
ഡിഗ്രി കഴിഞ്ഞാൽ പി.ജി, അല്ലെങ്കിൽ ബിഎഡ് എന്നാണ് വഴക്കം. പക്ഷേ ഇഷ്ടമില്ലാത്തത് പഠിച്ച ഞാൻ എങ്ങനെ അത് പഠിപ്പിക്കുന്ന ടീച്ചറാവും? നാടും വീടും മടുത്ത ഞാൻ രണ്ടിൽനിന്നും പരമാവധി ദൂരെയുള്ള എവിടെയെങ്കിലും എന്തെങ്കിലും പഠിക്കാൻ പോകാം എന്ന് ഉറപ്പിച്ചു. അങ്ങനെയാണ് തിരുവനന്തപുരത്ത് സൗണ്ട് എൻജിനീയറിങ് കോഴ്സിന് ചേരുന്നത്. ഒരു വർഷത്തെ കോഴ്സ്, ജോലി സാധ്യതയുമുണ്ട്. വീട്ടിലേക്ക് തിരികെ വരേണ്ടാത്ത എന്തിനും ഞാൻ തയ്യാറായിരുന്നു.
തെക്കൻ ജില്ലകളിലേക്ക് പോകുന്നവർക്ക് കിട്ടുന്ന താക്കീതുകളൊക്കെ കിട്ടിയിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്ന അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ എല്ലായിടത്തും എല്ലാത്തരം മനുഷ്യരും ഉണ്ട് എന്ന ലളിതയുക്തിയായി മാത്രമേ ഞാൻ അതിനെ കാണുന്നുള്ളൂ. പക്ഷേ ഇപ്പോഴും ഏതു പാതിരാത്രിക്കും എനിക്കൊന്ന് സംസാരിക്കണം, നീ എവിടെയുണ്ട് എന്ന് ചോദിക്കാൻ പാകത്തിൽ ആളുകളെ തന്നത് ആ നഗരമാണ്. തെക്കരെ നമ്പരുത് എന്ന മട്ടിലുള്ള പഴഞ്ചൊല്ലുകൾ മുഴുവൻ റദ്ദ് ചെയ്യുന്ന തരത്തിൽ ഉയിരു കാക്കാൻ അവർ ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്.
Also Read
അതുകൊണ്ടാണ് പാതിവഴിയിൽ ആ കോഴ്സും നഗരവും ഉപേക്ഷിക്കേണ്ടി വന്നപ്പോഴും പണവവും സമയവും പാഴായി എന്ന സങ്കടം എനിക്കില്ലാത്തത്. സംഗീതവുമായി എന്തെങ്കിലും ബന്ധമുള്ളവർക്ക് സൗണ്ട് എൻജിനീയറിങ് കോഴ്സ് ചേരും. അല്ലാത്തവർക്ക് വെറും ടെക്നിക്കൽ ആയ ഒരു ജോലിയായി അതിനെ കാണാവുന്നതാണ്. ഇത് രണ്ടും എനിക്ക് ചേരുന്നവയല്ല എന്ന് വൈകാതെ മനസ്സിലായി. ആത്മവിശ്വാസമുള്ള, നിലപാടുള്ള സ്ത്രീകളോട്, അതിപ്പോ തന്റെ വിദ്യാർത്ഥിയായിരുന്നാലും ഈഗോ സൂക്ഷിക്കുന്ന ഒരാളായിരുന്നു അക്കാദമിയുടെ ചുമതലയുള്ളയാൾ. ബ്രാൻഡഡ് വസ്ത്രങ്ങളിൽ ആഡംബര കൊതിയൊക്കെ ഉള്ള ഒരു അൽപ്പൻ. ജയിലറ പോലുള്ള അവരുടെ ഹോസ്റ്റലിൽ താമസിക്കുന്നില്ല എന്ന് തീരുമാനിച്ച് പുറത്ത് മറ്റൊരു ഹോസ്റ്റൽ കണ്ടുപിടിച്ചപ്പോൾ തന്നെ ഞാൻ അവരുടെ കണ്ണിൽ കരടായി. സ്വാതന്ത്ര്യവും സമാധാനവും ആഗ്രഹിച്ചുകൊണ്ട് നാടുവിട്ട എനിക്ക് ഇനി അത്തരം വിലക്കുകൾ സഹിക്കേണ്ട കാര്യമില്ലല്ലോ!
വീട്ടിലേക്ക് പോകുമ്പോഴൊക്കെ കോളേജിൽ അറിയിക്കണം എന്ന തിട്ടൂരവും ഞാൻ കണക്കിലെടുത്തില്ല. കോളേജിന് പുറത്തുള്ള കാര്യങ്ങൾ വിദ്യാർത്ഥികളുടെ സ്വകാര്യതയാണ്, അതിൽ ഇടപെടാൻ ഇവർക്ക് എന്താണ് അധികാരം എന്ന് തോന്നി. തോന്നുമ്പോഴൊക്കെ ഞാൻ ട്രെയിൻ കയറി വീട്ടിലേക്ക് പോയി. ഉച്ച വരെയാണ് ക്ലാസ്. ഒന്നുരണ്ട് ആഴ്ച്ചകൊണ്ട് ഞങ്ങളിൽ കുറച്ചുപേർ തമ്മിൽ സൗഹൃദമൊക്കെ രൂപപ്പെട്ടു. പെൺകുട്ടികളായി ക്ലാസ്സിൽ ഞാനും അംഗിതയും മാത്രമേയുള്ളൂ. ബാക്കിയുള്ള ആൺകുട്ടികൾ ഞങ്ങളെ രാജകീയമായി കൊണ്ടുനടന്നു. തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിൽ കല്യാണം ഉള്ളപ്പോഴൊക്കെ യൂണിഫോമിൽ ഒരു പട വിളിക്കാത്ത കല്യാണസദ്യ ഉണ്ണാൻ പോയി.
ആ കൂട്ടത്തിൽ നിന്നാണ് എനിക്ക് എബിയെ കിട്ടുന്നത്. തുറന്നിടപെടുന്ന എന്റെ പ്രകൃതം ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. നേരംപോക്കിന് വിളിച്ചു സംസാരിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. അതിൽ ഒരാളായിരുന്നു അവനും. പക്ഷെ അത്തരം കളികൾക്കൊന്നും താല്പര്യം കാണിക്കാതെ വന്നപ്പോൾ അവന് മതിപ്പുണ്ടായി. അങ്ങനെയാണ് ഞങ്ങൾ അടുക്കുന്നത്. നൂറായിരം കപ്പ് കാപ്പികളും സിനിമകളും പാർക്കും ബീച്ചുമൊക്കെയായി ആ അടുപ്പം വളർന്നു. പ്രവീണയുടെ കുട്ടിക്കുരങ്ങനാണ് ബ്രയാൻ എന്ന് അധ്യാപകർ പരിഹസിച്ചു. ആണഹന്തയെ ആയത്തിൽ പ്രഹരിക്കുന്ന ആ പരാമർശം പോലും അവൻ ചിരിച്ചുതള്ളി.
അന്നുമുതൽ ഇതാ ഈ നിമിഷം വരെ ഏതു വേനലിലും അവൻ തണലായിട്ടുണ്ട്. ഇരുട്ടാണ് എന്ന് തോന്നുമ്പോഴൊക്കെ അവൻ തിരി തെളിച്ച് മുന്നിൽ നിന്നു. എങ്ങനെയാണ് രക്തബന്ധം ഒന്നുമില്ലാത്ത മനുഷ്യർ സ്വന്തമെന്ന് അടയാളപ്പെടുത്താൻ തരത്തിൽ അടുത്തുനിൽക്കുന്നതെന്ന് മനസ്സിലാക്കി തന്ന അനുഭവങ്ങളാണ് അവന്റെ കൂടെയുള്ളത് മുഴുവൻ.
ആരെയും വിലവെക്കാത്ത അഹങ്കാരിയായി ചുവന്ന മഷിയിൽ അവിടെയും ഞാൻ അടയാളപ്പെട്ടു എന്ന് പറഞ്ഞല്ലോ. ആയിടയ്ക്കാണ് ഞങ്ങൾ ഏറ്റവും അടുത്ത കൂട്ടുകാർ എന്റെ നാടായ നിലമ്പൂരിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നത്. ഒരു രാത്രി ട്രെയിൻ കയറി പകൽ നിലമ്പൂർ കണ്ടു രാത്രി തന്നെ തിരിച്ചു പോകുന്ന തരത്തിലുള്ള പ്ലാൻ. അംഗിതയുടെ വീട്ടിൽ പ്രശ്നമാകും എന്നുള്ളതുകൊണ്ട് ഒരു പ്രോജക്ട് ചെയ്യാൻ എന്ന മട്ടിലാണ് അവളാ യാത്ര വീട്ടിൽ അവതരിപ്പിച്ചത്. രണ്ടു പെൺകുട്ടികളും മൂന്നാൺകുട്ടികളും നടത്തിയ നിലമ്പൂർ യാത്ര കോളേജിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. മുഖ്യസൂത്രധാരയായ എന്നെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചെയ്ത തെറ്റ് എന്താണ് എന്ന് ഞാൻ ചോദിച്ചു. ഒരു പകൽ ചെലവഴിക്കാൻ നിങ്ങൾ ഇത്രയും സാഹസം ചെയ്തത് എന്തിനായിരുന്നു എന്ന് മറുചോദ്യം വന്നു! അതിൽ എന്താണ് ഇത്ര വലിയ നിഗൂഢത എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.
തെറ്റ് സമ്മതിക്കുക, മാപ്പ് എഴുതി കൊടുക്കുക, അച്ഛനെ വിളിച്ചു വരുത്തുക തുടങ്ങിയ പരിഹാരങ്ങൾ അവർ നിർദേശിച്ചു. മൂന്നിനും ഞാൻ തയ്യാറായില്ല. എനിക്ക് നിങ്ങളുടെ സ്ഥാപനത്തിൽ തുടരാൻ താല്പര്യമില്ല എന്ന് പറഞ്ഞു. കോഴ്സ് നിർത്തിയാൽ പിന്നെ തിരുവനന്തപുരത്ത് തുടരരുത് എന്നായിരുന്നു അടുത്ത രാജകല്പന. അത് പറയാൻ നിങ്ങളാരാണ്, ഞാൻ ഈ നഗരത്തിൽ തന്നെ ഉണ്ടാകും ഇത് ആരുടെയും തറവാട് അല്ലല്ലോ എന്ന മറുപടി അയാളെ പ്രകോപിതനാക്കി. സിനിമാസ് സ്റ്റൈലിൽ എന്നെ തല്ലാൻ എഴുന്നേറ്റു. ദേഹത്ത് തൊട്ടാൽ കളി വേറെയാണ് എന്ന് ഞാനാ നീക്കത്തെ വളരെ പെട്ടെന്ന് തടഞ്ഞു.
എന്റെ മുന്നിൽ നിന്നു തന്നെ അയാൾ അച്ഛന് ഫോൺ ചെയ്തു. പണവും പത്രാസും സാധാരണക്കാരുടെ ആത്മാഭിമാനത്തിന് മുകളിൽ അല്ലെന്ന് അച്ഛൻ തെളിയിച്ചു. അവൾക്ക് ഇഷ്ടമല്ലെങ്കിൽ തിരിച്ചു വരട്ടെ, അത് അവളാണ് തീരുമാനിക്കേണ്ടത്. എനിക്ക് ഒന്നും ചെയ്യാനില്ല, കൂടുതൽ വിരട്ടാൻ ഒന്നും നിൽക്കണ്ട എന്ന് പറഞ്ഞ് അച്ഛൻ കാൾ കട്ട് ചെയ്തു.
പരാജയത്തിന്റെ അപമാനത്തിൽ അയാൾ എന്നോട് ഇറങ്ങിപ്പോകാൻ അലറി. പുറത്തുകാത്തുനിന്ന എബിയുടെ കൈപിടിച്ചു ഞാൻ കോളേജിന്റെ പുറത്തേക്ക് നടന്നു. സിസിറ്റിവിയിൽ അത് കണ്ട അയാൾ പല്ലു കടിച്ചെന്ന് ആ മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു അദ്ധ്യാപകൻ പിന്നീട് എന്നോട് പറഞ്ഞു. അങ്ങനെ ആത്മാഭിമാനത്തെ മുറുകെ പിടിച്ചതുകൊണ്ട് ധാരാളം നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേ കാരണത്താൽ ധാരാളം മനുഷ്യരെ കിട്ടിയിട്ടുമുണ്ട്.
( തുടരും )
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 07 Nov 2026, 02:45 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented