ബോളിവുഡിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ യുവതാരമാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി, 2018ൽ പുറത്തിറങ്ങിയ 'ധടക്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് ഹിന്ദി സിനിമയിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം തെലുങ്ക് ചിത്രമായ 'ദേവര'യിലൂടെ തെന്നിന്ത്യൻ സിനിമയിലും അരങ്ങേറ്റം കുറിച്ചു. അഭിനയത്തിലും ഫാഷൻ ലോകത്തും ഒരുപോലെ ശ്രദ്ധ നേടുന്ന ജാൻവി, അമ്മ ശ്രീദേവിയുമായുള്ള ഓർമകൾ പലപ്പോഴും അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അഭിനയരംഗത്തേക്കുള്ള തന്റെ വരവിനോട് അമ്മയും നടിയുമായ ശ്രീദേവിക്ക് തുടക്കത്തിൽ അത്ര താത്പര്യമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ജാൻവി. സിനിമയിലെത്താനുള്ള ആഗ്രഹം അറിയിച്ചപ്പോൾ അമ്മ നൽകിയ പ്രതികരണവും പിന്നീട് നിലപാടിൽ വന്ന മാറ്റത്തിന് പിന്നിലെ രസകരമായ കാരണവുമാണ് താരം പങ്കുവച്ചത്. തന്റെ മാതൃസഹോദരിയുടെ മകളും നടിയുമായ മഹേശ്വരിയുമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജാൻവിയുടെ തുറന്നുപറച്ചിൽ.

To advertise here,

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമായി ശ്രീദേവിയോട് പറഞ്ഞപ്പോൾ മകൾക്ക് മുന്നറിയിപ്പാണ് ലഭിച്ചത്. ഏറെ അധ്വാനവും സമർപ്പണവും മാനസികമായ കരുത്തും ആവശ്യമുള്ള മേഖലയാണ് സിനിമയെന്നും അതിനായി ശക്തമായ മനസ്സുണ്ടാകണമെന്നും ശ്രീദേവി പറഞ്ഞതായി മഹേശ്വരി ഓർത്തെടുത്തു. ജാൻവി സിനിമയിലെത്തുന്നതിനോട് തനിക്ക് അത്ര താത്പര്യമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

എന്നാൽ അമ്മയുടെ മനസ്സുമാറ്റത്തിന് പിന്നിൽ മറ്റൊരു കാരണമുണ്ടായിരുന്നുവെന്നാണ് ജാൻവിയുടെ തമാശ കലർന്ന വെളിപ്പെടുത്തൽ. “മൂക്കിന്റെ ശസ്ത്രക്രിയയ്ക്കു മുൻപ് അമ്മയ്ക്ക് എന്നെക്കുറിച്ച് അത്ര ഉറപ്പുണ്ടായിരുന്നില്ലെന്നാണ് തോന്നുന്നത്. 'ഇതുകൊണ്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല' എന്നായിരുന്നു അമ്മയുടെ മനോഭാവം. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം 'അതെ, ഇവളിൽ സാധ്യതയുണ്ട്' എന്ന് അമ്മ പറഞ്ഞു”, ചിരിച്ചുകൊണ്ട് ജാൻവി ഓർത്തെടുത്തു.

2018 ഫെബ്രുവരിയിലാണ് ശ്രീദേവി അന്തരിച്ചത്. 54 വയസ്സായിരുന്നു. ബന്ധുവും നടനുമായ മോഹിത് മർവയുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി ദുബായിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത മരണം. ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ മുങ്ങിമരിക്കുകയായിരുന്നു എന്നാണ് ദുബായ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ നടിമാരിലൊരാളായ ശ്രീദേവിയുടെ വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi