രശ്മിക മന്ദാനയുടെ കരിയറിലെ തന്നെ ഏറ്റവും ശാരീരികാധ്വാനം ആവശ്യപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് 'മൈസാ'യിലേത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറിലെ ഏകദേശം മൂന്നര മിനിറ്റ് ദൈർഘ്യമുള്ള അണ്ടർവാട്ടർ ഫൈറ്റ് സീക്വൻസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നായിരുന്നു ആദ്യം അണിയറപ്രവർത്തകരുടെ തീരുമാനം. എന്നാൽ പിന്നീട് ഈ രംഗം സ്വയം ചെയ്യാൻ രശ്മിക മുന്നോട്ടുവരികയായിരുന്നു.

വെള്ളത്തിനടിയിൽ ഇത്രയും ദൈർഘ്യമുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സംവിധായകൻ രവീന്ദ്ര പുല്ലെ പറഞ്ഞു. സാധാരണ ഒരാൾക്ക് ഒരു മിനിറ്റിലധികം വെള്ളത്തിനടിയിൽ തുടരുന്നത് തന്നെ ബുദ്ധിമുട്ടാണ്. അതിനിടയിൽ ഫൈറ്റ് മൂവ്‌മെന്റുകൾ ചെയ്യുകയും കഥാപാത്രത്തിന്റെ ഭാവങ്ങൾ കൃത്യമായി പ്രകടിപ്പിക്കുകയും വേണം.

'മൈസാ'യിലെ നായക കഥാപാത്രം ഒരു സ്ത്രീയാണെന്നത് മാത്രമാണ് സാങ്കേതികമായി വ്യത്യാസമെന്നും, താൻ അതിനെ 'ഫീമെയിൽ ഹീറോ' എന്ന രീതിയിൽ വേർതിരിച്ച് കാണുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.

“ആദ്യം ഈ രംഗത്തിനായി ഒരു ഡ്യൂപ്പിനെ ഉപയോഗിക്കാനായിരുന്നു ഞങ്ങൾ ആലോചിച്ചത്. എന്നാൽ രംഗത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഒരു സ്റ്റണ്ട് വുമൺ തനിക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചു. അപ്പോഴാണ് രശ്മിക തന്നെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായത്”, സംവിധായകൻ രവീന്ദ്ര പുല്ലെ പറഞ്ഞു.

രശ്മികയ്ക്ക് എളുപ്പമായിരുന്നില്ല ഈ ചിത്രീകരണം. അണിയറപ്രവർത്തകർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രണ്ട് ദിവസങ്ങളിലായി ഏകദേശം 20 മണിക്കൂറാണ് നടി വെള്ളത്തിനടിയിൽ ചെലവഴിച്ചത്. മറ്റു റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസത്തെ റിഹേഴ്‌സലിന് ശേഷം മൂന്ന് ദിവസങ്ങളിലായാണ് ഫൈറ്റ് രംഗം ചിത്രീകരിച്ചത്. ഓരോ ദിവസവും എട്ട് മുതൽ പത്ത് മണിക്കൂർ വരെ രശ്മിക വെള്ളത്തിൽ ചെലവഴിച്ചെന്നാണ് സംവിധായകൻ പറഞ്ഞത്.

ഷംഷാബാദിലെ പ്രത്യേക അണ്ടർവാട്ടർ സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. തണുത്ത വെള്ളം, വെള്ളത്തിനടിയിലെ കാഴ്ചക്കുറവ് തുടങ്ങിയവയ്‌ക്കൊപ്പം കണ്ണുകൾ തുറന്നുവച്ച് തന്നെ പോരാട്ടരംഗം ചെയ്യേണ്ടതും വലിയ വെല്ലുവിളിയായിരുന്നു. കഥാപാത്രത്തിന്റെ ഭാവങ്ങൾ കൃത്യമായി ക്യാമറയിൽ പതിയാൻ വേണ്ടിയായിരുന്നു ഇത്. വെള്ളത്തിനടിയിൽ ആയിരിക്കുമ്പോൾ ഡൈവിങ് ടീമുമായി ആശയവിനിമയം നടത്തുന്നതിനായി രശ്മികയ്ക്ക് പ്രത്യേക സിഗ്‌നൽ ഭാഷയും പഠിപ്പിച്ചു. ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ സിഗ്‌നലിലൂടെ അറിയിക്കാനായിരുന്നു പരിശീലനം.

'മൈസാ'യുടെ ചിത്രീകരണത്തെ തന്റെ കരിയറിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ അനുഭവങ്ങളിലൊന്നായാണ് രശ്മിക നേരത്തെ വിശേഷിപ്പിച്ചത്. അണിയറപ്രവർത്തകർ ചിത്രത്തിനായി കാണിക്കുന്ന ആവേശത്തെക്കുറിച്ചും നടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നെങ്കിലും അത് സിനിമയോടുള്ള തന്റെ ആവേശം കൂട്ടിയെന്നും രശ്മിക വ്യക്തമാക്കിയിരുന്നു.

'മൈസാ'യുടെ ചിത്രീകരണത്തിനിടെ രശ്മികയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റിൽ സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ ഒരു ഡാൻസ് രംഗം ചിത്രീകരിക്കുന്നതിനിടെ വലത് ഇടുപ്പിലെ ടെൻഡൻ വേർപെട്ടതായാണ് രശ്മിക പറഞ്ഞത്.

ഇടുപ്പിനെയും കാലിനെയും ബന്ധിപ്പിക്കുന്ന നാല് ടെൻഡനുകളിൽ ഒന്നാണ് പൂർണമായും വേർപെട്ടത്. തുടർന്ന് വിശ്രമത്തിനായി രശ്മിക കുറച്ചുകാലം ജോലിയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തുടർച്ചയായി നേരിട്ട മൂന്നാമത്തെ പരിക്കാണിതെന്നും ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ മനുഷ്യശരീരമായി തന്നെ പരിഗണിക്കേണ്ട സമയമാണിതെന്നും അന്ന് നടി പറഞ്ഞിരുന്നു.

രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന 'മൈസാ' നിർമിക്കുന്നത് അൺഫോർമുല ഫിലിംസാണ്. ഗോണ്ട് വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇമോഷണൽ ആക്ഷൻ ത്രില്ലറാണ് ചിത്രം. ഈശ്വരി റാവു, ഗുരു സോമസുന്ദരം, റാവു രമേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. രശ്മിക നായികയായെത്തുന്ന ആദ്യ പാൻ-ഇന്ത്യ ആക്ഷൻ ചിത്രമായാണ് 'മൈസാ'യെ അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ചിത്രം നവംബർ 27ന് തിയേറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi