മലയാളികളെ ഏറെ സ്വാധീനിച്ച സംവിധായകനാണ് പ്രിയദർശൻ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും എത്രയെത്ര പ്രിയദർശൻ ചിത്രങ്ങളാണ് മലയാളത്തിലും ഹിന്ദിയിലും ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തും നിറഞ്ഞു നിൽക്കുന്നത്. സിനിമയിൽ തനിക്ക് ചെയ്യാൻ ഇഷ്ടമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. വ്യക്തിപരമായി തനിക്ക് ഗൗരവമേറിയ സിനിമകൾ സംവിധാനം ചെയ്യാനാണ് താൽപ്പര്യമെന്നും, പലപ്പോഴും കോമഡി സിനിമകൾ ചെയ്യാൻ താൻ നിർബന്ധിതനാകുകയാണെന്നും പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

തന്റെ ക്രിയേറ്റീവ് താൽപ്പര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, കോമഡി സിനിമകൾ തനിക്ക് വലിയ ജനപ്രീതി നേടിത്തന്നെങ്കിലും തന്റെ യഥാർത്ഥ പാഷൻ ഗൗരവമേറിയ സിനിമകളോടാണെന്ന് പ്രിയദർശൻ പറയുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "എനിക്ക് ഗൗരവമേറിയ സിനിമകൾ ചിത്രീകരിക്കാനാണ് ഇഷ്ടം. കോമഡി സിനിമകൾ ചെയ്യാൻ താൽപ്പര്യമില്ല. മറ്റ് വഴികളില്ലാത്തതുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നത്. നിങ്ങൾ കോമഡി സിനിമകൾ ചെയ്യുമ്പോൾ ഒരിക്കലും ഒരു നല്ല സംവിധായകനായി ആരും നിങ്ങളെ ബഹുമാനിക്കില്ല. എന്നാൽ ഒരു ഗൗരവമേറിയ സിനിമ ചെയ്യുമ്പോൾ ചലച്ചിത്ര ലോകത്ത്, നിങ്ങൾക്ക് വലിയ ബഹുമാനം ലഭിക്കും. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വേദനയുണ്ടാക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഒരു കോമഡി സംവിധായകനെ നല്ലൊരു സിനിമാക്കാരനായി അംഗീകരിക്കാത്തത്?"

കോമഡി സിനിമകൾ ചെയ്യുന്നവരെ സിനിമാ വ്യവസായത്തിൽ പലപ്പോഴും തരംതാഴ്ത്തിയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കാഞ്ചീവരം, കാലാപാനി തുടങ്ങിയ സിനിമകൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്, കാരണം അവിടെയാണ് ഒരു സിനിമാക്കാരൻ എന്ന നിലയിൽ എനിക്ക് കൂടുതൽ അംഗീകാരം ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പോലും ഈ പ്രശ്നമുണ്ട്. നിങ്ങൾ കോമഡി സിനിമകൾ ചെയ്യുമ്പോൾ അവർ നിങ്ങളെ ഒരു കോമാളിയായി (Joker) കാണുന്നു. അതുകൊണ്ടാണ് ഓസ്കാർ അവാർഡുകളിൽ കോമഡി സിനിമകൾ വിരളമായി മാത്രം കാണുന്നത്. ഇത് സങ്കടകരമാണ്, എങ്കിലും അതാണ് യാഥാർത്ഥ്യം."

1982 മുതൽ മലയാളത്തിലും ഹിന്ദിയിലുമായി സജീവമായ പ്രിയദർശൻ, വിവിധ ഇന്ത്യൻ ഭാഷകളിലായി 98-ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയം തന്നെ, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ കാഞ്ചീവരം, കാലാപാനി തുടങ്ങിയ ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ പിടിച്ചുപറ്റാനും അദ്ദേഹത്തിന് സാധിച്ചു. അഭിമന്യു, മേഘം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ചിത്രം, ചുപ് ചുപ് കേ, ഭൂൽ ഭുലയ്യ തുടങ്ങി നിരവധി വിജയചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ-കോമഡി ചിത്രമാണ് 'ഭൂത് ബംഗ്ല'. അക്ഷയ് കുമാർ, പരേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിൽ എത്തും. ഇതുകൂടാതെ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഹൈവാൻ' എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 17 വർഷത്തിന് ശേഷമാണ് സെയ്ഫും അക്ഷയ് കുമാറും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi