വീടിനടുത്തെ ക്ഷേത്രത്തിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതിനെതിരേ പരാതിയുമായി തെലുങ്ക് നടനും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരിഷ്. രാത്രി രണ്ട് - മൂന്ന് മണിവരെ ശബ്ദം നീളുന്നതിനാൽ തങ്ങളുടെ സൊസൈറ്റിയിലെ താമസക്കാർക്ക് ഉറങ്ങാനാവുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പോലീസിൽ മുമ്പ് നൽകിയ പരാതിക്ക് പരിഹാരമില്ലാതെ വന്നതോടെ കഴിഞ്ഞദിവസം എക്സിലൂടെ അദ്ദേഹം വിഷയമുന്നയിച്ചു. പ്രാദേശിക പോലീസ് സ്റ്റേഷന് നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പോസ്റ്റിന് ഹൈദരാബാദ് സിറ്റി പോലീസ് മറുപടി നൽകുകയും ചെയ്തു. 

വിനോബ നഗറിലെ ഹനുമാൻ ക്ഷേത്രത്തിൽ കഴിഞ്ഞ കുറേ രാത്രികളായി ഉച്ചത്തിൽ പാട്ടുകൾ വെക്കുന്നുണ്ടെന്നും, അനുവദിച്ച പരിധിയിലധികം ശബ്ദത്തിലും അർധരാധി കഴിഞ്ഞും ഇത് തുടരുന്നുവെന്നും സിരീഷ് ആരോപിക്കുന്നു. "ബഹുമാനപ്പെട്ട @hydcitypolice, ഞാൻ ഷെയ്ഖ്പേട്ടിലെ അപർണ വണ്ണിലെ താമസക്കാരനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനോബ നഗറിലെ ഹനുമാൻ ക്ഷേത്രത്തിൽ അനുവദനീയമായ ഡെസിബെലുകൾക്കും അപ്പുറം രാത്രി 2/3 മണിവരെ ഉച്ചത്തിൽ സംഗീതം വെക്കുന്നുണ്ട്" അദ്ദേഹം എഴുതി.

ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ ഫിലിം നഗർ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. ഗണേശ നിമജ്ജനം ഉള്ളതിനാൽ സെപ്റ്റംബർ 25 വരെ സഹകരിക്കാൻ അവർ താമസക്കാരോടാവശ്യപ്പെട്ടു. പക്ഷേ ഉത്സവം കഴിഞ്ഞിട്ടും ശബ്ദം തുടരുകയാണെന്നാണ് ആരോപണം. 

“ഉത്സവം കഴിഞ്ഞു, പക്ഷേ ഉച്ചത്തിലുള്ള സംഗീതം നിൽക്കുന്നില്ല. ഞങ്ങളുടെ സൊസൈറ്റിയിലെ മുതിർന്നവരും കുട്ടികളും ജോലിക്കാരും ഇതിനാൽ ബുദ്ധിമുട്ടിലായി. പലതവണ പരാതിപ്പെടുകയും ചെയ്തു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല. ദയവായി വിഷയം പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി." 

പ്രദേശം പരിശോധിച്ച് ശബ്ദത്തിന്റെ അളവ് കുറയ്ക്കാൻ ക്ഷേത്ര സംഘാടകർക്ക് പ്രാദേശിക ഉദ്യോഗസ്ഥർ നിർദേശം നൽകിയെന്നാണ് അറിയുന്നത്. ഹൈദരാബാദ് സിറ്റി ലൗഡ് സ്പീക്കർ റൂൾസ് 1963 പ്രകാരം പൊതുസ്ഥലങ്ങളിൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കാൻ ലൈസൻസ് വേണം. ചട്ടങ്ങൾ ലംഘിച്ചാൽ ഹൈദരാബാദ് സിറ്റി പോലീസ് ആക്ട് പ്രകാരം നടപടിയെടുക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi