂറിനുള്ളിൽ അവൾ പോയി. എന്താണ് നമുക്ക് ചെയ്യാനാകുക? ഭാര്യയുടെ മരണം കണ്ടുനിൽക്കേണ്ടിവരുന്നത് ഒരു അനുഗ്രഹമാണെന്ന് ഞാൻ കരുതുന്നില്ല. കാരണം, ഞാൻ ആദ്യം പോകണമെന്നും എന്റെ ഭാര്യ ഇവിടെ ഉണ്ടാകണമെന്നുമായിരുന്നു എപ്പോഴും എന്റെ ആഗ്രഹം,” അദ്ദേഹം പറഞ്ഞു.
താൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു മരണം സംഭവിച്ചതെങ്കിൽ സാഹചര്യം കൂടുതൽ ബുദ്ധിമുട്ടായേനെയെന്നും വിനോദ് ഓർത്തെടുത്തു.
“ഞാൻ രാജസ്ഥാനിലായിരുന്നപ്പോഴാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ ഇവിടെ എത്താൻ രണ്ട് ദിവസമെടുക്കുമായിരുന്നു. അന്നും ഞാൻ അവളോട് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല. പോകാൻ പറഞ്ഞു. ഞാൻ എല്ലാ ദിവസവും അവളെ വിളിക്കുമായിരുന്നു. ചിലപ്പോൾ എന്തിനാണ് ഇത്രയും തവണ വിളിക്കുന്നതെന്നും താൻ ഇവിടെനിന്ന് എങ്ങോട്ടും പോകുന്നില്ലെന്നും അവൾ പറയുമായിരുന്നു. അങ്ങനെയല്ല, അവൾ അവിടെ സുഖമായിരിക്കുന്നുണ്ടോ എന്ന് അറിയാനാണ് വിളിക്കുന്നതെന്ന് ഞാൻ പറയുമായിരുന്നു.
ആശ്വസിപ്പിക്കുക എന്നത് ഒരാൾക്ക് മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. എന്റെ അറിവിൽ ഒരാൾക്ക് മറ്റൊരാളെ യഥാർഥത്തിൽ ആശ്വസിപ്പിക്കാൻ കഴിയില്ല. ആശ്വസിപ്പിക്കുന്ന ചില വാക്കുകൾ പറയാം. പക്ഷേ ആ വ്യക്തി അനുഭവിക്കേണ്ടത് അയാൾ തന്നെ അനുഭവിക്കണം. കരയേണ്ടയാൾ ഇരുന്ന് കരയണം. കരയുമ്പോഴാണ് ഉള്ളിലുള്ള സങ്കടം പുറത്തുവരുന്നത്,” അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് വിനോദ് കോഴിക്കോട്. സഹതാരമായും വില്ലൻ വേഷങ്ങളിലുമെല്ലാം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ 'ഗോഡ്ഫാദർ', 1994-ലെ 'രുദ്രാക്ഷം' തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ 'ജല്ലിക്കട്ട്' എന്ന ചിത്രത്തിലും വിനോദ് കോഴിക്കോട് ഭാഗമായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 21 Sept 2026, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented